കോവിഡിനേക്കാളും വേഗത്തിലാണ് കോവിഡുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾ പ്രചരിക്കുന്നത്. യാഥാർത്ഥവുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങൾ പലപ്പോഴും പല ഡോക്ടർമാരുടെയും പേരിലായിരിക്കും പ്രചരിക്കുന്നത്. കോവിഡിന്റെ ലക്ഷണങ്ങൾ, മരുന്ന്, വാക്സീൻ തുടങ്ങിയ സംഗതികളുമായി ബന്ധപ്പെട്ട് ഇല്ലാക്കഥകൾ മെനഞ്ഞ് പ്രചരിപ്പിക്കുന്നവർ ഇപ്പോഴും ചുറ്റിലുമുണ്ട്. എന്തിനേറെ, കോവിഡിന് ‘നാട്ടുമരുന്ന്’ കണ്ടുപിടിച്ച വിരുതൻമാർ വരെ സോഷ്യൽ മീഡിയയിലുണ്ട്. കോവിഡ് മൂന്നാം തരംഗം പടിവാതിൽക്കലെത്തിയപ്പോഴും പിറവിയെടുത്തു ഒരു കൂട്ടം വ്യാജ സന്ദേശങ്ങൾ. പുതിയ വൈറസ് വകഭേദമായ കോവിഡ് ഡെൽറ്റയോടൊപ്പം ചുമയോ പനിയോ ഇല്ലെന്നായിരുന്നു പ്രചരിച്ച സന്ദേശം. രോഗലക്ഷണങ്ങൾ പോലുമില്ലാതെ മരണത്തിൽ ചെന്നെത്തുമെന്നും സന്ദേശത്തിൽ പറയുന്നു. കോഴിക്കോട് ആസ്റ്റർ മിംസിലെ എമർജൻസി വിഭാഗം തലവൻ ഡോക്ടർ പിപി വേണുഗോപാലിന്റെ പേരിലായിരുന്നു വ്യാജ സന്ദേശം പ്രചരിച്ചത്. സത്യമേത് മിഥ്യയേത് എന്ന് അന്വേഷിക്കും മുമ്പ് പലരും വാർത്തകൾ ഷെയർ ചെയ്യുകയും ചെയ്തു. ഈ സാഹചര്യത്തിൽ തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെ പൊളിച്ച് ഡോ.പിപി വേണുഗോപാൽ തന്നെ രംഗത്തെത്തുകയാണ്. പ്രചരിക്കുന്ന വാർത്തയിലെ വസ്തുതയെ കുറിച്ച് ഡോ. പിപി വേണുഗോപാൽ ‘വനിത ഓൺലൈനോട്’ സംസാരിക്കുന്നു.
എന്റെയും സ്ഥാപനത്തിന്റെയും പേരിൽ പ്രചരിക്കുന്ന വാർത്ത വാട്സാപ്പ് യൂണിവേഴ്സിറ്റിയിലെ വിരുതൻമാരുടെ സംഭാവനയാണ്. ‘മൂന്നാം തരംഗ അപ്‌ഡേറ്റ് ...പുതിയ വൈറസ് കോവിഡ് ഡെൽറ്റയോടൊപ്പം .. ചുമയോ പനിയോ ഇല്ല. ധാരാളം സന്ധി വേദന, തലവേദന, കഴുത്ത്, നടുവേദന തീർച്ചയായും, കൂടുതൽ മാരകവും ഉയർന്ന മരണനിരക്കും. അങ്ങേയറ്റം വരെ പോകാൻ കുറച്ച് സമയമെടുക്കും ചിലപ്പോൾ രോഗലക്ഷണങ്ങളില്ലാതെ !! നമുക്ക് കൂടുതൽ ശ്രദ്ധിക്കാം’ എന്ന ആമുഖത്തോടെയാണ് ഈ വ്യാജ സന്ദേശം അതിവേഗം പ്രചരിക്കുന്നത്. അതിവേഗം പ്രചരിക്കുന്ന ആ സന്ദേശം സത്യവിരുദ്ധമാണ് എന്നു മാത്രമല്ല ശാസ്ത്രീയമായി അതിന് യാതൊരു അടിത്തറയുമില്ല.– ഡോ. വേണുഗോപാൽ വിശദീകരിക്കുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഈ വാർത്ത പ്രചരിപ്പിക്കുന്നവർ തന്റെയും സ്ഥാപനത്തിന്റെയും പേര് അറിവോ സമ്മതമോ ഇല്ലാതെയാണ് ഉപയോഗിച്ചിരിക്കുന്നത്. കോവിഡ് കേസുകൾ 30000ത്തിൽ അധികം എത്തി നിൽക്കുന്ന സാഹചര്യത്തിൽ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താരതമ്യേന കൂടി നിൽക്കുന്ന ഈ വേളയിൽ ജനങ്ങളുടെ ഇടയില്‍ അനാവശ്യ ഭീതിയുണ്ടാക്കാനേ ഈ സന്ദേശം ഉപകരിക്കൂ.
നിരവധി രോഗികളെ ചികിത്സിക്കുന്ന വ്യക്തിയാണ് ഞാൻ. കേരളത്തിൽ മൂന്നാം തരംഗം ആരംഭിച്ചോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. രണ്ടാം തരംഗമാണ് ഇപ്പോൾ തുടരുന്നത്. ഈ സന്ദേശത്തിൽ പറയുന്ന മൂന്നാം തരംഗവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളും രോഗവും രോഗഭീതിയുമൊക്കെ ആരുടെയോ ഭാവനയിൽ വിരിഞ്ഞതാണ്. കോവിഡിന്റെ ഡെൽറ്റ തരംഗത്തേക്കാളും വേഗത്തിലാണ് ഇത് പ്രചരിക്കുന്നത്.
വ്യാജ സന്ദേശം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇത്തരം സന്ദേശങ്ങൾ തുറക്കുക പോലും ചെയ്യരുത്. ചതിക്കുഴിയിൽ വീഴരുത്. ഇതുവരെ ചെയ്തു കൊണ്ടിരിക്കുന്ന സാമൂഹ്യ അകലവും ഹാൻഡ് വാഷും തുടർന്നും ജീവിത ശീലമാക്കുക. വാക്സീനേറ്റ് ആകാൻ ശ്രദ്ധിക്കുക. സുരക്ഷിതരായിരിക്കുക– ഡോക്ടർ വ്യക്തമാക്കുന്നു.