Friday 25 November 2022 12:49 PM IST

‘18-ാം വയസിൽ വിവാഹം, മകൾക്ക് മൂന്നു മാസം ഉള്ളപ്പോൾ ഭർത്താവിന്റെ മരണം’: അംബികയുടെ യാത്ര അവർക്കു വേണ്ടി

Shyama

Sub Editor

rj-ambika

നിങ്ങൾക്കു വേണ്ടതിലേക്കുള്ളോരു തെളിഞ്ഞ പാത കാണാനാകുന്നില്ലെങ്കിൽ, കഴിയുമെങ്കിൽ ഒരെണ്ണം സൃഷ്ടിച്ചേക്കുക.’ അമേരിക്കൻ നടിയും നിർമാതാവുമായ മിന്റി കലിങ്ങിന്റെ വാക്കുകൾ സ്വന്തം ജീവിതത്തിൽ പകർത്തിയ മൂന്ന് വനിതകൾ ‘വനിത’യ്ക്കൊപ്പം ചേരുന്നു.

സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ കുതിരപ്പുറത്തെത്തുന്ന രാജകുമാരനെ അവർ കാത്തിരിക്കുന്നില്ല. തേരാളികൾ വേണ്ടാത്ത, ഒറ്റയ്ക്ക് ലോകം ചുറ്റാൻ പ്രാപ്തിയുള്ള വനിതകളെ അടുത്തറിയാം. കൊച്ചിക്കാരി ആർജെ അംബിക, കാസർകോട് നിന്ന് അമൃത ജോഷി.

ഒരൊറ്റ തോന്നൽ, ഒരൊറ്റ പോക്ക് : ആർജെ അംബിക

പതിനെട്ടാം വയസ്സിൽ എയർഫോഴ്സ് ഉദ്യോഗസ്ഥനായ ശിവരാജ് ഹരിഹരനുമായുള്ള വിവാഹം. പത്തൊൻപതാം വയസ്സിൽ മകൾ ആര്യയ്ക്ക് മൂന്നു മാസം മാത്രം പ്രായമുള്ളപ്പോൾ ഭർത്താവിന്റെ മരണം. പിന്നീടങ്ങോട് പലതിനോടും പടവെട്ടി പല ജോലികൾ പയറ്റി. അക്കൗണ്ടിങ്ങും ഫൊട്ടോഗ്രഫിയും സിനിമാ മോഹവും വരെ അതിലുണ്ട്. പിന്നെ, ആകാശവാണിയിലെ റേഡിയോ ജോക്കിയായി.

44–ാം വയസ്സിലാണ് അംബിക അവഗണിക്കപ്പെടുന്ന സൈനിക – വിധവകൾക്ക് പ്രതീക്ഷ നൽകാനെന്നോണം ഇന്ത്യ ചുറ്റാൻ തീരുമാനിച്ചത്. 2022 ഏപ്രിൽ 11ന് ‘വാസുവു’മായി (ബുള്ളറ്റിന്റെ പേര്) ആ യാത്ര തുടങ്ങി...

‘‘ഒരു പരിചയക്കാരന്റെ വണ്ടി ഒറ്റത്തവണ ഓടിച്ചു നോക്കി ഇഷ്ടപ്പെട്ടതോടെയാണ് ബുള്ളറ്റ് ബുക് ചെയ്തത്. യാത്ര പോകുന്നു എന്നറിഞ്ഞപ്പോഴേ എല്ലായിടത്തു നിന്നും എതിർപ്പുകള്‍ തുടങ്ങി. ‘ഇങ്ങനെയൊരു കാര്യം ചെയ്തിട്ട് നിനക്കെന്ത് കിട്ടാനാണ്?’ എന്നാണ് പലരും ചോദിച്ചത്. അതിനു ഞാനന്ന് മറുപടി കൊടുത്തിട്ടില്ല, പകരം ഈ യാത്ര തന്നെ അവർക്കുള്ള മറുപടിയായി.

ഭർത്താവ് മരിച്ചപ്പോൾ ആശ്രിത നിയമനം വഴി ജോലി കിട്ടുമെന്നോർത്ത് കഷ്ടപ്പെട്ട് കുറേ പഠിച്ചു. ആ സമയത്ത് തന്നെ കാർഗിൽ യുദ്ധം വന്നതോടെ അവർക്കായി പ്രാധാന്യം. അവഗണനകൾ പലതും സഹിക്കേണ്ടി വരുന്നവരാണ് സൈനികരുടെ വിധവകൾ. അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് അന്നേ കരുതിയിരുന്നു. പല ചെറിയ ജോലികൾക്കിടെ ആകാശവാണിയിൽ ആർജെ ആയി.

വീണ് വീണ് തന്നെയാണ് പഠിച്ചത്. ഇപ്പോഴും വണ്ടി പൊക്കാൻ പറ്റില്ല. പക്ഷേ, വീണപ്പോഴൊക്കെ ആരെങ്കിലുമൊക്കെ വന്ന് പൊക്കിയെടുക്കാൻ സഹായിച്ചിട്ടുണ്ട്.

പ്രതിസന്ധികൾ തുടരെ

ലോക്ഡൗണിന്റെ വിരസതയിൽ നിന്നാണ് ‘ഓൾ ഇന്ത്യാ റൗണ്ട് ട്രിപ്’ എന്ന ആശയം വരുന്നത്. സാമൂഹികാവബോധം സൃഷ്ടിക്കാനുള്ള സാധ്യതയും ഉപയോഗപ്പെടുത്തി. യാത്രയിൽ ഇന്ത്യയിലെ ആകാശവാണി സ്റ്റേഷനുകൾ സന്ദർശിക്കാനും തീരുമാനിച്ചു. അങ്ങനെ പോകേണ്ട വഴിയുടെ ‘ഐറ്റിനറി’ (യാത്രാകാര്യക്രമം) ഉണ്ടാക്കി. സ്പോൺസർമാരെ തേടിയെങ്കിലും തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീ എന്ന് പറഞ്ഞപ്പോൾ പലർക്കും സംശയമായി.

‘ടയർ എക്സി’ലെ കിരണാണ് വണ്ടിയുടെ ടയറുകൾ സ്പോൺസർ ചെയ്തത്. അതേപോലെ ആദ്യം മുതലേ ഒപ്പം നിന്ന് സഹായിച്ചത് പത്മശ്രീ പുരസ്കാര ജേതാവും വിദ്യാഭ്യാസ ആക്ടിവിസ്റ്റുമായ അങ്കിൾ മൂസ എന്ന് അറിയപ്പെടുന്ന സത്യനാരായൺ മുണ്ടയൂരാണ്.

യാത്ര പ്ലാനിങ്ങിനിടെ ഉണ്ടായ വീഴ്ചയിൽ ലിഗമെന്റിന് പ്രശ്നം വന്നു. ഞാനെന്തായാലും പോകുമെന്ന വാശിയിലായിരുന്നു. അതുകൊണ്ട് ഡോക്ടർ കാലി‍ൽ ‘സ്ലാബ്’ ഇട്ടു തന്നു. ദിവസവും ഫിസിയോതെറപ്പിയും ചെയ്തു. ഏപ്രിൽ 11ന് യാത്ര തുടങ്ങി. നാലാം ദിവസം ചെന്നൈയിൽ വച്ച് ബൈക്ക് ആക്സിഡന്റായി. രണ്ടു കാലിലും വീണ്ടും ലിഗമെന്റ് ടിയർ വന്ന് കിടപ്പിലായി. കേരളം വിട്ടാൽ ഇത്ര പോലും റോഡ് നിയമങ്ങൾ പലരും പാലിക്കാറില്ല.

വീഴ്ചയോടെ ഡോക്ടറുൾപ്പെടെ പലരും തിരികെ പോ രാൻ ആവശ്യപ്പെട്ടു. എനിക്ക് തിരികെ പോകുന്നതിനെ കുറിച്ച് ചിന്തിക്കാനേ വയ്യായിരുന്നു. ചെന്നൈ മലയാളി അ സോസിയേഷനും എന്റെയൊരു സുഹൃത്തും വളരെയേറെ സഹായിച്ചു. മൂന്നാഴ്ചയ്ക്കു ശേഷം മേയ് ഒൻപതിന് വീണ്ടും യാത്ര തുടങ്ങി. ഞാൻ പ്രതീക്ഷിക്കാത്ത സ്വീകരണമാണ് ആകാശവാണി സ്റ്റേഷനുകളിൽ നിന്ന് ലഭിച്ചത്.

പതറാതെ മുന്നോട്ട്

രണ്ടു വർഷം മുൻപ് തൊട്ടേ മെൻസ്ട്രൽ കപ്പ് ഉപയോഗിച്ചിരുന്നു. അതാണ് ഈ ട്രിപ്പിൽ ഏറ്റവും വലിയ അനുഗ്രഹമായതും. വണ്ടിയിൽ ഡീഹൈഡ്രേഷൻ പൗഡറിട്ട വെള്ളം എപ്പോഴും കരുതിയിരുന്നു. എടുത്ത് പറയേണ്ട മറ്റൊന്നാണ് മാപ്പിൾസ് ആപ്. എന്റെ വണ്ടി പോകുന്ന വഴിയും മറ്റും വിവരങ്ങളും അത് മറ്റുള്ളവരിലേക്ക് എത്തിച്ചു.

പറ്റുന്ന സൈനിക ക്യാംപുകളിൽ പോയി അവരുമായി സംവദിച്ചിരുന്നു. 47 ദിവസം കൊണ്ട് തീരേണ്ട യാത്ര 101 ദിവസമെടുത്താണ് പൂർത്തിയാക്കിയത്. പാതിക്ക് പിന്മാറാതെ പൂർത്തിയാക്കി എന്നതാണ് എന്നും അഭിമാനിക്കാനുള്ള നേട്ടം. താമസം തൃപ്പൂണിത്തുറ പുതിയകാവിലാണ്. മകൾ ആര്യ ശിവരാജ് യുകെയിൽ ഉപരിപഠനം ചെയ്യുന്നു. മകളില്ലാതെ ഇവിടെ നിൽക്കുന്നതിന്റെ ഒറ്റപ്പെടലുണ്ട്. എ നിക്കൊരു പാർട്നർ ഉണ്ടായാൽ കൊള്ളാമെന്ന ആഗ്രഹം മോള്‍ക്കുണ്ട്.

അടുത്ത ചിന്ത സൈനികരുടെ വിധവകൾക്കായി എ ന്തെങ്കിലും സംരംഭം തുടങ്ങുകയെന്നതാണ്.’’