Saturday 30 April 2022 04:09 PM IST

‘മാസപ്പിറവി കണ്ടെന്ന് വെറുതെ പറഞ്ഞാൽ പോര, അതിനു കൃത്യമായ മാനദണ്ഡങ്ങളുണ്ട്’; 35 വര്‍ഷമായി മാസപ്പിറവി കണ്ട് വിശ്വാസികളെ അറിയിക്കാനുള്ള ഭാഗ്യം ലഭിച്ച എ.ടി. കോയ പറയുന്നു

Binsha Muhammed

Senior Content Editor, Vanitha Online

1I5A6473

35 വര്‍ഷമായി കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ട് വിശ്വാസികളെ അറിയിക്കാനുള്ള ഭാഗ്യം ലഭിച്ച എ. ടി. േകായ തന്‍റെ അനുഭവങ്ങളുെട കിസ പറയുന്നു.

കുടിനീർ പോലും ഇറക്കാത്ത ആത്മസംസ്കരണത്തിന്റെ മുപ്പതു പകലുകളും തറാവീഹും തസ്ബീഹും ശീലമാക്കുന്ന മുപ്പത് രാവുകളും കഴിഞ്ഞാൽ വിശ്വാസി സമൂഹം കാത്തിരിക്കുന്നത് ഈ ഒരു നിമിഷത്തിനാണ്. മേഘക്കൂട്ടിൽ ഒളിഞ്ഞിരിക്കുന്ന ശവ്വാൽ അമ്പിളി പ്രാർഥനകളുടെ ആകാശത്ത് കാണുന്ന നിമിഷം. അന്നേരം കേരളത്തിലെ ഓരോ മുസ്‌ലിം മതവിശ്വാസിയും സന്തോഷത്തിന്റെ ഏഴാം ആകാശത്തായിരിക്കും.

മാസപ്പിറവിയുെട നാളില്‍ കാപ്പാട് കടപ്പുറത്തു നിന്നു നോക്കിയാല്‍ നിറഞ്ഞു ചിരിക്കുന്ന അമ്പിളിക്കല കാണാം. മറ്റേതു നാട്ടിലെ മാനത്തും നക്ഷത്രങ്ങൾ നിറഞ്ഞു നിൽക്കുമ്പോൾ, പെരുന്നാളും മാസവും ഉറപ്പിക്കുന്ന ശവ്വാൽ അമ്പിളിയെ ഗാമ കപ്പലിറങ്ങിയ തീരം കൺനിറയെ കണ്ട് മനംകുളിർപ്പിക്കാൻ ഒളിപ്പിച്ചു വയ്ക്കുന്നതെന്തുകൊണ്ടായിരിക്കും? കൗതുകം ഒളിപ്പിച്ച ആ ചോദ്യത്തിനുത്തരമാണ് കാപ്പാട്ടെ മാസക്കോയ എന്ന എ.ടി. കോയ.

കോയയുടെ കണ്ണിൽപെടാതെ ഒരു ചാന്ദ്രശകലവും കാപ്പാടിന്റെ മാനംവിട്ടു പോയിട്ടില്ല. ഗോളശാസ്ത്രവും വാനശാസ്ത്രവും തസ്ബീഹ് മാലയിലെ മുത്തുമണികളെ പോലെ മനസ്സിൽ അടുക്കിപ്പെറുക്കി വച്ചിട്ടുള്ള കോയയെ തേടി ഇന്നും മുസ്‌ലിം വിശ്വാസ വിധികളിൽ തീ ർപ്പു കൽപ്പിക്കുന്ന ഖാസിമാരുടെ വിളിയെത്തുന്നു. കേൾവി കേട്ട സൂഫീവര്യന്മാരുടെ പാദം പതിഞ്ഞ മണ്ണിലിരുന്ന് കോയ ആ കിസ പറയുകയാണ്. നീണ്ട 35 വർഷം കാപ്പാട്ടെ അമ്പിളിക്കല കണ്ണുകൊണ്ട് കണ്ടുറപ്പിച്ച പുണ്യാനുഭവങ്ങളുടെ കഥ.

കാഴ്ചയിലാണ് കാര്യം

‘‘മൊബൈലും ഇന്റർനെറ്റുമൊക്കെ നാട്ടിൽ പ്രചാരമാകുന്നതിനും എത്രയോ മുന്നേ ഈ പുണ്യകര്‍മം ഖാസിമാർ എന്നെ ഏൽപ്പിച്ചിട്ടുണ്ട്. വ്രതാരംഭത്തിന് തുടക്കം കുറിക്കുന്ന റമസാനും, പെരുന്നാളുറപ്പിക്കുന്ന ശവ്വാൽ മാസപ്പിറവിയും ഉൾപ്പെടെ 12 മാസത്തെയും മാസപ്പിറവികൾ കണ്ട് ബോധ്യപ്പെടാനും അത് മാലോകരെ അറിയിക്കാനുമുള്ള ഭാഗ്യം എനിക്ക് പടച്ചോൻ തന്നിട്ടുണ്ട്. ഭാഗ്യം എന്നതിനപ്പുറം ഇത് വലിയൊരു ഉത്തരവാദിത്തം കൂടിയാണ്. ഇസ്‌ലാ മിക കർമ ശാസ്ത്രപരമായി പിറ കാണുക, അത് ബോധ്യപ്പെടുക, ഖാസിമാരെ അറിയിക്കുക എന്നത് ‘ഫർള് കിഫായ’ ആണ്. അതായത്, എനിക്കൊരു പിഴവ് സംഭവിച്ചാൽ ആ സമൂഹം മുഴുവന്‍ കുറ്റക്കാരാകും. അത്രമാത്രം സൂക്ഷ്മതയും ശ്രദ്ധയും ഇക്കാര്യത്തിൽ വേണം എന്ന് സാരം.

മാസപ്പിറവി കണ്ടെന്ന് വെറുതെ പറഞ്ഞാൽ പോര, അതിനു കൃത്യമായ മാനദണ്ഡങ്ങളുണ്ട്. കാണേണ്ടത് നഗ്നനേത്രങ്ങൾ കൊണ്ടാകണം. എത്ര വിശ്വസ്തനായ ചങ്ങാതി പോലും  പിറ കണ്ടുവെന്ന് എന്നോടു വന്നു പറഞ്ഞാൽ അതു വിശ്വസിക്കാനും സമൂഹത്തിനെ അറിയിക്കാനും  കഴിയില്ല. നേരിട്ടു കണ്ട് ബോധ്യപ്പെടണം. ഒപ്പം ഈ ഉത്തരവാദിത്തം ഏൽപ്പിച്ച ഖാസിയുടെ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകുകയും വേണം.

ആർട്ടിക്കിൾ പൂർണ്ണമായും വായിക്കാൻ ലോഗിൻ ചെയ്യൂ 

Tags:
  • Spotlight