Tuesday 13 September 2022 11:18 AM IST

സ്വന്തം നഗ്നത മറ്റൊരാൾക്കു മുന്നിൽ പ്രദർശിപ്പിക്കാനുള്ള ആഗ്രഹം മാത്രമല്ല എക്സിബിഷനിസം... കാരണങ്ങൾ ഇതാണ്

Shyama

Sub Editor

exhibitionism

കുട്ടികളുെട മുന്നില്‍ നഗ്നത കാട്ടി എന്ന കുറ്റത്തിന് പ്രമുഖ സിനിമാ നടനെ െപാലീസ് അറസ്റ്റ് െചയ്തതത് അടുത്തിടെയായാണ്. തൃശൂര്‍ എസ്.എന്‍.പാര്‍ക്കിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറിലിരിക്കുകയായിരുന്നു നടന്‍. പതിെനാന്നും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികള്‍ അരികിലൂെട കടന്നു പോകവേ ആയിരുന്നു നഗ്നതാ പ്രദര്‍ശനം. കുട്ടികള്‍ മാതാപിതാക്കളോടു പറഞ്ഞു. െപാലീസിലും പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ആളെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും.

ഫ്ലാഷിങ് എന്നറിയപ്പെടുന്ന നഗ്നതാ പ്രദര്‍ശനം നമ്മുടെ നാട്ടിലും ഉണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ മുരളി തുമ്മാരുകുടി സോഷ്യൽമീഡിയയിലൂടെ പറഞ്ഞത് മാസങ്ങള്‍ക്കു മുന്‍പാണ്. പക്ഷേ, മിക്ക പുരുഷന്മാര്‍ക്കും പറഞ്ഞതത്ര ഇഷ്ടപ്പെട്ടില്ല. ‘ഏതു നൂറ്റാണ്ടിലെ കാര്യമാണ് സുഹൃത്തേ, ഈ പ റയുന്നത്. നമ്മുടെ നാട്ടിൽ ഇപ്പോഴതൊന്നും ഇല്ല’ എന്നുള്ള എതിര്‍പ്പുമായെത്തി.

സ്ത്രീകള്‍ പറയുന്നതു മറിച്ചാണ്. ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ‘വനിത’യുെട ചോദ്യത്തിന് ബഹുഭൂരിപക്ഷം സ്ത്രീകളും രണ്ടാമതൊന്ന് ആലോചിക്കാതെ ഉത്തരം പറഞ്ഞു, ‘ഉണ്ട്’ കാലാകാലങ്ങളായി സഹിച്ചിട്ടും പരാതിപ്പെട്ടിട്ടും പോരാടിയിട്ടും ഇ തൊക്കെ ആവർത്തിക്കപ്പെടുന്നതിന്റെ രോഷമുണ്ട് ഓരോ പെൺശബ്ദത്തിലും...

തരിച്ചിരുന്ന നാലു മിനിറ്റ്–നിഷ, കൗൺസലര്‍, തിരുവനന്തപുരം

പതിനാലു വയസ്സുള്ള മകനും ഇളയകുഞ്ഞുമായി ബസ്സി ല്‍ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. വിൻ‍ഡോ സീറ്റി ൽ കുഞ്ഞിനെ മടിയിൽ വച്ച് ഞാന്‍. തൊട്ടരികിൽ മകൻ. അതിനടുത്ത് ഒരു ചെറുപ്പക്കാരൻ. കുറച്ചു സമയം കഴിഞ്ഞ് മകനോട് എന്തോ പറയാൻ തിരിഞ്ഞപ്പോഴാണ് ഞാന്‍ ക ണ്ടത്, അയാൾ എന്നെ തന്നെ നോക്കി സ്വയംഭോഗം ചെയ്യുന്നു. ഒരു നിമിഷത്തേക്ക് മരവിച്ച് പോയി. ഞാൻ ഞെട്ടുന്നതു കണ്ട് മകനും അയാളെ നോക്കി. പെട്ടെന്നയാള്‍ സിപ് ഇട്ട് മുന്നിലേക്ക് ഓടിപ്പോയി ബെല്ല് അടിച്ച് ബസില്‍ നിന്നിറങ്ങി. നാലഞ്ച് മിനിറ്റിനുള്ളിൽ ഇതെല്ലാം സംഭവിച്ചു.

വണ്ടി പൊലീസ് സ്റ്റേഷനിലേക്ക് വിടാൻ പറ എന്നൊക്കെ മകന്‍ പറയുന്നുണ്ടായിരുന്നു. മനഃശാസ്ത്ര കൗൺസലറായിട്ട് പോലും ഞാനാ സമയം തരിച്ചിരുന്നു പോയി.

പ്രതികരിക്കാൻ പറഞ്ഞും പഠിപ്പിച്ചുമാണ് മകനെ വളർത്തുന്നത്. എനിക്കു കുട്ടിക്കാലത്തു കിട്ടിയ കണ്ടീഷനിങ് അതായിരുന്നില്ല. പലപ്പോഴും പെൺകുട്ടികൾ അപ്പോൾ എന്തേ പ്രതികരിച്ചില്ല എന്നൊക്കെ ചോദിക്കുന്നവര്‍, അ തനുഭവിക്കുന്ന ആളുടെ മാനസികാവസ്ഥയെക്കുറിച്ച് ഓർക്കാറില്ല. എല്ലാവർക്കും അപ്പോൾ തന്നെ പ്രതികരിക്കാൻ കഴിഞ്ഞെന്നു വരില്ല. എന്നെക്കാൾ ആ സംഭവം ബാധിച്ചത് മകനെയാണ്. വളരെ പണിപ്പെട്ടാണ് അവനെ ശാന്തനാക്കിയത്.

ഇപ്പോഴിങ്ങനെ നടക്കുന്നില്ല എന്നൊക്കെ പറയുന്നത് കണ്ണ് മൂടി ഇരുട്ടാക്കലാണ്. ചെറിയ പ്രായം തൊട്ടു കുട്ടികൾക്ക് ബോധവൽക്കരണം നൽകണം.

എക്സിബിഷനിസം എന്ന മാനസിക പ്രശ്നം മൂലമാണ് ഇങ്ങനെ ചെയ്യുന്നതെന്നു ന്യായീകരിച്ച് എതിർപക്ഷത്തിനൊപ്പം നിൽക്കുന്നവർ പോലും ചികിത്സയിലൂടെ മാനസികരോഗം മാറ്റാനുള്ള കരുതലിനെ പറ്റി പറയാറില്ല. പെൺകുട്ടികൾ പുറത്തിറങ്ങാതിരിക്കുന്നതോ അവരുടെ ഉടുപ്പിനെ കുറ്റപ്പെടുത്തുന്നതോ അല്ല ഇത്തരം പ്രശ്നങ്ങൾക്കുള്ള ശരിയായ പരിഹാരം.

നേരിട്ടും അല്ലാതെയും– ശീതള്‍ ശ്യാം, സംസ്ഥാന ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗം, തൃശൂർ

ട്രാൻസ് മനുഷ്യരെ ലൈംഗിക ഉപകരണമായാണ് സമൂഹത്തിലെ വലിയൊരു വിഭാഗം നോക്കിക്കാണുന്നത്, പ്രത്യേകിച്ചും ആണുങ്ങൾ. ഞങ്ങൾ രാത്രി തനിച്ചു പുറത്തിറങ്ങിയാല്‍ ഉടന്‍ സമൂഹം വിചാരിക്കുന്നത് ‘ഒരേയൊരു’ കാര്യത്തിന് വേണ്ടി മാത്രം എന്നാണ്. ഫ്ലാഷിങ് പോലുള്ള അനുഭവങ്ങളിലൂടെ ധാരാളം കടന്നു പോയിട്ടുണ്ട്.

ഒരിക്കൽ ട്രെയിനിൽ സഞ്ചരിക്കുകയായിരുന്നു. അധികം ആളുകൾ ഇല്ല. എതിരെയിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ അയാളുടെ െെലംഗികാവയവത്തില്‍ തൊട്ടു കാണിച്ചു. ആദ്യം പ്രതികരിച്ചില്ല. അൽപനേരം കഴിഞ്ഞ് അതെന്റെ ദേഹത്തു കൊണ്ടുവന്നു മുട്ടിച്ചു. െെകവീശി ഞാന്‍ നല്ല അടി െകാടുത്തു. നിമിഷങ്ങള്‍ക്കുള്ളിൽ അയാൾ അവിടുന്ന് എഴുന്നേറ്റ് ഒാടിപ്പോയി.

സമൂഹം ഒരുപാട് മാറിയിട്ടും ഇത്തരം െെവകൃതങ്ങൾ കൂടി എന്നേ ഞാൻ പറയൂ. തെറ്റേത് ശരിയേത് എന്നു പ റഞ്ഞുകൊടുക്കുന്ന സംവിധാനങ്ങളില്ല.

നേരിട്ട് മാത്രമല്ല എക്സിബിഷനിസം നടക്കുന്നത്. സോഷ്യൽ മീഡിയ ഇൻബോക്സിലൂടെ അറിയാവുന്നവരും അല്ലാത്തവരും അവയവപ്രദർശനം നടത്താറുണ്ട്. കുറേയൊക്കെ സോഷ്യൽമീഡിയയിൽ തന്നെ പോസ്റ്റ് ചെയ്യും, കുറേ പരാതിപ്പെടും. ചിലത് ബ്ലോക് ചെയ്യും.

നാട് വികസിച്ചു എന്നൊക്കെ എല്ലാവരും പറയും. ഇ പ്പോഴും പൊതുനിരത്തിൽ മൂത്രമൊഴിക്കുന്ന പുരുഷന്മാരെ കാണാം. പൊതു ഇടത്തിൽ ആവശ്യത്തിന് മൂത്രപ്പുരകളില്ലാത്തതും വലിയ പ്രശ്നം തന്നെയാണ്.

പുരുഷൻ എന്നാൽ അധികാരം വേണം, എന്തും കാണിക്കാം എന്നൊരു ചിന്തയുണ്ട്. കാരുണ്യം പോലുള്ള വികാരങ്ങൾ പൗരുഷത്തിന് കോട്ടം വരുത്തും എന്ന് വിചാരിക്കുന്ന പഴകിയ ചിന്തകൾ ഇപ്പോഴും നിലനിൽക്കുന്നു. ചുരുക്കം ചില പുരുഷന്മാരെങ്കിലും മാറി ചിന്തിക്കുന്നത് പ്രതീക്ഷാവഹമാണ്.

എക്സിബിഷനിസം പരിഹരിക്കാൻ നൂതന ചികിത്സ– ഡോ. അരുൺ ബി. നായർ, പ്രഫസർ ഓഫ് സൈക്യാട്രി മെഡിക്കൽ കോളജ് തിരുവനന്തപുരം

സാധാരണ കാണുന്ന എട്ട് തരം ലൈംഗിക വൈകൃതങ്ങളിൽ പ്രധാനപ്പെട്ടതാണ് എക്സിബിഷനിസ്റ്റിക് ഡിസോഡർ (ലൈംഗികാവയവ പ്രദർശന രോഗം). സ്വന്തം നഗ്നത മറ്റൊരാൾക്കു മുന്നിൽ പ്രദർശിപ്പിക്കാനുള്ള അമിതമായ ആഗ്രഹം െകാണ്ടു മാത്രമല്ല ഇത് ചെയ്യുന്നത്. അതു കാണുന്ന വ്യക്തിയിലുണ്ടാകുന്ന ഭയവും വിസ്മയവും േദഷ്യവും ഒക്കെ ഇക്കൂട്ടരില്‍ വലിയ ഉത്തേജനം ഉണ്ടാക്കുന്നു.

മനുഷ്യനെ മൃഗങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് തലച്ചോറിന്റെ മുൻവശത്തുള്ള ഫ്രോണ്ടൽ ലോബ് ആണ്. ആത്മനിയന്ത്രണം, ആസൂത്രണ ശേഷി, വികാരങ്ങള്‍ ക്രമീകരിക്കാനുള്ള പ്രവണത ഒക്കെ ഇവിടെയാണ് നടക്കുന്നത്. ഫ്രോണ്ടൽ ലോബിലെ പ്രവർത്തനത്തിന്റെ തകരാറുകൾ എക്സിബിഷനിസത്തിന് കാരണമായേക്കാം. ഒപ്പം ബുദ്ധിവളർച്ചക്കുറവ്, തലയുടെ മുൻഭാഗത്തുള്ള സാരമായ ക്ഷതം, ഈ ഭാഗത്തെ ബാധിക്കുന്ന ട്യൂമറുകൾ, വാർധക്യത്തിൽ ഫ്രോണ്ടൽ ദളത്തിലെ കോശങ്ങൾ ദ്രവിച്ച് പോകുന്നത് ഒക്കെ ഈ അവസ്ഥയിലേക്കു നയിക്കും. മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും സ്ഥിരമായ ഉപയോഗമാണ് മറ്റൊ രു കാരണം. കുട്ടിക്കാലത്തെ ലൈംഗികാനുഭവങ്ങൾ, ലൈംഗികദൃശ്യങ്ങൾ നിരന്തരം കാണുന്നത്, ഫോണിലൂടെയും മറ്റും രതിവൈകൃതങ്ങൾ സ്ഥിരമായി കാ ണുന്നത് ഒക്കെ ഒരാളെ എക്സിബിഷനിസ്റ്റാക്കാം.

കൊഗ്‌നിറ്റീവ് ബിഹേവിയർ തെറപിയാണ് ഇതിനുള്ള പരിഹാരം. ചിന്താ വൈകല്യം കണ്ടെത്തി അതിനുള്ള പരിഹാരം കാണണം. ചിലർക്ക് മരുന്നുകളും വേണ്ടിവരാം. വിശദമായ മാനസിക ശാരീരിക പരിശോധനയിലൂടെയാണ് എക്സിബിഷനിസം കണ്ടെത്തുന്നത്.

ഡോ. അരുൺ ബി. നായർ