Wednesday 01 March 2023 04:36 PM IST

‘ഒരാൾ ഉണ്ടായാൽ മാത്രമേ ജീവിതത്തിൽ സന്തോഷം ഉണ്ടാകൂ എന്നു പറയുന്നതും തെറ്റിധാരണയാണ്’: സെൽഫ് ലവിന്റെ പാഠങ്ങൾ

Shyama

Sub Editor

self-love-stry

അവനവനെ തന്നെ സ്നേഹിക്കുക എന്നതു സ്വാർഥതയല്ല, അനിവാര്യതയാണ്. സെൽഫ് ലവിനായി ചെയ്യുന്ന ഇഷ്ടമുള്ള കാര്യങ്ങൾ പങ്കുവയ്ക്കുന്നു ഇവർ

ഇത്രയും പ്രിയപ്പെട്ട എനിക്ക്... സുഖല്ലേ? എന്തൊക്കെയുണ്ടു വിശേഷങ്ങൾ? എത്ര നാളായി നമ്മളിങ്ങനെ സംസാരിച്ചിട്ട്... എനിക്ക് പ്രിയപ്പെട്ടത് ആരാണെന്നോ? ഞാൻ തന്നെ. ഇന്നും എന്നും ഞാന്‍ എന്നെ തന്നെയാണ് ആദ്യം തിരഞ്ഞടുക്കുന്നതെന്നു സ്വയം ഓർമപ്പെടുത്താനാണ് ഈ കത്ത്.

സ്വന്തം സുഖവും സന്തോഷവും മറന്ന് അന്യരെ നോക്കുക. അവനവന്റെ ബുദ്ധിമുട്ടുകൾ അവഗണിച്ചും മറച്ചു വച്ചും മറ്റുള്ളവർക്കു വേണ്ടി പ്രവർത്തിച്ചു കൊണ്ടേയിരിക്കുക... സമൂഹം ഇത്രയും നാൾ പറഞ്ഞ പല കാര്യങ്ങൾ കേട്ടും പഠിച്ചും അവനവനെ രണ്ടാമതായി കാണാൻ പഠിച്ച ഞാന്‍ ഇന്നു മാറ്റത്തിന്റെ പാതയിലാണ്. സ്വന്തം കാര്യം അവസാനം മാത്രം എന്ന ബന്ധുരകാഞ്ചന കൂട് പൊട്ടിച്ചു ഞാൻ പറക്കാൻ തുടങ്ങുന്നു. മറ്റാരേക്കാളും മുൻപേ ഞാൻ എന്നോടു തന്നെ കരുണ കാണിക്കണം, എന്റെ ആവശ്യങ്ങൾക്കു ചെവി കൊടുക്കണം, എന്റെ സ്വപ്നങ്ങൾക്കു നിറം നൽകണം എന്നു തിരിച്ചറിയുന്നു. മറ്റാരൊക്കെ വന്നു പോയാലും എനിക്കൊപ്പം മായാതെ നിൽക്കുന്നതു ഞാനാണ്, ആ എന്നെ ഞാൻ രണ്ടാം സ്ഥാനത്താക്കില്ല എന്ന് ഇതാ ഉറപ്പ് പറയുന്നു...

എന്ന് സ്വന്തം ഞാൻ, ഉമ്മ...

സെൽഫ് ലവ് എന്തെന്നറിയാം. ഒപ്പം കേരളത്തിന്റെ പല ഭാഗത്തുള്ള സാധാരണക്കാരായ സ്ത്രീകൾ അവർക്കായി ചെയ്യുന്ന സെൽഫ് ലവ് നുറുങ്ങുകളും അറിയാം.

സ്വാനുരാഗം എന്ന പാഠം

നമ്മൾ പരമ്പരാഗതമായി പഠിച്ചു വരുന്നത് ആത്മനിന്ദ പ്രോത്സാഹിപ്പിക്കുന്ന പലതരം കാര്യങ്ങളാണ്. ഇതിൽ നിന്നു മാറി നമ്മുടെ നല്ല വശങ്ങളുമായി പക്വമായ പ്രണയത്തിൽ വരികയും മോശം വശങ്ങളെ ഉൾക്കൊണ്ടു തിരുത്താനുള്ള ശ്രമങ്ങൾ നടത്തി മുന്നോട്ടു പോകുന്നതുമാണ് സെൽഫ് ലവ്. അതു സ്വാർഥതയല്ല മറിച്ചു ജീവിതം കൂറച്ചു കൂടി തെളിമയോടെ കാണാൻ സഹായിക്കുന്ന അവസ്ഥയാണ്. അവനവനെ സ്നേഹിച്ചു തുടങ്ങുമ്പോൾ ന മ്മൾ മറ്റുള്ളവരോടും ബഹുമാനത്തോടെ ഇടപെടാന്‍ പഠിക്കും. ആവശ്യമില്ലാത്തതു സഹിച്ചു ജീവിക്കുന്ന അവസ്ഥയ്ക്കും മാറ്റം വരും. അവനവനെ പ്രണയിക്കുക എന്നു പറയുമ്പോൾ ‘അയ്യേ’ എന്ന് ചിന്തിക്കുന്നവർ ധാരാളം. സ്വയം സ്നേഹിക്കാൻ ശീലിക്കുന്ന ഒരാൾക്കേ അവനവനെ തന്നെ ക്രൂശിക്കുന്നതു നിർത്താൻ സാധിക്കൂ എന്നോർത്താൽ ആ ചിന്ത മാറും.

കാഴ്ചക്കാരില്ലാത്തപ്പോഴും നിങ്ങൾക്ക് നിങ്ങളോട് സ്നേഹം വേണം. പുറമേ ആത്മവിശ്വാസം കാണിച്ചിട്ടും സ്വയം മതിപ്പില്ലാതായാൽ, ഏതൊരു ബന്ധത്തിൽ മുഴുകുമ്പോഴും അതിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം. നമ്മുടെ പോരായ്മകൾക്ക് പകരെന്നോണമാണു നമ്മൾ ഓരോ ബന്ധങ്ങളും നിലനിർത്തുന്നത് എന്നതാണു കാരണം. അമിത വൈകാരികതയോടെ മറ്റൊരാളെ മാത്രം ആശ്രയിച്ചു മുന്നോട്ടു പോകുന്ന അവസ്ഥ അവിടെ ഉടലെടുക്കാം. സ്വയം വിശ്വാസമില്ലായ്മയാണ് അതിനു വളമിടുന്നത്. അങ്ങനെ വരുമ്പോഴാണു പലപ്പോഴും ‘ഇന്നയാളില്ലെങ്കിൽ എ ന്റെ ജീവിതം ശൂന്യം’ എന്ന തരത്തിലുള്ള തിരസ്കാര രീതികൾ മനസ്സ് സൃഷ്ടിച്ചെടുക്കുന്നത്.

സ്വയം വിലയില്ലാതെയാകുമ്പോൾ എതിരെ നിൽക്കുന്ന വ്യക്തിയെ വല്ലാതെ ശ്വാസം മുട്ടിക്കുന്ന വിഷലിപ്തമായ ബന്ധങ്ങൾ ഉണ്ടായെന്നും വരാം. ഇതു വിവാഹത്തിലും പ്രണയത്തിലും ചങ്ങാത്തത്തിലും ഒക്കെ പ്രതിഫലിക്കാം. ആരോഗ്യകരമായ നല്ല വ്യക്തി ബന്ധങ്ങൾ ഉണ്ടാക്കാനുള്ള ഒന്നാം പടിയാണ് അവനവനോടുള്ള മതിപ്പ്.

നാർസിസിസം അല്ല സെൽഫ് ലവ്

സ്വയം പ്രണയിച്ചു തുടങ്ങിയാൽ നമ്മുടെ കുറ്റങ്ങൾ നമ്മെ വല്ലാതെ അലോസരപ്പെടുത്തില്ല. പകരം സൃഷ്ടിപരമായി അതിനെ നോക്കിക്കണ്ട് പരിഹരിക്കുന്ന മാനസികാവസ്ഥയിലേക്ക് എത്തും.

എന്നാൽ നാർസിസിസ്റ്റ് വിശ്വസിക്കുന്നത് എനിക്കു കുറ്റങ്ങളേയില്ല എന്നാണ്. അത്തരം വ്യക്തികൾ അവരുടെ കുറ്റങ്ങളെ മനസ്സിലാക്കില്ല എന്നു മാത്രമല്ല അവ മറയ്ക്കാനുള്ള പൊങ്ങച്ചങ്ങളിലേക്കു പോകുന്ന അവസ്ഥയും ഉ ണ്ടാകും. സ്വയം സ്നേഹിക്കുന്ന വ്യക്തിക്കു മറ്റുള്ളവരുടെ വിഷമങ്ങളുമായി താദാത്മ്യം പ്രാപിക്കാനും അനുതാപത്തോടെ പെരുമാറാനുമുള്ള വൈഭവവും ഉണ്ടാകും. സ ഹാനുഭൂതി എന്നതു നാർസിസിസ്റ്റിന് ഇല്ലാത്ത ഗുണമാണ്. അത്തരക്കാർ മറ്റുള്ളവരുടെ വികാരവിചാരങ്ങൾക്കു യാതൊരു വിലയും നൽകാത്ത ആളായിരിക്കും.

സ്വയം സ്നേഹിക്കുന്ന വ്യക്തിക്ക് ഒരു തെറ്റോ കുറ്റമോ വന്നാലും സ്വന്തം ശക്തിയിലുള്ള വിശ്വാസം കാരണം അതു പരിഹരിച്ചു മുന്നേറാനുള്ള ആത്മവിശ്വാസമുണ്ടാകും. നാർസിസിസ്റ്റ് പലപ്പോഴും തങ്ങളുടെ മായാലോകത്ത് അഭിരമിച്ച് ഇതൊന്നും ഒരു കുറ്റമേയല്ല എന്നു ചിന്തിച്ച് മൂഢസ്വർഗം സൃഷ്ടിച്ച് ജീവിക്കുന്നവരാണ്.

സ്വയം ഇഷ്ടപ്പെടുന്നവർ ഒരിക്കലും മറ്റുള്ളവരെ ചൂഷഷം ചെയ്യില്ല. അവർക്കു മറ്റുള്ളവരുടെ നേട്ടങ്ങളിൽ സന്തോഷിക്കാനാകും. നാർസിസ്റ്റാകട്ടെ മറ്റുള്ളവരുടെ സന്തോഷത്തിലും വിജയത്തിലും പുകഞ്ഞു കൊണ്ടേയിരിക്കും. നാർസിസിസ്റ്റിന്റെ ഉള്ളു ചികഞ്ഞാൽ സത്യത്തിൽ അവർക്ക് അവരോടു സ്നേഹമില്ലെന്നു മനസ്സിലാക്കാം. ബലൂൺപോലെ വീർപ്പിച്ച് സ്വയം ഒരു സംഭവമാണെന്ന് വരുത്തിത്തീർക്കുക മാത്രമാണ് അവർ ചെയ്യുക.

അവനവനെ സ്വയം വിലമതിക്കുന്നവർക്കു പുറത്ത് നിന്നുള്ള പ്രശംസ കിട്ടിയില്ലെങ്കിലും നാർസിസിസ്റ്റിനെ പോലെ അലോസരപ്പെടില്ല. സ്വാനുരാഗമുള്ളവർക്ക് സ്വയം അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും അറിയാം. മ റ്റുള്ളവരുടെ പ്രശംസയ്ക്കു വേണ്ടിയല്ല അവർ ഓരോന്നും ചെയ്യുന്നത്.

എടുത്താൽ പൊങ്ങാത്തതല്ല സ്വാനുരാഗം

പഞ്ചനക്ഷത്ര ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുന്നതോ വളരെ വിലയുള്ള ആഭരണം വാങ്ങുന്നതോ മാത്രമല്ല സ്വയം പ്രണയം. ഈ നിമിഷത്തിൽ ജീവിച്ചിരിക്കുന്നത് ആസ്വദിക്കുന്നവരാണ് സെൽഫ് ലവിന്റെ വക്താക്കൾ. എല്ലാം നമ്മുടെ നിയന്ത്രണത്തിലല്ല എന്നു മനസ്സിലാക്കിയാൽ, നിയന്ത്രണത്തിൽ അല്ലാത്ത കാര്യങ്ങൾ താളം തെറ്റിയാലും ഒരു വ്യക്തി സ്വയം പഴിക്കില്ല. വൈകാരികാവസ്ഥയെ നിരന്തരം നോക്കി മനസ്സിലാക്കി മനസ്സിൽ പോസിറ്റീവ് ചിന്തകൾ കൊണ്ടു വരാനുള്ള ശ്രമം നടത്തുന്നതും സ്വയം പ്രണയം തന്നെയാണ്. നെഗറ്റീവ് ചിന്ത വന്നാലും നല്ല ചിന്തകളിലേക്കു മനസ്സിനെ വ്യതിചലിപ്പിക്കാനുള്ള മാർഗങ്ങളും സ്വയം പ്രണയമുള്ളൊരു വ്യക്തി സ്വായത്തമാക്കുന്നു.

∙ കഴിവതും നമ്മിലേക്കു നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്ന ആളുകളിൽ നിന്നും സൗഹൃദവലയത്തിൽ നിന്നുമൊക്കെ വിട്ടു നിൽക്കുക.

self-love

∙ സ്വന്തം ആരോഗ്യത്തിന് ഊന്നൽ കൊടുക്കുക.

∙ സമയത്തിനു ഭക്ഷണം കഴിക്കുക.

∙ ഒഴിവുകഴിവുകൾ പറയാതെ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യാനുള്ള സമയം കണ്ടെത്തുക. ഇതു യാത്രയാകാം, പൂന്തോട്ട നിർമാണമാകാം, പുസ്തകവായനയാകാം .

∙ പതിവു ശൈലിയിൽ നിന്നു വ്യത്യസ്തമായ കാര്യങ്ങൾ പരീക്ഷിക്കുക, അതിനു സ്വയം പ്രോത്സാഹിപ്പിക്കുക .

∙ ടോക്സിക് വ്യവസ്ഥിതിയോട് ‘നോ’ പറയുക.

∙ നമ്മളോടു തന്നെ ക്ഷമിക്കാൻ പഠിക്കുക. അതുവഴി മറ്റുള്ളവരോടും ക്ഷമിച്ചു മുന്നോട്ടു പോകാന്‍ ശ്രമിക്കുക.

∙ സ്വയം വിലയിരുത്തലുകൾ നടത്താം. മെച്ചപ്പെടാം.

∙ നിങ്ങളുടെ ശരീരത്തെ സ്നേഹിച്ചു തുടങ്ങുക. ചില ഭാഗങ്ങൾ ഇഷ്ടമല്ലെന്ന് പറഞ്ഞ് മൊത്തത്തിൽ വെറുക്കരുത്.

∙ മിനിമലിസത്തില്‍ ഊന്നി ജീവിക്കുക. വലിച്ചു വാരി ആവശ്യമുള്ളതും ഇല്ലാത്തതും ജീവിതത്തിൽ കുത്തി നിറയ്ക്കേണ്ടതില്ല. അകത്തും പുറത്തും ലഘുത്വം പാലിക്കാൻ ശ്രമിക്കാം.

∙ ചിലപ്പോൾ സ്വയം സ്നേഹിക്കാൻ പറ്റാത്ത അവസ്ഥയും വരാം. അത്തരം സാഹചര്യത്തിൽ നിങ്ങളെ അടയാളപ്പെടുത്തുന്ന പോസിറ്റീവ് കാര്യങ്ങൾ എഴുതി വയ്ക്കുന്നതു ഗുണം ചെയ്യും.

∙ എഴുത്തും വായനയും മാത്രമല്ല– വണ്ടി നന്നായി കഴുകുന്നതും. വീട് അടുക്കി വയ്ക്കുന്നതും ഒക്കെ സ്വയം പ്രണയമാണ്.

∙ സമ്മർദം വന്നാൽ അതു തരണം ചെയ്യാനുള്ള വഴികൾ ശീലിക്കുക. പാട്ടു കേൾക്കുന്നതോ, വായിക്കുന്നതോ, തമാശ മീമുകൾ വായിക്കുന്നതോ എന്തുമാകട്ടെ...

∙ കംഫർട്സോൺ വിട്ട് ഇടയ്ക്കെങ്കിലും പ്രവർത്തിക്കുക.

∙ ചെറിയ നേട്ടങ്ങൾ ആഘോഷിക്കാം. മറ്റുള്ളവരുടെ സർട്ടിഫിക്കറ്റ് മാത്രമല്ല നേട്ടം. നിങ്ങൾ നട്ട ചെടിയിൽ പൂവുണ്ടാകുന്നതും ആഘോഷിക്കാം.

∙ സ്വയം സൃഷ്ടിപരമായി പരിഹസിക്കാൻ പറ്റുന്നതും പൊട്ടത്തരങ്ങൾ അയ്യെടാ ഞാനേ എന്നോർത്ത് ചിരിക്കാനും സ്വയം പ്രണയമുള്ളവർക്കു സാധിക്കുന്ന ഒന്നാണ്.

∙ മാനസിക പിരിമുറുക്കമുണ്ടെങ്കിൽ അത് അവഗണിക്കാതെ പരിഗണിക്കാനും ആവശ്യമെങ്കിൽ വിദഗ്ധരുടെ സ ഹായം എടുക്കുന്നതും സ്വയം പ്രണയം തന്നെയാണ്. മുറിവുണ്ടെന്നു മനസ്സിലാക്കിയാൽ മാത്രമാണു മുറിവുണക്കലിലേക്കു പോകാൻ സാധിക്കുക. അതു നിരാകരിക്കുന്നവർക്കു സൗഖ്യത്തിലേക്കു പോകാൻ സമയമെടുക്കും.

സീനിയർ സൈക്യാട്രിസ്റ്റ്,

മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, എറണാകുളം.

</p>

തസ്നി മറിയം വാഹിദ്

എംബ്രിയോളജിസ്റ്റ്,                                                   
കേക്ക് ആർട്ടിസ്റ്റ്, തൃശൂർ

ആരും സന്തോഷം നമ്മുടെ കയ്യിൽ കൊണ്ട് തരില്ല. ഇന്ന ഒരാൾ ഉണ്ടായാൽ മാത്രമേ ജീവിതത്തിൽ സന്തോഷം ഉണ്ടാകൂ എന്നു പറയുന്നതും തെറ്റിധാരണയാണ്.
ഞാൻ ആത്മപ്രണയത്തിനായി ആദ്യം ചെയ്യുന്ന കാര്യം യാത്ര ചെയ്യലാണ്. സുഹൃത്തുക്കൾക്കൊപ്പം, സഹപ്രവർത്തകർക്കൊപ്പം വീട്ടുകാർക്കൊപ്പം തനിച്ചും ഒക്കെ യാത്ര ചെയ്യും. തനിച്ചു യാത്ര ചെയ്യുമ്പോൾ ഒരുപാട് മീ ടൈം കിട്ടും. സ്വയം ഒന്ന് അപഗ്രഥിക്കാനും തെറ്റായി പഠിച്ചതൊക്കെ മായ്ച്ച് പുതിയതു പഠിക്കാനും നമ്മെ തന്നെ പുനക്രമീകരിക്കാനും ഒക്കെ നമുക്കു സാധിക്കും. യാത്ര പോയ നമ്മളാവില്ല തിരികെ വരുന്നത്. പ്രകൃതിയോടിണങ്ങിയുള്ള യാത്രകൾ സൗഖ്യം പ കരും എന്നാണ് എനിക്കു തോന്നുന്നത്.

കെ.എം. നീലിമ

ബാങ്ക് ഉദ്യോഗസ്ഥ, മുംബൈ
ഇഷ്ടപ്പെട്ട പുസ്തകങ്ങളുടെ ഹാർഡ് കോപ്പിയും കിന്റിൽ വെർഷനും വാങ്ങുക എന്നതാണ് ഒന്നാമത്തെ കാര്യം. പണ്ട് എനിക്ക് വേണ്ടി പണം ചെലവഴിച്ച് ‘പൈസ വെറുതേ കളയണോ?’എന്ന തെറ്റിധാരണയുണ്ടായിരുന്നു. എനിക്കു വേണ്ടി ചെലവഴിക്കുക എന്നൊരു കാര്യമേ നമ്മൾ പഠിക്കുന്നില്ലല്ലോ... രണ്ടാമത്തെ കാര്യം കൃത്യമായൊരു ഡയറ്റ് പാലിക്കുന്നു. വ്യായാമം ചെയ്യുന്നു. ഒ പ്പം ഫിസിയോതെറപ്പിക്കും ചേർന്നു.
പ്രസവശേഷം ആബ്സ് സെപ്പറേഷൻ വന്നു. മിക്ക സ്ത്രീകൾക്കും ഇതു സംഭവിക്കാറുണ്ട്. വയറിന്റെ പേശികൾ അയഞ്ഞു തൂങ്ങും. ഭക്ഷണം കൂടിയിട്ടാണ് എന്നൊക്കെ പറഞ്ഞ് നമ്മളിത് അവഗണിക്കാറാണ് പതിവ്. ആത്മസ്നേഹത്തിന്റെ ഭാഗമായി എന്നെ അവഗണിക്കാതെയായി.

ശ്രീദേവി ബിന്ദു ഒളപ്പമണ്ണ

പരിസ്ഥിതിസംരംഭക, പെരിന്തൽമണ്ണ

വിവാഹശേഷം ഭർതൃവീട്ടിലാണു താമസം, നിറയെ ആളുകളുള്ള ഇടം. രാവിലെ എഴുന്നേറ്റാൽ ഉടനെ അടുക്കളയിലേക്കു പോയി ദിവസം തുടങ്ങാറില്ല. നായ്ക്കുട്ടി നീലുവിനേയും കൂട്ടി നടക്കാനിറങ്ങും. ഒരു ദിവസം മുന്നോട്ടു കൊണ്ടുപോകാനുള്ള ഊർജം കിട്ടും. പിന്നെ, അടുക്കളയിലേക്ക്. അവിടെ എ ല്ലാവരും ചേർന്നാണു പാചകം.
കൂട്ടുകുടുംബമായതു കൊണ്ട് നമ്മുടേത് മാത്രമായൊരിടം എന്നതുണ്ടാകില്ല. എന്നിട്ടും പടി കയറി മുകളിലെത്തുന്ന ജനലിന്റെ ഒരു മൂല കുഷ്യനൊക്കെ ഇട്ട് അലങ്കരിച്ച് എ ന്റെ ഇടമാക്കി മാറ്റിയിട്ടുണ്ട്. അവിടിരുന്നാണ് ജോലി ചെയ്യുക. എല്ലാ ദിവസവും  ഭർത്താവിന്റെ കൂടെ കിടക്കുന്നതിനു പകരം ഇടയ്ക്ക് ഒരു മുറിയിൽ ഞാൻ മാത്രമായി നഗ്നയായി കിടന്നുറങ്ങും. ബോഡി പോസിറ്റിവിറ്റി വളരെയധികം കൂട്ടിയ കാര്യമാണിത്.

ശ്യാമ

വിവരങ്ങൾക്കു കടപ്പാട്: ഡോ.സി.ജെ. ജോൺ,