Saturday 18 August 2018 11:18 AM IST : By സ്വന്തം ലേഖകൻ

ഈ യുവതി തെരുവിൽ പാടിത്തോൽപ്പിക്കുന്നത് ക്യാൻസറിനെ, മറ്റുള്ളവർക്ക് വേണ്ടി നെഞ്ചുപൊട്ടി പാടുന്ന ഒരു ഗായികയുടെ കഥ

priya-sumesh008

ചില യാത്രകളിൽ ഏതെങ്കിലുമൊക്കെയിടങ്ങളിൽ വണ്ടി നിർത്തുമ്പോൾ നമ്മുടെ കാതിലേക്ക് അറിയാതെ ചില പാട്ടുകൾ കയറിക്കൂടും. വഴിയരികിൽ നിന്ന് ആരെങ്കിലും പാടുന്നതാകുമത്. എന്തിനാണ് അവർ പാടുന്നതെന്ന് മനസിലാക്കാനുള്ള സാവകാശമൊന്നും കിട്ടാറില്ലെങ്കിലും ആ കാഴ്ച മനസില്‍ നിന്ന് പോകുകയേയില്ല. സോഷ്യൽ മീഡിയയിൽ ഇടയ്ക്കെത്താറുണ്ട് അങ്ങനെയുള്ള ചില വിഡിയോകൾ. അക്കൂട്ടത്തിലൊന്നാണിത്. അതിമനോഹരമാണ് ഈ ആലാപനം. ’ആടി വാ കാറ്റേ പാറി വാ കാറ്റേ’ എന്ന പാട്ടാണ് പാടുന്നത്. ഒരു വരിയെങ്കിലും കേട്ടാൽ അറിയാൻ തോന്നും ആരാണീ പാട്ടുകാരിയെന്ന്. പാട്ട് മുഴുവനും കേട്ടിട്ടു പോകാനും തോന്നും. ഹൃദയത്തിൽ നിന്നുള്ള ആലാപനം തന്നെയാണിത്.

എറണാകുളത്തെ എളമക്കരയിലുള്ള പ്രിയ സുമേഷ് എന്ന പാട്ടുകാരിയാണിത്. പാട്ട് പഠിച്ചിട്ടൊന്നുമില്ല. പാടാൻ അറിയാമോ എന്ന് അറിയുകയുമില്ല. പാട്ട് ഇഷ്ടമാണ്. പക്ഷേ സംഗീത രംഗത്ത് വർഷങ്ങളായുണ്ട്. കുറച്ചു ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചിട്ടുമുണ്ട്. മഴയെന്നോ വെയിലെന്നോ ഇല്ലാതെ വഴിയരികിൽ നിന്ന് പ്രിയ ഇങ്ങനെ പാടുന്നത് തനിക്കു വേണ്ടിയല്ല.
ക്യാന്‍സര്‍ ബാധിച്ച് വേദന തിന്നു ജീവിക്കുന്ന കുരുന്നുകള്‍ക്കു വേണ്ടി, ഓരോ ടൗണുകളിലും, ജംങ്ഷനുകളിലും ചങ്കുപ്പൊട്ടി പ്രിയ പാടുന്നു. പ്രിയക്ക് ജീവിത ലക്ഷ്യം എന്നൊന്ന് പറയാനില്ല. ഒന്ന് മാത്രം കിട്ടുന്ന പണം കുട്ടികള്‍ക്ക് അത്രമാത്രം. ദൈവം തന്ന അനുഗ്രഹം വിനിയോഗിച്ച് കുഞ്ഞുമക്കള്‍ക്കായി ജീവിക്കുന്ന പ്രിയ മറ്റൊരു മാറാരോഗത്തിന് അടിമയാണെന്ന കാര്യം അധികം പേർക്ക് അറിയാൻ വയ്യ.

സ്വന്തം അസുഖങ്ങളെ മറന്ന് കുട്ടികള്‍ക്കായി പാടുന്നതിനെക്കുറിച്ച് പ്രിയക്ക് പറയാനുള്ളത് ‘തന്റെ ചേച്ചിക്കും ക്യാന്‍സര്‍ ആയിരുന്നു, വേദനകൊണ്ട് പുളയുന്ന ചേച്ചിയെ കണ്ട് വളര്‍ന്നതാണ് ഞാന്‍. അതുപോലെ കുരുന്നുകളും സഹിക്കുന്നത് കാണാന്‍ അനുവദിക്കുന്നില്ല. ഈ സാഹചര്യമാണ് വഴിയോര പാട്ടുകളിലേക്ക് തിരിയാന്‍ തന്നെ പ്രേരിപ്പിച്ചത്. താന്‍ മൂലം ഒരാള്‍ക്കെങ്കിലും നന്മ ചെയ്യാന്‍ സാധിച്ചാല്‍ അതില്‍ അത്രക്കും സന്തോഷമേ ഉള്ളൂ.’

ആദ്യം പാടിയത് കുഞ്ഞു പുഞ്ചിരിക്കായി

രണ്ടു കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി പൈസ കണ്ടെത്താൻ വേണ്ടി തുടങ്ങിയതാണ് പ്രിയയുടെ പാട്ട്. ദൈവം തന്ന സ്വരമാണിത്. ഞാനും ഒരു അസുഖത്തിൽ നിന്ന് രക്ഷപ്പെട്ടെത്തിയതാണ്. അതുകൊണ്ട് ചികിത്സിയ്ക്കു പൈസയില്ലാതെ വരുമ്പോഴുള്ള ബുദ്ധിമുട്ടിനെ കുറിച്ച് നന്നായിട്ട് അറിയാം. എനിക്കു മറ്റുള്ളവരെ സഹായിക്കാൻ ഈ വഴിയെ അറിയുള്ളൂ. ഈശ്വരൻ തന്ന സംഗീതം മാത്രമേയുള്ളൂ. അതുവഴി എന്നെക്കൊണ്ടു കഴിയുന്നത് ഞാൻ ചെയ്യുന്നു. അത്രേയുള്ളൂ. പ്രിയ പറയുന്നു. ഭര്‍ത്താവ് സുമേഷ്  ഡ്രൈവറാണ്. ഭർത്താവും അദ്ദേഹത്തിന്റെ അമ്മയുമാണ് എനിക്ക് എല്ലാ പിന്തുണയും നൽകുന്നത്. പിന്നെ സുഹൃത്തുക്കളും.

കടുത്ത വേനൽ കാലത്തു പ്രിയ വഴിയരികിൽ നിന്നു പാടുന്നത് കേട്ടിട്ട് ചിലർ ചോദിച്ചിട്ടുണ്ട്, നാണമില്ലേ ഇങ്ങനെ വെയിലത്ത് റോഡിൽ നിന്ന് പാടാനെന്ന്. പ്രിയ അതൊന്നും കാര്യമായെടുക്കുന്നില്ല. കേട്ടതായി പോലും നടിക്കുന്നില്ല. നല്ല മനുഷ്യരേയും കണ്ടിട്ടുണ്ട് ഒരുപാട്. അങ്ങനെ കുറേ പേരുടെ സഹായം കൊണ്ടാണ് മുൻപൊരിക്കൽ വേറൊരു കുട്ടിയ്ക്ക് ചികിത്സയ്ക്കു വേണ്ടി രണ്ടു ലക്ഷം രൂപ നൽകാൻ കഴിഞ്ഞതെന്ന് പ്രിയ പറയുന്നു.

ഭക്തിഗാനത്തിലൂടെയാണ് തുടക്കം. സാധാരണയായി 12 മണിമുതല്‍ 2.30 വരെയും വൈകീട്ട് നാലുമതല്‍ ഏഴുവരെയുമാണ് പാടാറ്. ഫ്‌ളക്‌സില്‍ സഹായിക്കേണ്ട കുട്ടിയുടെ വിവരങ്ങളും അവരുടെ ബാങ്ക് അക്കൗണ്ട് നമ്പറും ഉണ്ടാകും. പത്ത് രൂപയാണ് അധികവും പേരും ഇടാറുള്ളത്. 3000 മുതല്‍ 4000 രൂപയൊക്കെ ചിലപ്പോള്‍ കിട്ടും. ഒരിക്കല്‍ 10000 രൂപ ഒറ്റദിവസം കൊണ്ട് കിട്ടിയിട്ടുണ്ട്. പെട്രോള്‍ കാശുപോലും കിട്ടാത്ത ദിവസങ്ങളുമുണ്ടെന്ന് പ്രിയ പറഞ്ഞു. ഒരു വര്‍ഷമേ ആയുള്ളു പ്രിയ ഇങ്ങനെ പാടാന്‍ തുടങ്ങിയിട്ട്. ഇതിനകം അഞ്ച് കുട്ടികളുടെയും രണ്ട് മുതിര്‍ന്നവരുടെയും സര്‍ജറി അടക്കമുള്ള ചികിത്സകള്‍ നടത്തി കൊടുക്കാന്‍ സാധിച്ചതില്‍ താന്‍ പൂര്‍ണ്ണ തൃപ്തയാണെന്ന് പ്രിയ വ്യക്തമാക്കി.

സഹായം തേടുന്നവര്‍ അത് അര്‍ഹിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനായി അവരുടെ വീടുകളില്‍ പോയി കാണും, ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായി സംസാരിക്കും, രോഗവിവരങ്ങളുടെ റിപ്പോര്‍ട്ട് വാങ്ങും. ബാങ്കില്‍ വിളിച്ച് ചോദിച്ച് അക്കൗണ്ട് നമ്പര്‍ ശരിയാണെന്ന് സ്ഥിരീകരിച്ചതിനു ശേഷമേ ഫല്‍്സില്‍ വയ്ക്കുകയുള്ളു. പണം അക്കൗണ്ടില്‍ ഇട്ടതിനുശേഷം അതിന്റെ സ്ലിപ്പ് വീട്ടുകാരെ നേരിട്ട് ഏല്‍പ്പിക്കും; ഫേസ്ബുക്കിലും പോസ്റ്റ് ചെയ്യും.

‘ആദ്യം പാടിയത് ഒരു വയസുപോലും തികയാത്ത് പ്രാര്‍ത്ഥന എന്ന കുഞ്ഞിന് വേണ്ടിയായിരുന്നു. കല്യാണം കഴിഞ്ഞ് എട്ടുവര്‍ഷങ്ങള്‍ക്കു ശേഷം ജനിച്ച കുഞ്ഞാണ്. രണ്ടര മാസം പാടി രണ്ടു ലക്ഷം രൂപ ആ കുഞ്ഞിനു വേണ്ടി നല്‍കി. അന്ന് 50,000 രൂപ വീതം അക്കൗണ്ടില്‍ ഇട്ട് കൊടുക്കുകയായിരുന്നു. ഇപ്പോള്‍ ഓപ്പറേഷന് ആവശ്യമായ തുക, അതിന്റെ തിയതിയോട് അടുപ്പിച്ച് അക്കൗണ്ടില്‍ ഇട്ടുകൊടുക്കുന്നു. ഇടയ്ക്കു കൊടുത്താല്‍ അവര്‍ എടുത്തുപയോഗിച്ചു പോകും.’

അനന്യ എന്ന കുട്ടിക്ക് ഒന്നര ലക്ഷവും വൈജിത്തിന് രണ്ടു ലക്ഷവും പാര്‍വതിക്ക് 38,000 രൂപയും കൊടുത്തു. ആ കുട്ടിയുടെ ചികിത്സ ആസ്റ്റര്‍ മെഡിസിറ്റി ഏറ്റെടുത്തതുകൊണ്ട് കൂടുതല്‍ പാടേണ്ടി വന്നില്ല. ഒരു കുഞ്ഞിന് ചികിത്സയ്ക്കായി കൂടുതല്‍ പണം ആവശ്യമായി വന്നപ്പോള്‍ ഫേസ്ബുക്ക് ലൈവ് ചെയ്തു. 27 ലക്ഷം രൂപ ആ കുട്ടിയുടെ അക്കൗണ്ടില്‍ വന്നു. ഇപ്പോള്‍ ബ്ലഡ് ക്യാന്‍സര്‍ ബാധിച്ച ആര്യ ബാബു എന്ന പതിനാലുകാരിക്കു വേണ്ടിയാണ് പാടുന്നത്. പാട്ടുപാടി സഹായിച്ചവരെല്ലാം പ്രിയയുമായി നല്ല സ്നേഹബന്ധം നിലനിര്‍ത്തുന്നു. ഫോണ്‍ വിളക്കാറുണ്ട്. കുഞ്ഞുങ്ങളുടെ പിറന്നാളിനും മറ്റും പ്രിയയേയും അവര്‍ വീട്ടിലേക്ക് വിളിക്കാറുണ്ട്.

അച്ഛൻ സമ്മാനിച്ച പാട്ട്

പാട്ട് പഠിക്കാനൊന്നും പ്രിയയ്ക്ക് കഴിഞ്ഞിട്ടില്ല. അച്ഛൻ അതിമനോഹരമായി പാടുമായിരുന്നു ആ കഴിവാണ് പ്രിയയ്ക്കും കിട്ടിയത്.  നല്ല സ്വരമാണ് എന്ന് എല്ലാവരും പറഞ്ഞിട്ടുണ്ട്. പ്രിയ പറയുന്നു. സാജു, ജിബു വിജയൻ എന്നീ സുഹൃത്തുക്കളാണ് പ്രിയ പാടുന്ന വിഡിയോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതും പിന്നീട് അത് വൈറലായതും. ഭർത്താവ് സുമേഷും ബാബു, ഷിബു എന്നീ സുഹൃത്തുക്കളുമാണ് പ്രിയയ്ക്കൊപ്പം പാടി നടക്കുന്നത്. ഇവരാണ് തന്റെ ആത്മവിശ്വാസവും സന്തോഷവും എന്നാണു പ്രിയയുടെ പക്ഷം.

സ്നേഹത്തിന്റെ സംഗീതമാണ് പ്രിയ‌ പാടുന്നത്. പ്രസരിപ്പുള്ള വർത്തമാനവും. തിരക്കുകളുടെ ലോകത്തിങ്ങനെ പാറിപ്പറന്ന് ജീവിക്കുന്നവർക്കിടയിലെ വിഭിന്നതയുടെ അനേകം പേരുകളിലൊന്നാണ് പ്രിയ. രക്തബന്ധത്തിനും ആത്മബന്ധത്തിനുമപ്പുറമുള്ളവർക്കു വേണ്ടി മനസാക്ഷിയെ മാത്രം സാക്ഷിയാക്കി പോരാടുന്നവരിലൊരാൾ. പ്രിയയുെട സ്വരത്തിലെ ആ മനോഹാരിത ആ പോരാട്ടത്തിന്റെ മൂർച്ചയുടേതും കൂടിയാണ്. പ്രിയയെ പോലെ തെരുവിൽ നിന്നു പാടുന്നവർ ഒരുപാടു പേരുണ്ട്. അവർക്കെല്ലാം ഇതുപോലെ ഹൃദയസ്പർശിയായ കുറേ കഥകൾ പറയാനുണ്ട് എന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഈ പാട്ട്.