Thursday 08 February 2018 05:22 PM IST : By സ്വന്തം ലേഖകൻ

കേരളത്തിലേക്കില്ല, മോളിവുഡിന്റെ ഷോമാന് അന്ത്യവിശ്രമം ചെന്നൈയിൽ! കോഴിക്കോടിന്റെ കാത്തിരിപ്പ് വിഫലം

iv-sasi0098 ഫോട്ടോ: സരിൻ രാംദാസ്

അന്തരിച്ച പ്രശസ്ത സംവിധായകൻ ഐ വി ശശിയുടെ സംസ്കാരം ചെന്നൈയിൽ നടക്കും. വ്യാഴാഴ്ചയാണ് ചെന്നൈയിൽ ചടങ്ങുകൾ നടക്കുന്നത്. നേരത്തെ സംവിധായകൻ രഞ്ജിത് ചടങ്ങുകൾ കോഴിക്കോട് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബന്ധുക്കൾ സമ്മതിച്ചാൽ നടത്താം എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ബന്ധുക്കൾ ചടങ്ങ് ചെന്നൈയിൽ നടത്താനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ മാസം ഐവി ശശി കോഴിക്കോട് ഒരു പൊതുചടങ്ങിൽ പങ്കെടുത്തിരുന്നു. ഹരിഹരന്റെ സിനിമാ ജീവിതത്തിന്റെ 50 വർഷം ആഘോഷിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് അദ്ദേഹം ചെന്നൈയിൽ നിന്ന് എത്തിയത്.

ഇരുപ്പം വീട് ശശിധരൻ എന്നാണ് മുഴുവൻ പേര്. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സിൽ നിന്ന് ചിത്രകലയിൽ ഡിപ്ലോമ നേടിയശേഷമാണു സിനിമയിലെത്തിയത്. ഛായാഗ്രഹണ സഹായിയായി തുടങ്ങിയ ശശി പിന്നീട് സഹ സം‌വിധായകനായി. ഉത്സവത്തിനു ശേഷം റിലീസായ അവളുടെ രാവുകൾ മലയാള ചലച്ചിത്ര ചരിത്രത്തിലെ ഗംഭീര വിജയമായിരുന്നു. പിന്നീട് ജീവിത പങ്കാളിയായ സീമയെ കണ്ടുമൂട്ടുന്നത് അവളുടെ രാവുകൾ എന്ന സിനിമയിലൂടെയാണ്. ഏകദേശം മുപ്പതോളം സിനിമകളിൽ ഇവർ ഒരുമിച്ചു പ്രവർത്തിച്ചെന്ന റെക്കോർഡുമുണ്ട്.

ശ്വാസം മുട്ടലിനെത്തുടർന്നു ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു അന്ത്യം. മൃതദേഹം ചെന്നൈ വടപളനിയിലെ വീട്ടിലെത്തിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ചെന്നൈയിൽ നടക്കും. മലയാളത്തിൽ ഏറ്റവുമധികം ചിത്രങ്ങൾ സംവിധാനം ചെയ്ത രണ്ടു സംവിധായകരിൽ ഒരാളാണ് ഐ.വി.ശശി. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറ്റൻപതിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

വാണിജ്യ സിനിമകളിൽ പുതുവഴി തെളിച്ച ഐ.വി. ശശി നടൻമാരെ സൂപ്പർ താരങ്ങളാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച സംവിധായകനാണ്. ദേശീയ പുരസ്കാര ജേതാവായ ഇദ്ദേഹത്തെ സംസ്ഥാന സർക്കാർ 2015ൽ ജെ.സി.ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. നടി സീമയാണ് പത്നി. മക്കൾ: അനു, അനി.