Wednesday 08 February 2023 02:06 PM IST

‘പരിഹസിച്ചവരേ... ഇതാ ഞങ്ങളുടെ കൺമണി’: സിയയ്ക്കും സഹദിനും കുഞ്ഞു പിറന്നു: സന്തോഷവാർത്ത പങ്കുവച്ച് സിയ

Binsha Muhammed

ziya-zahad-baby

പ്രാർഥനകൾ സഫലം, കാത്തിരിപ്പ് സമ്പൂർണം. ട്രാൻ‌സ് ദമ്പതികളായ സിയക്കും സഹദിനും കുഞ്ഞ് പിറന്നു. സന്തോഷവാർത്ത സിയ വനിത ഓൺലൈനെ നേരിട്ടറിയിക്കുകയായിരുന്നു. ജീവിത പ്രതിസന്ധികളേയും വെല്ലുവിളികളേയും മുൻവിധികളേയും അതിജീവിച്ച് തങ്ങളൊരു കൺമണിക്കായി കാത്തിരിക്കുന്നുവെന്ന സന്തോഷ വാർത്ത സിയയും സഹദും വനിത ഓൺലൈനിലൂടെയാണ് ആദ്യമായി ലോകത്തെ അറിയിച്ചത്. സഹദിന്റെ നിറവയറിൽ തലോടി സ്നേഹത്തോടെ നിൽക്കുന്ന സിയയുടെ ചിത്രത്തില്‍ നിന്നാണ് ഹൃദയം നിറയ്ക്കുന്ന കാത്തിരിപ്പിന്റെ കഥ വനിത ഓൺലൈൻ സോഷ്യൽ മീഡിയക്ക് പരിചയപ്പെടുത്തിയത്.

‘ഒടുവിൽ ഞങ്ങളുടെ കൺമണിയെത്തി ഞങ്ങൾ പ്രതീക്ഷിച്ചതു പോലെ ആരോഗ്യമുള്ളൊരു വാവ. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. പ്രാർഥനയോടെ ഒപ്പം നിന്നവർക്കും പിന്തുണച്ചവർക്കും നന്ദി.’– സന്തോഷത്തിന്റെ പരകോടിയിൽ സിയയുടെ വാക്കുകൾ മുറിയുന്നു.

ഒരുപാട് കാര്യങ്ങൾ പറയണമെന്നുണ്ട്. പക്ഷേ സന്തോഷം കൊണ്ട് എന്ത് പറയണം എന്നറിയില്ല. മനസു നിറയെ ഞങ്ങളുടെ കൺമണിയുടെ മുഖമാണ്. പഞ്ഞിക്കെട്ടു പോലെ മുഖമുള്ളൊരു ചക്കരമുത്ത്. ബുധനാഴ്ച രാവിലെ 9.37നായിരുന്നു ജനനം. കുഞ്ഞിന് 2.920 കിലോ ഗ്രാം ഭാരമാണുള്ളത്. ഇപ്പോൾ കുഞ്ഞിന്റെ ചില കാര്യത്തിനായി ഓടിക്കൊണ്ടിരിക്കുകയാണ്. ആശുപത്രിയിലെ ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. ബാക്കി സന്തോഷങ്ങൾ പിന്നാലെ.

എതിർപ്പുകളെ കരുത്താക്കിയവർ

സിയയും സഹദും ഉടലുകൾ കൊണ്ട് പ്രണയത്തെ നിർവചിക്കുന്ന പ്രളയനദിയിൽ കാലത്ത് കുറുകേ നീന്തിക്കയറി ഒന്നായവർ. അവൻ അവളായും അവൾ അവനായും മാറിയ മാറ്റങ്ങളുടെ ഈ ലോകത്ത് ജീവിതം കരുപ്പിടിപ്പിച്ചവർ. സഹദിന്റെ ഉദരത്തില്‍ നിന്നും പിറവികൊണ്ട ജീവൻ വലിയ മാറ്റങ്ങളുടെ നാന്ദി കുറിക്കലാകുമെന്നുറപ്പ്. ഇന്ത്യയിലെ ‘ആദ്യ ട്രാൻസ് മാൻ പ്രെഗ്നൻസിയെന്ന’ ചരിത്ര നേട്ടമാണ് ഇതോടെ ഇരുവർക്കും സ്വന്തമാകുന്നത്.

കൺമണിക്കായുള്ള കാത്തിരിപ്പിനിടെ സിയ വനിത ഓൺലൈനോട് പങ്കുവച്ച വാക്കുകൾ, അവരുടെ മനസിന്റെ നേർചിത്രമായിരുന്നു. കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിന്റെ നാളുകളും ആ യാത്രയും ഒട്ടുംഎളുപ്പമായിരുന്നില്ലെന്ന് സിയ പറയുന്നു.

ziya-zahad

ഒരേ ദിശയിൽ അലച്ചു തല്ലിയൊഴുകുന്ന നദിയാണ് നമ്മുടെ സമൂഹം. അതിനെതിരെ നീന്തിയവരാണ് ഞാനും സഹദും. ഞാൻ പെണ്ണായും സഹദ് ആണായും ഉള്ള യാത്രക്കിടെയായിരുന്നു അവഗണനയും പരിഹാസങ്ങളുമൊക്കെ ലഭിച്ചിരുന്നത്. ഇപ്പോഴും അതിന് മാറ്റമില്ല. കടന്നു പോയ എല്ലാ വേദനകൾക്കുമുള്ള മുറിവുണക്കാനാണ് ഞങ്ങളുടെ കൺമണി എത്തുന്നതെന്ന് ഉറച്ചു വിശ്വസിക്കുന്നത്. ആ വിശ്വാസമാണ് മുന്നോട്ടു നയിക്കുന്നതും.– സിയയുടെ വാക്കുകൾ.

മനസു കൊണ്ട് ഞങ്ങൾ പൂർണമായി ട്രാൻസ് വ്യക്തികളായെങ്കിലും ശരീരം പാതിവഴിക്കു തന്നെയായിരുന്നു. പെണ്ണായി മാറാനുള്ള സർജറികളൊന്നും ഞാൻ ചെയ്തിട്ടില്ല. അതിന് ഇനിയും സമയം എടുക്കും. പക്ഷേ സഹദ് ഹോർമോൺ തെറപ്പിയും ബ്രെസ്റ്റ് റിമൂവല്‍ സർജറിയുമൊക്കെ ചെയ്ത് ആണായി മാറിത്തുടങ്ങിയിരുന്നു. ഗർഭപാത്രം റിമൂവ് ചെയ്യുന്ന ഘട്ടമെത്തിയപ്പോഴാണ് ഒരു കുഞ്ഞെന്ന സ്വപ്നം ഉള്ളിൽ നാമ്പിട്ടത്. അതിന് പ്രചോദനവും പിന്തുണയും നൽകിയത് സമീറ ഷെമീറെന്ന എന്റെ ബന്ധുവാണ്. എന്നെ പിന്തുണയ്ക്കുന്നു എന്ന ഒറ്റക്കാരണത്താൽ സമീറയേയും ഭർത്താവ് ഷെമീറിനെയും വീട്ടുകാർ വല്ലാതെ ഒറ്റപ്പെടുത്തുന്നുണ്ട്. പക്ഷേ പുള്ളിക്കാരി എന്റെ കൂടെ കട്ടയ്ക്ക് നിന്നു.

ഇവള്‍ ഞങ്ങളുടെ അടയാളം

‘എത്രയോ ട്രാൻസ് ജെൻഡറുകള്‍ ഈ ലോകത്തുണ്ട്. സ്വന്തം സ്വത്വം തിരിച്ചറിഞ്ഞിട്ടും അത് പുറത്തു പറയാനാകാത്തവര്‍ മുതൽ ചൂഷണങ്ങളുടെ പേരിൽ ജീവിതം അവസാനിപ്പിക്കുന്നവര്‍ വരെയുണ്ട്. അങ്ങനെയുള്ള ഈ ലോകത്ത് നിങ്ങളുടെ അടയാളമായി ഒരു കുഞ്ഞ് വേണ്ടേ’. സമീറ ചോദിച്ച ആ ചോദ്യം ഞങ്ങളെ ഇരുത്തി ചിന്തിപ്പിച്ചു. ആഗ്രഹം സഹദിനോട് പറയുമ്പോൾ ശരിക്കും പുള്ളിക്കാരൻ ടെൻഷനായി. ഈ സമൂഹത്തെയായിരുന്നു ഭയം. പക്ഷേ ഉറച്ച പിന്തുണ നൽകി ഞാൻ പിന്നിൽ പാറപോലെ നിന്നു. എന്റെ ബീജത്തിൽ പിറവിയെടുക്കുന്ന, സഹദിന്റെ ഗർഭപാത്രത്തിൽ വളരുന്ന കുഞ്ഞ്... അതായിരുന്നു സ്വപ്നം. അന്നു തൊട്ട് കുഞ്ഞിനായുള്ള ഞങ്ങളുടെ പോരാട്ടം തുടങ്ങുകയായിരുന്നു.

ziya-2

സോഷ്യൽ മീഡിയയുടെ വിധിയെഴുത്തുകളും ആവോളമുണ്ടായിരുന്നു. കുഞ്ഞിന് എങ്ങനെ മുലയൂട്ടും എന്നതായിരുന്നു പലരുടേയും ടെൻഷൻ. മിൽക്ക് ബാങ്കുകളിലൂടെ കുഞ്ഞിന് ഫീ‍ഡ് ചെയ്യാനാകുമെന്ന് ഡോക്ടർ അറിയിച്ചതോടെ ആ ടെൻഷനും അകന്നു.– സിയ വനിതയോട് പങ്കുവച്ച വാക്കുകൾ.