‘‘ഇരുഹൃദയങ്ങളില്‍ ഒന്നായ്‌ വീശി നവ്യ സുഗന്ധങ്ങള്‍ 

ഇഷ്ട വസന്ത തടങ്ങളില്‍ എത്തീ ഇണയരയന്നങ്ങള്‍ 

ADVERTISEMENT

കൊക്കുകള്‍ ചേര്‍ത്തു, ചിറകുകള്‍ ചേര്‍ത്തു,

കോമള കൂജന ഗാനമുതിര്‍ത്തു...

ADVERTISEMENT

ഓരോ നിമിഷവും ഓരോ നിമിഷവും ഓരോ മദിരാ ചഷകം

ഓരോ ദിവസവും ഓരോ ദിവസവും ഓരോ പുഷ്പ വിമാനം

ADVERTISEMENT

എന്തൊരു ദാഹം എന്തൊരു വേഗം..

എന്തൊരു ദാഹം എന്തൊരു വേഗം..

എന്തൊരു മധുരം എന്തൊരുന്മാദം..’’

പ്രണയത്തിന്റെ ഉന്മാദത്തില്‍ രമിക്കുന്ന ഇണയരയന്നങ്ങളെ കുറിച്ച് കവി പി ഭാസ്കരന്‍ കുറിച്ച വരികള്‍, 1987 ല്‍ രവീന്ദ്രന്‍ മാഷിന്റെ സംഗീതത്തില്‍ യേശുദാസും ചിത്രയും കൂടി ആലപിച്ചപ്പോള്‍ മലയാളി മനസ്സുകള്‍ വര്‍ഷങ്ങളോളം അതേറ്റുപാടി. അരയന്നങ്ങളെ ഉപമിച്ച് പിന്നീടും ധാരാളം പ്രണയം തുളുമ്പുന്ന പാട്ടുകള്‍ മലയാളത്തില്‍ രചിക്കപ്പെട്ടിട്ടുണ്ട്. അദമ്യമായ പ്രണയത്തിന്റെ പ്രതീകങ്ങളാണ് അരയന്നങ്ങള്‍, ചെറുചലനങ്ങളില്‍ പോലും പ്രണയം പ്രകടമാക്കുന്ന അദ്ഭുത പറവകള്‍. ഇത്തവണത്തെ ഫോട്ടോഗ്രാഫി യാത്ര ഇണയരയന്നങ്ങളെ നേരില്‍ കാണാനും പ്രണയം പകര്‍ത്താനുമാണ്. 

ഗ്രേറ്റര്‍ ഫ്ലെമിങ്ങോസിനെ കാണാന്‍ ചെന്നൈയിലുള്ള പുലിക്കാട്ട് ലേക്കിലേക്കാണ് യാത്ര. മലയാളികള്‍ക്ക് വലിയ അരയന്നക്കൊക്കുകളാണ് ഗ്രേറ്റര്‍ ഫ്ലെമിങ്ങോസ്. വലിയ പൂനാര, നീർനാര എന്നൊക്കെ പറയും. രാജഹംസങ്ങളുമായി ബന്ധമില്ലെങ്കിൽ കൂടിയും വലിയ രാജഹംസം എന്നും പേരുണ്ട്. നൂറിലധികം വരുന്ന കൂട്ടമായാണ് ദേശാടനം, ഒറ്റരാത്രി കൊണ്ട് അറുനൂറിൽപ്പരം കിലോമീറ്ററുകൾ പറക്കാറുണ്ട്. ഉപ്പിന്റെ അംശമുള്ള തണ്ണീർത്തടങ്ങളും ചതുപ്പ് നിലങ്ങളുമാണ് ഇവയുടെ താവളങ്ങള്‍. 

നീളമേറിയ കാലുകൾ കൊണ്ട് ചെളിയും മണ്ണും ഇളക്കിമറിച്ചുള്ള ഇരപിടുത്തം ഒന്നു കാണേണ്ടതു തന്നെയാണ്. മറ്റു പക്ഷികളിൽ നിന്ന് വ്യത്യസ്തമായി കൊക്കിന്റെ മുകൾഭാഗം ചലിപ്പിക്കാൻ ഇവയ്ക്ക് കഴിയും. അറുപത് വർഷത്തോളമാണ് ആയുര്‍ദൈര്‍ഘ്യം, ആറു വയസ്സാകുന്നതോടെ പ്രായപൂർത്തിയെത്തും. മുട്ടയിട്ട് പാലൂട്ടി വളർത്തുന്ന പക്ഷിവർഗ്ഗമെന്ന വിശേഷണം കൂടി ഫ്ലെമിങ്ങോസിനുണ്ട്. 

ചെന്നൈയിലേക്കുള്ള യാത്ര കാറിലാക്കി. കോട്ടയത്തു നിന്ന് പുലിക്കാട്ടേക്ക് 726 കിലോമീറ്റര്‍, പതിനാലര മണിക്കൂര്‍ നീണ്ട റോഡ് യാത്ര. ആവേശം കൊടുമുടി കയറിയിരിക്കുമ്പോള്‍ ഇതൊക്കെ എത്ര നിസ്സാരം! കണ്ണിലും മനസ്സിലും നിറയെ തൂവെള്ള ഉടലും മാര്‍ബിള്‍ പോലെ മിനുമിനുത്ത പിങ്ക് കൊക്കുകളും ഉരുമി പരസ്പരം പ്രണയം പറയുന്ന ഇണയരയന്നങ്ങളാണ്. 

പുലര്‍ച്ചെ നാലോടെ കാര്‍ ചെന്നൈ നഗരത്തെ തൊട്ടു. ഫ്രഷാകാന്‍ മാത്രം കുറച്ചു സമയം, അടുത്ത യാത്ര പുലിക്കാട്ടേക്കാണ്. ചെന്നൈ സെന്‍‍ട്രലില്‍ നിന്ന് 60 കിലോമീറ്റര്‍ കൂടി സഞ്ചരിക്കണം പുലിക്കാട്ട് തടാകത്തിലെത്താന്‍. മത്സ്യ തൊഴിലാളികളുടെ കുഞ്ഞു ഗ്രാമം. തമിഴ്നാട്- ആന്ധ്രാപ്രദേശ് ബോര്‍ഡറിലാണ് ഈ തടാകം. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഉപ്പുജല തടാകമാണ് പുലിക്കാട്ട് ലേക്ക്, പകുതി തമിഴ്നാടും പകുതി ആന്ധ്രയിലുമായി വ്യാപിച്ചുകിടക്കുന്നു.

രാവിലെ ആറരയോടെ പുലിക്കാട്ട് എത്തി. തടാകം ചുറ്റാന്‍ ബോട്ട് മുന്‍കൂട്ടി പറഞ്ഞുവച്ചിരുന്നു, മൂന്നു മണിക്കൂറിന് 2500 രൂപയാണ് ചാര്‍ജ്. തടാകത്തിലേക്ക് പോകാനും തിരിച്ചുവരാനും കൂടി 90 മിനിറ്റ് ജലയാത്രയുണ്ട്. അതിനുപുറമെ ഒന്നര മണിക്കൂര്‍ ഫൊട്ടോഗ്രഫിയ്ക്കുള്ള സമയവും കൂടി ചേര്‍ത്താണ് ചാര്‍ജ് ഈടാക്കുന്നത്.

കടൽക്കരയുടേതിന് സമാനമാണ് തീരം, കുഞ്ഞലകളിൽ തട്ടി ആടിയുലയുന്ന വള്ളങ്ങൾ, പഞ്ചാരമണലിൽ ആരോ വിതറിയിട്ട പോലെ ചെറുചിപ്പികൾ, എങ്ങും മീന്‍മണം തങ്ങിനില്‍ക്കുന്ന അന്തരീക്ഷം. മോട്ടോര്‍ ഘടിപ്പിച്ച മത്സ്യബന്ധനത്തിനുള്ള ബോട്ടിലാണ് യാത്ര. ഒരു ബൈനോക്കുലറും കയ്യില്‍ പിടിച്ച് ഗൈഡ് റെ‍‍‍ഡിയായി ബോട്ടില്‍ കയറി, എന്‍ജിന്‍ സ്റ്റാര്‍ട്ടാക്കി ഞങ്ങളെ വിളിച്ചു. കൃത്യം ഏഴര, തടാകത്തിലെ നീല ജലാശയത്തിനൊപ്പിച്ച് ഓളത്തിലും താളത്തിലും ഞങ്ങളും പതിയെ നീങ്ങി തുടങ്ങി.

അങ്ങിങ്ങായി ചെറിയ പച്ചതുരുത്തുകള്‍ കാണാം. മീൻ പിടിക്കുന്ന പലതരം ബോട്ടുകളാണ് മറ്റൊരു കാഴ്ച. യാത്രയിലുടനീളം തലയ്ക്ക് മുകളില്‍ വട്ടമിട്ട് പറന്ന് പെലിക്കനുകള്‍, സീഗള്ളുകള്‍, കരി ആളകൾ, ഗ്രേ ഹെറോൺ, പെയിന്റ‍ഡ് സ്ട്രോക്കുകള്‍, യൂറേഷ്യൻ കര്‍ലിയോ എന്ന വാൾക്കൊക്കൻ.. പറവകളുടെ സാമ്രാജ്യത്തിൽ അകപ്പെട്ട പോലെ വർണ്ണനാതീതമായ കാഴ്ചകൾ.

ഞാന്‍ കാത്തിരുന്ന 45 മിനിറ്റ് കഴിഞ്ഞിരുന്നു, എവിടെ അരയന്നകൊക്കുകള്‍? തടാകത്തിനു പിന്നെയും നീളം കൂടുകയാണെന്നു തോന്നി. തമിഴ്നാട് നിന്നും ആന്ധ്രയുടെ ജലാശയത്തിലേക്ക് ബോട്ട് കടന്നു. ആന്ധ്രയുടെ ഭാഗമായ നെല്ലൂർ ഗ്രാമത്തിന്റെ അതിർത്തിയിലൂടെയാണ് യാത്ര. മത്സ്യബന്ധനത്തിനുള്ള ബോട്ടുകളാണ് കൂടുതലും, ദൂരെ പറവകളുടെ ഒരു കൂട്ടം വട്ടമിട്ടു പറക്കുന്നത് കണ്ടു. ബൈനോക്കുലര്‍ മാറ്റി ഗൈഡ് തടാകത്തിന്റെ വലതുവശത്തേക്ക് വിരല്‍ ചൂണ്ടി. അല്‍പം അകലെയാണ് ഞങ്ങള്‍ കാത്തിരുന്ന ആ ദൃശ്യവിസ്മയം. 

പായല്‍ പിടിച്ച, ചെളി നിറഞ്ഞ തിട്ടയോട് ബോട്ട് അടുപ്പിച്ചു നിര്‍ത്തി, എന്‍ജിന്‍ ഓഫാക്കി. കാഴ്ചയുടെ പൊന്‍വസന്തം കണ്‍മുന്നില്‍ ദൃശ്യമായി. പിങ്ക് പൊട്ടു പോലെ തൂവെള്ള ഉടുപ്പിട്ട സുന്ദരീസുന്ദരന്മാര്‍, ദി ഗ്രേറ്റര്‍ ഫ്ലെമിങ്ങോസ്! വെള്ളത്തിനു മുകളിലൂടെ നടക്കുകയാണെന്ന് തോന്നിപ്പിക്കും വിധമാണ് അവയുടെ നില്‍പ്. ഒരു മണിക്കൂർ എന്റെ മുന്നിലുണ്ട്, പരിസരം മറന്നു, ബോട്ടിൽ ഇരുന്നും കിടന്നുമെല്ലാം ക്യാമറക്കണ്ണുകൾ തുരുതുരെ ചിമ്മിതുറന്നു. ഹൃദയാകൃതിയിൽ പ്രണയം പങ്കിട്ട് നിൽക്കുന്ന അരയന്നകൊക്കുകള്‍, ആഗ്രഹിച്ച ഫ്രെയിം അനുഗ്രഹം പോലെ മുന്നിൽ വന്നു. 

നീളമുള്ള കാലുകളും കഴുത്തുമാണ് ഫ്ലെമിങ്ങോസിന്റെ പ്രത്യേകത. ഇവയുടെ തൂവലുകൾക്ക് പിങ്ക് കലർന്ന വെളുപ്പാണ്, കാലുകൾ പൂർണ്ണമായും പിങ്ക് നിറത്തിലാണ്. കടും പിങ്ക് നിറത്തില്‍ താഴേക്ക് വളഞ്ഞുനീണ്ട കൊക്കുകൾ, അറ്റത്തായി കറുപ്പുനിറം, തൊട്ടു തൊട്ടില്ല എന്ന രീതിയിൽ മുട്ടിച്ച് അവ പരസ്പരം ചുംബിച്ചു. കൂട്ടത്തിൽ പൂർണ്ണ വളർച്ചയെത്താത്ത ഫ്ലമിങ്ങോസ് ആണ് കൂടുതലും, അവയ്ക്ക് ചാരനിറമാണ്, കൊക്കുകൾക്ക് ഇളംനീല നിറം. കലഹപ്രിയരെ പോലെ ചിറകിട്ടടിച്ച് അവ വെള്ളത്തിനു മുകളിലൂടെ പറന്നുനടന്നു. 

സമയം പോയത് അറിഞ്ഞില്ല, സൂര്യൻ തലയ്ക്കു മുകളിൽ ജ്വലിച്ചുനിന്നു, ചൂടു കാറ്റിൽ കണ്ണ് മഞ്ഞളിച്ചു. മനസ്സില്ലാമനസ്സോടെ ഞങ്ങൾ ഫ്ലെമിങ്ങോസിനോട് യാത്ര പറഞ്ഞു. എടുത്തിട്ടും എടുത്തിട്ടും മതിവരാത്ത ഷോട്ടുകൾ, മടക്കയാത്രയിൽ ക്യാമറ സ്ക്രോൾ ചെയ്തു വീണ്ടും വീണ്ടും ആ പടങ്ങൾ കണ്ടുകൊണ്ടിരുന്നു.  

ADVERTISEMENT