Friday 03 February 2023 08:47 AM IST : By സ്വന്തം ലേഖകൻ

തീ പിടിച്ചാൽ വാതിലുകൾ ഒട്ടോമാറ്റിക്ക് ലോക്ക് ആയിപോകുമോ, എക്സ്ട്രാ ഫിറ്റിങ്ങുകൾ അപകടമോ? കത്തുന്ന കാറും, കാരണവും

car-fire-accident-reasons

2016 ഒക്ടോബര്‍ 12

കുമളി: തേക്കടി സന്ദർശിച്ചു മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാറിനു തീ പിടിച്ചു. കാറിന്റെ ബോണറ്റിൽ നിന്നു പുക ഉയരുന്നതു കണ്ടതോടെ വാഹനത്തിൽ ഉ ണ്ടായിരുന്നവർ‌ പുറത്തിറങ്ങിയതിനാ‍ൽ വൻ അപകടം ഒഴിവായി.

2017 മാർച്ച് 13

കോട്ടയം: ഒരു മാസം പ്രായമുള്ള ഇരട്ടക്കുട്ടികൾ ഉൾപ്പെടെഅഞ്ചുപേർ സഞ്ചരിച്ചിരുന്ന കാര‍്‍ കത്തി നശിച്ചു. ആർക്കും പരുക്കില്ല.

2017 സെപ്റ്റംബര്‍ 27

തിരുവനന്തപുരം വെള്ളയമ്പലത്തിനടുത്ത് കവടിയാ ർ ജങ്ഷനില്‍ ചൊവ്വാഴ്ച രാത്രി 9.15 ന് ഒാടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. െെഡ്രവര്‍ ഉള്‍പ്പെടെ കാറിലുണ്ടായിരുന്നവര്‍ െപട്ടെന്നു പുറത്തിറങ്ങിയതിനാല്‍ ആളപായം ഉണ്ടായില്ല.

2023 ഫെബ്രുവരി 2, കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ഗർഭിണിയായ യുവതിയും ഭർത്താവും മരിച്ച സംഭവം.

കാര്‍ ഒാടിക്കുന്നവര്‍ക്കെല്ലാം ആധിയോടെ മാത്രമേ ഇത്തരംവാര്‍ത്തകള്‍ വായിക്കാനാകൂ. ഒപ്പം ഒരുപാടു സംശയങ്ങൾക്കും തീ പിടിക്കുന്നു. ഒരു കുഴപ്പവുമില്ലാതെ ഒാടിക്കൊണ്ടേയിരിക്കുന്ന കാർ എങ്ങനെയാണ് പെട്ടെന്നു തീ പിടിക്കുക? തീ പിടിച്ചാൽ വാതിലുകൾ ഒട്ടോമാറ്റിക്ക് ലോക്ക് ആയിപോകുമോ? ചൂടുകാലത്ത് പെട്രോൾ ഫുൾ ടാങ്ക് അടിച്ചാൽ തീ പിടിക്കുമോ? ഉള്ളില്‍ വയ്ക്കുന്ന പെര്‍ഫ്യൂം ആണോ അപകടകാരി.... ചോദ്യങ്ങള്‍ നിരവധിയാണ്.

വാഹനങ്ങൾ ഒാടിക്കുമ്പോഴും ഒാടിച്ചു കഴിഞ്ഞ് നിർത്തുമ്പോഴും തീ പിടിക്കുന്ന സന്ദർഭങ്ങൾ കേരളത്തിൽ കൂടിവരികയാണ്. പലപ്പോഴും തീ പിടിച്ച വാഹനങ്ങൾ ഉരുണ്ടു പോവുകയും സ്ഫോടനത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്യാറുണ്ട്. എന്നാൽ തീ പിടിക്കുന്നതിന്റെ കാരണങ്ങളും തീ പിടിക്കും മുമ്പുള്ള ലക്ഷണങ്ങളുമെല്ലാം മനസ്സിലാക്കേണ്ടതുണ്ട്.

ബൾബ് മാറ്റിയാൽ തീ പിടിക്കുമോ?

ഷോർട് സർക്യൂട്ടാണ് തീപിടിക്കാനുള്ള പ്രധാന കാരണം. പല കാരണങ്ങൾ കൊണ്ട് കാറിൽ ഇലക്ട്രിക്കൽ തകരാറുകൾ ഉണ്ടാവാം. കാറിനുള്ളിലെ വയറിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അറിവില്ലായ്മ പലപ്പോഴും കുഴപ്പങ്ങളിലാക്കാറുണ്ട്. ഒരു ബൾബ് മാറുന്നതു പോലും തീപിടുത്തത്തിനു കാരണമാകുന്നുണ്ട്.

നിലവിലുള്ള ലൈറ്റുകൾ മാറ്റി പ്രകാശം കൂടിയ ബൾബുകൾ ഹെഡ്‌ലൈറ്റിൽ ഉപയോഗിക്കുന്നവരുണ്ട്. ഹെഡ് ലാംപിനായുള്ള ബൾബുകൾക്ക് ഒാരോ കാർ കമ്പനിയും നിശ്ചയിച്ചിരിക്കുന്ന വാട്സ് ഉണ്ട്. ആ വാട്സിലുള്ള ബൾബുകളിലേക്കു വരുന്ന കറന്റിനു താങ്ങാവുന്ന വയറിങ്ങാണ് ആ കാറുകളിൽ ഉണ്ടാകുക. വാട്സ് കൂടിയ ബൾബ് ഇട്ടാൽ വൈദ്യുതി കൂടുതലായി വരാനും വയറുകൾ ചൂടായി ഉരുകാനും അതു തീ പിടുത്തത്തിനു കാരണമാകാനും സാധ്യതയുണ്ട്.

മ്യൂസിക് സിസ്റ്റം മാറ്റി വയ്ക്കുമ്പോൾ

മോഡിഫിക്കേഷനുകൾ പരിധി വിടുന്നത് വലിയ കുഴപ്പങ്ങളിലേക്കായിരിക്കും. കമ്പനികൾ നിർദ്ദേശിക്കുന്ന വയറിങ് രീതികളുണ്ട്. അത് പിൻതുടരുകയാണ് നല്ലത്. കാറിനുള്ളിലെ സ്റ്റീരിയോ സിസ്റ്റം മാറ്റി വയ്ക്കുമ്പോൾ അതിനുപയോഗിക്കുന്ന അനുബന്ധ സാധനങ്ങളിൽ ശ്രദ്ധിക്കണം.

സ്റ്റീരിയോ സിസ്റ്റം മാറ്റുമ്പോഴും വലിയ വൂഫറുകളും മ റ്റും പിടിപ്പിക്കുമ്പോഴും വില കുറച്ചു നൽകാനായി ചിലർ വയറിങ്ങിൽ പണം ലാഭിക്കാൻ ശ്രമിക്കും. നിലവിലുള്ള വയറിങ് മാറ്റാതിരിക്കുന്നതും സർക്യൂട്ടുകൾ മുറിച്ച് വീണ്ടും കൂട്ടിപ്പിടിപ്പിക്കുന്നതും അപകടങ്ങളുണ്ടാക്കിയേക്കാം.

കാലപ്പഴക്കം കൊണ്ട് വയറുകൾ കൂട്ടിപ്പിടിപ്പിച്ച ഇൻസുലേഷനുകൾ പൊളിഞ്ഞു പോകുകയും ഷോർട് സർക്യൂട്ട് മൂലം തീപ്പൊരികളുണ്ടാകാനും സാധ്യതയുണ്ട്. പലപ്പോഴും ഇതിനൊപ്പം അതേ കമ്പനിയുടെ തന്നെ സർക്യൂട്ട് കിറ്റുകളുമുണ്ടാകും. കൂട്ടിപ്പിടിപ്പിക്കാൻ കപ്ളറോടു കൂടിയാകും ഇതു വരുന്നത്. ഇതാണു കൂടുതൽ സുരക്ഷിതം.

എൻജിനുള്ളിൽ തീ പിടിക്കുമോ?

ബാറ്ററി യൂണിറ്റിരിക്കുന്ന ഭാഗം എൻജിനുള്ളിലാണ്. ഈ ഭാഗത്തുണ്ടാകുന്ന ചെറിയ രീതിയിലുള്ള തീ പോലും വലിയ തീ പിടുത്തമായി മാറിയേക്കാം. ബാറ്ററിയിലേക്കുള്ള കണക്‌ഷൻ കുഴപ്പങ്ങൾ തീപ്പൊരികളുണ്ടാക്കാം. വിവിധ ഒായിലുകളും ഡീസൽ പോകുന്ന പൈപ്പുകളുമെല്ലാം ഈ ഭാഗത്തുണ്ട്. അവയിലേക്ക് തീ പടരാനുള്ള സാധ്യത കൂടുതലാണ്.

കൂളിങ് സിസ്റ്റം തകരാറിലായാലും തീപിടുത്തത്തിനു സാദ്ധ്യതയുണ്ട്. ശരിയായ മെയിന്റനൻസ് ഇല്ലാതാകുമ്പോഴാണ് ഈ കുഴപ്പം ഉണ്ടാകുക. കൂളന്റ് തീർന്നു പോകുകയോ ലീക്കായി നഷ്‍ടപ്പെടുകയോ ചെയ്താൽ എൻജിൻ ചൂടായി തീ പിടിച്ചേക്കാം. ചില അശ്രദ്ധകൾക്കും വലിയ വില കൊടുക്കേണ്ടി വരും വാഹനം ഒാഫ് ചെയ്യുമ്പോൾ ഹാൻഡ് ബ്രേക്ക് ഇട്ടുവയ്ക്കുന്നവരാണ് പലരും, എന്നാൽ വണ്ടി വീണ്ടുമെടുക്കുമ്പോൾ അത് മാറ്റാൻ മറന്നു പോകും. ഹാൻഡ് ബ്രേക്ക് ഇട്ട രീതിയിൽ അധിക ദൂരം വണ്ടിയോടിയാൽ ബ്രേക്കിങ് സിസ്റ്റം ചൂടായി തീ പിടിക്കാം.

ഫ്യൂസ് സ്വയം മാറ്റിയിടാമോ?

ഷോർട് സർക്യൂട്ട് ഉണ്ടാകും മുമ്പുള്ള ആദ്യ ലക്ഷണം ഫ്യൂസ് ‘പോകുന്നതാണ്’. ഫ്യൂസ് കേടാകുന്നതിന്റെ കാരണം മനസ്സിലാക്കാതെ സ്വയം അറ്റകുറ്റപ്പണി നടത്തുന്നത് അപകടമുണ്ടാക്കാം. വയറിങ്ങിലെ പ്രശ്നങ്ങൾ കണ്ടുപിടിച്ചു വേണം ഫ്യൂസ് മാറ്റിയിടാൻ. അതുകൊണ്ടുതന്നെ അംഗികൃത സർവീസ് സെന്ററുമായി ബന്ധപ്പെടാതെ ഇത്തരം ജോലികൾ ഒറ്റയ്ക്ക് ചെയ്യാതിരിക്കുകയാണ് ഉത്തമം.

ഇന്ധനം തീ പിടിക്കുന്നതെപ്പോൾ

ഇന്ധന ടാങ്കിൽ നിന്ന് എൻജിനിലേക്കു പോകുന്ന പൈപ്പിലെ ലീക്ക് ഗുരുതരമായ തീ പിടുത്തത്തിനു കാരണമായേക്കാം. ഇന്ധനം പോകുന്ന പൈപ്പ്, ചൂടായിരിക്കുന്ന എൻജിന്റെ ഭാഗത്തു മുട്ടുമ്പോഴും തീ പിടുത്തതിനുള്ള സാധ്യത കൂടുതലാണ്. എന്നാൽ പുതിയ വണ്ടികളുടെ സുരക്ഷാ മാനദണ്ഡങ്ങൾ വച്ച് ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത വളരെ ചുരുക്കമാണ്. ഇന്ധനം പോകുന്നതെല്ലാം മെറ്റൽ പൈപ്പുകൾ ആണ്. അ കത്ത് റബ്ബര്‍ പൈപ്പുകള്‍ ആണെങ്കിലും പുറമെ മെറ്റൽ കോട്ടിങ് വേണമെന്നു നിർബന്ധവുമുണ്ട്. കൃത്യമായ സർവീസിങ് ഇല്ലാത്തതും കാലപ്പഴക്കവും കൊണ്ടുമാണ് ഇത്തരത്തിൽ ലീക്ക് വരുന്നത്. ‍

ഒാട്ടോ ഗ്യാസ് നിറയ്ക്കുന്ന വാഹനങ്ങൾ മെയിന്റനൻസിനു കൂടുതല്‍ ശ്രദ്ധ നൽകണം. സുരക്ഷാമാനദണ്ഡങ്ങളെല്ലാമുള്ള കിറ്റുകൾ‌ ഉപയോഗിക്കണം. ഒാട്ടോ ഗ്യാസിനു പകരം പാചകഗ്യാസ് ഉപയോഗിക്കുന്നതൊക്കെ അപകടത്തിലേക്കുള്ള ഷോർട് കട്ടാണ്. ഒാട്ടോ ഗ്യാസ് പമ്പുകളിൽ നിന്നു മാത്രം ഇന്ധനം നിറയ്ക്കുക.

വെയില്‍ചൂടു കൊണ്ട് കാർ കത്തുമോ?

കടുത്ത വേനലിൽ‌ റോഡിൽ നിർ‌ത്തിയിട്ടിരിക്കുന്ന കാറു ക ത്തും, ഫുൾ ടാങ്ക് ഡീസൽ വേനൽ‌ക്കാലത്ത് നിറക്കാൻ പാടില്ല തുടങ്ങിയ പ്രചാരണങ്ങളിൽ കഴമ്പില്ല. കേരളത്തിലെ സാഹചര്യത്തിലും നിലവിലുള്ള കാറുകളുടെ ഗുണനിലവാരവുമൊക്കെ എടുത്തു നോക്കിയാൽ ഇതിനുള്ള സാധ്യത വളരെ കുറവാണ്. പുറത്തുനിന്നോ വാഹനത്തിനുള്ളിൽ നിന്നോ ഒരു സ്പാർക്ക് ഇല്ലാതെ കാർ തീ പിടിക്കില്ല.

കാർ പെർഫ്യുമുകൾക്ക് തീപിടിക്കുമോ?

തീ പിടിക്കാൻ സാധ്യതയുള്ള ഒരിന്ധനവും കാറിൽ കൊണ്ടു പോകരുത്. അപകടകരമല്ലാത്ത സ്പാർക്കുകൾ പോലും ഇ ത്തരം സാഹചര്യത്തിൽ കുഴപ്പങ്ങളുണ്ടാക്കും.

കാറുനുള്ളിൽ വയ്ക്കുന്ന പെർഫ്യൂമുകൾ തീ പിടിപ്പിക്കില്ല. എന്നാൽ നെയിൽ പോളിഷ് റിമൂവർ തീപിടിക്കാൻ സാദ്ധ്യതയുള്ളതാണ്. അതിനുള്ളിൽ തീ പടർത്താൻ സാധ്യതയുള്ള അസറ്റോൺ സാന്നിദ്ധ്യം അപകടമുണ്ടാക്കും. കാറിനുള്ളിൽ ബോഡി പെർഫ്യുമുകളിടുന്നത് തീപിടിപ്പിക്കില്ലെങ്കിലും ചൂടു കൂടി അടപ്പു തെറിച്ചു പോകാൻ സാദ്ധ്യതയുണ്ട്. പെർഫ്യൂം കാനുകളുടെ പ്ലാസ്റ്റിക് ഭാഗം ശക്തിയോടെ തെറിച്ച് പോയി കാറുകളുടെ ഗ്ളാസ് തകർത്തേക്കാം. അകത്ത് മർദമുള്ള കാനുകൾ കാറിനുള്ളിൽ വയ്ക്കാതിരിക്കുകയാണു നല്ലത്.

കാറിനുള്ളിൽ പുകവലി പാടില്ല

കാറിനുള്ളിൽ ഇരുന്ന് ഒരു കാരണവശാലും സിഗരറ്റ് വലിക്കരുത്. സിഗരറ്റിൽ നിന്നു വീഴുന്ന തീപ്പോരികൾ സീറ്റിൽ വീണാൽ റക്സിനായതുകൊണ്ടു തന്നെ തീപിടിക്കും. വണ്ടിക്കുള്ളിലെ റക്സിനും സ്പോഞ്ചും പ്ളാസ്റ്റുക്കുമെല്ലാം എളുപ്പത്തിൽ തീ പിടിക്കുന്നതാണ്. സിഗരറ്റ് ലൈറ്ററും കാറുനുള്ളിൽ വയ്ക്കുന്നത് അപകടത്തെ ക്ഷണിച്ചു വരുത്തും.

കാർ കത്തും മുമ്പുളള ലക്ഷണങ്ങള്‍

കരിഞ്ഞമണം, പുക ഇതു രണ്ടും അവഗണിക്കരുത്. എസി പെട്ടെന്ന് നിലയ്ക്കുക. ഒപ്പം കരിഞ്ഞ ഗന്ധവും വന്നാൽ എത്രയും വേഗം കാർ നിർ‌ത്തുക. കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ മുതൽ പതിവില്ലാത്ത ഏതു ലക്ഷണവും അവഗണിക്കാതിരിക്കുക.

വാഹനം നിർത്തിക്കഴിഞ്ഞ് എടുക്കുമ്പോൾ നിലത്തുള്ള ഇ ന്ധനത്തിന്റെയും ഒായിലിന്റെയും പാടുകൾ അവഗണിക്കാതിരിക്കുക. ഇന്ധന പൈപ്പുകളിലെ ലീക്കിന്റെ ലക്ഷണമാവാമത്. എത്രയും വേഗം അറ്റകുറ്റപ്പണി നടത്തുക.

ബോണറ്റിനുള്ളിൽ നിന്നു പുക വന്നാൽ എത്രയും വേഗം കാറിൽ നിന്നിറങ്ങുക. ഹാൻഡ് ബ്രേക്ക് ഇടാൻ മറക്കരുത്. തീപിടിച്ച് കാർ ഉരുണ്ടുപോകാതിരിക്കാൻ ഇതു സഹായിക്കും.

കാർ കത്തുമെന്നുറപ്പായാൽ

മനസ്സാന്നിദ്ധ്യം നഷ്ടപ്പെടരുത്, സീറ്റ് ബെൽറ്റ് എത്രയും പെട്ടെന്ന് അഴിക്കുക. ചിലപ്പോൾ ഒാട്ടോമാറ്റിക് ലോക്ക് പ്രവർത്തിക്കില്ല. വാതിലുകൾ തുറക്കാനാകുന്നില്ലോ എന്നോർത്ത് ഭയപ്പെടാതിരിക്കുക. മാനുവലായി തുറക്കാൻ പറ്റുന്ന സാഹചര്യം എല്ലാ കാറിലുമുണ്ട്. ബാക്ക് ഡോറിലാണ് കൂടുതല്‍ കുഴപ്പത്തിനുള്ള സാധ്യത. പലപ്പോഴും പുറകു വശത്തെ ഡോറിൽ ചൈൽഡ് ലോക്ക് ഇട്ടിട്ടുണ്ടാവും. അതോടെ അകത്തു നിന്നു തുറക്കാൻ സാധിക്കില്ല. എത്രയും വേഗം പുറത്തു നിന്ന് വാതിൽ തുറക്കുക.

ബോണറ്റനടിയിൽ നിന്നു തീനാളങ്ങൾ കണ്ടിട്ടുണ്ടെങ്കി ബോണറ്റ് തുറക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയോടെ വേണം. വാ യു അകത്തേക്കു കയറിയാൽ തീ ആളിക്കത്താനും പൊള്ളലേൽക്കാനും സാധ്യത കൂടുതലാണ്.പുക മാത്രമേ വരുന്നുള്ളു എങ്കിൽ തുറക്കാം. ബാറ്ററിയുടെ കണക്‌ഷൻ ഒഴിവാക്കാനുള്ള അവസരം ഉണ്ടെങ്കിൽ പെട്ടെന്ന് അങ്ങനെ ചെയ്യുക.

മുൻകരുതലെടുക്കാം

∙ മുതിർന്നവർക്കും കുട്ടികൾക്കും വാതിലുകൾ എങ്ങനെയാണ് തുറക്കുന്നതെന്നു നേരത്തേ പഠിപ്പിച്ചു കൊടുക്കുക. മാനുവൽ ആയി തുറക്കേണ്ടതും ചൈൽഡ് ലോക്ക് ഇട്ടാൽ എങ്ങനെ തുറക്കണമെന്നും പറഞ്ഞു കൊടുക്കുക.

∙ കാറിനുള്ളിൽ ചെറിയ ചുറ്റിക സൂക്ഷിക്കാം.

∙തീയണക്കാനുള്ള ഉപകരണം വാങ്ങാം. ഗ്യാസ് ബേസ്ഡ് ഫയർ എക്സ്റ്റിംഗഷറുകളാണ് വാങ്ങേണ്ടത്. ആയിരം രൂപയിൽ താഴെയേ വിലയാവുകയുള്ളു.

വിവരങ്ങൾക്കു കടപ്പാട്: ആർ. പ്രസാദ്

ഡിവിഷനൽ ഒാഫിസർ, കേരള ഫയർ ആൻഡ് റസ്ക്യു സർവീസസ്, കൊച്ചി

കെ. ശങ്കരൻകുട്ടി, ഒാട്ടോ മൊബൈൽ എൻജിനിയർ കോട്ടയം.