Friday 08 July 2022 11:56 AM IST

പെൺവരവ് കാത്ത് പതിയിരിക്കും ‘ഞരമ്പൻമാർ’: നിങ്ങളുടെ നടുക്കമാണ് അവരുടെ ലൈംഗികാനന്ദം: എന്താണ് എക്ബിസിഷനിസം

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

exhibitionism

മനസ്സിലിരിപ്പ്

എത്ര ശ്രമിച്ചാലും കടിഞ്ഞാണിടാനാകാത്ത ഒന്നാണ് മനുഷ്യ മനസ്സ്. വേറിട്ട ഭാവപ്പകർച്ചകളും പ്രക്ഷുബ്ധതകളും കണ്ണീരും പുഞ്ചിരിയും ഉന്മാദവും പതിഞ്ഞാടുന്ന മനസ്സുകളുടെ ഉള്ളിലിരിപ്പു തേടി ഒരു യാത്ര തുടങ്ങുകയാണ്. കൂടുതലറിയുമ്പോൾ രോഗമോ വൈകല്യമോ കൂടിയും കുറഞ്ഞും ഇവരിൽ കലർന്നിട്ടുണ്ടാകും. ഈ ലക്കം പൊതു സ്ഥലത്തെ നഗ്നതാ പ്രദർശകരുടെ മനസ്സിലേക്ക്...

നിറഞ്ഞ സദസ്സിൽ ചില ‘പ്രദർശന’ങ്ങൾ

കൊച്ചിയിലെ തിരക്കുള്ള ഒരു വഴിയോരം. ആൾത്തിരക്കിനെ വകഞ്ഞുമാറ്റി എസ് ഐ ബിജു പൗലോസും സംഘവും എത്തുന്നത് വാവാ വാധിയാരേ വാ... എന്നു പാടി ഉടുമുണ്ടഴിച്ചു നാട്ടുകാരെ ഞെട്ടിക്കുന്ന ഒരു കക്ഷിയെ കയ്യോടെ പിടിക്കാനാണ്. പോലീസ് ചുറ്റും നിരന്നിട്ടും ഒരു തരി സങ്കോചമില്ലാതെ ‘പ്രദർശനം’ തുടങ്ങുകയാണ് ആ വിരുതൻ. ചൊറിയണത്തിന്റെ ഇലകൊണ്ട് ഒരു ചെറിയ ട്രീറ്റ്മെന്റ് നൽകി കക്ഷിയെ ജയിലിലടയക്കുന്ന രംഗമാണ് പിന്നീട്. ‘ആക്ഷൻ ഹീറോ ബിജു’ എന്ന സിനിമയിൽ ഒരു ചിരിയോടെ ഈ രംഗം കണ്ടു മറുന്നുവെങ്കിൽ നമുക്ക് ഇനി ജീവിതത്തിലേക്കു വരാം.

ചോദ്യം സ്ത്രീകളോടാണ്... അമ്മമാരും യുവതികളും ഉദ്യോഗസ്ഥകളും വിദ്യാർഥിനികളുമുൾപ്പെടുന്ന പെൺ സമൂഹത്തോട്. ജീവിതത്തിലൊരിക്കലെങ്കിലും ആളൊഴിഞ്ഞ ബസ് സ്‌റ്റോപ്പിലോ ഹോസ്റ്റൽ പരിസരത്തോ ശൂന്യമായ ഇടവഴിയിലോ അപ്രതീക്ഷിതമായി ഞെട്ടിക്കുന്ന വിധം ആൺ നഗ്നത നിങ്ങൾക്കു മുൻപിൽ അനാവരണം ചെയ്തിട്ടില്ലേ? ആ കാഴ്ചയുടെ ഓർമയിൽ മുറിവേറ്റവരുണ്ട്. അറച്ചും പകച്ചും പോയവരുണ്ട്. കാലമേറെ കഴിഞ്ഞിട്ടും മനംപിരട്ടലോടെ ആ ഓർമകൾ തികട്ടി വരുന്നുവെങ്കിൽ അവ നിങ്ങളുടെ മനസ്സിനെ പിടിച്ചുലച്ചു എന്നത് സുവ്യക്തമല്ലേ? ‘ഷോമാൻ’ എന്നു സ്ത്രീ സമൂഹം ചെല്ലപ്പേരിട്ട ഇത്തരക്കാർ പെൺവരവുകൾ കാത്ത് എവിടെയൊക്കെയോ പതുങ്ങിയിരിപ്പുണ്ട്. അവരുടെ മനസ്സിലെന്താണ്? എന്തിനാണ് ഈ പ്രദർശനം?

പ്രദർശനത്തിലൂടെ പരമാനന്ദം

പാരാഫീലിയ എന്നറിയപ്പെടുന്ന മനോരോഗവിഭാഗത്തിലാണ് ‘എക്സിബിഷനിസം’ ഉൾപ്പെടുന്നത്. അസ്വാഭാവികമായി ലൈംഗികാനന്ദം നേടുന്ന മനോരോഗാവസ്ഥകളാണ് പാരാഫീലിയയിൽ ഉൾപ്പെടുന്നത്. സ്ത്രീകൾ ഉപയോഗിക്കുന്ന വസ്തുക്കളുപയോഗിച്ച് സ്വയം ഭോഗാനന്ദം തേടുന്ന ഫെറ്റിഷിസവും ശാരീരികമായി ഉപദ്രവിച്ച് ലൈംഗികോത്തേജനം നേടുന്ന സാഡിസവും സ്ത്രീയുടെ വസ്ത്രം ധരിക്കുമ്പോൾ ലൈംഗികാനുഭൂതിയിലലിയുന്ന ട്രാന്‍സ്‌വെസ്റ്റിസവും പാരാഫീലിയയിൽ ഉൾപ്പെടുന്നവയാണ്.
എക്സിബിഷനിസം എന്ന വാക്കിന് പ്രദർശനപരത എന്നൊരർഥമുണ്ട്. ഒരാളുടെ താൽപര്യമോ സമ്മതോ ഇല്ലാതെ അവർക്കു മുൻപിൽ മറ്റൊരാൾ ലൈംഗികാവയവം പ്രദർശിപ്പിക്കുക. കാണുന്ന വ്യക്തിയുടെ മുഖത്തു പ്രകടമാകുന്ന നടുക്കത്തിൽ നിന്ന് ലൈംഗികോത്തേജനം നേടുക ഇതാണ് എക്സിബിഷനിസത്തിന്റെ മനശ്ശാസ്ത്രം.

തലസ്ഥാന നഗരിയിൽ ഇരുൾ മറവിൽ നഗ്നതാ പ്രദർശനം നടത്തിയ ആളിനെ പിടികൂടിയപ്പോൾ കലാലോകം ഞെട്ടി. അത് അറിയപ്പെടുന്ന ഒരു അഭിനേതാവായിരുന്നു. മധ്യകേരളത്തിൽ ഒരു മഠത്തിന്റെ പരിസരത്ത് സന്യാസിനികളെ ഭയപ്പെടുത്തിയതിനാണ് മറ്റൊരു പ്രദർശകൻ അഴിക്കുള്ളിലായത്. ഒരാൾ തന്റെ ലൈംഗികപ്രവൃത്തി മറ്റൊരാളെ കാണിക്കുന്നതിലൂടെ ഉത്തേജനം നേടുന്നുണ്ടെങ്കിൽ അതും എക്സിബിഷനിസത്തിന്റെ ഭാഗമാണ്.

ചെറുപ്പകാലത്താണ് ഈ പ്രദർശന രോഗത്തിന്റെ നാമ്പു മുളയ്ക്കുന്നത്. പ്രദർശനത്തിലൂടെ ഇരയിലുണ്ടായ ഞെട്ടൽ കാണുന്ന പ്രദർശകന്റെ തലച്ചോർ ആ ഭാവമാറ്റത്തെ ആ വ്യക്തിയുടെ ഇഷ്ടമായാകും വ്യാഖ്യാനിക്കുന്നത്. ഇരകൾക്ക് ഇതിലൂടെ ലൈംഗികോത്തേജനം കിട്ടുന്നുണ്ട് എന്നു പോലും ഇവർ ചിന്തിക്കും. അതു കൊണ്ട് ഈ രീതികൾ ആവർത്തിക്കുന്നതിനും അവർക്ക് താൽപര്യമുണ്ടാകും.

എല്ലാവരും രോഗികളല്ല

നഗ്നത പ്രദർശിപ്പിക്കുന്ന എല്ലാവരും മനോവൈകല്യമുള്ളവരാണ് എന്നു പറയാനാകില്ല. രോഗസ്ഥിരീകരണത്തിന് ചില മാനദണ്ഡങ്ങളുണ്ട്.

∙നഗ്നതാ പ്രദർശനം എന്ന പെരുമാറ്റം കൊണ്ട് ആ വ്യക്തിക്കു തന്നെ ബുദ്ധിമുട്ടുണ്ടാകണം. ∙ ഇങ്ങനെ ചെയ്യാൻ പാടില്ല. പക്ഷേ, എനിക്കിതു നിയന്ത്രിക്കാനാകുന്നില്ല. എങ്കിലും എനിക്ക് ഈ സ്വഭാവത്തിൽ നിന്നു പുറത്തു കടക്കണം എന്ന് ആ വ്യക്തി ചിന്തിക്കണം. ആ തിരിച്ചറിവാണ് രോഗം സ്ഥിരീകരിക്കുന്നതിനുള്ള പ്രധാന മാനദണ്ഡം. ∙ ഈ പ്രശ്നം മൂലം ദൈനംദിന ഉത്തരവാദിത്തങ്ങൾ, ജോലി, പഠനം ഒക്കെ താളംതെറ്റിയാൽ അതും രോഗാവസ്ഥയായി പരിഗണിക്കാം.

പുതിയൊരു മനശ്ശാസ്ത്ര വിലയിരുത്തൽ പ്രകാരം ‘പ്രദർശനം’ ആറുമാസത്തോളം സ്വബോധത്തോടെ നീണ്ടു നിന്നാൽ രോഗമായി പരിഗണിക്കാം. ഒന്നോ രണ്ടോ തവണ നഗ്നത പ്രദർശിപ്പിക്കുന്നതും മദ്യലഹരിയിൽ വസ്ത്രമുരിയുന്നതും രോഗമായി പരിഗണിക്കാനാകില്ല എന്നു സാരം.

അറിയണം ഈ കാരണങ്ങൾ

പ്രദർശിപ്പിക്കുന്നവർക്ക് എന്തെങ്കിലും അപര്യാപ്തതകളുണ്ടോ എന്ന സംശയത്തിലും ന്യായങ്ങളുണ്ട്. സാധാരണയിലധികം ലൈംഗിക തൃഷ്ണ അഥവാ ലിബിഡോ കൂടുതലുള്ളവരുണ്ടാകാം, സാധാരണ ലൈംഗികതയുടെ പുതുമ കുറയുമ്പോൾ പ്രദർശനപരതയുടെ വേറിട്ട വഴി തേടുന്നവരുമുണ്ടാകാം. ചെറിയൊരു ബുദ്ധിക്കുറവുള്ളവരും ഇത്തരം കാഴ്ചകളൊരുക്കാം. ഒരു സ്ത്രീയുമായി ലൈംഗികതയ്ക്കു സാഹചര്യമൊരുക്കണമെങ്കിൽ അതിനൊരു കഴിവുണ്ടാകണമല്ലോ. അതില്ലാത്തവർ ഈ വഴി തിരഞ്ഞെടുക്കാനിടയുണ്ട്.

ചെറുപ്പകാലത്ത് തലയ്ക്കു ക്ഷതമേറ്റവരാണെങ്കിൽ പ്രി ഫ്രോണ്ടൽ ലോബിന് എൽക്കുന്ന പരുക്കുകൾ ഭാവിയിൽ എക്സിബിഷനിസം പോലുള്ള വൈകല്യങ്ങളിലേക്കു നയിക്കാമെന്നു പഠനങ്ങളുണ്ട്. ബാല്യത്തിലെ ശാരീരിക പീഡനങ്ങളും ലൈംഗിക പീഡനങ്ങളും മനസ്സിലേൽപ്പിക്കുന്ന മുറിവുകളും ഏറെ പ്രധാനമാണ്. ഇവർ മുതിരുമ്പോൾ ഇത്തരം പ്രവണതകൾ കാണിക്കാനിടയുണ്ട്. കൗമാരത്തിലെത്തുമ്പോൾ തന്നെ പ്രദർശന സ്വഭാവം തലപൊക്കിയെന്നു വരാം,

ആന്റി സോഷ്യൽ പെരുമാറ്റങ്ങളുള്ളവരിലും ഇത്തരം സ്വഭാവം കൂടുതലായി കാണാം. ഇവർക്ക് ഒന്നിലും ഒരു കുറ്റബോധം ഉണ്ടാകില്ല. കൂടുതലും പുരുഷന്മാരാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ചെറിയ ശതമാനം പുരുഷന്മാരിലേ ഇതു കാണാറുള്ളുവെന്നും പറയാറുണ്ട്. വിവാഹ ജീവിതത്തിൽ സന്തോഷം ലഭിക്കാത്തവരാണ് എക്സിബിഷനിസത്തിനു മുതിരുന്നത്. എന്നും വിധിക്കാനാകില്ല. ദാമ്പത്യബന്ധത്തിനു പുറമെ ഇതിലും ആനനന്ദം തേടുന്നവരുണ്ടാകാം. സ്ത്രീകളിൽ ഈ പ്രദർശനം വളരെ അപൂർവമാണ്.

ചികിത്സയുണ്ട്: മരുന്നുകളും

എക്സിബിഷനിസം എന്ന അവസ്ഥയ്ക്കു പൊതുവെ പലരും ചികിത്സ തേടാറില്ല. ജയിലിൽ നന്നും മറ്റും അയ്ക്കുമ്പോഴാണ് പലരും ചികിത്സയ്ക്കെത്തുന്നത്. മനശ്ശാത്ര ചികിത്സകളാണ് കൂടുതലും നൽകുന്നത്. സൈക്കോതെറപ്പിയിലൂടെ രോഗത്തിലേക്കു നയിക്കുന്ന ചിന്താഗതികളെയും വൈകല്യങ്ങളേയും തിരിച്ചറിയാനുള്ള അവസരം നൽകുന്നു. എങ്ങനെയാണ് ചിന്തിക്കേണ്ടത് എന്നു ബോധ്യപ്പെടുത്തുന്ന ആരോഗ്യകരമായ ചിന്തകളിലേക്കു നയിക്കുന്ന കൊഗ്നിറ്റീവ് ബിഹേവിയർ തൊപ്പി പോലുള്ള മനശ്ശാസ്ത്ര ചികിത്സകളാണു പ്രധാനം. ചുരുക്കം ചിലരിൽ ഡിപ്രഷനു നൽകുന്നതുപോലെ എസ് എസ് ആർ ഐ വിഭാഗത്തിലുള്ള മരുന്നുകള്‍ നൽകാറുണ്ട്. അത് എടുത്തുചാട്ടാം പോലുള്ള പ്രശ്നങ്ങൾ നിയന്ത്രിക്കാറുണ്ട്. ചിലരിൽ ലൈംഗികതാൽപര്യത്തെ ഒന്നു മന്ദീഭവിപ്പിക്കുന്നതിനായി ഹോർമോൺ ചികിത്സ നൽകും.

ചികിത്സയുടെ ഫലപ്രാപ്തി പൂർണ സൗഖ്യം എന്നതു വ്യക്തികളെയും രോഗതീവ്രതയെയും ആശ്രയിച്ചാണിരിക്കുന്നത് എങ്കിലും കുറേ മാറ്റം വരാറുണ്ട്. ജയിലിൽ നിന്നൊക്കെ ചികിത്സയ്ക്കു വരുന്നവരിൽ കുറേ പേർ ഇതേ രോഗത്തിന്റെ പേരിൽ വീണ്ടും ജയിലിൽ തിരികെയെത്താറുണ്ടുതാനും. എങ്കിലും പ്രതീക്ഷ കൈവിടേണ്ട. തെറാപ്പികളും മറ്റും അനുകൂലഫലം നൽകാം.

ആ നോവ് മായ്ചു കളയാം.

നഗ്നതാ പ്രദർശനം സ്ത്രീയെ മാനസികമായി ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അവർക്ക് അവരുടേതായ മാനസിക പ്രശ്നങ്ങൾ വരാം. ഭാവിയിൽ ദാമ്പത്യത്തിലെ ലൈംഗിക താൽപര്യക്കുറവ് പോലെ പ്രദർശനപരത ഒരു ആഘാതമാകുന്നത് അങ്ങനെയാണ്.

പെൺമനസ്സേ... ഒരു ‘ഷോമാൻ’ സമ്മാനിച്ച അവയവകാഴ്ചയുടെ ചിത്രം ഒരു വേദനയായി നീറ്റുന്നുണ്ടോ?... എങ്കിൽ അതൊരു മനശ്ശാസ്ത്രവിദഗ്ധനോടു തുറന്നു പറഞ്ഞോളൂ. ആ സങ്കടത്തേയും നിങ്ങൾക്ക് അതിജീവിക്കാനാകും.

വിവരങ്ങൾക്കു കടപ്പാട്

ഡോ. ഷാഹുൽ അമീർ

കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ്

സെന്റ് തോമസ് ഹോസ്പിറ്റൽ

ചെത്തിപ്പുഴ, ചങ്ങനാശ്ശേരി