Thursday 01 March 2018 03:06 PM IST

ലഹരിയെന്ന മഹാവിപത്തിൽ നിന്ന് നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കാം; മാതാപിതാക്കള്‍ അറിയേണ്ട കാര്യങ്ങള്‍...

Nithin Joseph

Sub Editor

drugs_children

നാലോ അഞ്ചോ വർഷം മുൻപ് ലഹരിക്ക് അടിപ്പെട്ട്  കൗൺസലിങ്ങിനും ചികിൽസയ്ക്കും എത്തുന്ന കുട്ടികൾക്കെല്ലാം പറയാനുണ്ടായിരുന്നത് ഒരേ തരം കഥകൾ. ‘ബിസിനസിന്റെ തിരക്കിനിടയിൽ സംസാരിക്കാൻ പോലും അച്ഛന് നേരമില്ല. ഈ ഒറ്റപ്പെടലാണ് എന്നെ ലഹരിയിലേക്ക് എത്തിച്ചത്’, ‘അമ്മയ്ക്ക് അനിയനോടുള്ള സ്നേഹത്തിന്റെ പകുതി പോലും എന്നോടില്ല, ഈ അവഗണന മറക്കാൻ എന്നെ സഹായിച്ചത് ലഹരിയാണ്’, ‘പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിന്റെ പേരിൽ സ്കൂളിൽ എല്ലാവരും കളിയാക്കുന്നു, ആശ്വാസം കിട്ടുന്നത് ഇത് ഉപയോഗിക്കുമ്പോഴാണ്’.


ഇന്നത്തെ കുട്ടികൾക്കു പറയാൻ ഇത്തരം  കഥകളേതുമില്ല. ലഹരിയെ തെറ്റായി കണ്ട് മറച്ചുവയ്ക്കുന്ന മനോഭാവവും ഇല്ല. ഇത് ഞങ്ങളുടെ ജീവിതരീതിയാണ് എന്നാണ്  അവർ പറയുന്നത്. മറ്റുള്ളവർ ജീവിതം  ജീവിച്ചു തീർക്കുമ്പോള്‍ ഞങ്ങൾ ജീവിതം ആസ്വദിക്കുന്നുവെന്നാണ് ന്യായം. കുറച്ചു നേരം റിലാക്സ് ചെയ്യാനുള്ള മാർഗം മാത്രമാണവർക്ക് മയക്കുമരുന്നുകൾ.


ത്രില്ലിനു വേണ്ടി ലഹരി ഉപയോഗിക്കുന്നവരും ഒരുപാടുണ്ട്. കൂട്ടുകാരുമായി ഒത്തുകൂടുമ്പോൾ സുഖാനുഭൂതിക്ക് മയക്കുമരുന്നിനെ കൂട്ടുപിടിക്കുന്ന വര്‍ക്ക് ആശ്രയം ലഹരിയൊഴുകുന്ന റേവ് പാർട്ടികൾ. മയക്കുമരുന്ന് ഉപയോഗിക്കുന്നത് ഹിറോയിസമാണെന്ന കാഴ്ചപ്പാട് പുലർത്തുന്നവരും യുവതലമുറയിലുണ്ടെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു.


സ്വന്തം വീട്ടിൽനിന്നാണ് എഴുപത് ശതമാനം  കുട്ടികളും  ലഹരിയുടെ ആദ്യപാഠം പഠിക്കുന്നത്.  മിക്ക കുട്ടികളും ആദ്യം ലഹരിയുടെ രുചി അറിയുന്നത് മ ദ്യപാനത്തിലൂടെയും പുകവലിയിലൂടെയും. ‘അച്ഛൻ മദ്യം കഴിക്കുമ്പോൾ നീ ബിയർ കഴിച്ചോളൂ’ എന്ന് പറയുന്ന വീട്ടുകാരും ബാറിൽ പോകുമ്പോൾ മക്കളെ ഒപ്പം കൂട്ടുന്ന അച്ഛൻമാരും സോഷ്യൽ ഡ്രിങ്കിങ് പ്രോൽസാഹിപ്പിക്കുന്ന സമൂഹവും ചേർന്ന് കുട്ടികളെ ലഹരിയിലേക്കു കൈപിടിച്ചു കയറ്റുന്നു.

drugs_children02


ലഹരി പുകയുന്ന കൂട്ടുകെട്ടുകൾ


മക്കളുടെ എത്ര കൂട്ടുകാരെ നിങ്ങൾക്ക് അറിയാം? അവരിൽ എത്ര പേരെ നേരിട്ട് കണ്ടിട്ടുണ്ട്? ലഹരിക്ക് അടിപ്പെട്ട് ചികിത്സയ്ക്കെത്തുന്ന കുട്ടികളിൽ പലരുടെ കഥയിലും സുഹൃത്തുക്കൾക്ക് റോളുണ്ട്.സമപ്രായക്കാർ മാതാപിതാക്കളെക്കാൾ സ്വാധീനം ചെലുത്തുന്ന കാലഘട്ടമാണ് കൗമാരം. കുട്ടികളെ മയക്കുമരുന്നിലേക്കു വലിച്ചടുപ്പിക്കുന്ന ചങ്ങലക്കണ്ണികളിൽ പലപ്പോഴും സൗഹൃദത്തിന് പങ്കുണ്ടാകും. ഒരിക്കൽ ലഹരിയിൽനിന്ന് രക്ഷിച്ചാലും സുഹൃത്തുക്കളുടെ സാന്നിധ്യം മൂലം  വീണ്ടും അതിലേക്കു പോകാനുള്ള സാധ്യത വ ളരെ കൂടുതലാണ്.


മകൻ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നതായി കണ്ടെത്തിയ അച്ഛൻ കൊച്ചിയിലെ മനോരോഗ വിദഗ്ധന്റെ അടുത്തെത്തിയത് മകനെയും അവന്റെ മൂന്ന് സുഹൃത്തുക്കളെയുംകൊണ്ട്. ലഹരി ഉപയോഗിക്കാൻ കൂട്ടുനിൽക്കുന്ന കൂട്ടുകാരെക്കൂടി നന്നാക്കിയാൽ മാത്രമേ അവനെ രക്ഷിക്കാൻ സാധിക്കൂ എന്ന് അയാൾ തിരിച്ചറിഞ്ഞിരുന്നു.

ഹോസ്റ്റലിൽ അവർ എന്തുചെയ്യുന്നു?


ദിവസങ്ങളോളം ഉറങ്ങാതെ, ഊർജസ്വലതയോടെ ഇരിക്കാ ൻ സഹായിക്കുന്ന ലഹരിമരുന്നുകൾ വിപണിയിൽ സുലഭം. ഇ ത്തരം ലഹരി, സ്‌റ്റിമുലന്റ് ഡ്രഗ്സ് എന്ന് അറിയപ്പെടുന്നു. കൊക്കെയ്ൻ ഒരു സ്‌റ്റിമുലന്റ് ഡ്രഗ് ആണ്. ഇത്തരത്തിൽ ഉണർന്നിരുന്നതിനു ശേഷം വീണ്ടും ഉറങ്ങാനും ലഹരി തന്നെ ആശ്രയം. അതിനായി ഹെറോയ്ൻ പോലെയുള്ള ഡിപ്രസന്റ് ഡ്രഗ്സാണ് ഉപയോഗിക്കുന്നത്.


പല കുട്ടികളും സിന്തറ്റിക് ഡ്രഗ്സിന് അടിപ്പെടുന്നത് കോളജ് കാലത്താണ്. ഹോസ്റ്റലിൽ നിൽക്കുന്ന സമയത്ത് കൂട്ടുകാർക്കൊപ്പം മയക്കുമരുന്ന് രുചിച്ച് തുടങ്ങുന്നു. പരീക്ഷാസമയത്ത് ഉറങ്ങാതിരുന്ന് പഠിക്കാൻ വേണ്ടി സ്‌റ്റിമുലന്റ് ഡ്രഗ്സ് ഉപയോഗിക്കുന്നവരുണ്ട്. അതിനു ശേഷം ഉറങ്ങാന്‍ വേണ്ടി സ്വാഭാവികമായും ലഹരിയില്ലാതെ നിവൃത്തിയില്ല. ഇങ്ങനെ ആരംഭിക്കുന്ന കുട്ടികൾ പതിയെ അതിന് അടിപ്പെടുന്നു. ലഹരിയില്ലാതെ അവർക്ക് നിലനിൽക്കാനാവില്ല.


∙മക്കളെ ഉന്നതനിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലും മികച്ച സൗകര്യങ്ങളുമുള്ള ഹോസ്റ്റലിലും ചേർക്കുന്നതോടെ മാതാപിതാക്കളുടെ ഉത്തരവാദിത്തം തീരുന്നില്ല. കൃത്യമായ ഇടവേളകളിൽ അവരെ സന്ദർശിക്കുകയും ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയും വേണം.


∙മക്കളെ പ്രത്യേകം ശ്രദ്ധിക്കാൻ ഹോസ്റ്റൽ വാർഡനോട് ആവശ്യപ്പെടുക. ഹോസ്റ്റലിൽനിന്ന് പുറത്ത് പോയിട്ട് തിരിച്ചെത്താൻ വൈകിയാൽ കാരണം ചോദിച്ചറിയുക. മറുപടി തൃപ്തികരമല്ലെങ്കിൽ കൃത്യമായി അന്വേഷിച്ച് കാരണം കണ്ടെത്തുക. ഇതിനേക്കാളെല്ലാം ഉപരി, എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്കു കൊടുക്കുക.
∙ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികൾ അസുഖങ്ങൾക്കുള്ള മരുന്നെന്ന വ്യാജേന ലഹരിമരുന്ന് കഴിക്കുന്ന നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. കാൻസർ ഉൾപ്പെടെ വിവിധ രോഗങ്ങൾക്കുള്ള മരുന്നുകൾ ലഹരിക്കായി ഉപയോഗിക്കപ്പെടുന്നു. മെഡിക്കൽ ഷോപ്പുകളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് എക്സൈസ് കമ്മീഷനർ ഋഷിരാജ് സിങ് ഐപിഎസ്.


‘ഡോക്ടറുടെ പ്രിസ്ക്രിപ്ഷനുണ്ടെങ്കിൽ മാത്രമേ ആർക്കും മരുന്നുകൾ കൊടുക്കാൻ പാടുള്ളൂ എന്നതാണ് നിയമം. മരുന്ന് നൽകുമ്പോൾ പ്രിസ്ക്രിപ്ഷന്റെ കോപ്പി വാങ്ങി സൂക്ഷിക്കണം. കേരളത്തിൽ ഇരുപതിനായിരത്തോളം മെഡിക്ക ൽ ഷോപ്പുകൾ പ്രവർത്തിക്കുന്നു. എന്നാൽ പല ഷോപ്പുകളും ഈ നിയമം പാലിക്കുന്നില്ല. വ്യാജ പ്രിസ്ക്രിപ്ഷന്‍ ഉപയോഗിച്ച് മരുന്നുകൾ വാങ്ങുന്ന കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. പൊലീസിനും  എക്സൈസിനും മാത്രമല്ല, നിങ്ങൾ ഓ രോരുത്തർക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്.’

drugs_children03

എങ്ങനെ കണ്ടെത്താം?

അച്ഛനമ്മമാർ മക്കളെ കൃത്യമായി നിരീക്ഷിക്കണം. അവർ എവിടെ പോകുന്നു, എന്ത് ചെയ്യുന്നു, സുഹൃത്തുക്കൾ ആരൊക്കെ തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞിരിക്കണം.

∙ നിരീക്ഷിക്കപ്പെടുന്നുവെന്നത് കുട്ടികൾക്ക് ഏറെ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്. അതിനാൽ അവരുടെ ശ്രദ്ധയിൽ പെടാതെ വേണം  ഇതു ചെയ്യാൻ. കുട്ടികളുടെ സാധാരണ പെരുമാറ്റത്തിൽനിന്നുള്ള ചെറിയ വ്യത്യാസം പോലും നിസാരമായി കാണരുത്. വസ്ത്രധാരണം, ഹെയർസ്റ്റൈൽ, കേ ൾക്കുന്ന പാട്ടുകള്‍, കാണുന്ന സിനിമ, എല്ലാത്തിലും ശ്രദ്ധയുണ്ടാകുന്നത് നല്ലതാണ്.


∙ഏതു ലഹരി ഉപയോഗിക്കുമ്പോഴും ചില അടയാളങ്ങളിലൂടെ അത് കണ്ടെത്താൻ സാധിക്കും. വസ്ത്രങ്ങളിൽ തീപ്പൊരി വീണുണ്ടായ ചെറിയ ദ്വാരങ്ങൾ പുകവലിയുടെയോ കഞ്ചാവിന്റെയോ ലക്ഷണമാകാം. ശരീരത്തിൽ സൂചി കുത്തിയ പാടുകളോ വസ്ത്രങ്ങളിൽ ചോരപ്പാടുകളോ കണ്ടാലും ശ്രദ്ധിക്കണം.

∙സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരുടെ കണ്ണുകൾ ചുവന്നിരിക്കും. ടോയ്‌ലെറ്റിൽ അധികം സമയം ചെലവഴിക്കുന്നതും ചിലപ്പോൾ ലഹരി ഉപയോഗത്തിന്റെ സൂചനയാകുന്നു. കുട്ടികളുടെ മുറി വൃത്തിയാക്കുമ്പോൾ ലഹരിമരുന്നിന്റെ അംശങ്ങൾ ഏതെങ്കിലുമുണ്ടോ എന്ന് നോക്കുക.


∙കുട്ടിയുടെ  ഭക്ഷണരീതിയിലും ഉറക്കത്തിലും ശ്രദ്ധ ആവാം. ചിലർക്ക് കഞ്ചാവ് ഉപയോഗിക്കുമ്പോൾ വിശപ്പ് കൂടും. ചിലർ ധാരാളമായി വെള്ളം കുടിക്കും. കൊക്കെയ്ൻ പോലെയുള്ള സ്‌റ്റിമുലന്റ് ഡ്രഗ് ഉപയോഗിക്കുമ്പോള്‍ ഉറക്കം കുറയുന്നു. രാത്രി വളരെ വൈകിയും ഉറങ്ങാതിരിക്കാൻ ഇവ കാരണമാകുമ്പോൾ ഹെറോയ്ൻ അടക്കമുള്ള ഡിപ്രസന്റ് ഡ്രഗുകൾ കൂടുതലായി ഉറങ്ങാൻ പ്രേരിപ്പിക്കും. പകൽ സാധാരണയിലധികം സമയം കിടന്നുറങ്ങുന്ന കുട്ടികളിലും വേണം അൽപം ശ്രദ്ധ.


∙കുട്ടികളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും പ്രകടമായ മാറ്റങ്ങൾ ഉണ്ടാകും. ചിലർ അന്തർമുഖരാകും. സാമൂഹികമായ ഇടപെടലുകൾ കുറച്ച്, എപ്പോഴും ഒറ്റയ്ക്ക് ഇരിക്കാൻ ഇഷ്ടപ്പെടും. അകാരണമായ കോപം, തർക്കുത്തരം, ബഹളം, വിഷാദം എല്ലാം ലക്ഷണങ്ങളാകാം.


∙കൂട്ടുകെട്ടിലും വ്യത്യാസങ്ങൾ അനുഭവപ്പെടാം. മുതിർന്ന ആളുകളുമായുള്ള സൗഹൃദം, അപരിചിതരുടെ സന്ദർശനം എന്നിവ പലപ്പോഴും ആപത്തുണ്ടാക്കാം. സംശയം തോന്നുന്ന തരത്തിൽ ആരെയെങ്കിലും കണ്ടാൽ പൊലീസിനെ വിവരം അറിയിക്കുക.

drugs_children04


ബോധവൽകരണം എന്നാൽ പേടിപ്പിക്കലല്ല


കുട്ടികൾ ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ അവരെ കുറ്റപ്പെടുത്താതിരിക്കുക. അത് കൂടുതൽ ദൂഷ്യമേ ചെയ്യൂ. ‘മയക്കുമരുന്ന് ഉപയോഗിക്കുന്നത് തലച്ചോറിന് ചീത്തയാണ്, അത് കുട്ടിയുടെ ജീവനെടുക്കും’ എന്നൊക്കെയുള്ള ഉപദേശം കൊണ്ട് അവർ നേർവഴിക്ക് വന്നുകൊള്ളുമെന്നു കരുതരുത്. ലഹരി നൽകുന്ന കൂട്ടുകാർ അവരോട് പറയുന്നത് ‘നീട്ടിക്കിട്ടുന്നത് യൗവനമല്ലല്ലോ, വാർധക്യമല്ലേ. പിന്നെ എന്തിനാണ് ഈ സന്തോഷം വേണ്ടെന്നു വയ്ക്കുന്നത്’ എന്ന തരത്തിലാണ്.


ഇന്റർനെറ്റിലും മൊബൈലിലും ലഹരിയെ വാഴ്ത്തിപ്പാടുന്ന മെസേജുകളും ചിത്രങ്ങളും ഗാനങ്ങളും വരുമ്പോൾ അവരുടെ മനസ്സും അതിന്റെ പുറകെ പോകാം. കാണുന്ന സിനിമകളിൽ കൈയിൽ മദ്യക്കുപ്പിയും വിരലുകൾക്കിടയിൽ കഞ്ചാവുമായി സൂപ്പർതാരം നിൽക്കുന്നത് കാണുമ്പോള്‍ കുട്ടികൾക്ക് അനുകരിക്കാൻ തോന്നും.  അതുകൊണ്ട് ഒരു മനഃശാസ്ത്രജ്ഞനെ കണ്ട് ആവശ്യമായ കൗൺസലിങ് നടത്തുക. മരുന്നുപയോഗിച്ചുള്ള ചികിൽസ ആവശ്യമാണോയെന്ന് ഡോക്ടറോട് ചോദിക്കാം.


കുട്ടികളിലെ ലഹരിയുടെ ഉപയോഗം തുടക്കത്തിലേ ക ണ്ടെത്താൻ മാതാപിതാക്കൾക്കൊപ്പം അധ്യാപകർക്കും സാധിക്കണം. പണം സമ്പാദിക്കാനുള്ള എളുപ്പവഴി കൂടിയാണവർക്ക് ലഹരി. ആവശ്യക്കാർക്ക് ലഹരി എത്തിച്ചുകൊടുക്കുന്ന കാരിയേഴ്സ് ആയി മാറുന്നതിനു മുൻപേ അവരെ രക്ഷിക്കണം. അതിന് ഫലപ്രദമായ ബോധവത്കരണ പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്.


തിയറ്ററുകളില്‍ പുകയിലയ്ക്കെതിരെയുള്ള ബോധവൽകരണം പോലും പേടിയിലൂടെയാണ് നടത്തുന്നത്. കുട്ടികളുടെ അടുത്ത് ഈ രീതി ഫലപ്രദമാകില്ല. ഇത്തരം ബോധവൽകരണങ്ങളെ മറികടക്കുന്ന തരത്തിലുള്ള ബ്രെയിൻവാഷിങ് നടത്താൻ ലഹരി മാഫിയയ്ക്ക് സാധിക്കുന്നു. അതിനാൽ, അവരുടെ ഉള്ളിൽ തറയ്ക്കുന്ന തരത്തിലുള്ള ബോധവൽകരണപരിപാടികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ചെറിയ ക്ലാസുകളിൽ പഠിക്കുമ്പോൾ ലഹരിയെന്താണെന്ന് പുറംലോകത്തുനിന്ന് അറിഞ്ഞുതുടങ്ങുന്നതിനു മുൻപേ അതിന്റെ ദൂഷ്യവശങ്ങൾ കുട്ടികളെ പഠിപ്പിക്കണം. സ്കൂളുകളിലെ പാഠ്യപദ്ധതിയിൽ ലഹരിക്കെതിരെയുള്ള ബോധവൽകരണവും ഉൾപ്പെടുത്തണം.

മൽസരബുദ്ധി അടിച്ചേൽപിക്കുമ്പോൾ

‘കുട്ടികൾ ലഹരിക്ക് അടിപ്പെടുന്നതിൽ മാതാപിതാക്കൾക്കും പങ്കുണ്ട്. ചെറുപ്രായം മുതൽക്കേ അച്ഛനമ്മമാർ മക്കളിൽ അനാവശ്യമായ മൽസരബുദ്ധി വളർത്തുന്നു. ഒന്നാം ക്ലാസ് മുതൽ എല്ലാ വിഷയങ്ങൾക്കും ഒന്നാം സ്ഥാനം നേടണം, അടുത്തിരിക്കുന്ന കുട്ടിയേക്കാൾ മുന്നിലെത്തണം. ഉത്തരക്കടലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ കഴിവുകളെ അളക്കുന്നത്. ഈ വാശികൾക്കു മുൻപിൽ പലപ്പോഴും അവരുടെ ഇഷ്ടങ്ങൾക്കു സ്ഥാനമില്ല. തലയിൽ വലിയ ഭാരം കെട്ടിവയ്ക്കുന്നതു മൂലം അവർക്ക് കളിക്കാൻപോലും നേരമില്ല.
മാർക്ക് കുറയുമ്പോൾ  മനസ്സിൽ പേടിയും ടെൻഷനും നിറഞ്ഞ് മാനസികമായി തളരും. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികൾ വഴിതെറ്റി പോകാനുള്ള സാധ്യതകൾ വലുതാണ്.
2016ൽ വീടു വീട്ടുപോയത് 64,000 കുട്ടികൾ. ഓരോ 8 മിനിറ്റിലും ഒരു കുട്ടിയെ ഇത്തരത്തിൽ കാണാതാകുന്നു. ഓരോ മണിക്കൂറിലും ഒരു കുട്ടി ആത്മഹത്യ ചെയ്യുന്നു. ലഹരിക്ക് അടിപ്പെടുന്നവർ ഇതിലുമധികം. മക്കൾ ലഹരി ഉപയോഗിക്കുന്നുവെന്ന് അറിയുമ്പോൾ മാതാപിതാക്കൾ അപമാനഭയം മൂലം സത്യം  മറ്റുള്ളവരിൽ നിന്ന് മറച്ചു വയ്ക്കുന്നു. ലഹരി ഉപയോഗം ഒരു രോഗമാണെന്നു തിരിച്ചറിഞ്ഞ് ചികിത്സ നൽകണം. എത്ര വേഗം കണ്ടെത്തുന്നുവോ, അത്രയും നല്ലത്.  കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കളുടെ അത്ര തന്നെ ഉത്തരവാദിത്തം അധ്യാപകർക്കുമുണ്ട്.     
ലഹരിയുടെ ഉപയോഗമോ വിൽപനയോ ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്ക് 94471 78000 എന്ന നമ്പറിൽ എന്നെ നേരിട്ട് വിളിച്ച് അറിയിക്കാം.’

ചികിൽസ കൃത്യസമയത്ത്


ലഹരി സമൂഹത്തിന് ദോഷം ചെയ്യുന്നതെങ്ങനെ എന്നതിനെക്കുറിച്ച് മാത്രമാണ് ചർച്ചകൾ നടക്കുന്നത്. അതിലുപരി, അതൊരു രോഗമാണെന്ന് തിരിച്ചറിയണം. രോഗത്തിന് ആവശ്യം ചികിൽസയാണ്. മക്കൾ ഏതെങ്കിലും തരത്തിലുള്ള ലഹരിക്ക് അടിപ്പെട്ടാൽ ആവശ്യമായ ചികിൽസ നൽകുക. ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന സ്ത്രീകൾ എണ്ണത്തിൽ കുറവാണെങ്കിലും ഒരിക്കൽ ഉപയോഗിച്ചാൽ വീണ്ടും അതിലേക്ക് പോകാനുള്ള പ്രവണത അവരിലാണ് കൂടുതൽ. കഞ്ചാവ് ഉപയോഗിച്ച് സ്വബോധം നഷ്ടപ്പെട്ട് സ്വന്തം അച്ഛനെ ലൈംഗികാസക്തിയോടെ സമീപിച്ച മകളെ ചികിൽസയ്ക്ക് എത്തിച്ചതും കേരളത്തിൽതന്നെ. ലഹരിയുടെ ഉൻമാദത്തിൽ സ്വയം മറന്ന് കൊലപാതകം, ബലാൽസംഗം പോലെയുള്ള കുറ്റകൃത്യങ്ങൾ ചെയ്യാനും പലരും മടിക്കില്ല. ഒട്ടേറെ ക്രിമിനൽ കേസുകളുടെ പിന്നാമ്പുറങ്ങളിൽ ലഹരിയുടെ സാന്നിധ്യമുണ്ട്.


ലഹരി മാഫിയയെ വേരോടെ പിഴുതെറിയുക എന്നത്  എ ളുപ്പത്തിൽ സാധ്യമാകുന്ന കാര്യമല്ല. ആവശ്യക്കാർ ഇല്ലാതായാൽ ഈ വിപത്ത് തനിയെ ഇല്ലാതാകും. ചെറുപ്രായത്തിലേ കുട്ടികൾക്ക് ആവശ്യമായ ബോധവൽകരണം കൊടുക്കേണ്ടതുണ്ട്. അവരുടെ ശ്രദ്ധ മറ്റ് പ്രവർത്തനങ്ങളിലേക്കു തിരിച്ചുവിടുന്നത് ഫലവത്തായ മാർഗമാണ്.
ലഹരിക്കെതിരെയുള്ള മികച്ച മറുമരുന്നാണ് സ്പോർട്സ്. ആരോഗ്യം നിലനിർത്തുന്നതിനൊപ്പം കുട്ടികളുടെ ശരീരവും മനസ്സും അലസമാകാതിരിക്കാനും ഇത് സഹായിക്കും.