ഇതെന്റെ മരിച്ചുപോയ അമ്മയുടെ ചിത്രമാണ് സുഹൃത്തുക്കളേ... ഈ ലോകത്ത് എന്റെ അമ്മയെ ഓര്‍ക്കാനുള്ള അവശേഷിക്കുന്ന ഏക ചിത്രം. ഇതൊന്നു കളറാക്കി തരാമോ...'
പഴമ പടര്‍ന്നു കയറിയൊരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം. അതിന് നിധിയെന്നു കൂടി അര്‍ത്ഥമുണ്ടായിരുന്നു. പൊടിക്കും ചിതലിനും കൊടുക്കാതെ ഒരു മകന്‍ പൊന്നുപോലെ സൂക്ഷിച്ചു വച്ച നിധി... മരിച്ചു പോയ അമ്മയെ ഓര്‍മ്മിക്കാന്‍ ആകെയുള്ള മാര്‍ഗം. ട്രോള്‍ മലയാളം മീം എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലെ ഫൊട്ടോഷോപ്പ് ശിങ്കങ്ങള്‍ക്കു മുന്നിലേക്കാണ് ആ ചിത്രമെത്തിയത്. ഒപ്പം ചങ്കില്‍ തൊടുന്നൊരു അപേക്ഷയും. ‘നിറമുള്ള ഓര്‍മ്മകള്‍ സമ്മാനിച്ച അമ്മയുടെ ചിത്രവും നിറമുള്ളതാക്കി തരാമോ’ എന്ന് ആ മകന്‍ കൊതിയോടെ കെഞ്ചുകയാണ്.
കോഴിക്കോട് സ്വദേശിയായ നിഖിലെന്ന മകന്‍ ഒരു പൂവേ ചോദിച്ചുള്ളു. തിരുവനന്തപുരം സ്വദേശിയും ട്രോള്‍ മലയാളം മീം ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് അംഗവുമായ അഭിലാഷ് പിഎസ് പകരം നല്‍കിയത് മാതൃസ്‌നേഹത്തിന്റെ ഏഴുവര്‍ണങ്ങള്‍ പടര്‍ന്ന പൂക്കാലം. കാലം പഴമയില്‍ മുക്കിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തെ കളറാക്കി മാറ്റി. തീര്‍ന്നില്ല, അമ്മയുടെ മുഖത്ത് ശ്രീത്വം വിളങ്ങുന്നൊരു ചിരി കൂടി ചേര്‍ത്തുവച്ചു ആ വിഷ്വല്‍ എഡിറ്റര്‍. സോഷ്യല്‍ മീഡിയ ഹൃദയത്തിലേറ്റു വാങ്ങിയ ആ ചിത്രം സോഷ്യല്‍ മീഡിയ ഇടനെഞ്ചില്‍ ഫ്രെയിം ചെയ്ത് വയ്ക്കുമ്പോള്‍ വൈറല്‍ കലാകാരന്‍ വനിത ഓണ്‍ലൈനോട് സംസാരിക്കുകയാണ്. തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശിയായ അഭിലാഷ് തന്നെ തേടിയെത്തിയ ആ മാതൃസ്‌നേഹത്തിന്റെ കഥ അഭിലാഷ് പറയുന്നു....
കളറായി ഓര്‍മ്മകള്‍
നമ്മള്‍ കാരണം ഒരാളെങ്കിലും സന്തോഷിച്ചാല്‍, ഒരു മുഖത്തെങ്കിലും പുഞ്ചിരി വിതറാനായാല്‍, അതല്ലേ വല്യ കാര്യം. ഫൊട്ടോഷോപ്പും എഡിറ്റിംഗും റീസ്റ്റോറേഷനുമൊക്കെ ഞങ്ങക്ക് ഈ ലോക്ഡൗണില്‍ നേരമ്പോക്കായിരുന്നു. അതിന് ഇപ്പോ ഒരു അര്‍ത്ഥം കൈവന്നിരിക്കുന്നു. ഞാന്‍ കാരണം ഒരു മകന് അവന്റെ അമ്മയുടെ ഓര്‍മ്മകളെ വീണ്ടും തിരികെ കിട്ടിയിരിക്കുന്നു.-അഭിലാഷ് പറഞ്ഞു തുടങ്ങുകയാണ്.
വല്യ എഡിറ്ററോ ഫൊട്ടോഷോപ്പ് പുലിയോ ഒന്നുമല്ല. എല്ലാത്തിന്റെയും ബേസിക് മാത്രം പഠിച്ചിട്ടുണ്ട്. ശരിക്കും പറഞ്ഞാല്‍ പഠിച്ചും പരീക്ഷിച്ചും തെളിഞ്ഞതാണ്. ഐടിഐയില്‍ വെല്‍ഡിങ് സ്‌പെഷ്യലായി പഠിച്ചിറങ്ങി ഞാന്‍ കേബിള്‍ ഇലക്ട്രിക്കല്‍ വര്‍ക്കറാണ്. അതിനിടയിലുള്ള സന്തോഷമാണ് ഈ എഡിറ്റിങ് പരീക്ഷണങ്ങള്‍. ഞങ്ങള്‍കുറച്ച് കലാകാരന്‍മാരുടെ പരീക്ഷണ കേന്ദ്രമാണ് ട്രോള്‍ മലയാളം മീം ഫെയ്‌സ്ബുക്ക് ഗ്രൂപ്പ്. ശരിക്കും പറഞ്ഞാല്‍ ലോക്ഡൗണിലെ നേരമ്പോക്ക്. ചിത്രങ്ങള്‍ മിഴിവുള്ളതും ആകര്‍ഷകവുമായ രീതിയില്‍ എഡിറ്റിങ് ചെയ്ത് പോസ്റ്റ് ചെയ്യും. ആരാണ് ഏറ്റവും നന്നായി ചെയ്യുന്നതെന്നുള്ള മത്സരം തന്നെ ഞങ്ങള്‍ക്കിടയിലുണ്ട്. കൂട്ടത്തില്‍ പൊടിക്ക് ട്രോളുകളും ഉണ്ട്. പരസ്പരം കളിയാക്കാനുള്ള അവസരം പോലും വിട്ടുകളയില്ല. കാര്‍ട്ടൂണ്‍, സേവ് ദി ഡേറ്റ് കാരിക്കേച്ചര്‍ പരിപാടികള്‍ വേറെയുമുണ്ട്.
പിക്ചര്‍ കളര്‍ റീസ്റ്റോറേഷന്‍ മേഖലയില്‍ ഞാന്‍ അങ്ങനെ കൈവെച്ചിട്ടില്ല. പക്ഷേ പതുക്കെ പതുക്കെ പഠിച്ചെടുക്കുകയായിരുന്നു. ഒരിക്കല്‍ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം റീസ്‌റ്റോര്‍ ചെയ്ത് കളറാക്കി ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. മറ്റൊരാളുടെ പോസ്റ്റില്‍ കമന്റായാണ് ചിത്രം പോസ്റ്റ് ചെയ്തത്. അന്ന് പോസ്റ്റിനേക്കാള്‍ ലൈക്കും ഷെയറും എന്റെ കമന്റ് ചിത്രത്തിനു കിട്ടി. സംഭവം വൈറലായപ്പോള്‍ വേറെ ഏതോ ഒരു മഹാന്‍ എന്റെ ചിത്രം അടിച്ചോണ്ടു പോയി സ്വന്തം ക്രെഡിറ്റില്‍ പോസ്റ്റാക്കി. പക്ഷേ നിരാശപ്പെട്ടില്ല.
അങ്ങനെയിരിക്കെ ഒരു ദിവസം നിഖില്‍ എന്നൊരു സുഹൃത്ത് മറ്റൊരു ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രം പോസ്റ്റ് ചെയ്തു. കൂടെയൊരു റിക്വസ്റ്റും. 'മരിച്ചു പോയ എന്റെ അമ്മയെ ഓര്‍മിക്കാന്‍ ഈ ഫോട്ടോ മാത്രമേ ഉള്ളു.ആരെങ്കിലും ഇതൊന്നു കളര്‍ ആക്കി തരുമോ..? ഇതായിരുന്നു പോസ്റ്റ്.' അമ്മയോടുള്ള സ്‌നേഹവും വിട്ടുപോയ വേദനയും എല്ലാം ആ വാക്കുകളിലുണ്ടായിരുന്നു. അങ്ങനെയാണ് ഞാന്‍ ആ ചിത്രത്തില്‍ എഡിറ്റിങ്ങിന് ഒരുങ്ങിയത്. ഒരു രാത്രി മുഴുവനും ഇരുന്നു. അഡോബ് ഫൊട്ടോഷോപ്പ്, റെമിനി എന്നു പേരുള്ള റീസ്റ്റോറേഷന്‍- കളറിങ് ആപ്ലിക്കേഷന്‍, പിക്‌സ് ആര്‍ട്ട് എന്നിങ്ങനെ മൂന്ന് ആപ്പുകളാണ് ഉപയോഗിച്ചത്. ഇതെല്ലാം ഒരു പോലെ ചെയ്ത ശേഷം അവസാനത്തെ ആ ചിരി ഫൊട്ടോഷോപ്പില്‍ സെറ്റ് ചെയ്തു. അഭിമാനത്തോടെ പറയട്ടെ ആ ചിത്രത്തില്‍ ഫൊട്ടോഷോപ്പ് ഉണ്ടെന്ന് കണ്ടാല്‍ പറയില്ല. അത്രയ്ക്കും റിയല്‍ ആയി അത് പൂര്‍ത്തിയാക്കാനായി.

ചങ്കില്‍ക്കൊണ്ട ചിരി
ഒരു രാത്രി ഗ്രൂപ്പില്‍ തന്നെ രണ്ട് ചിത്രങ്ങളും ചേര്‍ത്ത് പോസ്റ്റ് ചെയ്തു. ബ്ലാക്ക് ആന്‍ഡ് വൈറ്റും കളറും. എന്നിട്ടാണ് ഉറങ്ങാന്‍ പോയത്. പിറ്റേദിവസവും ജോലിത്തിരക്ക് കൊണ്ട് ഗ്രൂപ്പില്‍ ആക്റ്റാവായില്ല. പക്ഷേ സംഭവം വേറെ ലെവലില്‍ വൈറലായെന്ന് സുഹൃത്തുക്കള്‍ പറഞ്ഞാണ് അറിഞ്ഞത്. നിഖില്‍ ബ്രോയുടെ അമ്മയ്ക്കു വേണ്ടിയുള്ള റിക്വസ്റ്റും എന്റെ ഫൈനല്‍ എഡിറ്റിംഗു ചേര്‍ത്തുവച്ച് ഗ്രൂപ്പായ ഗ്രൂപ്പുകളില്‍ മുഴുവന്‍ ചിത്രം കയറിയിറങ്ങി. എല്ലായിടത്തു നിന്നും മനസു നിറയ്ക്കുന്ന കമന്റുകള്‍. പക്ഷേ എന്റെ ഹൃദയം നിറച്ചത് ആ മകന്റെ കമന്റാണ്. ജീവിച്ചിരുന്നപ്പോള്‍ പോലും എന്റെ അമ്മ ഇത്രയും ചിരിച്ചിട്ടില്ലെന്ന് നിഖിൽ പറഞ്ഞപ്പോള്‍ എന്റെ കണ്ണും നിറഞ്ഞു.
ആ അമ്മയെക്കുറിച്ച് അധികം വിവരമൊന്നും എനിക്കറിയില്ല. പേര് സവിത എന്നുമാത്രം അറിയാം. പക്ഷേ ആ അമ്മ അകലെയിവിടെയോ മറഞ്ഞിരുന്ന് സന്തോഷിക്കുന്നുണ്ടാകാം. എന്നെയും മനസുനിറഞ്ഞ് അനുഗ്രഹിക്കുന്നുണ്ടാകാം. ഇതെന്റെ സമ്മാനമാണ്, ആ മകനു വേണ്ടി. സ്‌നേഹനിധിയായ ആ അമ്മയ്ക്കു വേണ്ടി....- അഭിലാഷിന്റെ മിഴികളും ഈറനണിഞ്ഞു.
കാട്ടായിക്കോണം സ്വദേശിയായ അഭിലാഷ് സ്വാകാര്യ കമ്പനിയില്‍ കേബിള്‍ ഇലക്ട്രിക്കല്‍ ജീവനക്കാരനാണ്. അച്ഛന്‍ പരേതനായ പങ്കജാക്ഷന്‍, അമ്മ ഷൈലജ.