Tuesday 06 February 2018 05:22 PM IST : By ആശ തോമസ്

നീതു വണ്ണം കുറച്ചത് സ്വയം പഠിച്ചെടുത്ത ഫിറ്റ്നസ് വഴികളിലൂടെ...ഇത് ഫിറ്റ്നസ് പരിശീലകയായി മാറിയ വനിതയുടെ കഥ

weight_loss-self

നീതു വണ്ണം കുറച്ചത് സ്വയം പഠിച്ചെടുത്ത ഫിറ്റ്നസ് വഴികളിലൂടെയാണ്. ആ സഞ്ചാരത്തിനൊടുവിൽ എപ്പോഴോ, മെലിയുന്നതിനപ്പുറം ഫിറ്റ്നസുമായി പ്രണയത്തിലായി അവർ. അതുകൊണ്ടാണ് എഞ്ചിനീയറിങ് ബിരുദധാരിയായിട്ടും ഫിറ്റ്നസ് പരിശീലക എന്ന കരിയർ അവർ തിരഞ്ഞെടുത്തത്. അതിനുവേണ്ടിത്തന്നെയാണ് ഇന്റർനാഷനൽ ലൈസൻസും ബ്രിട്ടീഷ് ഫിറ്റ്നസ് ലൈസൻസും എടുത്തത്.


കോട്ടയം കഞ്ഞിക്കുഴി സ്വദേശിനി നീതു ബിനോയ് വിവാഹശേഷമാണ്  ദുബായിലേക്ക് പോകുന്നത്.  ആദ്യ പ്രസവത്തിനു മുമ്പ് 62 കിലോയായിരുന്നു നീതുവിന്റെ ഭാരം. ഗർഭിണി രണ്ടുപേർക്കുള്ള ഭക്ഷണം കഴിക്കണമെന്നാണല്ലൊ. അങ്ങനെ യാതൊരു നിയന്ത്രണവുമില്ലാതെ ഭക്ഷണം കഴിച്ച് ഗർഭത്തിന്റെ അവസാനനാളുകളിൽ ഒരു ബലൂൺപോലെയായി. 84 കിലോയായിരുന്നു അപ്പോൾ ശരീരഭാരം. ദുബായിൽ വച്ചു തന്നെയായിരുന്നു പ്രസവവും. അന്നു പ്രസവമെടുത്ത ഡോക്ടർ സ്നേഹപൂർവം ഒാർമിപ്പിച്ചു ‘തന്റെ ഭാരം വല്ലാതെ കൂടിക്കൊണ്ടിരിക്കുകയാണ്’ എന്ന്.


പക്ഷേ, നമ്മുടെ നാട്ടിലെ രീതിയനുസരിച്ച് പ്രസവം കഴിഞ്ഞ് സ്ത്രീകൾ വണ്ണം വച്ചില്ലെങ്കിലാണ് ആളുകൾക്ക് വിഷമം. അതുകൊണ്ടു തന്നെ വണ്ണം കൂടിയെന്നൊരു വാക്കുപോലും ആരും പറഞ്ഞുമില്ല, ആദ്യമായി അമ്മയാകുന്നതിന്റെ രസങ്ങളിൽ മുഴുകി ദിവസങ്ങൾ കടന്നുപോയി. ഒരിക്കൽ ഷോപ്പിങ്ങിനായി കടയിൽ പോയപ്പോഴാണ് തന്റെ അമിതവണ്ണത്തെക്കുറിച്ച് നീതുവിന് വെളിപാടു ലഭിക്കുന്നത്. റെഡിമെയ്ഡ് ഡ്രെസ് സെക്ഷനിലെത്തി പതിവുപോലെ മീഡിയം–ലാർജ് വലുപ്പമുള്ള െഡ്രസ് ഇട്ടുനോക്കി പാകമായില്ല. സാരമില്ല പ്രസവം കഴിഞ്ഞതല്ലേ ഉള്ളൂ, എക്സ്ട്രാ ലാർജ് പാകമാകും എന്നു കരുതി, എന്നാൽ എക്സ് എക്സ് എൽ (എക്സ്ട്രാ ലാർജിനേക്കാൾ വലുത്) സൈസാണ് പാകമായത്. അതോടെ ഈ പോക്കു ശരിയാകില്ലെന്ന് മനസ്സിലായി.


മുലയൂട്ടുന്നതുകൊണ്ട് ആറുമാസം കാത്തു. ആറാം മാസം മുതൽ കഠിനപ്രയത്നം തുടങ്ങി.  യു ട്യൂബ് വിഡിയോകൾ നോക്കി ഡാൻസ് ചെയ്തു,  വീട്ടിലുണ്ടായിരുന്ന സ്േറ്റഷനറി സൈക്കിൾ ചവിട്ടി. ഭക്ഷണമെല്ലാം നിയന്ത്രിച്ചു. അങ്ങനെ എൺപത്തിനാലിൽ നിന്ന് അറുപതിലേക്ക് എത്തി. അതു വലിയ സന്തോഷമുള്ള കാര്യമായിരുന്നു. കാരണം കോളജിൽ പഠിക്കുന്നകാലത്ത് 60 കിലോയായിരുന്നു ഭാരം.


അധികം വൈകാതെ രണ്ടാമത് ഗർഭിണിയായി. അതോടെ ശരീരഭാരം പഴയതുപോലെയായി. അവസാനമാസമൊക്കെ ആയപ്പോഴേക്കും 22 കിലോയാണ് കൂടിയത്. വയറു വല്ലാതെ ചാടി. പ്രസവം കഴിഞ്ഞ് ഏഴാം മാസം മുതൽ വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. പുഷ് അപ്സ്, സ്ക്വാറ്റ്സ്, ലഞ്ചസ് പോലുള്ള ബോഡി വെയ്റ്റ് വ്യായാമങ്ങൾ ചെയ്തുതുടങ്ങി. യു ട്യൂബ് നോക്കി ഹൈ ഇന്റൻസിറ്റി വ്യായാമങ്ങൾ ചെയ്തു

.  
ഭക്ഷണനിയന്ത്രണവുമുണ്ടായിരുന്നു. ഉച്ചയ്ക്ക് മാത്രം ചോറ് കഴിച്ചു. പതിയെ ഉച്ചയ്ക്കു കഴിക്കുന്ന ചോറിന്റെ അളവു കുറച്ചു. വിശക്കാതിരിക്കാൻ ഇടവേളകളിൽ പഴങ്ങളും പച്ചക്കറികളും കഴിച്ചു.  അതോടെ ഭാരം കുറഞ്ഞുതുടങ്ങി.


വ്യായാമം ആസ്വദിച്ചു ചെയ്താൽ അതൊരു ലഹരിയാകുമെന്നു നീതു പറയുന്നു. ഫിറ്റ്നസ് പ്രേമം കൂടിയതോടെ നീതു ഫിറ്റ്നസ് പരിശീലനത്തിനായുള്ള ഇന്റർനാഷനൽ ലൈസൻസ് എടുത്തു. ഇതിനുവേണ്ടി മൂന്നുമാസത്തെ പ്രത്യേക കോഴ്സിൽ പങ്കെടുത്തിരുന്നു.


 അവിടെ വച്ചാണ്, ഭാരമെടുത്തുള്ള വ്യായാമങ്ങളെക്കുറിച്ചുള്ള തെറ്റുധാരണകൾ മാറുന്നത്. സ്ത്രീകൾ ഭാരമെടുത്ത് വ്യായാമം ചെയ്താൽ മസിലു വരുമെന്ന ധാരണ ശരിയല്ലെന്ന് മനസ്സിലായി. യഥാർഥത്തിൽ  ടെസ്റ്റോസ്റ്റിറോൺ എന്ന പുരുഷഹോർമോണാണ് പേശികൾ മുഴച്ചുവരാൻ സഹായിക്കുന്നത്. സ്ത്രീകളിൽ ഇതു വളരെ കുറച്ചേ ഉള്ളൂ. മാത്രമല്ല, സാധാരണ വ്യായാമവും ഡയറ്റിങ്ങും വഴി ഭാരം കുറയ്ക്കുമ്പോൾ പേശികളും ചർമവുമെല്ലാം അയഞ്ഞു തന്നെ കിടക്കും. ശരീരം വടിവൊത്തതാകണമെങ്കിൽ ഏറ്റവും മികച്ച വഴി ഭാരമെടുത്തുള്ള വ്യായാമങ്ങളാണ്.


അങ്ങനെ, ഒരുകിലോയുടെ രണ്ടു ഡംബൽ വച്ച്  വെയ്റ്റ് ട്രെയിനിങ്  തുടങ്ങി. പതിയെ ഭാരം കൂട്ടിക്കൊണ്ടുവന്നു.  50 കിലോ ഭാരം വരെ എടുത്ത് സ്ക്വാറ്റ്സ് ചെയ്തിട്ടുണ്ടെന്നു നീതു പറയുന്നു.  മൂന്നു മാസമായപ്പോഴേക്കും വയറൊക്കെ വലിഞ്ഞൊട്ടി ശരീരം വടിവൊത്തതായി 60 കിലോയിലെത്തി. ഫിറ്റ്നസ് പരിശീലനത്തിനുള്ള ബ്രിട്ടീഷ് ലൈസൻസും എടുത്തു.
 മലയാളി സ്ത്രീകളുടെ വയറിലും ഇടുപ്പിലും തുടയിലുമാണ് കൂടുതൽ കൊഴുപ്പടിയുക.  ആകെയുള്ള ശരീരഭാരം കുറയാതെ ഈ കൊഴുപ്പു നീങ്ങില്ല. അതുകൊണ്ട് വെയ്റ്റ് ട്രെയിനിങ് ഇവർക്ക് ഫലപ്രദമാണെന്നു നീതു പറയുന്നു. ആഴ്ചയിൽ മൂന്നു തവണ ചെയ്താൽ മതി. തുടക്കക്കാർക്ക്  30 മിനിറ്റ് മതി. 1–2 കിലോ ഭാരമെടുത്തു തുടങ്ങുക. പതിയെ സമയവും ഭാരവും വർധിപ്പിക്കാം.  


‘‘ഭാരം കുറയുമ്പോൾ മുഖവും കഴുത്തും ഒട്ടിത്തുടങ്ങും. ഉടനെ വ്യായാമം നിർത്തരുത്. ആവശ്യമുള്ളത്ര ഭാരം കുറച്ചു കഴിഞ്ഞാൽ പിന്നെ ഉയർന്ന പ്രോട്ടീനുള്ള ഫൂഡ് ധാരാളം കഴിക്കുക. മാംസഭുക്കുകൾക്ക് കൊഴുപ്പുനീക്കിയ ഇറച്ചിയും മീനും കഴിക്കാം. സസ്യഭുക്കുകൾ പരിപ്പ്–പയർ വർഗങ്ങളും അണ്ടിപരിപ്പുകളും കഴിക്കുക.  ഒപ്പം വെയ്റ്റ് ട്രെയ്നിങ്ങും തുടരുക. മുഖത്തിന്റെ ഒട്ടലൊക്കെ മാറിത്തുടങ്ങും. സ്ത്രീകളിലെ അസ്ഥിസാന്ദ്രത കുറയുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങളും ഭാരമെടുത്തുള്ള വ്യായാമം വഴി പ്രതിരോധിക്കാം. കിതപ്പും മടുപ്പും അകലും’’– നീതു ആവേശഭരിതയാകുന്നു. ഫിറ്റ്നസ് മന്ത്രങ്ങൾ പങ്കിടാൻ ഒരു ഫെയ്സ് ബുക്ക് പേജും തുടങ്ങിയിട്ടുണ്ട് നീതു.