Tuesday 06 February 2018 05:16 PM IST : By സ്വന്തം ലേഖകൻ

എപ്പോഴും ക്ഷീണവും ഉന്മേഷക്കുറവുമാണോ? ഇതാ സ്മാർട്ട് ആയിരിക്കാൻ ഈ കാര്യങ്ങൾ അറിയൂ

depression

എപ്പോഴും തളർച്ച! ഒന്നും ചെയ്യാൻ ഒരുൽസാഹമില്ല. ഏതുനേരവും എവിടെയെങ്കിലും ചുരുണ്ടുകൂടിക്കിടന്നാൽ മതിയെന്നൊരു തോന്നൽ...ഇതൊക്കെയാണോ നിങ്ങളെ അലട്ടുന്ന പ്രശ്നങ്ങൾ. എങ്കിൽ കുഴപ്പം നിങ്ങൾക്കല്ല, നിങ്ങളുടെ ഭക്ഷണക്രമത്തിനാണ്. നിങ്ങൾ എന്തു കഴിക്കുന്നു, എന്തു കഴിക്കാതിരിക്കുന്നു എന്നതിനെക്കുറിച്ച് ഒരു വിശകലനം നടത്തിനോക്കൂ. ഒരു കടലാസും പേനയുമെടുത്ത് ഒരാഴ്ചയ്ക്കുള്ളിൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണപദാർഥങ്ങൾ ഏതൊക്കെ എന്നു കുറിച്ചുവയ്ക്കു. മറ്റൊരു കടലാസിൽ ആഹാരക്രമത്തിൽ അധികം ഉൾപ്പെടാതെ പോകുന്ന ഭക്ഷണപദാർഥങ്ങൾ ഏതൊക്കെ എന്നും കുറിച്ചുവയ്ക്കൂ. ഇനി ആ ലിസ്റ്റൊന്നു വിശകലനം ചെയ്താൽ ക്ഷീണത്തിന്റെ കാരണം പിടികിട്ടും. ക്ഷീണം വരാതിരിക്കാൻ ആഹാരക്രമത്തിലെ ചില പദാർഥങ്ങൾ പൂർണമായോ ഭാഗികമായോ ഒഴിവാക്കിയാൽ മതി.

∙കഫീൻ– ദിവസവും രണ്ടോ അതിലധികമോ നേരം കാപ്പി കുടിക്കുന്ന ശീലമുണ്ടോ? എങ്കിൽ കാപ്പികുടി ഒരു നേരമാക്കി കുറച്ചോളൂ. കഴിവതും സന്ധ്യ കഴിഞ്ഞാൽ കാപ്പി കുടിക്കുന്നത് വേണ്ടെന്നുവയ്ക്കണം. ഇല്ലെങ്കിൽ ഉറക്കത്തെ ദോഷകരമായി ബാധിക്കും.

∙അമിതമായ മധുരം– ഭക്ഷണത്തിൽ അമിതമായ അളവിൽ പഞ്ചസാര ഉൾപ്പെടുന്നുണ്ടോ? പഞ്ചസാര അമിതമായാൽ തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് എപ്പോഴും മന്ദത അനുഭവപ്പെടും. ഇത് ഉറക്കച്ചടവിലേക്കും ആലസ്യത്തിലേക്കും നിങ്ങളെ കൊണ്ടെത്തിക്കും. കൃത്രിമമധുരങ്ങൾ ഒഴിവാക്കുകയാണ് നല്ലത്.

∙ഫ്രൈ ഫുഡ്– വറുത്തും പൊരിച്ചതുമായ ഭക്ഷണം നിങ്ങളുടെ പ്രസരിപ്പ് നഷ്ടപ്പെടുത്തും. ഇവയിൽ അടങ്ങുന്ന ഉയർന്ന കലോറി ഊർജത്തെ ദഹിപ്പിക്കാനുള്ള പെടാപ്പാടിലായിരിക്കും നിങ്ങളുടെ ദഹനവ്യവസ്ഥ. അതുമൂലം ഉണർവും ഊർജവും നഷ്ടമാകുന്നു

∙അമിതമായ അരി ആഹാരം– അരിയാഹാരം മലയാളിക്ക് പ്രിയപ്പെട്ടതാണ്. പക്ഷേ ദിവസവും മൂന്നുനേരവും നിങ്ങൾ അരിയാഹാരം തന്നെ കഴിച്ചാൽ കടുത്ത ക്ഷീണവും ഉദാസീനതയും അനുഭവപ്പെട്ടേക്കാം. കാര്യമായ ശാരീരികാധ്വാനം ഇല്ലാത്തവരെ സംബന്ധിച്ചിടത്തോളം ഒരു നേരം മാത്രം അരിയാഹാരം കഴിക്കുന്നതാണ് ഉത്തമം.