Thursday 08 February 2018 12:25 PM IST : By സ്വന്തം ലേഖകൻ

ട്വിസ്റ്റില്ല.. സസ്പെൻസില്ല..മെസ്സേജും ഇല്ല...പക്ഷേ ഈ ഷോർട്ട്ഫിലിം സൂപ്പറാ !

yes_short_movie

ട്വിസ്റ്റില്ല...സസ്പെൻസില്ല...മെസേജും ഇല്ല... എങ്കിലും ഈ ഷോർട്ട് ഫിലിം സിംപിളാണ്, പവർഫുളും. യൂട്യൂബിലൂടെ ഇതിനോടകം തന്നെ തരംഗമായി മാറിയ ഈ മലയാളം ഷോർട്ട് ഫിലിം 'YES' (Your Emotion Speaks) ഒരുക്കിയത് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കൊളേജിലെ ഏതാനും വിദ്യാർഥികൾ ചേർന്നാണ്. പൂർണമായും കാമ്പസ് പശ്ചാത്തലത്തിൽ ചിത്രീകരിച്ച ഈ ചിത്രത്തിൽ 9:30 മിനിറ്റിൻറെ സിംഗിൾ ഷോട്ട് ഉൾക്കൊള്ളുന്നു. ബെയ്സ്ഡ് ഓൺ എ ട്രൂ ഇവന്റ് എന്ന കുറിപ്പോടെ എത്തുന്ന ചിത്രം അജിത്ത് എന്ന യുവാവിൻ്റെ ജീവിതത്തിലെ 15 മിനിറ്റുകളിലൂടെയാണ് കഥ പറയുന്നത്.

മലയാളം ഷോർട്ട് ഫിലിമുകളിൽ ഏറ്റവും ദൈർഘ്യമേറിയ സിംഗിൾ ഷോട്ട് എന്ന പ്രത്യേകതയും ഈ ചിത്രം അവകാശപ്പെടുന്നു. പ്രണയം തോന്നിയ സുഹൃത്ത് കൂടിയായ പെൺകുട്ടിയോട് അത് തുറന്നു പറയുന്നതും സൗഹൃദം നഷ്ടപ്പെടാതെ ഉള്ളിലുള്ള പ്രണയത്തിന്റെ തീവ്രത വാക്കുകളാൽ പറഞ്ഞ് ഫലിപ്പിക്കുന്ന ശ്രമങ്ങൾ ചിത്രം സിംഗിൽ ഷോട്ടിൽ വിവരിക്കുന്നു. അൻവിൻ ജോൺസൻ, ശുശാന്ത് നൈനാൻ കോശി, നിഖിൽ സാഖ്, ജീവൻ ജോർജ് , വെറോനൈസ് പിജി എന്നിവരാണ് മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. വാലന്റൈൻസ് ഡേയുമായി ബന്ധപ്പെടുത്തി യൂ ട്യൂബിൽ റിലീസ് ചെയ്ത ചിത്രം 5ദിവസങ്ങൾ കൊണ്ട് 61000 പേരാണ് കണ്ടത്.

ക്രിഡോക്സ് ടാക്കീസിൻ്റെ ബാനറിൽ അഖിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ജസ്റ്റിൻ മാത്യുവിന്റേതാണ്. ബിബിൻ മാത്യു പാറയിലാണ് ചിത്രത്തിന്റെ നിർമാതാവ്. ചെറുതെങ്കിലും 3 ഗാനങ്ങളുള്ള ചിത്രത്തിൽ ചെറുതെങ്കിലും പ്രണയകഥയ്ക്ക് അനുസൃതമായി സംഗീതം ഉൾക്കൊള്ളിച്ചിരിക്കുന്നു. നിഖിൽ തോമസ്, ആൽവിൻ രാജു, റിറ്റോ പി തങ്കച്ചൻ എന്നിവരുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ജോയൽ ജോൺസാണ്. അനന്ദു ജി കൃഷ്ണ ക്യാമറയും അജ്മൽ സാബു എഡിറ്റിംഗും. ശ്യാം, സച്ചിൻ, ജോതിൻ, അശ്വീൻ , ജിയോ, ഗോവിന്ദ് ആൽഫി എന്നിവരാണ് ഈ മനോഹര ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചത്.