വടക്കൂട്ട് തറവാടിന്റെ മുറ്റത്തു കോട്ടൻ സാരി വടിവോടെയുടുത്ത രണ്ടു സുന്ദരിക്കുട്ടിക ൾ. വത്സലയും രമണിയും. ചേച്ചിയും അനിയത്തിയും. പ്രായം പതിനേഴ്...
അല്ല, എൺപത്തിമൂന്നും എൺപത്തൊന്നും.
ശ്ശൊ... ഞങ്ങളെപ്പറ്റി ചോദിക്കാൻ പോവാണോ എ ന്നൊരു നാണം ഇരുവരുടെയും കവിളുകളെ തുടുപ്പിച്ചു. യാത്രാ പ്രേമികളാണല്ലേ എന്ന ചോദ്യം ചന്ദനവും കുങ്കുമവും ചേർത്തു കുറിവരച്ച നെറ്റിക്കു താഴെ കണ്ണുകൾക്കു നക്ഷത്രത്തിളക്കമേകി.
ഈ നക്ഷത്രത്തിളക്കമാണ് ഇവരുടെ യഥാർഥ പ്രായം. വാർധക്യം ഒതുങ്ങിക്കൂടേണ്ട കാലമല്ല എന്നു പറയാതെ പറഞ്ഞ് ഇവർ ലോകം ചുറ്റുന്നു.
‘‘യാത്രചെയ്യാനുള്ള ഒരവസരവും വെറുതേ കളയാറില്ല. ചിലതു നാരായണീയം വായിക്കാൻ ഒത്തുകൂടുന്ന സംഘത്തോടൊപ്പമാകും. ചിലപ്പോൾ കുടുംബത്തോടൊപ്പം. സ്വയം പ്ലാൻ ചെയ്തു മറ്റുള്ളവരെക്കൂടെ കൂട്ടി പോയ യാത്രകളുമുണ്ട്.’’ വത്സലയും രമണിയും ആവേശത്തോടെ പറയുന്നു.
ഗൂഗിൾ പേ ചെയ്യാനും ജിപിഎസ് ഉപയോഗിക്കാനും വൈകിയ പ്രായത്തിലും പഠിച്ചെടുത്തു മുന്നേറുകയാണ് ‘സൂപ്പർ ഗ്രാൻമാസ്’.
ദ്വാരകാപുരി കാണാൻ
‘‘യാത്ര ചെയ്യണം എന്ന മോഹം പണ്ടേ ഉണ്ടായിരുന്നു. പല കാരണങ്ങൾ കൊണ്ടു നടന്നില്ല. രമണി ഭർത്താവുമൊത്ത് കുറേയൊക്കെ യാത്ര ചെയ്തിട്ടുണ്ട്. പണ്ടൊക്കെ പെൺകുട്ടികളായാൽ കല്യാണം കഴിക്കുക, കുട്ടികളെ നോക്കുക, വീടു നോക്കുക ഒക്കെ ആയിരുന്നല്ലോ മുഖ്യം. പഠിപ്പു പോലും പ്രധാനമായിരുന്നില്ല. ‘പെൺകുട്ടികളൊക്കെ എന്തിനാപ്പൊ പഠിച്ചിട്ട്’ എന്നാണ് കാരണവന്മാർ ചോദിക്കുക. അന്ന് ആ ചിന്തയ്ക്ക് കുഴപ്പമൊന്നും ആർക്കും തോന്നിയിരുന്നില്ല.
പതിനെട്ടാം വയസ്സിലാണു ഞങ്ങൾ രണ്ടുപേരുടെയും വിവാഹം നടക്കുന്നത്. എന്റെ ഭർത്താവ് രാജകുമാര മേനോന് തിരുവനന്തപുരത്തായിരുന്നു ജോലി. അ ദ്ദേഹം മരിക്കുന്നതിനു കുറച്ചു കാലം മുൻപ് തൃശൂർ ഓട്ടുപാറയിലുള്ള വടക്കൂട്ട് എന്ന തറവാട്ടു വീട്ടിലേക്കു ഞങ്ങൾ വന്നു. അമ്മ ഉണ്ടായിരുന്നു അന്നു തറവാട്ടി ൽ. അദ്ദേഹം മരിച്ച ശേഷം അദ്ദേഹത്തിന്റെ ജോലി ലഭിച്ചിരുന്നു, തൃശൂർ ഏജീസ് ഓഫിസിൽ.
ഭർത്താവ് അഡ്വ. ഗംഗാധര മേനോനും ഞങ്ങളുടെ അമ്മയും മരിച്ച ശേഷമാണ് അനുജത്തി രമണി വടക്കൂട്ട് വീട്ടിലേക്കു വരുന്നത്. അതുവരെ അവൾ ഭർത്താവിന്റെ തറവാടിനടുത്തുള്ള സ്വന്തം വീട്ടിലായിരുന്നു. വടക്കൂട്ട് വീട്ടിൽ ഞാൻ ഒറ്റയ്ക്ക് ആയിപ്പോയ അവസരത്തിലാണു രമണി കൂട്ടായി വന്നത്. ഒന്നിച്ചു കളിച്ചു വളർന്ന കുട്ടിക്കാലം വീണ്ടും കിട്ടിയതുപോലെയൊരു തോന്നലാണ് അവളുടെ വരവ് സമ്മാനിച്ചത്.’’ എന്നുവത്സലയമ്മ.
‘‘സന്ധിവേദന കലശലായിരുന്ന കാലത്താണു ചേച്ചി നാരായണീയം വായിക്കാൻ പഠിക്കുന്നത്. വായിച്ചപ്പോൾ അതു കൂടുതലായി വായിക്കാനും അറിയാനും ആവേശമായി. അടുത്തുള്ള ക്ഷേത്രത്തിലെ നാരായണീയ പ്രബോധന സംഘത്തിൽ ചേർന്നു. വൈകുന്നേരങ്ങളിൽ ക്ഷേത്രത്തിൽ പോയി വായന തുടങ്ങി. അവിടെ നിന്നു സംഘമായിട്ടു ദ്വാരകയ്ക്കു തീർ
ഥയാത്ര പോയതാണ് ആദ്യ യാത്രാനുഭവം. കണ്ണന്റെ ദ്വാരകാപുരി കാണാൻ മോഹിക്കാത്ത ഭക്തരുണ്ടാകില്ലല്ലോ അതു തന്ന സന്തോഷം വലുതായിരുന്നു. അതിനു ശേഷമാണു യാത്ര ചെയ്യണം എന്ന മോഹമുദിക്കുന്നത്.’’ രമണിയമ്മ പറഞ്ഞു.
ബദരീനാഥന്റെ മണ്ണിൽ
‘‘രണ്ടാം യാത്ര ബദരീനാഥിലേക്കായിരുന്നു. ഗുരുവായൂരു നിന്നുള്ള തീർഥയാത്രാ സംഘം ബദരീനാഥിൽ പോകു ന്നു എന്നറിഞ്ഞപ്പോൾ ആഗ്രഹമായി. കുട്ടിക്കാലം മുതലുള്ള മോഹമായിരുന്നു ബദരീനാഥ് ദർശനം. അനുജത്തിക്കും സമ്മതം. ഉടൻ ടിക്കറ്റ് ബുക്ക് ചെയ്തു.
‘നിങ്ങൾ രണ്ടാളും കൂടി അപരിചിതരായ ആളുകളുടെ കൂടെ പോകരുത്’ എന്നൊന്നും മക്കളും കൊച്ചുമക്കളും പ റഞ്ഞില്ല. പകരം പ്രോത്സാഹിപ്പിച്ചു. രമണിയുടെ മകളുടെ മകൾ ഗായത്രി തണുപ്പ് ബുദ്ധിമുട്ടിക്കാതിരിക്കാൻ കമ്പിളിയുടുപ്പും തൊപ്പിയും യാത്രയ്ക്കായുള്ള ചെരുപ്പും യാത്രയിലണിയാൻ ചുരിദാറും വാങ്ങിത്തന്നു. അതോടെ ഉത്സാഹം കൂടി.
ഗായത്രിയും ഭർത്താവ് ഡോ. ഗോവിന്ദും അവരുടെ മ കൾ ക്ഷേത്രയുമാണു പ്രധാന പ്രോത്സാഹകർ. ട്രിപ്പുകൾ അവരാണു കൂടുതലും പ്ലാൻ ചെയ്തു തരാറുള്ളത്.’’ വത്സലയമ്മ ചിരിയോടെ ഓർത്തു.
‘‘ചേച്ചിക്ക് കുട്ടികളില്ല. എനിക്ക് ബാലകൃഷ്ണൻ, ഹരികുമാർ എന്ന രണ്ട് ആൺകുട്ടികളും ബിന്ദു എന്ന മകളുമാണുള്ളത്. ബാലകൃഷ്ണൻ കൊടുങ്ങല്ലൂരും ഹരികുമാർ പാലക്കാടും കുടുംബമായി താമസിക്കുന്നു.
മകൾ ഡോ. ബിന്ദു ഹൊസൂർ പബ്ലിക് സ്കൂളിൽ പ്രിൻസിപ്പലാണ്. ബിന്ദുവിന്റെ ഭർത്താവ് അനന്തപദ്മനാഭൻ. കലാനിലയം സ്ഥിരം നാടകവേദി സ്ഥാപകനും നാടക സംവിധായകനുമായ കലാനിലയം കൃഷ്ണൻനായരുടെ മകനാണ്.
കലാനിലയം സ്ഥിരം നാടകവേദി പുനർനവീകരിച്ച് അതിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കുകയാണ് ഇപ്പോ ൾ അനന്തപദ്മനാഭൻ. ഗായത്രിയെക്കൂടാതെ ഒരു മകൻ കൂടിയുണ്ട് ബിന്ദുവിന്, ഗൗതം. അവൻ വിദേശത്താണ്.’’ എന്നു രമണിയമ്മ.
‘‘ബദരീനാഥിലെ യാത്ര പ്ലാൻ ചെയ്തവർ പിന്മാറി. സ്ഥലപരിചയം ഇല്ലായിരുന്നെങ്കിലും ഞങ്ങൾ പോകാൻ തന്നെ നിശ്ചയിച്ചു. ഡൽഹിയിലേക്കു ട്രെയിനിൽ പോയ ശേഷം അവിടെ നിന്നു പ്രത്യേക വാഹനത്തിൽ ആണു ബ ദരീനാഥിലേക്കു പോയത്.
ട്രെയിനിൽ എസി കംപാർട്മെന്റിലായിരുന്നു യാത്ര. ഡൽഹിയിലാണെങ്കിൽ നല്ല ചൂടും. ഇറങ്ങിയ വഴി രമണി പ്ലാറ്റ്ഫോമിലിരുന്നു. ‘എനിക്കിനി എങ്ങട്ടും പോവാൻ വയ്യാ’ എന്നും പറഞ്ഞ്. പടികൾ കയറി മറുവശത്ത് എത്തിയിട്ടു വേണം വണ്ടിയിൽ കയറാൻ. കൂടെയുള്ളവരെല്ലാം മുന്നിലെത്തിക്കഴിഞ്ഞു. അപ്പോഴാണ് ഇവളുടെ ഈ ഇരിപ്പ്.
യാത്രയുടെ ആചാര്യ സ്ഥാനത്തുള്ളയാളെ വിളിച്ചു വിവരം പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു. ‘രമണിക്ക് ഒന്നൂല്ല.. നടക്കൂ’ എന്ന്. അൽപം നേരം കഴിഞ്ഞപ്പോൾ അവൾക്കുയാത്ര തുടരാം എന്നു തോന്നി. അതിനുശേഷം ഒരു തടസ്സവും ഉണ്ടായില്ല. ബദരീനാഥിലെ കൊടുംതണുപ്പു പോലും പ്രശ്നമായില്ല. ആ യാത്രയ്ക്കു ശേഷം കാശി, രാമേശ്വരം, കൊണാർക്, ആരവല്ലി തുടങ്ങി ഇന്ത്യയിലെ പല പ്രധാന സ്ഥലങ്ങളിലേക്കും യാത്ര പോയി. കേരളത്തിലെ മനോഹരമായ സ്ഥലങ്ങളിലേക്കും ഇടയ്ക്കു പോകാറുണ്ട്.
ബിന്ദു താമസിക്കുന്ന ഹൊസൂരിലേക്ക് മറ്റാരുടെയും കൂട്ടില്ലാതെയാണു പോകാറ്. വലിയ വലിയ യാത്രകൾ ചെയ്ത്, ചെറിയ ചെറിയ യാത്രകൾ പ്രയാസമേയല്ലാതായി.
പരിചയമുള്ള സ്ത്രീ ഒരിക്കൽ പറഞ്ഞു, ‘വത്സല പല ദിക്കിലേക്കും യാത്ര ചെയ്യുന്നുണ്ടല്ലോ. ഞങ്ങളെക്കൂടി കൂട്ടിക്കൂടേ.’ ആ ചോദ്യം എനിക്ക് വിഷമമുണ്ടാക്കി. അങ്ങനെയാണ് ആഗ്രഹമുള്ളവരെ കൂടെക്കൂട്ടി ഞങ്ങൾ യാത്ര സംഘടിപ്പിച്ചത്.

കശ്മീരിലെ കുളിരിൽ
ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളും ഇപ്പോൾ കണ്ടു കഴിഞ്ഞു. അവസാനം പോയതു കശ്മീരിലേക്കായിരുന്നു. കുടുംബത്തോടൊപ്പമായിരുന്നു യാത്ര. ആഗ്രഹം പറഞ്ഞപ്പോൾ കുട്ടികൾ കൂടെ കൂടുകയായിരുന്നു.
‘ഈ വയ്യാത്ത പ്രായത്തിൽ എന്തിനാണു കൊടുംത ണുപ്പുള്ള കശ്മീരിലൊക്കെ പോണത്’ എന്നു പറഞ്ഞവരുണ്ട്. ‘ഇങ്ങനെ ചടഞ്ഞിരുന്നിട്ട് എന്തിനാണ്’ എന്നാണ് ഞങ്ങൾ തിരിച്ചു ചോദിച്ചത്.’’ എന്നു വത്സലയമ്മ.
‘‘എന്തെങ്കിലും അവശത വരുമോ എന്ന ഭയം ഞങ്ങൾക്കില്ല. വരുന്നതു വരുന്നിടത്തു വച്ചു കാണാം എന്ന മനസ്സാണ് ഉള്ളത്. ശ്രീനഗറിൽ ടെന്റിലായിരുന്നു രാത്രി താമസിച്ചത്. അതൊരു പ്രത്യേക അനുഭവമായിരുന്നു.
ബാഗ് എടുത്തു നടക്കുക പോലുള്ള ചെറിയ ബുദ്ധിമുട്ടുകൾ തീർച്ചയായും ഉണ്ട്. പക്ഷേ, നമുക്കു ചുറ്റും നല്ല മനുഷ്യരുണ്ട്. അവർ സഹായിക്കും. ഒരു യാത്രയിൽ എന്റെ കാ ൽ വിരലിനു മുറിവുണ്ടായി. യാത്രയിലുടനീളം ഒരു പയ്യൻ മുറിവൊക്കെ വച്ചു കെട്ടിത്തന്നു.
രസകരമായ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഒരു വിമാനത്തിൽ നിന്ന് ഇറങ്ങി, മറ്റൊന്നിൽ കയറുകയായിരുന്നു ഞങ്ങൾ. ബാഗിൽ കരുതാൻ പാടില്ലാത്തത് എന്തോ ഉണ്ട് എന്നു പറഞ്ഞ് എന്നെ തടഞ്ഞു നിർത്തി. ആദ്യത്തെ വിമാനത്തിൽ നിന്നു കഴിക്കാൻ തന്ന ഭക്ഷണം അൽപം കഴിച്ചിട്ട് ബാക്കി ബാഗിൽ എടുത്തു വച്ചതാണ് കുഴപ്പമായത്.
ബന്ധുക്കളുടെ കൂടെയാണ് വിദേശയാത്രകളെല്ലാം പോയിട്ടുള്ളത്. മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക, കംബോഡിയ, തായ്ലൻഡ്, വിയറ്റ്നാം, മ്യാൻമർ എന്നീ സ്ഥലങ്ങളൊ ക്കെ കണ്ടു.
യാത്രയിൽ സ്വിമ്മിങ് പൂളിലൊക്കെ ഞങ്ങൾ ഇറങ്ങാറുണ്ട്. പറ്റുന്ന വിനോദങ്ങളിലെല്ലാം ഭാഗമാകും. ഭക്ഷണം വളരെക്കുറച്ചു മതി. അതിൽ നിർബന്ധങ്ങളില്ല എന്നതുകൊണ്ട് ഏതു സാഹചര്യത്തിലും യോജിച്ചു പോകാനാകും. നോൺവെജ് ഭക്ഷണം കഴിക്കില്ല. ചില സ്ഥലങ്ങളിൽ നോൺവെജ് ഭക്ഷണമേ കിട്ടൂ എന്ന സ്ഥിതിയുണ്ടാകും. അപ്പോൾ ഞങ്ങൾ ബ്രെഡോ പഴങ്ങളോ കഴിക്കും. ഓരോ യാത്ര കഴിയുമ്പോഴും യാത്രാവിവരണം എഴുതിവയ്ക്കുന്ന പതിവുമുണ്ട്.
യാത്രകളിൽ കൂടെയുണ്ടായിരുന്നവരുടെ മരണമാണ് ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം. പ്രായം കുറവുള്ള ചിലർ പോലും മരിച്ചു പോയി. അതൊക്കെ ജീവിതത്തിന്റെ സ്വാഭാവിക പരിണാമങ്ങൾ എന്നു മനസ്സിലാക്കി മുന്നോട്ട് പോകുകയാണ്.
കഴിയുന്നേടത്തോളം ഈ ഭൂമിയുടെ സൗന്ദര്യം കാണുക. ആ ആനന്ദക്കാഴ്ചകളിൽ ഹൃദയം നിറയ്ക്കുക അതാണ് ലക്ഷ്യം.’’

രാഖി റാസ്