സന്തോഷത്തിലേക്കുള്ള യാത്രയിൽ സീതയുടെ കയ്യിൽ ഒരു ടിക്കറ്റ് ഉണ്ടായിരുന്നു. അതിന്റെ പേരാണ് സങ്കടം. ജീവിതം ന ൽകിയ പ്രതിസന്ധികൾ മറികടന്നാണ് സീതയുടെ ജീവിതം വളർന്നത്.
കെഎസ്ആർടിസി ഡ്രൈവർ ആയ ശിവരാജിനും ഭാര്യ ഓമനയ്ക്കും മൂന്നു പെൺമക്കൾ. മൂത്തമകൾ സീത. വിവാഹപ്രായം തൊട്ടപ്പോഴേ അച്ഛൻ സീതയുടെ കല്യാണം നടത്തി. ഭർത്താവ് അജികുമാറിന് തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ കട ആയിരുന്നു. മൂത്തമകൻ വിഷ്ണു പിറന്നപ്പോൾ ജീവിതത്തിന് പുതിയ നിറങ്ങൾ കൈവന്ന പോലെ സീതയ്ക്ക് തോന്നി. പക്ഷേ, മൂന്നു വയസ്സ് കഴിഞ്ഞിട്ടും വിഷ്ണു ‘അച്ഛൻ’, ‘അമ്മ’ എന്നീ വാക്കുകൾ മാത്രമേ പറയുന്നുള്ളൂ. സീതയ്ക്കും അജികുമാറിനും സംശയമായി. ഡോക്ടറെ കണ്ടു. കുട്ടിക്ക് കേൾവിത്തകരാർ ഉണ്ടെന്ന് മനസ്സിലായി.
‘‘വിഷ്ണുവിന് ഏഴു വയസ്സുള്ളപ്പോഴാണ് ഇരട്ടക്കുട്ടികളുടെ ജനനം. ലക്ഷ്മിയും പാർവതിയും. കുഞ്ഞുങ്ങളുടെ കേൾവിയെക്കുറിച്ചായിരുന്നു എന്റെ ടെൻഷൻ മുഴുവൻ. ആറുമാസമാകുമ്പോൾ നോക്കാം എന്ന് ഡോക്ടർ പറഞ്ഞു. എങ്കിലും മനസ്സിൽ തീയാളിക്കൊണ്ടിരുന്നു.
വലിയ ശബ്ദങ്ങൾ കേൾക്കുമ്പോൾ അവർ പ്രതികരിക്കും. അപ്പോൾ എനിക്ക് ആശ്വാസം തോന്നും. കുഴപ്പമൊന്നുമില്ല എന്നു തന്നെ വിചാരിച്ചു. ഒരു വയസ്സ് കഴിഞ്ഞപ്പോൾ കേൾവി പരിശോധിച്ചു. രണ്ടുപേർക്കും കേൾവിത്തകരാർ ഉണ്ട്.

ഒന്നര വയസ്സ് മുതൽ ലക്ഷ്മിയെയും പാർവതിയെയും പൂജപ്പുര നിഷിൽ സ്പീച് തെറപ്പിക്ക് കൊണ്ടുപോയിത്തുടങ്ങി. ആ ഒാട്ടത്തിനിടയിൽ മറ്റൊരു സങ്കടം കൂടി എന്റെ മേൽ വന്നു. ഭർത്താവ് അജികുമാറിന്റെ വേർപാട്. അതോടെ എനിക്ക് വീണ്ടും അച്ഛനമ്മമാരുടെ തണലിലേക്ക് പോരേണ്ടി വന്നു. ജോലി ഇല്ലാത്ത ഞാൻ എങ്ങനെ കുട്ടികളുടെ ഭാവിജീവിതം മുന്നോട്ടു നയിക്കും. ആശങ്കയും സങ്കടവും നിറഞ്ഞ ദിവസങ്ങളായിരുന്നു അത്.’’
കഥ തുടങ്ങുന്നു, അല്ല ജീവിതം
‘‘എന്റെയും മൂന്നു കുട്ടികളുടെയും കൂടി ചെലവ് താങ്ങാൻ അച്ഛനെക്കൊണ്ട് ആകില്ല എന്നെനിക്കറിയാം. അങ്ങനെ എൽഐസി ഏജന്റ് ആയി. കുട്ടികളെ നിഷിൽ തുടർന്നു പഠിപ്പിക്കാൻ അവിടുത്തെ അധ്യാപകർ സഹായിച്ചു. കുട്ടികളുടെ ചെലവിനുള്ള തുകയും അവരുടെ സഹായത്താൽ കിട്ടി. നിന്നുപോയൊരു ക്ലോക്കിന് പുതിയൊരു ബാറ്ററി കിട്ടിയ പോലെ ജീവിതം മെല്ലെ ചലിച്ചു തുടങ്ങി.
കുട്ടികളെ രാവിലെ നിഷിൽ കൊണ്ടു വിട്ടിട്ട് ഞാൻ എൽഐസിയിൽ ആളെ ചേർക്കുന്നതിനായി ഇറങ്ങും. തിരികെ വരുന്നതു വരെ നിഷിലെ മറ്റുള്ള അമ്മമാർ കുട്ടികളെ നോക്കി സഹായിച്ചു. കുട്ടികൾ നടക്കാറാകുന്നതു വരെ അവരെ നിഷിൽ കൊണ്ടുപോകാൻ എന്റെ സഹാദരങ്ങൾ കൂടെ വരുമായിരുന്നു.
നിഷിൽ പഠിക്കാൻ വന്ന ഒരു കുട്ടിയുടെ അമ്മയുടെ സഹായത്തോടെയാണ് എംപ്ലോയ്മെന്റ് എ ക്സ്ചേഞ്ചിൽ പേര് ചേർത്തത്. അങ്ങനെ പൊതുമരാമത്തു വകുപ്പിൽ ക്ലർക് ആയി നിയമനം ലഭിച്ചു. ഈ ശ്വരന്റെ അനുഗ്രഹം, എന്റെ കുട്ടികൾക്ക് ഉള്ളതുകൊണ്ടാകാം എനിക്കാ ജോലി ലഭിച്ചത്.
നിഷ് മുഖാന്തരം അവരുടെ പിന്നീടുള്ള പഠനത്തിനാവശ്യമുള്ള സഹായം പേര് പറയാനാഗ്രഹിക്കാത്ത ഡോക്ടർ ദമ്പതിമാർ തന്നു.
നിഷിലെ പഠനം പ്രത്യേകതയുള്ളതായിരുന്നു. വാക്കുകൾ പഠിപ്പിച്ചിട്ട് അതു വാചകമാക്കി മാറ്റുന്നതു വരെയാണ് അവിടുത്തെ പഠനം. സ്വരാക്ഷരം വ്യഞ്ജനാക്ഷരം എന്നിവ പഠിക്കാതെ തന്നെ കുട്ടികൾക്ക് ഭാഷ ഹൃദിസ്ഥമാകും. അഞ്ചു വയസ്സു വരെ നിഷിൽ പഠിച്ച ശേഷം അവരെ സാധാരണ സ്കൂളിൽ ചേർത്തു.
വിഷ്ണുവിന് പഠിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അവൻ ടീച്ചർമാരോടും കൂട്ടുകാരോടും സംശയങ്ങൾ ചോദിച്ചു മനസ്സിലാക്കി പഠിക്കുമായിരുന്നു. പ്ലസ് ടു കഴിഞ്ഞ് എൻജിനീയറിങ്ങിന് ചേരണം എന്നു വിഷ്ണു പറഞ്ഞപ്പോൾ അവന് ബിടെക് പഠിച്ചു പൂർത്തിയാക്കാൻ സാധിക്കുമോ എന്ന് എനിക്ക് സംശയമായിരുന്നു. സ്പീച്ച് തെറപ്പി വേണ്ടത്ര കിട്ടിയിട്ടില്ലാത്ത കുട്ടിയാണ് അവൻ. പക്ഷേ, ആ ബുദ്ധിമുട്ടുകളൊക്കെ മോൻ അതിജീവിച്ചു. നന്നായി പഠിച്ചു. പഠനം കഴിഞ്ഞയുടൻ തന്നെ ജോലിയും ലഭിച്ചു.
റെയിൽവേയിൽ പ്യൂൺ ആയാണ് കരിയറിന്റെ തുടക്കം. ഇപ്പോൾ പൊതുമരാമത്തു വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ ആണ്. ചെങ്ങന്നൂർകാരിയായ ഐശ്വര്യ ആണ് ഭാര്യ. ഐശ്വര്യ ഗ്രാമവികസന വകുപ്പിൽ ക്ലർക്കാണ്. അവർക്ക് മൂന്നുവയസ്സുള്ള മകളുണ്ട്. പേര് അമേയ.
തിരുവനന്തപുരം എൻജിനീയറിങ് കോളജിലായിരുന്നു വിഷ്ണു പഠിച്ചത്. ലക്ഷ്മിക്കും പാർവതിക്കും അവിടെ തന്നെ അഡ്മിഷൻ കിട്ടി. വിഷ്ണുവിന്റെ അനുജത്തിമാർ എന്ന പരിഗണന അവർക്ക് അവിടെ ആവോളം കിട്ടി. പഠനത്തിൽ അവരുടെ സഹപാഠികളും സുഹൃത്തുക്കളും മൂന്നു പേരെയും ഏറെ സഹായിച്ചിട്ടുണ്ട്.
അമ്മയുടെ പുഞ്ചിരിയാണ് ആനന്ദം
‘‘പത്താം ക്ലാസ് കഴിയുന്നതു വരെ ഐഇഎസിനെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. പത്താം ക്ലാസ്സിൽ വച്ചാണ് എൻജിനീയറിങ് പഠിക്കണം എന്നു തീരുമാനിക്കുന്നത്. വഴികാട്ടി ചേട്ടനായിരുന്നു.’’ ലക്ഷ്മിയുടെയും പാർവതിയുടെയും ചിരിയിൽ ഏട്ടനോടുള്ള സ്നേഹം.
ചേട്ടൻ ആയിരുന്നു ഐഇഎസ് (ഇന്ത്യൻ എൻജിനീയറിങ് സർവീസ്) പഠനത്തിന് ഞങ്ങളെ പ്രേരിപ്പിച്ചത്. 2019 ൽ ബിടെക് കഴിഞ്ഞ ഉടൻ അപ്ലൈ ചെയ്തു. ആ വർഷം ഞങ്ങൾക്കു രണ്ടു പേർക്കും കിട്ടിയില്ല. ഞാൻ എംടെക്കിന് ചേർന്നു. പാർവതി ഐഇഎസിനു വേണ്ടിയുള്ള ശ്രമം തുടർന്നു.’’
‘‘കോച്ചിങ് ക്ലാസ്സിനൊന്നും പോകാൻ പറ്റില്ലായിരുന്നു. കോവിഡ് കാലത്ത് മാസ്ക് വച്ചുള്ള പഠനം ഞങ്ങൾക്കു പറ്റില്ല. ഞാൻ ഓരോ വിഷയത്തിനും സ്വയം നോട്ട് തയാറാക്കിയാണ് പഠിച്ചത്. മുൻപ് ഐഇഎസ് കിട്ടിയ കുട്ടികളുമായി ബന്ധപ്പെടുകയും കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു. 2020 ൽ ഞാൻ അഭിമുഖ പരീക്ഷവരെ എത്തിയതാണ്. ഫൈനൽ കിട്ടിയില്ല. 2021 ൽ കോട്ടയം എൽഎസ്ജിഡി (ലോക്കൽ സെൽഫ് ഗവൺമെന്റ് ഡിപാർട്മെന്റ്) യിൽ അസിസ്റ്റൻറ് എൻജിനീയറായി താൽകാലിക നിയമനം ലഭിച്ചു. ലക്ഷ്മിക്ക് ഇറിഗേഷൻ ഡിപാർട്മെന്റിൽ അസിസ്റ്റന്റ് എൻജിനീയർ തസ്തികയിൽ സ്ഥിര നിയമനവും ലഭിച്ചു.
2021 ൽ പ്രിലിമിനറി പാസായി. ജോലിത്തിരക്കിനിടയിലും ഞങ്ങൾ നന്നായി പരിശ്രമിച്ചു. യുപിഎസി ഡൽഹിയിൽ അഭിമുഖത്തിന് പങ്കെടുക്കുമ്പോൾ കിട്ടുമെന്ന ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. കാരണം മറ്റു കുട്ടികളൊക്കെ ഡൽഹി ഹൈദരാബാദ് എന്നിവിടങ്ങളിലെ കോച്ചിങ് സെന്ററിൽ പഠനം നടത്തിയവർ ആയിരുന്നു.
റിസൽറ്റ് വന്നപ്പോൾ മാത്രമാണ് വിശ്വസിച്ചത് ഞങ്ങൾക്ക് ഐഇഎസ് ലഭിച്ചു എന്ന്. അതും അടുത്തടുത്ത റാങ്കുകളിൽ. ഈ വിജയം അമ്മയുടെ മുഖത്തു വിരിയിക്കുന്ന പുഞ്ചിരിയാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം.’’
സമീപനങ്ങളിൽ മാറ്റം വരണം
ലക്ഷ്മിയുടെയും പാർവതിയുടെയും മനസ്സിൽ ബാക്കി നിൽക്കുന്ന ഏക വിഷമം ആളുകൾ തങ്ങൾക്ക് സംസാരിക്കാൻ കഴിവില്ല എന്നു വിലയിരുത്തുന്നതാണ്.
ഒന്നു ശ്രദ്ധിച്ചു കേട്ടാൽ ഞങ്ങൾ പറയുന്നത് മനസ്സിലായേക്കും. പക്ഷേ, ചിലർ നമ്മൾ പറയുന്നത് മനസ്സിലാക്കാൻ ശ്രമിക്കില്ല. സംസാരിക്കാത്ത കുട്ടികൾ എന്ന് മുദ്ര കുത്തും. ഇതു ഞങ്ങളെ വേദനിപ്പിക്കാറുണ്ട്. ആദ്യമൊക്കെ വലിയ വിഷമമായിരുന്നു. പിന്നീട് അത് ശീലമായി. പറയുന്നവർ പറയട്ടേ എന്ന് കരുതിത്തുടങ്ങി. ഇപ്പോൾ അത്തരം അഭിപ്രായങ്ങൾ കാര്യമാക്കാറില്ല.
കേൾവിക്കുറവുള്ളതു കൊണ്ട് ജോലി ചെയ്യാൻ പറ്റു മോ എന്നു സംശയമുള്ള ആൾക്കാരുണ്ട്. എല്ലാവരെയും ബോധ്യപ്പെടുത്താൻ നമുക്ക് പറ്റില്ല. നമുക്ക് കഴിയുന്നത്ര പ്രയത്നിക്കുക ആണ് വഴി.
ജോലിസ്ഥലത്ത് മീറ്റിങ്ങുകൾ ഓൺലൈനാകുമ്പോ ൾ അതിൽ പങ്കെടുക്കുക ബുദ്ധിമുട്ടാകാറുണ്ട്. കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ മറ്റൊരാളുടെ സഹായം വേണ്ടി വരും.’’ എന്നു പാർവതി.
‘‘എന്റെ ആഗ്രഹമാണ് ലക്ഷ്മിക്കും പാർവതിക്കും പരിമിതികളില്ലാത്ത വരന്മാരെ വേണമെന്നത്. പാർവതിയുടെ വിവാഹം ഉറപ്പിച്ചു. എംആർഎഫിൽ ജൂനിയർ എക്സിക്യൂട്ടീവ് ആണ് പയ്യൻ. മെക്കാനിക്കൽ എൻജിനീയർ ആണ്. ലക്ഷ്മിക്കു കൂടി യോജിച്ച ഒരാളെ കണ്ടെത്തണം.
സങ്കടങ്ങൾ പറയുന്നവരോടൊക്കെ ഞാൻ പറയാറുണ്ട്. വിശ്രമിച്ചോ, തളർന്നോ ഇരിക്കാനുള്ള ഇടമല്ല സങ്കടം. ഞാൻ ഇടയ്ക്ക് ഓർക്കാറുണ്ട്, അന്നത്തെ സങ്കടത്തിൽ ഞാൻ വീട്ടിൽ തന്നെ ഇരുന്നിരുന്നെങ്കിലോ? എത്ര വലിയ പ്രതിസന്ധി ആണെങ്കിലും ചെറിയ രീതിയിലെങ്കിലും പ രിശ്രമം തുടരുക. പരിശ്രമിക്കുന്ന മനുഷ്യനെ കൈവിടാൻ ദൈവത്തിന് കഴിയില്ല.
മറുകരയെത്തണം എന്നു കരുതി നമ്മൾ തുഴയുമ്പോൾ ചില മനുഷ്യരുടെ രൂപത്തിലും അവസരങ്ങളായും ദൈവം മുന്നിൽ വരും.’’
രാഖി റാസ്
ഫോട്ടോ : സുഭാഷ് കുമാരപുരം