Monday 30 January 2023 03:48 PM IST

‘ശരീരത്തിന്റെ പകുതിഭാഗം തളർന്നു, പ്രാണന്‍ പറിഞ്ഞു പോകുന്ന വേദനയും’: പണ്ടുസിന്ധുവിന്റെ ജീവിതത്തിൽ സംഭവിച്ചത്

V R Jyothish

Chief Sub Editor

pandu-sindhu ഭർത്താവ് ജയകുമാർ, മകൾ അവ്യുക്ത, അമ്മ പാർവതി എന്നിവരോടൊപ്പം പണ്ടുസിന്ധു

പണ്ടു എന്ന തെലുങ്കു വാക്കിനു ഫലങ്ങൾ എന്നാണർഥം. കുഞ്ഞായിരുന്നപ്പോഴേ പഴങ്ങൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന എന്നെ അച്ഛൻ വിശ്വനാഥൻ ‘പണ്ടു’ എന്നു വിളിച്ചു. മുതിർന്നപ്പോഴും ആ പേര് അച്ഛൻ ഉ പേക്ഷിച്ചില്ല. അങ്ങനെ എന്റെ പേര് ‘പണ്ടുസിന്ധു’ എന്നായി മാറി.

റെയിൽവേയിൽ സൂപ്പർവൈസറായിരുന്നു അച്ഛൻ. ജോലിയുടെ ഭാഗമായി പുതിയ സ്ഥലങ്ങൾ ഞങ്ങൾക്കും ശീലമായി. എന്റെ ബാല്യവും കൗമാരവും ആന്ധ്രാപ്രദേശിലായിരുന്നു. അ ച്ഛൻ റിട്ടയർ ചെയ്ത ശേഷമാണ് ഞങ്ങൾ കേരളത്തിലെത്തുന്നത്. അന്ന് എനിക്ക് 23 വയസ്സ്. ആന്ധ്രയിലെ കാകതീയ സർവകലാശാലയിൽ നിന്നു സമ്പാദിച്ച ഡിഗ്രിയും മുറിമലയാളവും പിന്നെ, ഒരുപാടു മോഹങ്ങളുമായാണു നാട്ടിലേക്കു വന്നത്.

മൂന്നു വയസ്സു വരെ വിശ്രമമില്ലാതെ ഓടിനടന്ന പെൺകുട്ടിയായിരുന്നു ഞാൻ. പ്രതിരോധ കുത്തിവയ്പ്പിലെ പാളിച്ചയാകണം അതിനുശേഷം പോളിയോ ബാധിച്ചു കാലുകൾ തളർന്നു. തുടർചികിത്സകൾ ഫലം കണ്ടില്ല. ക്രമേണ എല്ലുകൾ ദുർബലമാകുന്ന അസുഖവും പിടികൂടി. ശരീരത്തിന്റെ പകുതിഭാഗം തളർന്നു. ഇരിക്കാൻ പോലും കഴിയാത്ത അവസ്ഥയുണ്ടായി.

പ്രാണൻ പറിഞ്ഞുപോകുന്ന വേദന. ഇപ്പോഴും ഞാൻ അത്രയ്ക്കും അവശയാണ്. എങ്കിലും തോറ്റിരിക്കാൻ മനസ്സ് അനുവദിക്കുന്നില്ല. വേദനകളിൽ നിന്നു മോചനം നേടാൻ ഞാൻ പാഠപുസ്തകങ്ങളിലേക്കു കണ്ണു നട്ടു. കാലിനു വേദനിക്കുമ്പോൾ ആ കാൽനഖത്തിൽ നെയിൽ പോളിഷ് പുരട്ടി ആശ്വസിക്കാൻ ശ്രമിച്ചു. ജനാലയ്ക്ക് അ പ്പുറം എന്റെ സമപ്രായക്കാർ ഓടിനടക്കുന്നതു കാണുമ്പോൾ വിധിയിൽ സമാധാനിച്ച് അതുനോക്കിയിരുന്നു. സങ്കടങ്ങൾക്കു കൂട്ടായാണു സംഗീതമെത്തുന്നത്. പാട്ടുകൾ കേട്ടു പഠിച്ചു തനിയെ പാടിത്തുടങ്ങി. അങ്ങനെ പാട്ടു പതിയെ എനിക്കു വേദ ന മറക്കാനുള്ള മരുന്നായി.

സ്കൂളിൽ വല്ലപ്പോഴും പോകുന്ന കുട്ടിയായിരുന്നു ഞാൻ. സ്കൂളിൽ പോയിട്ടുള്ളതിനേക്കാൾ കൂടുതൽ പോയിട്ടുള്ളത് ആശുപത്രികളിലായിരുന്നു. കുട്ടികളോടൊപ്പം കളിക്കാൻ പറ്റില്ലെങ്കിലും അവരോടു കൂട്ടുകൂടാനും മിണ്ടാനുമൊക്കെ അതിയായ ആഗ്രഹമായിരുന്നു. പക്ഷേ, അവരാരും എ ന്നെ ഇഷ്ടപ്പെട്ടില്ല.

ക്ലാസിൽ ടീച്ചർമാർ ഓരോ കുട്ടികളെയും എഴുന്നേൽപ്പിച്ചു നിർത്തി ചോദിക്കും; ‘ഭാവിയിൽ ആരാകാനാണ് ആഗ്രഹം.’ കുട്ടികൾ ഓരോരോ ഉത്തരങ്ങൾ പറയും. പക്ഷേ, എന്നോടു മാത്രം ആരും ചോദിക്കില്ല ‘ഭാവിയിൽ ആരാകണമെന്ന്?’ ഞാൻ ആരെങ്കിലുമാകുമെന്ന് ടീച്ചർമാർക്കു പോലും പ്രതീക്ഷയുണ്ടായിരുന്നില്ല. എങ്കിലും എന്റെ കുഞ്ഞുമനസ്സ് വേദനിക്കുന്നത് അവർ കണ്ടില്ല. ഒരു അന്യഗ്രഹജീവിയോടെന്നപോലെ അവർ െപരുമാറി. ക്ലാസിലിരുന്നാൽ എനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ബാത്‌റൂമിൽ പോകാൻ പോലും കഴിഞ്ഞിരുന്നില്ല. അച്ഛൻ വന്നാണ് എന്നെ ബാത്‌റൂമിൽ കൊണ്ടുപോയിരുന്നത്. അതു മാത്രമായിരുന്നില്ല ദുഃഖം.

ക്ലാസ് വിട്ടുകഴിഞ്ഞാൽ കുട്ടികളൊക്കെ ഓടി വീട്ടിൽ പോകും. ഞാൻ മാത്രം ക്ലാസിൽ ഒറ്റയ്ക്കാകും. അപ്പോൾ സങ്കടം വരും. ഒന്നുകിൽ അച്ഛൻ വരുന്നതുവരെ. അല്ലെങ്കിൽ അച്ഛൻ ഏർപ്പാടാക്കിയ റിക്ഷാക്കാരൻ വരുന്നതുവരെ ഞാനിരുന്നു കരയും.’’

അച്ഛന്റെ സങ്കടങ്ങൾ

‘‘ഞാൻ കാരണം ഏറെ വേദനിച്ചിട്ടുള്ളത് അച്ഛനാണ്. റെയിൽവേയിൽ തിരക്കുള്ള ജോലിയായിരുന്നു. എന്നാലും എന്നെ സ്കൂളിൽ കൊണ്ടാക്കാനും വിളിച്ചുകൊണ്ടുവരാനുമൊക്കെ അച്ഛനേ ഉണ്ടായിരുന്നുള്ളൂ.

അച്ഛന്റെ ശമ്പളം മാത്രമായിരുന്നു കുടുംബത്തിന്റെ ഏകവരുമാനമാർഗം. അതുകൊണ്ടു ജോ ലി ഉപേക്ഷിക്കാനും കഴിഞ്ഞിരുന്നില്ല. ഞാൻ കാര ണം അച്ഛന് എല്ലാ ദിവസവും മേലധികാരികളി ൽ നിന്നു വഴക്കു കിട്ടും. ചിലപ്പോൾ മെമ്മോയും കിട്ടും. ‘അതുകൊണ്ട് എനിക്കു മകളെ ഉപേക്ഷിക്കാ ൻ പറ്റുമോ സർ?’ എന്ന് അച്ഛൻ അവരോടു ചോദിക്കും.

‘ഈ വയ്യാത്ത കുട്ടിയെ ഇങ്ങനെ കഷ്ടപ്പെട്ടു പഠിപ്പിച്ചിട്ട് എന്തുകിട്ടാനാണു വിശ്വനാഥാ...’ എന്ന് അവർ അച്ഛനോടു ചോദിച്ചിട്ടുണ്ട്. അന്ന് അച്ഛൻ പറഞ്ഞ വാക്കുകളാണു പിന്നീടുള്ള എന്റെ ജീവിതത്തെ മുന്നോട്ടു നയിച്ചത്. ‘എനിക്ക് ഒന്നും കിട്ടാനില്ല. പക്ഷേ, എന്റെ മകൾക്ക് വിദ്യാഭ്യാസമാകുന്ന സരസ്വതിയെ ഞാൻ നൽകും. അവളുടെ അന്നം സമ്പാദിക്കാനുള്ള കഴിവ് ആ വിദ്യാഭ്യാസം അ വൾക്കു തിരിച്ചു നൽകും. ബാക്കിയുള്ളതെല്ലാം കൂട്ടിച്ചേ ർക്കപ്പെടും.’

ഈ വാക്കുകൾ മനസ്സിൽ പതിഞ്ഞു. എനിക്കു േവണ്ട അന്നം ഞാൻ തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു. നല്ലപോലെ പഠിക്കണം, ജോലി തേടണം എന്നതു വാശിയായി മനസ്സിലെടുത്തു. അച്ഛന്റെ സഹായത്തിനൊപ്പം വലിയ പ്രചോദനമായി അമ്മ പാർവതിയും കൂടെനിന്നു.

നല്ല മാർക്കോടെയാണു ഞാൻ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കുട്ടിക്കാലത്തേ ആശുപത്രിയിലായിരുന്നല്ലോ? ഡോക്ടർമാരെയും നഴ്സമ്മമാരെയുമാണ് എപ്പോഴും കണ്ടിരുന്നത്. മരുന്നു മണമായിരുന്നു എനിക്കെപ്പോഴും. അങ്ങനെ ഡോക്ടറാകണം എന്ന ആഗ്രഹം എ ന്നിൽ നാമ്പെടുത്തു. ഡിഗ്രിക്ക് സയൻസ് ഗ്രൂപ്പിന് അഡ്മിഷൻ കിട്ടി.’’

രണ്ടാം നിലയിൽ പൊലിഞ്ഞ മോഹം

‘‘അച്ഛനോടും അമ്മയോടുമൊപ്പം കോളജിൽ ചെന്നപ്പോഴാണ് എന്നെ കാത്തിരുന്ന മറ്റൊരു ദുർവിധിയെക്കുറിച്ച് അറിയുന്നത്. രണ്ടാമത്തെ നിലയിലാണ് സയൻസ് ക്ലാസ്മുറി. ലാബും അവിടെ തന്നെ. എനിക്ക് അവിടെപോയിരുന്നു പഠിക്കാൻ ഒരു വഴിയുമില്ല.

താഴത്തെ നിലയിൽ സയൻസ് ക്ലാസ്മുറിയുള്ള കോളജിൽ ചേർക്കാൻ അച്ഛന്റെ സാമ്പത്തികം അനുവദിച്ചില്ല. ചികിത്സയുടെ ഭാഗമായി ഞങ്ങളുടെ സ്ഥലവും വീടും വിറ്റിട്ടും അച്ഛനു പിന്നെയും കടം ബാക്കിയായിരുന്നു. അങ്ങനെ താഴത്തെ നിലയിലുള്ള ഇഷ്ടമില്ലാത്ത വിഷയത്തിനു കോളജിൽ ചേർന്നുകൊണ്ട് ഡോക്ടർ മോഹം ഉപേക്ഷിച്ചു. അപ്പോഴും ഞാൻ കരഞ്ഞു. ‘എന്നെ എന്തിനാണ് ഇങ്ങനെ പരീക്ഷിക്കുന്നതെന്ന്’ പ്രാർഥനയോടെ ദൈവത്തോടു ചോദിച്ചു.

കോളജിലും സ്കൂളിലെ പോലെ തന്നെ ഞാൻ ഒറ്റയ്ക്കായിരുന്നു. ഹോസ്റ്റലിൽ നിൽക്കാതെ മാർഗമില്ല. കോളജിനടുത്തു വീടെടുക്കാനുള്ള സാമ്പത്തികവുമില്ല. പഠനം തുടരാൻ വഴി തുറന്നു തരണേയെന്നു ദൈവത്തോടു കേണു പ്രാർഥിച്ചു. ക്ലാസിലും ഹോസ്റ്റലിലും ഭക്ഷണം എത്തിച്ചു തരാൻ അച്ഛൻ ഒരാളെ ഏർപ്പാടാക്കി. പക്ഷേ, പല ദിവസവും അവർ എന്റെ കാര്യം മറക്കും. എല്ലാവരും ഉച്ചയ്ക്കു ഭക്ഷണം കഴിക്കുമ്പോൾ ഞാൻ വിശന്നു തളർന്നിരിക്കും.

ഒരു ദിവസം സമയത്ത് ആഹാരം കിട്ടുന്നില്ലെന്നു ഹോസ്റ്റൽ വാർഡനോടു പരാതിപ്പെട്ടപ്പോൾ ‘അതു വിധിയാണെന്നു സമാധാനിക്കാനാണ്’ അവർ പറഞ്ഞത്. ആ വാക്കുകൾ വല്ലാതെ തളർത്തി. നന്നായി പഠിക്കണം, അതിനുവേണ്ടി എത്ര കഷ്ടപ്പെടാനും തയാറാകണം എന്നു മനസ്സിൽ കുറിച്ചു.

സുഹൃത്തുക്കൾ പലരും സഹായിച്ചു. നല്ല മാർക്കോടെ ഡിഗ്രി പാസായി. എങ്കിലും ഭാവിയിൽ അച്ഛനും അമ്മയ്ക്കും സഹോദരനും ബാധ്യതയായി മാറുമോയെന്നു ഞാൻ ഭയപ്പെട്ടു. രക്ഷപ്പെടാൻ രണ്ടുവഴികളേയുണ്ടായിരുന്നുള്ളൂ. ഒന്നുകിൽ ജീവിതം അവസാനിപ്പിക്കുക. അല്ലെങ്കിൽ കൂടുതൽ കരുത്തോടെ പൊരുതുക. ഞാൻ രണ്ടാമത്തെ വഴിയിലൂടെ യാത്ര െചയ്യാൻ തീരുമാനിച്ചു.’’

pandu-sindhu-1

പുതിയ ലക്ഷ്യങ്ങൾ

‘‘അച്ഛൻ ജോലിയിൽ നിന്നു വിരമിച്ചു. ഉള്ള സമ്പാദ്യം മുഴുവൻ എന്റെ ചികിത്സയ്ക്കുവേണ്ടി ചെലവിട്ട ഞങ്ങൾ ഒരുതരത്തിൽ പറഞ്ഞാൽ വെറുംകയ്യോടെയാണ് നാട്ടിലെത്തിയത്. മലയാളം എഴുതാനോ വായിക്കാനോ അറിയില്ല. ഹിന്ദിയിലും തെലുങ്കിലും എഴുതിയാണ് ഞാൻ മലയാളം പഠിച്ചത്. ഇപ്പോൾ മലയാളം ഉൾപ്പെടെ ഏഴു ഭാഷകൾ നന്നായി കൈകാര്യം െചയ്യും. അന്യസംസ്ഥാനക്കാർ ഉൾപ്പെടുന്ന കേസുകളിൽ കോടതി വ്യവഹാരങ്ങൾക്ക് എന്നെ വിളിക്കാറുണ്ട്. തൊഴിൽ പരിശീലനത്തിനിടെ 2009–ൽ ഐഎഎസ് പ്രിലിംസ് പരീക്ഷ ജയിച്ചു.

ആ സമയത്താണ് എല്ലുകൾക്കു ബലക്ഷയം കലശലായത്. കടുത്ത വേദനയിൽ ആ മോഹവും അണഞ്ഞു. പ്രതീക്ഷ കൈവിടാതെ പിഎസ്‌സി പരീക്ഷകൾ എഴുതി. ഇതുവരെ 28 റാങ്ക് ലിസ്റ്റിൽ പേരു വന്നു. ഇതിൽ ഡെപ്യൂട്ടി കലക്ടർ ജോലിയും ഉൾപ്പെടുന്നു. പക്ഷേ, അത്രയും ഭാരിച്ച ഉത്തരവാദിത്തം ബുദ്ധിമുട്ടാകുമെന്നായിരുന്നു ഡോക്ടർമാരുടെ ഉപദേശം. അന്ന് ആ തസ്തികയിൽ ചേർന്നിരുന്നെങ്കിൽ ഒരുപക്ഷേ, ഇന്ന് ഐഎഎസ് കൺഫർ ചെയ്ത് ജില്ലാ കലക്ടർ ഒക്കെ ആയേനെ.

ഇന്നത്തെപ്പോലെ അംഗപരിമിതരോടു കാരുണ്യത്തോടെ പെരുമാറുന്ന സർക്കാർ ഉത്തരവുകൾ അക്കാലത്ത് ഉ ണ്ടായിരുന്നില്ല. ഞാനിപ്പോൾ പഞ്ചായത്തു വകുപ്പിൽ പെ ർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർ എന്ന പോസ്റ്റിലാണു ജോലി െചയ്യുന്നത്.

രണ്ടു പ്രളയങ്ങൾ കേരളത്തെ മുക്കിയപ്പോഴും കോവിഡ് മഹാമാരിയുടെ കാലത്തും എന്റെ ജോലി ഭംഗിയായി നിർവഹിച്ചിരുന്നു. മികച്ച സേവനത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. എന്റെ പരിമിതികൾ മനസ്സിലാക്കുന്ന ആളാണ് ഭർത്താവ് ജയകുമാർ. അദ്ദേഹം ഓഡിറ്ററാണ്. വിവാഹതീരുമാനത്തിലെത്തുമ്പോഴും വിവാഹത്തിന്റെ ആദ്യനാളുകളിലും എനിക്കു ചില ഉത്കണ്ഠകളുണ്ടായിരുന്നു. ‘നിനക്ക് എന്തെങ്കിലും വൈകല്യമുള്ളതായി എനിക്കൊരിക്കലും തോന്നിയിട്ടില്ല.’ എന്റെ സംശയങ്ങൾക്ക്് അദ്ദേഹം നൽകിയ മറുപടി അതായിരുന്നു. വർഷങ്ങൾ പലതും കടന്നു പോയി. മകൾ അവ്യുക്ത കൃഷ്ണ നാലാം ക്ലാസിലായി.

രണ്ടാം നിലയിലെ സയൻസ് ക്ലാസിൽ കയറാൻ കഴിയാത്തതുകൊണ്ട് എനിക്ക് ഉപേക്ഷിക്കേണ്ടി വന്ന ഡോക്ടർ മോഹം മകൾ നേടിയാൽ വളരെ സന്തോഷം. പക്ഷേ, അതിന്റെ പേരിൽ സമ്മർദം ചെലുത്താനൊന്നും ഞാനില്ല. അവൾക്കു കൂടി ഇഷ്ടമാണെങ്കിൽ ആ നിമിഷമാകും എ ന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടത്.

ഭാവിയിൽ ആരാകണം എന്ന ആഗ്രഹം പോലും പറയാ ൻ അവസരം കിട്ടാത്തയാളായിരുന്നു ഞാൻ. സത്യത്തിൽ അത്തരം തിരസ്കാരങ്ങളാണ് കൂടുതൽ കരുത്തോടെ ജീവിക്കാൻ കരുത്തേകിയത്. അങ്ങനെ തോൽക്കാൻ കഴിയില്ലല്ലോ? തോൽക്കാതിരിക്കാൻ ഞാൻ എന്നെ ജയിച്ചുകൊണ്ടിരിക്കുന്നു.’’

വി.ആർ. ജ്യോതിഷ്

ഫോട്ടോ: വിഷ്ണു രാധാകൃഷ്ണൻ