Tuesday 16 August 2022 11:28 AM IST

‘എന്ത് വൃത്തികേടാ കാണിക്കുന്നേ? നിന്റെ പല്ല് ഞാനിപ്പോ അടിച്ചിടും’: ബസിലെ ഞെട്ടിപ്പിക്കുന്ന അനുഭവം

Shyama

Sub Editor

showman-8

കുട്ടികളുെട മുന്നില്‍ നഗ്നത കാട്ടി എന്ന കുറ്റത്തിന് പ്രമുഖ സിനിമാ നടനെ െപാലീസ് അറസ്റ്റ് െചയ്തതോെട നഗ്നതാ പ്രദര്‍ശനം വാര്‍ത്തകളില്‍ നിറയുകയാണ്. െപാലീസ് പറയുന്നത് ഇങ്ങനെ. തൃശൂര്‍ എസ്.എന്‍.പാര്‍ക്കിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറിലിരിക്കുകയായിരുന്നു നടന്‍. പതിെനാന്നും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികള്‍ അരികിലൂെട കടന്നു പോകവേ ആയിരുന്നു നഗ്നതാ പ്രദര്‍ശനം. കുട്ടികള്‍ മാതാപിതാക്കളോടു പറഞ്ഞു. െപാലീസിലും പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ആളെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും.

ഫ്ലാഷിങ് എന്നറിയപ്പെടുന്ന നഗ്നതാ പ്രദര്‍ശനം നമ്മുടെ നാട്ടിലും ഉണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ മുരളി തുമ്മാരുകുടി സോഷ്യൽമീഡിയയിലൂടെ പറഞ്ഞത് മാസങ്ങള്‍ക്കു മുന്‍പാണ്. പക്ഷേ, മിക്ക പുരുഷന്മാര്‍ക്കും പറഞ്ഞതത്ര ഇഷ്ടപ്പെട്ടില്ല. ‘ഏതു നൂറ്റാണ്ടിലെ കാര്യമാണ് സുഹൃത്തേ, ഈ പ റയുന്നത്. നമ്മുടെ നാട്ടിൽ ഇപ്പോഴതൊന്നും ഇല്ല’ എന്നുള്ള എതിര്‍പ്പുമായെത്തി.

സ്ത്രീകള്‍ പറയുന്നതു മറിച്ചാണ്. ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ‘വനിത’യുെട ചോദ്യത്തിന് ബഹുഭൂരിപക്ഷം സ്ത്രീകളും രണ്ടാമതൊന്ന് ആലോചിക്കാതെ ഉത്തരം പറഞ്ഞു, ‘ഉണ്ട്’ കാലാകാലങ്ങളായി സഹിച്ചിട്ടും പരാതിപ്പെട്ടിട്ടും പോരാടിയിട്ടും ഇ തൊക്കെ ആവർത്തിക്കപ്പെടുന്നതിന്റെ രോഷമുണ്ട് ഓരോ പെൺശബ്ദത്തിലും...

‘ഷോമാൻ’ വാണി, അധ്യാപിക, ചേർത്തല

ഒരു ദിവസം ജോലി കഴിഞ്ഞ് കെഎസ്ആർടിസി ബസ്സില്‍ വീട്ടിലേക്കു മടങ്ങുകയാണ്. വലിയ തിരക്കില്ല. ഞാൻ പിന്നിലൊരു സീറ്റിലാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ മുന്നിലുള്ളൊരാൾ തന്റെ എതിർവശത്തിരിക്കുന്ന പെൺകുട്ടികളെ ഇടയ്ക്കിടെ നോക്കുന്നതും കുനിയുന്നതും കണ്ടു. ബസ്സിലും ഹോസ്റ്റലുകളിലും ഇത്തരം ‘ഷോമാൻ’ ഉണ്ടെന്നറിയാവുന്നതു െകാണ്ട് ഞാന്‍ െപട്ടെന്നു മുന്നിലേക്കു െചന്നു. അയാൾ മുണ്ട് മാറ്റി നഗ്നത പ്രദര്‍ശിപ്പിക്കുയാണ്.

െപണ്‍കുട്ടികള്‍ എന്തു ചെയ്യണമെന്നറിയാതെ പേടിച്ചിരിക്കയാണ്. പെട്ടെന്ന് ഞാൻ ‘ഡാ’ എന്ന് അലറി വിളിച്ചു ‘എന്ത് വൃത്തികേടാ കാണിക്കുന്നേ? നിന്റെ പല്ല് ഞാനിപ്പോ അടിച്ചിടും’ എന്നുറക്കെ പറഞ്ഞു. അവൻ ബെല്ലടിച്ചു ബസ് നിര്‍ത്തി ഇറങ്ങിയോടി. ആ പെൺകുട്ടികളോടും അന്ന് ഞാൻ ചോദിച്ചു. ‘നിങ്ങൾ മൂന്നു പേരില്ലേ? എന്നിട്ടും പേടിച്ചിരിക്കുകയാണോ? നിങ്ങൾ പ്രതികരിക്കേണ്ടേ?’ ദയനീയമായ നോട്ടം മാത്രമായിരുന്നു അവരുെട മറുപടി. അവരോട് ഒരുപക്ഷേ, ആരും അത് പറഞ്ഞ് കൊടുത്തിട്ടുണ്ടാകില്ല.

നമ്മുടെ ഭയമാണ് ഇവർക്ക് വളരാനുള്ള വളം. അതു മാറ്റി ശക്തമായി പ്രതികരിക്കുക. അതാണ് ആദ്യപടി.