Wednesday 24 January 2018 02:18 PM IST : By സോന തമ്പി

തടിവീടിനുള്ളിലെ കൗതുകം

woodhouse4.jpg.image.784.410

ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ പ്രോഡക്ട് സെലക്ട് ചെയ്ത് ഡെലിവറി ആകുന്ന സമയം പോലും വേണ്ടിവന്നില്ല വേണുഗോപാലിന് തന്റെ വീടുപണിയാന്‍. ഒരാഴ്ച സമയത്തില്‍ 650 സ്‌ക്വയര്‍ഫീറ്റ് തടിവീട് റെഡി.

തൃശൂര്‍ തൃപ്രയാറില്‍ സ്‌നേഹതീരം ബീച്ചിനടുത്ത് 35 സെന്റ് സ്ഥലം ബാംഗ്ലൂരില്‍ ഐടി കമ്പനിയില്‍ സീനിയര്‍ മാനേജരായ വേണുഗോപാല്‍ വാങ്ങിയിട്ടിരുന്നു. അവിടെ വ്യത്യസ്തമായ എന്തെങ്കിലും നിര്‍മ്മിക്കണമെന്നും അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. നാട്ടില്‍ വരുമ്പോള്‍ തങ്ങാനും കുടുംബ സമാഗമങ്ങള്‍ നടത്താനുമെല്ലാം പറ്റിയ ഒരു 'വീക്കെന്‍ഡ് ഹോം'. മുളകൊണ്ട് വീടുകള്‍ കണ്ടെങ്കിലും അതിനോട് ഒരിഷ്ടം തോ ന്നിയതുമില്ല. കടല്‍ത്തീരത്തോട് അടുത്തായിരുന്നതിനാല്‍ കെട്ടിടംപണിക്കുള്ള നിബന്ധനകളും പരിമിതികളും ഉള്‍ക്കൊള്ളുകയും വേണമായിരുന്നു. പ്ലോട്ടില്‍ ഉണ്ടായിരുന്ന ചെറിയ കുടില്‍ മാറ്റുകയും വേണമായിരുന്നു.

woodhouse5.jpg.image.784.410



കുറച്ചുനാള്‍ യുഎസില്‍ ജോലിയെടുത്തപ്പോള്‍ അവിടത്തെ തടിവീടുകള്‍ എപ്പോഴോ മനസ്സില്‍ കയറിപ്പറ്റി. പിന്നെ ആ വഴിക്കായി ചിന്ത. കേരളത്തിലെ കാലാവസ്ഥയും കടല്‍ത്തീരവും ആശങ്കകള്‍ ഉയര്‍ത്താതിരുന്നില്ല. ഗോവന്‍ കടല്‍ത്തീരത്തുകണ്ട തടിയുടെ കോട്ടേജുകള്‍ വീണ്ടും പ്രചോദനമായി. തടിവീടുകളുടെ ഒരു പരസ്യം കൂടി കണ്ടതോടെ അച്ഛന്‍ ഡോ. ഗോപിനാഥിനും താത്പര്യമേറി. തടിവീടുകള്‍ പണിതുകൊടുക്കുന്ന ബാംഗ്ലൂര്‍ ആസ്ഥാനമായ '9 വുഡ്‌ഹോംസി' നെ അച്ഛനും മകനും കൂടി കണ്ടെത്തി. കമ്പനിയുടെ ഓഫിസില്‍ കണ്ട മോഡലുകളും ഡിസൈനും പലവട്ടം പരിശോധിച്ച് ഇഷ്ടപ്പെട്ട ഡിസൈന്‍ തിരഞ്ഞെടുത്തു. സിറ്റ്ഔട്ട്, ലിവിങ്, ഒരു ബെഡ്‌റൂം, അടുക്കള, ബാത്‌റൂം എന്നിവയെല്ലാം ചേര്‍ന്ന 650 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള ഒരു ചെറിയ വീട്.

woodhouse1.jpg.image.784.410



നിര്‍മാണം

ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ നിബന്ധനകള്‍ക്കനുസരിച്ച് കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഹീറ്റ് ട്രീറ്റ്‌മെന്റ് കഴിഞ്ഞ എസ്പിഎഫ് തടിയാണ് (സ്പ്രൂസ്, പൈന്‍, ഫിര്‍) പാനലുകള്‍ക്ക് ഉപയോഗിക്കുന്നത്. കോണ്‍ക്രീറ്റ്, സ്റ്റീല്‍, കോളം എന്നിങ്ങനെ ഏതു തറമേലും തടിവീടുകള്‍ ഉറപ്പിക്കാം. താഴത്തെ പാനല്‍ മാത്രം സ്‌ക്രൂ ചെയ്തു കയറ്റുന്നു. ബാക്കിയുള്ളവ ആണിയോ സ്‌ക്രൂവോ ഒന്നുമില്ലാതെ ഇന്റര്‍ലോക്കിങ് മോഡലില്‍ ഘടിപ്പിക്കുന്നു. രണ്ടിഞ്ച് കനവും ആറ് ഇഞ്ച് വീതിയുമാണ് ഇവയ്ക്ക്. ആവശ്യത്തിനനുസരിച്ച് നീളം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. ''ആവശ്യക്കാരന്റെ ബജറ്റ് അനുസരിച്ച് രണ്ടുനിലയോ വലുപ്പമുള്ള വീടുകളോ ചെയ്യാം'', '9 വുഡന്‍ഹോംസി' ലെ രാജേഷ് സിങ് ഉറപ്പുനല്‍കുന്നു.

woodhouse.jpg.image.784.410



വീടിനുശേഷമാണ് വയറിങ്ങും പ്ലംബിങ്ങും. എല്‍സിഡിയോ സ്പ്ലിറ്റ് എസിയോ വയ്ക്കുന്നതെല്ലാം സാധാരണ വീടുപോലെത്തന്നെ. ബാത് റൂം തറയ്ക്ക് ടൈല്‍ ഉപയോഗിക്കാം. വേണുഗോപാല്‍ തന്റെ വീട്ടില്‍ അങ്ങനെയാണ് ചെയ്തത്. ഭിത്തികള്‍ തടി കൊണ്ടുതന്നെ. ബാത് ഏരിയക്കുവേണ്ടി പ്രത്യേകം ഷവര്‍ ക്യുബിക്കിള്‍ സ്ഥാപിച്ചു. വേറൊരു സാധ്യതയുമുണ്ട്. സാധാരണ രീതിയില്‍ കട്ടകെട്ടി ബാത്‌റൂം പണിത് പുറത്തുനിന്ന് കാണാത്ത വിധത്തില്‍ തടി സ്ട്രക്ചര്‍ അതിനോട് ഘടിപ്പിക്കാം. റൂഫിങ്ങിനായി ആദ്യം തടി കൊണ്ടുതന്നെ ചരിച്ച് കൂര പണിയും. അതിനുമുകളില്‍ സാധാരണ ഓടോ അല്ലെങ്കില്‍ ഇറക്കുമതി ചെയ്യുന്ന ഷിംഗിള്‍സോ വിരിക്കാം. പല നിറങ്ങളില്‍ ലഭിക്കുമെങ്കിലും ഷിംഗിള്‍സിന് അല്പം വില കൂടുതലാണെന്നു മാത്രം. വീടിന്റെ നിറത്തിനോടു ചേര്‍ന്നുനില്‍ക്കുന്ന തരത്തില്‍ ഷിംഗിള്‍സ് ആണ് വേണുഗോപാലിന്റെ വീടിന് വിരിച്ചിരിക്കുന്നത്.

woodhouse2.jpg.image.784.410



ജനലുകള്‍ക്കും വാതിലുകള്‍ക്കും ഷട്ടറുകള്‍ക്കുമെല്ലാം അതേ തടിപാനലുകളും ഗ്ലാസുമാണ് ഉപയോഗിക്കുന്നത്. അല്പം കൂടി സുരക്ഷ കണക്കിലെടുത്ത് സ്റ്റീല്‍ കൊണ്ടുള്ള അഴികള്‍ കൂടി ജനലുകള്‍ക്കായി ഡോക്ടര്‍ പണിയിപ്പിച്ചുവെന്നു മാത്രം. വീട് ഉറപ്പിച്ചു കഴിഞ്ഞാല്‍ സാന്‍ഡ്‌പേപ്പറിട്ട് മിനുസപ്പെടുത്തുന്നത് ആവശ്യക്കാരുടെ ഇഷ്ടത്തിനനുസരിച്ചാണ്. മിനുസമായ തടി വേണമെന്നുള്ളവര്‍ക്ക് അങ്ങനെയാവാം. തടിയുടെ സ്വാഭാവികത ഇഷ്ടപ്പെട്ടതിനാല്‍ വേണുഗോപാലിന്റെ വീട്ടില്‍ തടി അല്പം പരുക്കനായിരിക്കുന്നു. തടിയുടെ സ്വാഭാവിക ഡിസൈനുകള്‍ അതിനോടിണങ്ങി നില്‍ക്കുന്നു. ഏഴുലക്ഷം രൂപയ്ക്കാണ് നാലുവര്‍ഷം മുമ്പ് വേണുഗോപാലും കുടുംബവും തടിവീട് തീര്‍ത്തത്. അന്ന് സ്‌ക്വയര്‍ഫീറ്റിന് 1100 രൂപ ചെലവു വന്നു. ഇന്ന് സ്‌ക്വയര്‍ഫീറ്റിന് 1300 രൂപയോളം വരും.

woodhouse3.jpg.image.784.410



പരിപാലനം

ഏതു സാധാരണക്കാരന്റെയും മനസ്സിലെ ആശങ്ക തടിവീടിന്റെ മെയിന്റനന്‍സ് ആയിരിക്കും. തടി പാനലുകള്‍ക്ക് പോളിഷിങ് മാത്രമാണ് തടിവീടുകള്‍ക്ക് കമ്പനി നിര്‍ദ്ദേശിക്കുന്നത്. ''പോളിഷിങ് കൃത്യമായി ചെയ്യാറുണ്ട്. അത്രമാത്രം. കടലിനോട് വളരെ അടുത്തായിട്ടുപോലും കൂടുതലൊന്നും ചെയ്തിട്ടില്ല. നാലു വര്‍ഷമായി ഞങ്ങള്‍ ഹാപ്പിയാണ്,'' വേണുഗോപാലും അച്ഛന്‍ ഡോ. ഗോപിനാഥും സാക്ഷ്യപ്പെടുത്തുന്നു. വീടിനോട് ചേര്‍ന്നുള്ള കാബിന്‍, വീടുകള്‍, വെക്കേഷന്‍ ഹോം, ഹോംസ്‌റ്റേ തുടങ്ങി പല ആവശ്യങ്ങള്‍ക്കും തടിവീടുകള്‍ നന്നായിണങ്ങുന്നു. കാണാനുള്ള ഭംഗിയോടൊപ്പം പ്രകൃതിക്കിണങ്ങുമെന്ന വലിയ ഗുണവും ഇവയ്ക്കുണ്ട്.വേണുഗോപാലിന്റെ ഐഡിയകള്‍ ഇനിയുമുണ്ട്. വീടിനു പിറകിലായി ഉണ്ടായിരുന്ന കുളത്തെ അല്പം പരിഷ്‌കരിച്ചു. ചുറ്റും ഗാലറി പടികള്‍ കെട്ടി. കുടുംബസംഗമ വേളകളില്‍ എല്ലാവര്‍ക്കും ഇവിടിരുന്ന് ഭക്ഷണം കഴിക്കാനാണ് താത്പര്യമെന്ന് വെളിപ്പെടുത്തുന്നു വീട്ടുകാരന്‍.

ASK AN EXPERT

You can ask your questions regarding construction.

ASK NOW
POST YOUR 3D PLAN
POST YOUR 3D PLAN

Can view 3 dimensional view of plans by prominent architects.

POST NOW

VIEW GALLERY

U & YOUR HOME
U & YOUR HOME

Share your own experiance

POST NOW

View Gallery