Thursday 08 February 2018 12:22 PM IST : By വി.എൻ. രാഖി

കലാംഗനിലെ ശാരദാംബരം! ശാരദ തമ്പിയുടെ ജീവിതത്തിലൂടെ...

saradha1.jpg.image.784.410 ഫോട്ടോ: സരിൻ രാംദാസ്

കൈത്താളത്തിന്റെ നാദത്തിനൊപ്പം ചടുലമായ ചുവടുകൾ.. ശാരദ എന്ന നർത്തകി നൃത്തമാടുമ്പോൾ വിദ്യാർഥികൾക്കൊപ്പം ചുറ്റുമുള്ള പ്രകൃതിയും മനസ്സ് നിറഞ്ഞാടുന്നുണ്ടെന്നു േതാന്നി. ‘കലാംഗൻ’ ആകെ ഉത്സവത്തിന്റെ പ്രതീതിയിലാണ്. യുവജനക്ഷേമ ബോർഡിന്റെ മികച്ച യുവകലാകാരിക്കുള്ള കഴിഞ്ഞ വർഷത്തെ വിവേകാനന്ദൻ പുരസ്കാരം ശാരദ തമ്പിയെത്തേടിയെത്തിയതിന്റെ സന്തോഷം ഈ നൃത്തവിദ്യാലയത്തിൽ അലയടിക്കുന്നുണ്ട്.

യുവജനോത്സവ വേദിയിലെ താരം

ആറാം വയസ്സിൽ ഗുരു മൈഥിലിയുടെ കീഴിൽ ഭരതനാട്യം പഠിച്ചു തുടങ്ങിയ കാലം മുതൽ തിരുവനന്തപുരത്തെ കലാവേദികൾ ശാരദ എന്ന നർത്തകിയുടെ നടനവൈഭവത്തിനു സാക്ഷിയാണ്.   യുവജനോത്സവങ്ങളിൽ ഭരതനാട്യത്തിനും നാടോടിനൃത്തത്തിനും സ്ഥിരം ഒന്നാം സമ്മാനം ശാരദയ്ക്കായിരുന്നു. 1995ൽ കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഈ രണ്ടിനങ്ങളിലും എതിരാളിയായി ഇന്നു ചലച്ചിത്ര നടിയായ മഞ്ജുവാരിയരും ഉണ്ടായിരുന്നു. വർഷങ്ങൾക്കു ശേഷം ഒരിക്കൽ തിരുവനന്തപുരത്തെത്തിയ മഞ്ജു ശാരദയെക്കുറിച്ചു കേട്ടറിഞ്ഞു നേരിൽ കണ്ടു സൗഹൃദം പുതുക്കി.  ഇന്നും  ആ സൗഹൃദം തുടരുന്നു.   

മോഹിനിയാട്ടവും കുച്ചിപ്പുഡിയും പഠിച്ചിട്ടുണ്ടെങ്കിലും ഭരതനാട്യമാണ് ശാരദയുടെ ഇഷ്ടനൃത്തരൂപം. കലാമണ്ഡലം ശോഭ ടീച്ചറുടെ കീഴിലാണു മോഹിനിയാട്ടം പരിശീലിച്ചത്. കലോത്സവ വേദികളിൽ നിന്നു ശാരദ തിരുവനന്തപുരത്തെ സാംസ്കാരിക സദസ്സിലെ സ്ഥിരം സാന്നിധ്യമായി മാറി. ഇതിനിടെ ശാസ്ത്രീയ നൃത്തത്തിനുള്ള കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ  സ്കോളർഷിപ്പും ഈ കലാകാരിയെത്തേടിയെത്തി. സൂര്യാഫെസ്റ്റിൽ, നിശാഗന്ധി നൃത്തോത്സവം, 2015ൽ ബെംഗളുരുവിൽ നടന്ന ആട്ടക്കളരി അന്താരാഷ്ട്ര ആർട്സ് ഫെസ്റ്റിവൽ തുടങ്ങിയ വേദികൾ  ഈ കലാകാരിയുടെ ചുവടുകൾക്ക് അരങ്ങായി.

സ്വപ്നമായി കലാംഗൻ

യുവജനോത്സവവേദിയിലെ കൂട്ടുകാരിയും ഗായികയുമായ ലക്ഷ്മിരംഗനുമായിച്ചേർന്ന് ഒരു സ്കൂൾ എന്ന ആശയം ഇതിനിടെ ശാരദയുടെ മനസ്സിൽ മൊട്ടിട്ടു. നാലു വർഷം മുമ്പാണ് നഗരത്തിലെ തിരക്കിൽ നിന്നകന്ന് കവടിയാർ ഗോൾഫ് ക്ലബിനടുത്ത് ‘കലാംഗൻ’ എന്ന പേരിൽ ആ സ്വപ്നം യാഥാർഥ്യമായത്. സംഗീതവും ന‍ൃത്തവും കൈകോർക്കുന്ന സരസ്വതീക്ഷേത്രമാണിത്. ശാരദയും  ലക്ഷ്മിയുമാണ് സ്കൂളിന്റെ ഡയറക്ടർമാർ.

saradha2.jpg.image.784.410



കലാംഗൻ തുടങ്ങിയതോടെ പെർഫോമർ എന്നതിൽ നിന്നു നൃത്തം പകര‍്‍ന്നു കൊടുക്കുന്നതിലായി ശാരദയുടെ ശ്രദ്ധ മുഴുവൻ. ഗുരുവായൂർ, തിരുനാവായ തുടങ്ങിയ പ്രമുഖ ക്ഷേത്രങ്ങളിൽ  നൃത്തം  അവതരിപ്പിച്ചിട്ടുണ്ടെങ്കിലും  പെർഫോമൻസിനു വേണ്ടി സ്കൂളിനെയും ശിഷ്യരെയും വിട്ട് ഇപ്പോൾ പോകാറില്ല. നാൽപതിലേറെ പ്രായമുള്ള ഇരുപത്തഞ്ചോളം പേരടക്കം നൃത്തവും പാട്ടും പഠിക്കാനായി ഇരുന്നൂറ്റി അമ്പതോളം പേർ കലാംഗനിലെത്തുന്നു.

നൃത്തവിദ്യാലയം എന്നതിനുമപ്പുറം, പ്രമുഖ കലാകാരന്മാ ർ പരിപാടികൾ അവതരിപ്പിക്കാനും കുട്ടികൾക്കു മാർഗനിർദേശം നൽകാനുമായി സന്ദർശിക്കുന്ന പേരു കേട്ടൊരു സാംസ്കാരിക ഗ്രാമമായി കലാംഗനെ വളർത്തണമെന്നതാണു ശാരദയുടെ ഇനിയുള്ള സ്വപ്നം. മാളവിക സരൂകായ് ആണു ഭരതനാട്യത്തിൽ ശാരദ ആരാധിക്കുന്ന വ്യക്തിത്വം. ചിത്രാ വിശ്വേശ്വരൻ, രമാ വൈദ്യനാഥൻ, അലർമേൽവള്ളി.. എല്ലാത്തിലുമുപരി ഭരതനാട്യത്തിലെ ദൈവമായ പത്മ സുബ്രഹ്മണ്യത്തെയും. സമകാലിക സംഭവങ്ങൾ നൃത്തത്തിലൂടെ പ്രേക്ഷകരിലെത്തിക്കുന്നത് നല്ല കാര്യം തന്നെ എന്നാണഭിപ്രായമെങ്കിലും നൃത്തകല പാരമ്പര്യരീതിയിൽ നിന്ന് മാറാതെ അവതരിപ്പിക്കണമെന്ന് ഈ കലാകാരിക്കു നിർബന്ധമുണ്ട്. അതുകൊണ്ട് അത്തരം പരീക്ഷണങ്ങളൊന്നും ശാരദ നടത്തിയിട്ടില്ല.

നിർമലഭവനിലെ സ്കൂൾ കാലത്തിനുശേഷം തിരുവനന്തപുരം വിമെൻസ് കോളജിൽ സംഗീതം പ്രധാനവിഷയമായെടുത്ത് പ്രീഡിഗ്രിക്കു ചേർന്നു. ആ കാലം മുതൽ സംഗീതവും ശാരദയുടെ കൂടെയുണ്ട്. പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് ആണ് സംഗീതഗുരു. സംഗീതത്തിൽ  ബിരുദവും ബിരുദാനന്തരബിരുദവും  കഴിഞ്ഞ് ഡോക്ടറേറ്റ് നേടാനുള്ള ഒരുക്കത്തിലാണു ശാരദയിപ്പോൾ. ദൂരദർശനിൽ ഗ്രെയ്ഡഡ് ആർട്ടിസ്റ്റ് ആയ ശാരദ  കേരള കലാമണ്ഡലം  തിരുവനന്തപുരം സെന്ററിന്റെ കോ ഓർഡിനേറ്റർ കൂടിയാണ്.  സെന്റർ ഫോർ എർത്ത് സയൻസിൽ ശാസ്ത്രജ്ഞനായിരുന്ന ഡോ. പി.കെ. തമ്പിയുടെയും ലേഖയുടെയും മകളാണ് ശാരദ. ഭർത്താവ് സുജിത് നായർ പത്രപ്രവർത്തകനാണ്. പതിമൂന്നുകാരി സംയുക്തയുടെയും എട്ടു വയസ്സുകാരി സമീരയുടെയും ഗുരു അമ്മ തന്നെ.