Thursday 25 January 2018 02:57 PM IST : By സിനു കെ. ചെറിയാൻ

ഇത് 45 വർഷം പഴക്കമുള്ള വീടിന്റെ കിടിലന്‍ മെയ്ക്ക്ഓവര്‍; ജിപിയുടെ പട്ടാമ്പിയിലെ വീടിന്റെ വിശേഷങ്ങളിലൂടെ

gp ലേഖനം: സിനു കെ. ചെറിയാൻ, ചിത്രങ്ങൾ: ഹരികൃഷ്ണൻ

സ്വന്തം പേരിലൊരു നടപ്പാത. പിന്നെ ഹോംതിയറ്ററും ജക്കൂസിയുമെല്ലാമുളള ഒരു അടിപൊളി ന്യൂ ജനറേഷൻ ഏരിയ. വീടു പുതുക്കലിലൂടെ കോളടിച്ചിരിക്കുകയാണ് ജിപി എന്ന ഗോവിന്ദ് പത്മസൂര്യ.

റോഡിലെങ്ങുമല്ല, പട്ടാമ്പിയിലെ സ്വന്തം വീടിന്റെ മുറ്റത്തുകൂടിത്തന്നെയാണ് ജിപിയുടെ പേരിലുള്ള വഴി. വീടിനു മുകളിൽ പുതിയതായി പണിത ഭാഗത്തേക്കുള്ള സ്റ്റെയർകെയ്സിലേക്ക് ഇതിലെയെത്താം. ഷൂട്ടിങ് തിരക്കുകൾ കഴിഞ്ഞ് രാത്രി വൈകി എത്തുമ്പോൾ ഇതുവഴിയാണ് ജിപിയുടെ സഞ്ചാരം. അതുകണ്ട് അച്ഛൻ ഗോവിന്ദ് മേനോൻ ഇട്ട പേരാണ് ‘ജിപിയുടെ വഴി’.

തിരിച്ചു വിളിക്കും എപ്പോഴും

കാത്തലിക് സിറിയൻ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു ഗോവിന്ദ് മേനോൻ. തമിഴ്നാട്ടിലും ആന്ധ്രയിലുമൊക്കെ ജോലി ചെയ്തിരുന്നപ്പോൾപോലും ഒരു ദിവസത്തെ അവധി കിട്ടിയാൽ ഓടി വീട്ടിലെത്തും. ജിപിയുടെ കാര്യവും അങ്ങനെത്തന്നെ. ഷൂട്ടിങ്ങിനിടയിൽ ചെറിയൊരു ബ്രേക്ക് കിട്ടിയാൽ നേരെ വീട്ടിലേക്ക് വണ്ടിവിടും. എത്രദൂരം ഡ്രൈവ് ചെയ്യാനും മടിയില്ല.

‘‘ജോലി കഴിഞ്ഞാലുടൻ വീട്ടിലേക്ക് തിരിച്ചെത്തണമെന്ന ഒരു തോന്നൽ എപ്പോഴും മനസ്സിലുണ്ടായിരിക്കും. കൊച്ചിയിൽ പുതിയ വീടോ ഫ്ലാറ്റോ വാങ്ങി സെറ്റിൽ ആകാൻ പലരും നിർബന്ധിച്ചപ്പോഴും ഈ വീടു പുതുക്കിയെടുത്താൽ മതിയെന്ന് തീരുമാനിച്ചത് അതുകൊണ്ടാണ്.’’ ജിപി വീടിനോടുള്ള സ്നേഹം വ്യക്തമാക്കുന്നു.

gp2 സപ്പോട്ടയും മാവും വേപ്പുമൊക്കെ തണൽ വിരിക്കുന്ന മുറ്റത്തോടു ചേർന്നാണ് വീട്.

സത്യത്തിൽ ഇതു രണ്ടാം തവണയാണ് വീട് പുതുക്കുന്നത്. 45 വർഷം മുമ്പ് ജിപിയുടെ മുത്തച്ഛൻ കെ. ബി. മേനോൻ വാങ്ങിയതാണ് ഈ വീട്. 15 വർഷത്തിനുശേഷം ഹാബിറ്റാറ്റിലെ ആർക്കിടെക്ട് ജി. ശങ്കറിന്റെ മേൽനോട്ടത്തിലായിരുന്നു ഒന്നാംഘട്ട നവീകരണം. പൂമുഖം സിറ്റ്ഔട്ട് ആക്കിയും കിടപ്പുമുറികളിലൊന്ന് ലിവിങ് റൂമാക്കിമാറ്റിയും തറയിലെ ഓക്സൈഡ് മാറ്റി തറയോടു വിരിച്ചുമൊക്കെ വീട് മുഖം മിനുക്കി.

ആർക്കിടെക്ട് ബിജു ബാലന്റെ നേതൃത്വത്തിലായിരുന്നു രണ്ടാംവട്ട നവീകരണം. ഊണുമുറിയുടെ ചുവര് മാറ്റി പാഷ്യോ കൂട്ടിച്ചേർത്തു. ജിപിക്കു ലഭിച്ച ട്രോഫികൾ വയ്ക്കാൻ ഒരു ചുവരിൽ മുഴുവൻ ഷെൽഫ് നൽകി. പൂജാമുറി, വിശാലമായ രണ്ട് കിടപ്പുമുറികൾ, ഹോംതിയറ്റർ, ഔട്ട്ഡോർ സിറ്റിങ് ഏരിയ എന്നിവ കൂട്ടിച്ചേർത്തു. ബിജു ബാലന്റെ ‘ചമൻ’ എന്നു പേരുള്ള വീടിനുള്ളിലെ മരങ്ങളും വള്ളിച്ചെടികളുമൊക്കെയുള്ള കോർട്‌യാർഡ് കണ്ട് ഇഷ്ടപ്പെട്ട് അതുപോലെയാണ് പാഷ്യോ ഒരുക്കിയിരിക്കുന്നത്. ഇ വിടെയുണ്ടായിരുന്ന നാട്ടുമാവ് നിലനിർത്തിത്തന്നെ മേൽക്കൂര പണിതു. വള്ളിച്ചെടികൾ പടർന്നു തുടങ്ങിയിട്ടേയുള്ളൂ.

gp3 1.ഊണുമുറിയോടു ചേർന്ന് പുതിയതായി നിർമിച്ച പാഷ്യോ. ഇവിടെയുള്ള സ്റ്റെയർകെയ്സ് വഴി മുകളിലേക്കെത്താം. 2. ട്രോഫികൾ സൂക്ഷിക്കാൻ പുതിയതായി നിർമിച്ച ഡിസ്പ്ലേ ഷെൽഫിനു മുന്നിൽ ജിപി.

അച്ഛനാണ് താരം

സ്ക്രീനിലെ മിന്നുംതാരമാണ് ജിപിയെങ്കിൽ ഇന്റീരിയറിന്റെ കാര്യത്തിൽ ആശയങ്ങളുടെ തമ്പുരാനാണ് അച്ഛൻ ഗോവിന്ദ് മേനോൻ. എല്ലാ മുറികളിലുമുണ്ട് അച്ഛന്റെ പ്രതിഭാവിലാസം വെളിവാക്കുന്ന കാഴ്ചകൾ.

gp5 ഒരു ഭിത്തി മുഴുവൻ വാഡ്രോബ് വരുന്ന രീതിയിൽ ജിപിയുടെ ബെഡ്റൂം.

മുകളിലെ ലിവിങ് സ്പേസ് ആയിരുന്നു പ ത്താംക്ലാസ് വരെ ജിപിയുടെ ബെഡ്റൂം. കംപ്യൂട്ടറിനും ഇവിടെയായിരുന്നു സ്ഥാനം എന്നതിനാലാണ് ബെഡ്റൂം ഓപൻ ശൈലിയിലാക്കിയത്. പിന്നീട് ഇവിടം പരിഷ്കരിച്ചപ്പോൾ കട്ടിൽ മാറ്റി ദിവാനും ടീപോയ്‌യുമിട്ടു. പഴയ രണ്ട് അലമാരകളാണ് ദിവാനാക്കി മാറ്റിയത്. അതും സ്റ്റോറേജ് സൗകര്യത്തോടെ തന്നെ. പഴയ മേശയുടെ കാലിന്റെ നീളം കുറച്ചാണ് ലോ ഹൈറ്റിലുള്ള ടീപോയ് ഒരുക്കിയത്. അച്ഛന്റെ ഈ നടപടിയെപ്പറ്റി ജിപിക്കും അനുജൻ ഗോവിന്ദ് അമൃത് സൂര്യയ്ക്കുമൊക്കെ പുച്ഛമായിരുന്നു. ആറുമാസം മുമ്പ് തായ്‌ലൻഡിലേക്ക് വിനോദയാത്ര പോകുന്നതുവരെയേ അതു നീണ്ടുള്ളൂ. അവിടെ ചെന്നപ്പോൾ റിസോർട്ടിൽ ദാ, വീട്ടിലെ അതേ ഡിസൈനിലുള്ള ടീപോയും ദീവാനും! നമ്മളിതൊക്കെ എത്ര കണ്ടതാ എന്ന ഭാവമായിരുന്നു അച്ഛന്റെ മുഖത്തപ്പോഴുണ്ടായിരുന്നതെന്ന് ജിപി ഓർക്കുന്നു.

gp4 1. ആധുനിക ശബ്ദനിയന്ത്രണ സംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ് ഹോംതിയറ്റർ ഒരുക്കിയത്. 2. ജക്കൂസി സൗകര്യമുള്ള ബാത്റൂം.

ഫർണിച്ചറിന്റെ കാര്യത്തിൽ‌ അച്ഛൻ ഞെട്ടിച്ച സംഭവങ്ങൾ വേറെയുമുണ്ട്. പുതിയതായി പണിത ഔട്ട്ഡോർ സിറ്റിങ് ഏരിയയിലിടാൻ തടിക്കഷണങ്ങൾ കൂട്ടിച്ചേർത്ത് ഉണ്ടാക്കിയ തരത്തിലുള്ള നാല് കസേരകൾ ജിപി ഓൺലൈൻ മുഖേന വാങ്ങി. ഇനി അതിന് ചേരുന്ന ഒരു ടീപോയ്‌യും വാങ്ങണം. തൊട്ടടുത്ത ദിവസമുണ്ട് തടിക്കഷണംകൊണ്ടുള്ള ഒരു കിടിലൻ ടീപോയ് രംഗപ്രവേശം ചെയ്തിരിക്കുന്നു. അടുത്തുള്ള തടിമില്ലിൽനിന്ന് അച്ഛൻ സംഘടിപ്പിച്ച വാളൻപുളിയുടെ തടിയാണ്. അതിന്റെ മുന്നിൽ ഓൺലൈൻ ഫർണിച്ചർ വെറും ശൂൂൂ.

പാഷ്യോയ്ക്കു മുകളിലെ ടഫൻഡ് ഗ്ലാസ് മേൽക്കൂരയിലേക്ക് വാട്ടർ ടാങ്ക് നിറയുമ്പോൾ വെള്ളം ശക്തിയായി വീഴുന്നത് ഒഴിവാക്കാൻ അ ച്ഛൻ പ്രയോഗിച്ച ബുദ്ധിയിങ്ങനെ. ടെറസിൽനിന്ന് താഴേക്ക് വെള്ളം വീഴുന്ന രണ്ട് പൈപ്പിന്റെയും അറ്റത്ത് ഷവർ പിടിപ്പിച്ചു. ടാങ്ക് നിറഞ്ഞു വീഴുന്ന വെള്ളം മഴയായി പാഷ്യോയ്ക്കു മുകളിലേക്കു വീഴും. സ്വിച്ച് ഓഫ് ചെയ്യാൻ അൽപം വൈകിയാലും കുഴപ്പമില്ല. അത്രയും നേരം കൂടി മഴ ആസ്വദിക്കാം.

ഏറ്റവുമിഷ്ടം പൂജാമുറി

ഡി ഫോർ ഡാൻസിലും അടി മോനേ ബസറിലുമൊക്കെ കണ്ടിട്ടുള്ള ജിപിയല്ല വീട്ടിലെ ജിപി. ഇവിടെയെത്തിയാൽ നല്ല ഭക്ഷണവും ഉറക്കവുമൊക്കെയായി ഏറ്റവും അലസനാകും. പൂജാമുറിയാണ് ജിപിയുടെ പ്രിയ ഇടം. ഹോംതിയറ്റർ, പാഷ്യോ എന്നിവ പിന്നാലെയുണ്ട്.

‘‘ ഈ വീടിനൊരു താളമുണ്ട്. പതിഞ്ഞ മധു രമായ താളം. തിരക്കിൽനിന്ന് ശാന്തതയിലേക്കുള്ള ആ ‘സ്വിച്ചിങ്’ എനിക്കു വളരെയിഷ്ടമാണ്. സത്യത്തിൽ അതാണ് നമ്മളെ റീചാർജ് ചെയ്യുന്നത്, പുറത്തിറങ്ങിയാൽ ചുറുചുറുക്കോടെ നിൽക്കാൻ സഹായിക്കുന്നത്.’’ വീടിനെപ്പറ്റി ജിപി പറയുന്നു.

gp6 മുകളിലെ ലിവിങ് സ്പേസിൽ ജിപിയും സഹോദരനും. പഴയ മേശ ചെറുതാക്കിയെടുത്ത ടീപോയ്‌യും കാണാം.

പത്ത് കഴിഞ്ഞ ശേഷം കോയമ്പത്തൂർ, മംഗലാപുരം, മുംബൈ എന്നിവിടങ്ങളിലായിരുന്നു ജിപിയുടെ വിദ്യാഭ്യാസം. പിന്നീട് സിനിമയിലും ആങ്കറിങ്ങിലുമെത്തി.

‘‘തുടക്കത്തിൽ‍ ഹോട്ടൽ താമസവും ഭക്ഷണവുമൊക്കെ വളരെ താൽപര്യമായിരുന്നു. പക്ഷേ, പെട്ടെന്ന് എല്ലാം മടുത്തു. എല്ലാ ഹോട്ടലിലെയും ബുഫേയ്ക്ക് ഒരേ രുചി. എല്ലാ മുറികൾക്കും ഒരേ മുഖം. അതായിരിക്കും വീട് എപ്പോഴും തിരിച്ചു വിളിക്കുന്നതുപോലെ തോന്നുന്നത്. വീടിന്റെ മാത്രം പുതുമ മായുന്നില്ല.’’