Wednesday 24 January 2018 02:51 PM IST : By സ്വന്തം ലേഖകൻ

പണിക്കൂലി കുറവ് പണിയും കുറവ്! ഇനി വീടും ചൈനിസ് (ഇതിന് ഗ്യാരൻറിയുണ്ട് കേട്ടോ)

chinese_house കുത്തനെയുള്ള ഇറക്കത്തിൽ ജിഐ തൂണുകളിലാണ് 630 ചതുരശ്രഅടി വലുപ്പമുള്ള വീടിരിക്കുന്നത്. വേണമെങ്കിൽ ഒറ്റമാസം കൊണ്ട് ഇത്തരം വീട് നിർമിക്കാം. ചിത്രങ്ങൾ: ഹരികൃഷ്ണൻ

കട്ടപ്പനയ്ക്കടുത്ത് അഞ്ചുരുളിയിൽ കാടും കാട്ടരുവിയും അതിരിടുന്ന മൂന്ന് ഏക്കർ ഏലത്തോട്ടം. അതിനു നടുവിലായിരുന്നു ബിനോയ് മാത്യുവിന്റെ വീട്. വഴിയിൽനിന്ന് കുത്തനെ ഇറക്കമായുള്ള നടപ്പാതയിലൂടെ വേണം വീട്ടിലേക്കെത്താൻ. പോരാത്തതിന് വീടിന് പ്രായത്തിന്റെ അവശതകൾ വേറെയും. വഴിയോട് ചേർന്ന് ചെറിയൊരു വീട് പണിയണമെന്ന ആഗ്രഹം ബിനോയിയുടെയും കുടുംബത്തിന്റെയും മനസ്സിൽ മുളപൊട്ടിയിട്ട് കാലം കുറച്ചായി. ഇവിടം മണ്ണിട്ട് നികത്തി വീടു പണിയുന്നത് അത്ര എളുപ്പമല്ല. മാത്രമല്ല, അന്നം തരുന്ന മണ്ണിൽ തൊട്ടുകളിക്കുന്ന ഏർപ്പാടിനോട് ബിനോയിക്കും കുടുംബത്തിനും തെല്ലും താൽപര്യവുമില്ല. അതുപോലെ, കടമെടുത്ത് വീടുപണിയുന്ന നടപ്പുരീതിയോടും ബിനോയിക്ക് അത്ര പഥ്യമില്ല. വരുമാനത്തിൽനിന്ന് മിച്ചം കിട്ടുന്നതു കൊണ്ട് വീടുപണിയണമെന്നതാണ് ബിനോയിയുടെ പോളിസി.

ഇങ്ങനെ പലവിധ കാരണങ്ങളാൽ പുതിയ വീടെന്ന സ്വപ്നം പച്ച പിടിക്കാതെ മുരടിച്ചു നിൽക്കുമ്പോഴാണ് 2014 ഡിസംബറിലെ വനിത വീട് വാർഷികപ്പതിപ്പ് ബിനോയിയുടെ കൈകളിലെത്തുന്നത്. അതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. കുട്ടനാട്ടിൽ മീൻ വളർത്തുന്ന പാടത്തിനു നടുവിൽ തെങ്ങിൻ തടിയുടെ തൂണുകളിൽ പണിത വീടിനെപ്പറ്റിയുള്ള ഫീച്ചർ പുതിയ വീടെന്ന സ്വപ്നത്തിന് തഴച്ചുവളരാനുള്ള ഒന്നാംതരം ജൈവവളമായി.

chinese2 മൂന്ന് എംഎം മാത്രം കനമുള്ള അലുമിനിയം കോംപസിറ്റ് പാനൽ ഉപയോഗിച്ചാണ് ഭിത്തി നിർമിച്ചത്.

ലൈറ്റ്‌വെയ്റ്റ് വീട്

നിലം നികത്താതെ വഴിയുടെ പൊക്കത്തിൽ ഇരുമ്പ് തൂണുകൾ നൽകി അതിൽ ഭാരംകുറഞ്ഞ രീതിയിൽ വീടൊരുക്കുക എന്നതായിരുന്നു ബിനോയിയുടെ ഐഡിയ. ലിവിങ് സ്പേസും ഡൈനിങ് സ്പേസും ഉൾപ്പെടുന്ന വലിയ ഹാളും അടുക്കളയും മൂന്ന് കിടപ്പുമുറികളും ബാൽക്കണിയും അടങ്ങുന്ന പ്ലാൻ വീട്ടുകാർ തന്നെ വരച്ചു. ഇത്തരത്തിലൊരു വീടിനെപ്പറ്റി നാട്ടിലെ പണിക്കാർക്കും കോൺട്രാക്ടർക്കുമൊന്നും വലിയ ധാരണയുണ്ടായിരുന്നില്ല. പലരും ഇങ്ങനെയൊന്നിനെപ്പറ്റി കേൾക്കുന്നതുതന്നെ ആദ്യമായിരുന്നു. അതിനാൽ ബിനോയിയും മകൻ കോളജ് അധ്യാപകനായ ബിന്റോയും നല്ലതുപോലെ കഷ്ടപ്പെട്ടു. ‘ലൈറ്റ്‌വെയ്റ്റ് സ്ട്രക്ചർ’ മാതൃകയിൽ വീടുണ്ടാക്കാൻ സഹായിക്കുന്ന നിർമാണവസ്തുക്കളും നിർമാണരീതിയും മനസ്സിലാക്കി. എൻ‌ജിനീയറുടെയും കോൺട്രാക്ടറുടെയും സഹായമില്ലാതെ സ്വന്തം മേൽനോട്ടത്തിൽ വീടുപണിയാം എന്ന തീരുമാനത്തിന് പിൻബലം ഈ ആത്മവിശ്വാസം മാത്രമായിരുന്നു.

തൂൺ ആയി ഉപയോഗിച്ചിരിക്കുന്ന ജിഐ പൈപ്പുകൾക്ക് എത്രത്തോളം ഭാരം താങ്ങാൻ കഴിയും എന്ന കാര്യത്തിൽ മാത്രമാണ് എൻജിനീയറുടെ സഹായം തേടിയത്. ബാക്കി എല്ലാ ജോലികളും ബിനോയിയുടെയും ബിന്റോയുടെയും മേൽനോട്ടത്തിലാണ് നടന്നത്. ഓരോ പണിയുമായും ബന്ധപ്പെട്ട തൊഴിലാളികളെ ഇവർ തന്നെ കണ്ടെത്തി അവർക്ക് കാര്യങ്ങൾ വിശദീകരിച്ചു കൊടുത്ത് അതുപോലെ ചെയ്യിക്കുകയായിരുന്നു.

ആദ്യം മേൽക്കൂര

chinese5 1.ജിഐ തൂണുകളിൽ ട്രസ് പിടിപ്പിച്ച് അതിൽ അലുമിനിയം ഷീറ്റ് മേഞ്ഞിരിക്കുന്നു.
chinese7 2. ജിഐ തൂണുകളിൽ മെറ്റൽ ഫ്രെയിം പിടിപ്പിച്ച് അതിൽ മറൈൻ പ്ലൈ വിരിച്ച് തറയൊരുക്കി (താഴെ നിന്നുള്ള ദ്യശ്യം)
chinese6 3. ജിഐ തൂണുകളെ തമ്മിൽ ബന്ധിപ്പിച്ച് നൽകിയ സ്ക്വയർ പൈപ്പിൽ അലുമിനിയം കോംപസിറ്റ് പാനൽ പിടിപ്പിച്ച് ഭിത്തി തയാറാക്കുന്നു.

കുത്തനെയുള്ള ചരിവിൽ വഴിയോട് ചേർന്ന് വഴിയുടെ അതേ നിരപ്പിലാണ് വീടിരിക്കുന്നത്. എട്ട് അടി താഴ്ചയിലും നാല് അടി വീതിയിലും കുഴികളെടുത്ത് അതിൽ നാല് ഇഞ്ചിന്റെ ജിഐ പൈപ്പ് ഇറക്കി കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കുകയായിരുന്നു വീടുപണിയുടെ ആദ്യ നടപടി. തറനിരപ്പിൽ നിന്ന് മേൽക്കൂരയുടെ പൊക്കം വരെ എത്തുന്നവയാണ് ഈ തൂണുകൾ. ഏറ്റവും ചരിവുള്ള ഭാഗത്ത് വരുന്ന തൂണുകൾക്ക് 34 അടിയാണ് പൊക്കം. ജിഐ പൈപ്പിന് 40 ടൺ വരെ ഭാരം താങ്ങാൻ കഴിയുമെന്ന് എൻജിനീയർ ഉറപ്പുനൽകിയിരുന്നു.
ജിഐ തൂണുകൾക്കു മുകളിൽ ട്രസ് പിടിപ്പിച്ച് അലുമിനിയം ഷീറ്റ് മേഞ്ഞ് മേൽക്കൂര പൂർത്തിയാക്കുകയാണ് ആദ്യം ചെയ്തത്.

‘‘മേൽക്കൂര പൂർത്തിയായാൽ പിന്നെ മഴയെ പേടിക്കേണ്ട. ബാക്കി പണികളൊക്കെ പണം വരുന്നതനുസരിച്ച് സൗകര്യം പേലെ ചെയ്താൽ മതി.’’ ഈ പ്രായോഗികബുദ്ധിയായിരുന്നു തീരുമാനത്തിനു പിന്നിൽ.
വഴിയുടെ നിരപ്പിനോട് ചേർന്ന് ജിഐ തൂണുകളിൽ മെറ്റൽ ഫ്രെയിം വെൽഡ് ചെയ്ത് പിടിപ്പിച്ച് അതിൽ മറൈൻ പ്ലൈവുഡ് വിരിച്ച് തറ തയാറാക്കുന്നതായിരുന്നു രണ്ടാം ഘട്ടം. സി ചാനൽ, സ്ക്വയർ പൈപ്പ്, ആങ്ക്ളെയർ എന്നിവ ഉപയോഗിച്ചാണ് മെറ്റൽ ഫ്രെയിം നിർമിച്ചത്. 19 എംഎം കനമുള്ള മറൈൻ പ്ലൈവുഡ് ഇതിൽ സ്ക്രൂ ചെയ്ത് ഉറപ്പിച്ചു. 8 x 4 അടി വലുപ്പമുള്ള 22 പ്ലൈവുഡ് ഷീറ്റ് ഇതിനു വേണ്ടിവന്നു. ഒരു ഷീറ്റിന് 4,500 രൂപയായിരുന്നു വില. പിന്നീട് മിനുക്കുപണികളുടെ സമയത്ത് മറൈൻ പ്ലൈവുഡിനു മുകളിൽ വിനൈൽ ഷീറ്റ് വിരിച്ച് തറയുടെ മോടി കൂട്ടി. ചതുരശ്രഅടിക്ക് 12 രൂപ നിരക്കിലുള്ള ഷീറ്റ് ഒട്ടിക്കാതെ വെറുതേ വിരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.

chinese3

ഭിത്തിക്ക് എസിപി

ഭിത്തിക്കായി ഒരൊറ്റ കട്ട പോലും ഉപയോഗിച്ചിട്ടില്ല. വെറും മൂന്ന് എംഎം മാത്രം കനമുള്ള അലുമിനിയം കോംപസിറ്റ് പാനൽ (എസിപി) ആണ് ഭിത്തി കെട്ടാൻ ഉപയോഗിച്ചിരിക്കുന്നത്. ഭാരം വളരെ കുറവാണ് എന്നതാണ് എസിപിയുടെ സവിശേഷത. ജിഐ തൂണുകളെ തമ്മിൽ‍ 2 x1 ഇഞ്ചിന്റെയും 1 x 1 ഇഞ്ചിന്റെയും സ്ക്വയർ പൈപ്പ് കൊണ്ട് ബന്ധിപ്പിച്ച ശേഷം അതിൽ എസിപി സ്ക്രൂ ചെയ്ത് പിടിപ്പിക്കുകയാണ് ചെയ്തത്. തേക്കിൻ തടിയുടെ ഫിനിഷിലുള്ള എസിപിയാണ് പുറംചുവരുകളുടെ ഭാഗത്ത് ഉപയോഗിച്ചത്. ചതുരശ്രഅടിക്ക് 135 രൂപയാണ് വില. മുറികളെ തമ്മിൽ വേർതിരിക്കാൻ പാർട്ടീഷൻ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന, രണ്ട് വശങ്ങളും ഒരേ പോലെയുള്ള എസിപി ഉപയോഗിച്ചു. ഇതിന് ചതുരശ്രഅടിക്ക് 80 രൂപയേ വിലയുള്ളൂ.


വീട് ലൈറ്റ്‌വെയ്റ്റ് ആണെങ്കിലും ഇന്റീരിയറിന്റെ ഭംഗി ഒട്ടും കുറയരുതെന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം. അതിനാൽ ആകർഷകമായ ഡിസൈനോടു കൂടിയ പിവിസി ഷീറ്റ് ഉപയോഗിച്ചാണ് ഫോൾസ് സീലിങ്ങ് ഒരുക്കിയത്. 12 അടി നീളവും മുക്കാൽ അടി വീതിയുമുള്ള പലകകളുടെ രൂപത്തിലാണ് പിവിസി ഷീറ്റ് ലഭിക്കുക. ഇതിനും ഭാരം വളരെ കുറവാണ്. ഒരെണ്ണത്തിന് 160 രൂപയാണ് വില.

ഇവിടത്തെ വാതിലിനും ജനലിനുമൊന്നും ഒരു കഷണം തടി പോലും ഉപയോഗിച്ചിട്ടില്ല. ‌പ്രധാന വാതിൽ ഒഴികെ ബാക്കി എല്ലാ വാതിലുകളും പിവിസിയുടേതാണ്. കട്ടിളയും പിടിയും അടക്കം 3,000 രൂപയാണ് ഒന്നിന്റെ വില. സ്റ്റീലിന്റെ പ്രധാന വാതിലിന് 13,000 രൂപ വിലയായി. എപ്പോഴും നല്ല കാറ്റ് വീശുന്ന സ്ഥലമായതിനാൽ അലുമിനിയം ഫ്രെയിമിൽ ഗ്ലാസ് പിടിപ്പിച്ചിട്ടുള്ള സ്ലൈഡിങ് ജനാലകളാണ് എല്ലാ മുറികൾക്കും നൽകിയത്.

chinese4

ഭിത്തിക്ക് കട്ടിപേപ്പറിന്റെ കനം മാത്രമുള്ളതിനാൽ വയറിങ് ചെറിയൊരു വെല്ലുവിളിയായിരുന്നു. എസിപി ഉറപ്പിച്ചിരിക്കുന്ന സ്ക്വയർ പൈപ്പിന് ഉള്ളിൽക്കൂടി ഇലക്ട്രിക് കേബിൾ കടത്തിയാണ് ഇതിന് പരിഹാരം കണ്ടത്. എല്ലായിടത്തും സ്ക്വയർപൈപ്പിനോട് ചേർന്നുതന്നെ സ്വിച്ച് ബോർഡും നൽകി. മറൈൻ പ്ലൈയുടെ തറയ്ക്ക് അടിയിലായാണ് വെള്ളത്തിന്റെ പൈപ്പുകൾ പിടിപ്പിച്ചിട്ടുള്ളത്. അടുക്കളയിലും ബാത്റൂമിലും അടക്കം ആവശ്യമുള്ള സ്ഥലങ്ങളിൽ മാത്രമേ മുകളിലേക്ക് പൈപ്പ് കണക്‌ഷൻ നൽകിയിട്ടുള്ളൂ.
വീടിന്റെ ഏതു മുറിയിൽ നിന്നാലും അതിമനോഹര കാഴ്ചകളിലേക്കാണ് കണ്ണെത്തുക. തൊട്ടടുത്തുള്ള അഞ്ചുരുളി വിനോദസഞ്ചാരകേന്ദ്രത്തിലെത്തുന്ന കുടുംബങ്ങളിൽ പലരും ‘‘താമസിക്കാൻ‍ ഒരു മുറിയെങ്കിലും വാടകയ്ക്ക് തരുമോ’’ എന്നു ചോദിച്ച് എത്താറുണ്ട്. ഇപ്പോഴുള്ള വീടിന് അടിയിലായി മൂന്ന് മുറികൾ കൂടി പണിത് ഹോം സ്റ്റേ സൗകര്യം കൂടി ഒരുക്കാനുള്ള പദ്ധതിയിലാണ് വീട്ടുകാർ. ഇതുപോലെ ‘ലൈറ്റ്‌വെയ്റ്റ്’ രീതിയിലായിരിക്കും അതും.


ഈ ലേഖനം 2016 സെപ്തംബര്‍ ’വനിത വീട്’ മാസികയില്‍പ്രസിദ്ധീകരിച്ചത്. നിര്‍മാണ സാമഗ്രികളുടെ വിലയില്‍ കാലികമായ മാറ്റങ്ങള്‍ ഉണ്ടാകാം.