Saturday 03 February 2018 05:51 PM IST

വ്യായാമം അധികം വേണ്ടാത്ത ജോലിയാണോ? 30 വയസ്സ് കഴിയുമ്പോഴേ ഈ പരിശോധനകൾ ചെയ്യണം

Asha Thomas

Senior Sub Editor, Manorama Arogyam

check_ups

ആരോഗ്യകരമായ ജീവിതത്തിന് പരിശോധനകൾ ആവശ്യമാണ്. പ്രത്യേകിച്ച് ജീവിതശൈലി രോഗങ്ങൾ വർധിച്ചുവരുന്ന ഇന്നത്തെക്കാലത്ത്. ഏറ്റവും അടിസ്ഥാനപരമായി പ്രമേഹവും ബിപിയും കൊളസ്ട്രോളും പരിശോധിച്ചറിയണം.  ആരോഗ്യത്തിന്റെ അടിസ്ഥാനസൂചകങ്ങളാണെന്നതു മാത്രമല്ല ഹൃദയധമനീരോഗങ്ങളുടെ സാധ്യത പ്രവചിക്കാൻ ശേഷിയുള്ള അളവുകൾ കൂടിയാണിവ.  പ്രത്യേകിച്ച് ഇരുന്നുള്ള ജോലി കൂടുതലായി ചെയ്യുന്ന, വ്യായാമം ചെയ്യാത്ത വിഭാഗക്കാരാണെങ്കിലോ  കുടുംബത്തിലാർക്കെങ്കിലും ഇത്തരം രോഗങ്ങളുണ്ടെങ്കിലോ മുപ്പതു വയസ്സാകുമ്പോഴേ ഈ പരിശോധനകൾ ചെയ്യണം.

∙പ്രമേഹം–ഉപവാസശേഷമുള്ള രക്തപരിശോധനയിൽ (ഫാസ്റ്റിങ് ബ്ലഡ് ഷുഗർ) രക്തത്തിലെ പഞ്ചസാരനിരക്ക് 100–ൽ താഴെ ആയിരിക്കണം. ഭക്ഷണശേഷം രണ്ടു മണിക്കൂർ കഴിഞ്ഞുള്ള പരിശോധനയിൽ (പോസ്റ്റ് പ്രാൻഡിയൽ ഷുഗർ) രക്തത്തിലെ പഞ്ചസാരനിരക്ക് 140 നു താഴെയാകണം.


∙ കൊളസ്ട്രോൾ പരിശോധന അഥവാ ലിപിഡ് പ്രൊഫൈൽ പരിശോധന വെറുംവയറ്റിൽ ചെയ്യാം.  ലിപിഡ് പ്രൊഫൈലിൽ നല്ല കൊളസ്ട്രോൾ, ചീത്ത കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്, ടോട്ടൽ കൊളസ്ട്രോൾ എന്നീ അളവുകൾ വരും. ചീത്ത കൊളസ്ട്രോൾ 130നു താഴെയും നല്ല കൊളസ്ട്രോൾ 40നു മുകളിലുമാകുന്നതാണ് ഉത്തമം. 

ചീത്ത കൊളസ്ട്രോൾ 160 നു മുകളിലായാൽ  രക്തക്കുഴലുകളിൽ പ്ലാക്കുകൾ  അടിഞ്ഞുകൂടുകയും ഹൃദയാഘാതത്തിന് ഇടയാക്കുകയും ചെയ്യാം. അമിതവണ്ണമോ വയറോ ഇല്ലാത്തവർക്ക് ടോട്ടൽ കൊളസ്ട്രോൾ പരിശോധന മാത്രം മതി. അതിന്റെ അളവ് 200–ൽ താഴെയാകുന്നതാണ് ഉത്തമം.


∙ ഇവയോടൊപ്പം തന്നെ രക്തസമ്മർദവും പരിശോധിക്കാം. 120/80 മി..മീ സാധാരണ അളവ്.  പ്രമേഹമോ ദീർഘകാല വൃക്കരോഗമോ ഉള്ളവരാണെങ്കിൽ 130/80 മി.മീനു താഴെയായി നിലനിർത്തണം.


ഈ അടിസ്ഥാന പരിശോധനകൾ കൂടാതെ ചെയ്യാവുന്ന രണ്ടെണ്ണ മാണ് തൈറോയ്ഡ് പരിശോധനയും കരൾപരിശോധനയും.


∙ കടുത്ത ക്ഷീണം, മുടി കൊഴിച്ചിൽ, ഉറക്കപ്രശ്നങ്ങൾ എന്നിവയുണ്ടെങ്കിൽ തൈറോയ്ഡ് ഗ്രന്ഥിക്ക് പ്രവർത്തനതകരാറുണ്ടോ എന്നു പരിശോധിക്കാം.  ടി.എസ്.എച്ച്. പരിശോധന മാത്രം മതിയാകും. ഇതിന്റെ അളവു കുറവാണെങ്കിൽ ഹൈപ്പർ തൈറോയ്ഡിസവും കൂടുതലാണെങ്കിൽ ഹൈപ്പോ തൈറോയ്ഡിസവും ആകാം.


∙ മദ്യപാനികളായവർക്കും മുമ്പ് മഞ്ഞപ്പിത്തം വന്നിട്ടുള്ളവർക്കും ലിവർ ഫങ്ഷൻ ടെസ്റ്റ് ചെയ്യാം. ഇതിന് ഉപവാസം ആവശ്യമില്ല.