Thursday 08 February 2018 12:23 PM IST : By സുജിത് പി. നായർ

അച്ഛന്റെ മോഹം മകന്റെ നേട്ടം

PTI12_19_2016_000034B

ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്റ്സ്മാൻ കരുൺ നായരുടെ വിശേഷങ്ങളുമായി അമ്മ പ്രേമ...

പ്രേമയ്ക്കൊരു വിശ്വാസമുണ്ട്, ബാറ്റിങ് കാണാൻ താൻ എത്തിയാൽ മോൻ പെട്ടെന്ന് ഔട്ടാകുമെന്ന്. ഈ വിശ്വാസത്തിന് പിന്നിൽ ഒരുപാട് കാരണങ്ങളുണ്ടെങ്കിലും ലേറ്റസ്റ്റായ ഒരെണ്ണം പറയാം. ഇംഗ്ലണ്ടിനെതിരേ ടെസ്റ്റ് പരമ്പരയിലെ കന്നി അവസരത്തിൽ കരുൺ റൺ ഔട്ടായി. രണ്ടാം മാച്ചിൽ സ്കോർ ചെയ്യണം. അല്ലെങ്കിൽ പിന്നെ അവസരം കിട്ടിയെന്നിരിക്കില്ല. ടീച്ചറായ പ്രേമ കളി കാണാനൊന്നും നിന്നില്ല. പതിവുപോലെ രാവിലെ സ്കൂളിൽ പോയി. ശനിയാഴ്ച ആയതിനാൽ ഉച്ചയ്ക്ക് മടങ്ങിയെത്തി. കരുണിന്റെ അച്ഛൻ കലാധരനും അദ്ദേഹത്തിന്റെ  പിതാവ് ദിവാകരൻ നായരുമെല്ലാം ടിവിക്കു മുന്നിലുണ്ട്. വാതിൽ തുറന്ന് കാലെടുത്തു വച്ചതേയുള്ളൂ. ദേ പോയി, കരുണിന്റെ വിക്കറ്റ്, എൽബിഡബ്ല്യു...!

അങ്ങനെയുള്ള എന്നെയാണ് ചെന്നൈ ടെസ്റ്റ് നേരിൽ  കാണാൻ വിളിക്കുന്നത്.‘‘ആദ്യ രണ്ടു ടെസ്റ്റ് നീ കാണാതിരുന്നിട്ടും മോന‍് കാര്യമായി സ്കോർ ചെയ്യാൻ കഴിഞ്ഞില്ലല്ലോ. ഇതിന് ഏതായാലും നീയും കൂടി വാ...’’ എന്നു പറഞ്ഞത് അച്ഛനാണ്. അവർ രണ്ടുപേരും ചെന്നൈയ്ക്ക് പോകാൻ തീരുമാനിച്ചിരുന്നു. ഞാൻ ഒറ്റയ്ക്ക് വീട്ടിൽ ഇരിക്കണ്ടല്ലോ എന്നു കരുതിയാണ് ഈ നിർബന്ധം. അങ്ങനെ അവർക്കൊപ്പം ചേർന്നു.

‘‘ബാറ്റ്സ്മാന്റെ തൊട്ടടുത്ത് അവൻ ഹെൽമെറ്റും വച്ചു നിൽക്കുന്നതു കണ്ടപ്പോഴേ എന്റെ നല്ല ജീവൻ പോയി. വൈകിട്ട് കണ്ടപ്പോൾ ആദ്യം ചോദിച്ചതും അതാണ്. നീ എന്തിനാടാ അവിടെ പോയി  നിൽക്കുന്നതെന്ന്.’’ വല്ല പന്തും കൊണ്ടാലോ എന്ന പേടിയായിരുന്നു എനിക്ക്. ‘ക്രിക്കറ്റിൽ അങ്ങനെയൊക്കെയാ അമ്മേ...’ എന്നായിരുന്നു അവന്റെ മറുപടി.
ചെന്നൈ ചെപ്പോക്കിലെ ചിദംബരം സ്‌റ്റേഡിയത്തിൽ ട്രിപ്പിൾ സെഞ്ചുറിയുമായി വരവറിയിച്ച മലയാളി താരം കരുൺ നായരുടെ അമ്മ പ്രേമ, ബെംഗളൂരു കോറമംഗലയിലെ വീട്ടിലിരുന്ന് ‘വനിത’യോട് മകന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു, തനി ചെങ്ങന്നൂരുകാരിയായി.  ‘‘ഇപ്പോഴാണ് സമാധാനമായത്. അച്ഛനും മോനും കൂടി പഠിത്തം കളഞ്ഞ് ക്രിക്കറ്റെന്നു പറഞ്ഞു നടക്കുമ്പോൾ ടെൻഷൻ എനിക്കായിരുന്നു. രക്ഷപ്പെട്ടില്ലെങ്കിൽ എന്താകും ഭാവി എന്നായിരുന്നു പേടി. പത്താം ക്ലാസ് വരെ ഞാൻ ഇരുത്തി പഠിപ്പിക്കുമായിരുന്നു. നല്ല മാർക്കും കിട്ടി. പിന്നെ, പറ്റിയില്ല. ക്രിക്കറ്റിന്റെ തിരക്കായി. ബികോം പരീക്ഷ എഴുതിയിട്ടില്ല.’’  ഐപിഎല്ലിൽ നാലു കോടി മൂല്യമുള്ള താരമായിട്ടും ദേശീയ ടീമിൽ എത്തിയിട്ടും മകൻ പരീക്ഷ എഴുതാത്തതിന്റെ പരിഭവം അമ്മയുടെ വാക്കുകളിലുണ്ട്.

അച്ഛനും മക്കളും ഒരു ടീം

ഞങ്ങൾ രാജസ്ഥാനിലെ ജോധ്പൂരിലായിരിക്കുമ്പോഴാണ് മോന്റെ ജനനം. ചേച്ചി ശ്രുതിയുമായി പത്തു വയസ്സിന്റെ വ്യത്യാസമുണ്ട് അവന്. ഉണ്ണി എന്നാണ് വിളിപ്പേര്. കലാധരേട്ട ൻ അന്ന് സ്വകാര്യ കമ്പനിയിൽ ഏരിയാ മാനേജരായിരുന്നു. മാസം തികയാതെ ജനിച്ച കുഞ്ഞായിരുന്നു ഉണ്ണി. അസുഖങ്ങൾ പതിവായിരുന്നു. ഒരുപാട് പരിശോധനകൾ നടത്തി ഒടുവിൽ കണ്ടെത്തി, കുഞ്ഞിന് ശ്വാസകോശം വികസിച്ചിട്ടില്ലെന്ന്. ആധിയായിരുന്നു ഞങ്ങൾക്ക്. പക്ഷേ ഡോക്ടർ ആശ്വസിപ്പിച്ചു. ‘അവനെ ഓടിച്ചാടി കളിക്കാൻ നിർബന്ധിക്കുക, ശ്വാസകോശം താനേ വികസിച്ചു കൊള്ളും.’ ഏട്ടനാണ് ക്രിക്കറ്റ് എന്ന മരുന്ന് നിർദേശിച്ചത്. അച്ഛനും മോനും ക്രിക്കറ്റ് ഭ്രാന്താണ്.  ഏട്ടന് അതിൽ ഒരു മധുര പ്രതികാരവും ഉണ്ടായിരുന്നു. അത് പിന്നീടാണ് ഞങ്ങൾ അറിഞ്ഞത്. ക്രിക്കറ്റ് കളിക്കാരൻ ആകണമെന്ന് മോഹം ഉണ്ടായിരുന്നെങ്കിലും  പഠനം ഉഴപ്പുമെന്ന് പറഞ്ഞ് അച്ഛനും അമ്മയും അനുവദിച്ചിരുന്നില്ല. മോന് ക്രിക്കറ്റ് ഇഷ്ടമാണെന്ന് മനസ്സിലായപ്പോൾ ഏട്ടനായിരുന്നു ആവേശം.

ഇടയ്ക്ക് സ്ഥലം മാറ്റം കിട്ടി. അന്ന് ശ്രുതി എട്ടാംക്ലാസിലാണ്. മക്കളെ പിരിഞ്ഞ് ജോലി തുടരാൻ പറ്റില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. ജോലി ഉപേക്ഷിച്ചു. സ്വന്തം ബിസിനസാ കുമ്പോൾ ആരോടും ലീവ് വിളിച്ചു പറയേണ്ടല്ലോ എന്നായിരുന്നു ന്യായം. മോന്റെ ക്രിക്കറ്റ് മോഹത്തിനൊപ്പം അച്ഛനും നടക്കാം. അങ്ങനെ ബെംഗളൂരുവിലേക്ക് താമസം മാറി.
1983 എന്ന മലയാള സിനിമ കണ്ടപ്പോൾ ഞാൻ ഓർത്തു, ഇ തെന്റെ ഉണ്ണിയുടെ കഥയാണല്ലോ എന്ന്. അതിലെ രമേശനെപ്പോലെയാണ് ഏട്ടനും. സ്കൂൾ തലം മുതൽ എല്ലായിടത്തും ഏട്ടൻ തന്നെയാണ് അവനെ കൊണ്ടു പോയിരുന്നത്. സ്കൂളിൽ രാവിലെ കൊണ്ടുവിടുന്നതും വൈകിട്ട് പ്രാക്ടീസ് കഴിഞ്ഞു വിളിച്ചുകൊണ്ടു വരുന്നതുമെല്ലാം. രഞ്ജി ട്രോഫി വരെ അവന്റെ എല്ലാ ഇന്നിങ്സുകളും ഏട്ടൻ കണ്ടിട്ടുണ്ട്.

ഒരു ഘട്ടം കഴിഞ്ഞപ്പോൾ എനിക്കു ഭയമായി. ക്രിക്കറ്റ് എന്നുപറഞ്ഞു നടന്ന് പഠിത്തം ഉഴപ്പുമോ എന്നായിരുന്നു സംശയം. വീട്ടിൽ ആ തോന്നൽ  എനിക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അച്ഛനും മക്കളുമാണ് ടീം. അച്ഛനെപ്പോലെ  സപ്പോർട്ടാണ് ചേച്ചിയും. അവൾക്ക് അവൻ അനിയനെപ്പോലെ അല്ല. സ്വന്തം മോനെപ്പോലെയാണ്. അവനും അങ്ങനെ തന്നെ. പക്ഷേ, ഉണ്ണി ട്രിപ്പിൾ സെഞ്ചുറി നേടിയത് അവൾക്ക് കാണാൻ കഴിഞ്ഞില്ല. കാനഡയിൽ സോഫ്റ്റ്‌വെയർ എൻജിനിയർമാരാണ് അവളും ഭർത്താവ് വിനീത് കൃഷ്ണനും. വിനീത് പയ്യന്നൂരുകാരനാണ്. അവർക്ക് രണ്ടു മക്കളാണ്. അക്ഷതും വിശ്രുതും. എന്നെപ്പോലെ തന്നെ ഉണ്ണി ബാറ്റ് ചെയ്യുമ്പോൾ അവൾക്കും ടെൻഷനാണ്. അതുകൊണ്ട് ലൈവ് കാണില്ല.     റെക്കോഡ് ചെയ്തു വച്ച് പിന്നീടാണ് കാണുക.

cricket3

ശൗര്യം കളിക്കളത്തിൽ മാത്രം

വീട്ടിൽ പതുങ്ങിയ സ്വഭാവമാണ് ഉണ്ണിക്ക്, ആരോടും അധികം മിണ്ടില്ല. നിർബന്ധങ്ങളൊന്നുമില്ല,  ക്രിക്കറ്റ് കളിക്കുന്ന കുറച്ചുപേരുമായി മാത്രം സൗഹൃദം. ഇപ്പോൾ ഇന്ത്യൻ ടീമിലുള്ള കർണാടക താരം കെ.എൽ. രാഹുലും കേരളത്തിന്റെ സഞ്ജു സാംസണുമൊക്കെ വീട്ടിൽ വരും. ഫുട്ബോളിനോടും വലിയ ഇഷ്ടമാണ്.  പ്ലേ സ്‌റ്റേഷൻ കളിക്കുന്നതാണ് മറ്റൊരു വിനോദം. ബിരിയാണിയും ദോശയും അപ്പവുമാണ് ഇഷ്ടവിഭവങ്ങൾ. ചിക്കൻ കൊതിയനാണ്. ഇപ്പോൾ അതിനൊക്കെ നിയന്ത്രണമുണ്ട്. ടീമിനു നൽകിയിരിക്കുന്ന മെനു അനുസരിച്ചാണ് ഭക്ഷണം. വീട്ടിൽ എല്ലാവരും മലയാളമാണ് സംസാരിക്കുന്നത്, അക്കാര്യം ഏട്ടന് നിർബന്ധമായിരുന്നു. ഉണ്ണി മലയാളവും കന്നടയും ഒരേ ഒഴുക്കോടെ സംസാരിക്കും. പത്തു വയസ്സുള്ളപ്പോൾ കർണാടക അണ്ടർ 13 ടീമിൽ ഇടംപിടിച്ചു. അവിടെ നിന്നാണ് പ്രതീക്ഷകൾ തുടങ്ങുന്നത്.കോറമംഗല ക്രിക്കറ്റ് അക്കാദമിയിലെ മലയാളിയായ പി.വി. ശശികാന്താണ് പഴ്സനൽ കോച്ച്. സച്ചിൻ തെണ്ടുൽക്കറുടെ കടുത്ത ആരാധകനാണ് ഉണ്ണി. രാഹുൽ ദ്രാവിഡും ഒരുപാട് സഹായിച്ചിട്ടുണ്ട്. അദ്ദേഹമാണ് അവന്റെ മാർഗദർശി.

ആറന്മുളയപ്പന്റെ അനുഗ്രഹം

ചെങ്ങന്നൂരിൽ എത്തിയാൽ ചേച്ചി ലതാ രാജീവിന്റെ വീട്ടിലാണ് ഞങ്ങൾ തങ്ങുക. മുമ്പ് നാട്ടിൽ ഇടയ്ക്കിടെ വന്നിരുന്നു. ക്രിക്കറ്റിൽ തിരക്കായതോടെ വരവ് വല്ലപ്പോഴുമായി. ഇന്ത്യൻ ടീമിൽ ഇടം കിട്ടിയാൽ ആറന്മുളയിൽ വള്ളസദ്യ നടത്താമെന്ന് നേർന്നിരുന്നു. അങ്ങനെയാണ് ജൂലൈ 17നുള്ള സദ്യ വഴിപാടായി നിശ്ചയിച്ചത്. അന്ന് ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യ എ ടീമിനൊപ്പമാണ് ഉണ്ണി. പ്രത്യേക അനുമതി വാങ്ങിയാണ് ക്യാംപിൽ നിന്ന് അവധിയെടുത്ത് കേരളത്തിൽ എത്തിയത്. ബന്ധുക്കളും നാട്ടുകാരും എല്ലാം എത്തിയിരുന്നു. കീഴ്‌ചേരിമേല്‍ പള്ളിയോടത്തിലാണ് ഉണ്ണി അടക്കമുള്ളവർ എത്തിയത്. നദിയിൽ നല്ല ഒഴുക്കുണ്ടായിരുന്നു. ആറന്മുള ക്ഷേത്രക്കടവിന് കുറച്ച് മുന്നിലായി തോട്ടപ്പുഴശ്ശേരിക്കരയോട് ചേര്‍ന്ന് പള്ളിയോടം തിരിക്കുന്നതിനിടെ ഒന്ന് ഉലഞ്ഞു. ഒരു നിമിഷം. വെള്ളം ഇരച്ചുകയറി. അതോടെ പള്ളിയോടം മറിഞ്ഞ് എല്ലാവരും വെള്ളത്തിലേക്ക് വീണു. നീന്തൽ അറിയാവുന്നതു കൊണ്ട് ഉണ്ണി പിടിച്ചുകിടന്നു. പള്ളിയോട സേവാസംഘക്കാർ ബോട്ടിൽ വന്നാണ് കരുണിനെ കരയിലെത്തിച്ചത്.

എന്റെ ബന്ധു അടക്കം രണ്ടുപേരുടെ ജീവനാണ് അന്ന് പമ്പയിൽ പൊലിഞ്ഞത്. ആറന്മുളയപ്പന്റെ അനുഗ്രഹത്താൽ ഉണ്ണിക്ക് ലഭിച്ചത് ജീവിതത്തിലെ രണ്ടാം ഇന്നിങ്സാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിനുശേഷം കരിയറിൽ വലിയ നേട്ടങ്ങളാണുണ്ടായത്. എങ്കിലും കണ്ണീരിന്റെ നനവുള്ള ആ ഓർമ ഇപ്പോഴും മനസ്സിൽ നിന്ന് മായുന്നില്ല.
ഗുരുവായൂരപ്പ‌ന്റെ  വലിയ ഭക്തയാണ് ഞാൻ. അപകടം നടന്നതിനു ശേഷം ഗുരുവായൂരും മൂകാംബികയുമടക്കം ഒരുപാട് ക്ഷേത്രങ്ങളിൽ പോയിരുന്നു. ചെങ്ങന്നൂര്‍ ദേവിയുടെ അടുത്ത് ഉണ്ണിയുമായി വന്ന് തൊഴണം. 25 വയസ്സായി അവന്. വിവാഹത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടില്ല. അച്ഛൻ എപ്പോഴും പറയുമായിരുന്നു,

‘‘നിനക്ക് ഒരു ലക്ഷ്യമുണ്ട്. അത് മറന്ന് ഒന്നിനും പിന്നാലെ പോകരുത്’’ എന്ന്. ലക്ഷ്യം അവൻ നേടി, ഇനി അവിടെ ഉറച്ചു നിൽക്കാൻ കഴിയണം. ബാക്കിയെല്ലാം അവന്റെ ഇഷ്ടം.  ക്രിക്കറ്റ് അനിശ്ചിതത്വത്തിന്റെ കളിയാണെന്ന് എല്ലാവരും പറയാറുണ്ട്. ജീവിതവും അങ്ങനെയല്ലേ. എല്ലാം നമുക്ക് തീരുമാനിക്കാൻ കഴിയില്ലല്ലോ. രഹസ്യം ഒളിപ്പിക്കുന്ന മട്ടിൽ ചിരിച്ചു കൊണ്ട് പ്രേമ പറയുന്നു. ആ ചിരിയിൽ മകന്റെ ട്രിപ്പിൾ സെഞ്ചുറിയുടെ സ്വർണ്ണ തിളക്കമുണ്ടായിരുന്നു.

സെ‍ഞ്ചുറിയുടെ ‘ത്രി’മധുരം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ടൂര്‍ണമെന്റില്‍ രാജസ്‌ഥാന്‍ റോയല്‍സ്, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്, ഡൽഹി ഡെയർ ഡെവിൾസ്  എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.   കഴിഞ്ഞ സീസണില്‍ നാലുകോടി രൂപയ്‌ക്കായിരുന്നു ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്‌ കരുണിനെ സ്വന്തമാക്കിയത്‌. ഇന്ത്യ എ, ഇന്ത്യ അണ്ടര്‍ 19 ടീം അംഗമായിരുന്നു. രഞ്ജി ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചുറി അടക്കമുള്ള ബാറ്റിങ്ങ് തിളക്കവുമായാണ് കരുൺ ദേശീയ ടീമിൽ ഇടം കണ്ടെത്തിയത്.

ഇക്കഴിഞ്ഞ ജൂണ്‍ 11ന്‌ സിംബാബ്‌വേയ്‌ക്കെതിരേ ഹരാരെയില്‍ ആദ്യ ഏകദിനം കളിച്ചു. ഇംഗ്ലണ്ടിനെതിരേ നവംബര്‍ 26നു മൊഹാലിയിലായിരുന്നു ടെസ്‌റ്റ്‌ അരങ്ങേറ്റം.
കരുണിന്റെ ട്രിപ്പിൾ സെഞ്ചുറിക്ക് ഒരുപാട് പ്രത്യേകതകൾ ഉണ്ട്. വിരേന്ദര്‍ സേവാഗിനു ശേഷം ട്രിപ്പിളടിക്കുന്ന ഇന്ത്യക്കാരൻ. കന്നി സെഞ്ചുറി തന്നെ ട്രിപ്പിളിലെത്തിച്ച ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാൻ. ക്രിക്കറ്റ് ചരിത്രത്തിൽ ഇതിനു മുമ്പ് വെസ്‌റ്റിന്‍ഡീസ് ഇതിഹാസ താരം ഗാരി സൊബേഴ്‌സും ഓസ്‌ട്രേലിയയുടെ  ബോബ്‌ സിംപ്‌സണുമാണ് കന്നി ടെസ്റ്റ് സെഞ്ചുറി തന്നെ ട്രിപ്പിളിൽ എത്തിച്ചത്.

cricket