‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ വൻ വിജയമാകുമ്പോൾ, പൊളിറ്റിക്കൽ കറക്റ്റ്നസ് വലിയ തോതിൽ ചർച്ചയാകുമ്പോൾ മാറിയ ചില കാഴ്ചകൾ കാണാൻ നമുക്ക് അടുക്കളകളിലേക്ക് പോകാം.
എല്ലാം വിട്ട് കൊടുക്കല്ലേ...
‘‘പഴയ മാമൂലുകളും പിന്തുടർന്ന് മക്കളെ നോക്കുന്ന പണിയൊക്കെ കംപ്ലീറ്റായി പെണ്ണുങ്ങൾക്ക് കൊടുത്താൽ സത്യത്തിൽ അത് വലിയ നഷ്ടമാ. ഒരിക്കൽ പോലും ആ ജോലികൾ ചെയ്യാത്ത ആണുങ്ങൾ ജീവിതത്തിലെ എത്ര വലിയ സന്തോഷമാണെന്നോ നഷ്ടപ്പെടുത്തുന്നത്...’’ കൊല്ലത്തു നിന്നുള്ള ആദർശ് മംഗലത്തിന്റെ പക്ഷം.
‘‘കുഞ്ഞുങ്ങളെ നോക്കുക നല്ല ബുദ്ധിമുട്ട് തന്നെയാണ്. പക്ഷേ, അതിന്റെ പ്രതിഫലം ഏറെ വിലപ്പെട്ടതാണ്. എന്റെ ഭാര്യ രേഷ്മ ഡോക്ടറാണ്. എംഡിഎസിന് പഠിക്കുന്നു. പഠനവും അടുക്കളയും കുഞ്ഞിനെ നോക്കലും എല്ലാം കൂടി രേഷ്മയ്ക്ക് ചെയ്യാനാകില്ല. അതുകൊണ്ട് കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും ഞാനാണ് നോക്കാറ്. ഞങ്ങളുടെ മകൾ അലംകൃതയ്ക്ക് ഇപ്പോൾ മൂന്ന് വയസ്സായി.
രേഷ്മ കുളിപ്പിക്കുകയും ഒരുക്കുകയും ചെയ്യുന്നതിനേക്കാൾ അവൾക്കിഷ്ടം ഞാൻ കുളിപ്പിക്കുകയും ഒരുക്കുകയും ചെയ്യുന്നതാണ്. ചെരുവത്തിലെ വെള്ളത്തിലിരുത്തിയാണ് കുളിപ്പിക്കുക. വീടിന് പുറത്ത് വച്ച് കുളിപ്പിക്കുന്നതും അവൾക്ക് ഇഷ്ടമാണ്. കാക്കയെയും കിളികളെയും അണ്ണാറക്കണ്ണനെയും കാണാമല്ലോ. രേഷ്മയ്ക്ക് തിരക്കില്ലെങ്കിൽ അവളും ഞങ്ങളുടെ കുളി മേളത്തിൽ കൂടും.
അമ്മ പഠിപ്പിച്ച അടുക്കള പാഠങ്ങൾ
അച്ഛനും അമ്മയ്ക്കും ഞങ്ങൾ രണ്ട് ആൺമക്കളാണ്. ‘ആൺമക്കളായതു കൊണ്ട് അവർക്ക് എല്ലാം ചെയ്തു കൊടുത്തേക്കാം’ എന്ന് എന്റെ അമ്മ വിചാരിച്ചില്ല. പകരം വീട്ടിലെ എല്ലാ ജോലിയും ചെയ്യിപ്പിച്ചു ഞങ്ങളെ വളർത്തി. അതുകൊണ്ട് കല്യാണം കഴിഞ്ഞപ്പോഴും എല്ലാം പങ്കിട്ടു ചെയ്യുന്ന പതിവാണ് ഉണ്ടായത്.
ഗർഭിണിയായിരിക്കുമ്പോൾ രേഷ്മ പോണ്ടിച്ചേരിയിൽ ഒറ്റയ്ക്ക് നിന്നു ബിഡിഎസിന് പഠിക്കുകയാണ്. അവൾക്ക് വസ്ത്രങ്ങൾ അലക്കാനും വീട് വൃത്തിയാക്കാനും ഒക്കെ ആ സമയത്ത് പ്രയാസമുണ്ടായിരുന്നു. ആഴ്ചയിലൊരിക്കൽ ഞാൻ പോണ്ടിച്ചേരിക്ക് പോകുമ്പോഴാണ് പണികളൊക്കെ തീർക്കുക. അലംകൃത ജനിച്ചു കഴിഞ്ഞപ്പോഴും കുഞ്ഞിന്റെ കാര്യങ്ങളെല്ലാം ഞാൻ തന്നെയാണ് നോക്കിയത്. രേഷ്മയെ പഠിക്കാൻ വിട്ടുകൊണ്ട്.
കുഞ്ഞിനെ നോക്കുന്ന ഫീൽ അതൊന്ന് വേറെ തന്നെയാണ്. ഒരിക്കൽ അനുഭവിച്ചാൽ നമ്മളതാർക്കും വിട്ടുകൊടുക്കില്ല. അഡിക്റ്റ് ആയി പോകും. അത്രയ്ക്ക് ആനന്ദം തരുന്ന ജോലിയാണത്.
ഞാനൊരു ബിൽഡർ ആണ്. ചിലപ്പോൾ ജോലി സംബന്ധമായി യാത്ര ചെയ്യേണ്ടി വരും. പണ്ടൊക്കെ ധൈര്യമായി പോകാനാകുമായിരുന്നു. ഇപ്പോൾ വീട്ടിൽ നിന്ന് 50 മീറ്റർ പിന്നിടും മുൻപ് വിഷമം തുടങ്ങും. ‘അപ്പാ... വാ’ എന്നവൾ വിളിച്ചാൽ എല്ലാം ഇട്ടെറിഞ്ഞ് തിരികെ പോകാൻ തോന്നും. ചിലപ്പോഴൊക്കെ അങ്ങനെ സംഭവിച്ചിട്ടുമുണ്ട്.’’