Wednesday 13 June 2018 02:33 PM IST

ബ്രെയിൽ ലിപിയിലെഴുതിയ ദൈവവചനങ്ങൾ വെളിച്ചമാകുമ്പോൾ; അന്ധതയെ തോൽപിച്ചും ഖുറാൻ പാരായണം നടത്തുന്ന അലിമാഷിന്റെ കഥ

Rakhy Raz

Sub Editor

ali1 ഫോട്ടോ : സരിൻ രാംദാസ്

ലി മാഷിന്റെ ചുണ്ടുകൾ വ്യക്തതയോടെ ഖുറാൻ ഓതുകയാണ്. കണ്ണടച്ച് ഹൃദയം ആർദ്രമാക്കി പരമകാരുണികന്റെ മഹത്വം വാഴ്ത്തുന്ന വരികൾ വായിച്ചവസാനിപ്പിക്കുമ്പോൾ ആ കണ്ണുകൾ പ്രകാശപൂരിതമായി തിളങ്ങിയിരുന്നു. ഖുറാൻ ലഭിച്ചതിൽ പിന്നെ അലി മാഷിനെ കാഴ്ചയില്ലായ്മ ബാധിച്ചിട്ടില്ല. അല്ലെങ്കിലും ഖുറാനിന്റെ വെളിച്ചം ഹൃദയത്തിൽ നിറയ്ക്കുന്നവർക്ക് എന്ത് അന്ധത.. അന്ധരുടെ വായനാപദ്ധതിയായ ബ്രെയിൽ ലിപിയിലെഴുതിയ ഖുറാനാണ് അലിമാഷ് നിത്യവും പാരായണം ചെയ്യുന്നത്. ഇത്തരം ഒരു ഖുറാൻ അലി മാഷിന് ലഭിക്കുന്നത് ഏറെ കാത്തിരിപ്പിനു ശേഷമാണ്. ആ കാത്തിരിപ്പിന്റെ കഥ..

കാഴ്ചയുടെ നിറം മങ്ങിയ കാലം

അലിമാഷ് ജന്മനാ അന്ധൻ ആയിരുന്നില്ല. കാഴ്ചയുടെ ലോകത്തു നിന്ന് സാവധാനം ഇരുട്ടിലേക്ക് നീങ്ങുകയായിരുന്നു. ‘‘കാഴ്ചയുടെ വില എനിക്കറിയാം. കാഴ്ചയില്ലാതായതിനുശേഷം ദൈവത്തിന്റെ കൃപ മാത്രമാണ് എന്നെ കൈപിടിച്ച് നടത്തിയത്’’ അലിമാഷ് പറയുന്നു. ഫോർട്ടുകൊച്ചിക്കാരനായ ബാപ്പുട്ടിയുടെ അഞ്ച് മക്കളിൽ മൂന്നാമനായി ജനിച്ച അലി ബാപ്പുട്ടിക്ക് ബാല്യം ഏതൊരു സാധാരണ കുട്ടിയുടേതും പോലെ മനോഹരമായിരുന്നു.

‘‘കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ മസ്ദൂർ ആയിരുന്നു ബാപ്പ. ഉമ്മ ആമിന. ഒരു ജ്യേഷ്ഠനും ജ്യേഷ്ഠത്തിയും രണ്ട് അനുജന്മാരും അടങ്ങുന്ന കുടുംബം. ഞാൻ പ്രീഡിഗ്രിക്കു പഠിക്കും മുൻപേ തന്നെ വാപ്പയും ഉമ്മയും മരിച്ചു. അക്കാലം മുതൽ ജ്യേഷ്ഠത്തിയുടെ സംരക്ഷണയിലായിരുന്നു. ഇരുപത്തിയേഴാമത്തെ വയസ്സിലാണ് എനിക്കു ടൈഫോയിഡ് പിടിപെടുന്നതും കാഴ്ച മങ്ങിത്തുടങ്ങുന്നതും.

‘‘ടൈഫോയിഡ് വന്ന് പത്ത് വർഷത്തിനുള്ളിലാണ് കാഴ്ച പൂർണമായി നഷ്ടമായത്. പഠനം കഴിഞ്ഞ് പല ജോലികളും ചെയ്തു. 84 ലിൽ ബെംഗളൂരുവിൽ ജോലി ചെയ്യുമ്പോഴാണ് മുഴുവൻ കാഴ്ചയും നഷ്ടമാകുന്നത്. അതോടെ വല്ലാത്ത വിഷമമായി. നാലു വർഷത്തോളം വീട്ടിൽ തന്നെ അടച്ചിരുന്നു.’’ഒരു സുഹൃത്ത് വഴിയാണ് കോഴിക്കോട്ടുള്ള കേരള ഫെഡറേഷൻ ഓഫ് ദ് ബ്ലൈൻഡ് റീഹാബിലിറ്റേഷൻ സെന്ററിനെക്കുറിച്ച് അലി മാഷ് അറിഞ്ഞത്. അതു പ്രതീക്ഷയായി. അവിടെ പഠിക്കാൻ ചേർന്നു. 91 ൽ അന്ധവിദ്യാലയത്തിൽ നിന്ന് ബ്രെയിൽ ലിപി പഠിച്ച് പാസായി.

‘‘കോഴിക്കോട്ടെ ജീവിതകാലത്ത് റെഹ്മാനിയ എച്ച് എസ്എസ് ഫോർ ഹാൻഡികാപ്ഡ് എന്ന സ്െപഷൽ സ്കൂളിലെ അധ്യാപകരുമായി പരിചയത്തിലായി. കോഴ്സ് പൂർത്തിയാക്കിയ ഉടൻ തന്നെ അവിടെ ക്രാഫ്റ്റ് അധ്യാപകനായി ജോലി ലഭിച്ചു. ജീവിത സാഹചര്യം നന്നായെങ്കിലും ഒരു കാര്യം മാത്രം സങ്കടമായി. ഖുറാൻ പാരായണം ചെയ്യാൻ സാധിക്കുന്നില്ല. റെക്കോർഡ് വച്ച് കേൾക്കാമെങ്കിലും സ്വന്തം നാവു കൊണ്ട് അല്ലാഹുവിനെ സ്തുതിക്കുന്നതു പോലെയാകില്ലല്ലോ അത്.’’ അങ്ങനെയിരിക്കെ ഹസൈനാർ എന്നയാൾ വഴി ബ്രെയിൽ ലിപിയിലുള്ള ഖുറാൻ ലഭിച്ചു. അത് അലി മാഷിന് അതിശയമായിരുന്നു. അന്ധർക്ക് വായിക്കാനും ഖുറാൻ !!

‘‘ബ്രെയിൽ ലിപി ഒരു വായനാരീതിയാണ്. പൊങ്ങി നിൽക്കുന്ന ആറു കുത്തുകളാണ് അടിസ്ഥാനം. അവ ഒറ്റയ്ക്കും കൂട്ടായും അറുപത്തി മൂന്ന് വ്യത്യസ്ത രൂപങ്ങളുണ്ടാക്കാം. അവയെല്ലാം ഓരോ അക്ഷരമാണ്. ഇവയറിഞ്ഞാൽ പിന്നെ അറിയുന്ന ഏത് ഭാഷയും ബ്രെയിലിൽ എഴുതിയാൽ വായിക്കാം.’’ അലി മാഷ് പറയുന്നു.

സാധാരണ നിലയിൽ 114 അധ്യായങ്ങളുള്ള ഒറ്റ പുസ്തകമായ ഖുറാൻ ബ്രെയിൽ ലിപിയിൽ എഴുതി വരുമ്പോൾ ആറ് വാല്യങ്ങളായാണ് വരുന്നത്. അലി മാഷിനു ലഭിച്ച ബ്രെയിൽ ഖുറാൻ രണ്ടു വാല്യങ്ങളേ ഉണ്ടായിരുന്നുള്ളു. നിത്യവും പാരായണം ചെയ്യേണ്ടതായ പല ഭാഗങ്ങളും അതിൽ ഉണ്ടായിരുന്നുമില്ല. അതിനാൽ അന്നു മുതൽ ബ്രെയിൽ ലിപിയിൽ എഴുതിയ ഖുറാന്റെ മറ്റു വാല്യങ്ങൾക്കായി അന്വേഷണം ആരംഭിച്ചു. അതിനിടെ ഉള്ള വാല്യങ്ങൾ കാലപ്പഴക്കം കൊണ്ട് വായനാക്ഷമമല്ലാതായി.

വെളിച്ചമായി നസീമ

ജീവിതത്തിൽ ഒരു കൂട്ടു വേണമെന്ന് എല്ലാവരും പറഞ്ഞു തുടങ്ങിയത് ഇക്കാലത്താണ്. പത്രത്തിൽ വിവാഹപരസ്യം ചെയ്തു. പരസ്യത്തിന് ഒരേയൊരാൾ മാത്രം മറുപടി അയച്ചു. ആലുവ കുട്ടമശ്ശേരിയിൽ നിന്നുള്ള നസീമ. 1992 ൽ അലി മാഷ് നസീമയെ വിവാഹം കഴിച്ചു.ഇരുപത്തഞ്ചു വർഷമായി നസീമയാണ് അലി മാഷിന്റെ ജീവിതത്തിലെ വിളക്ക്.

ali2

‘‘അന്നു മുതൽ ഇന്നു വരെ അവൾ ഓരോ ചുവടിലും എന്നോടൊപ്പമുണ്ട്. എന്റെ ഇഷ്ടാനിഷ്ടങ്ങളറിഞ്ഞ് എന്റെ കുറവുകൾ മറന്ന് അവൾ കൂടെ നിന്നതോർക്കുമ്പോൾ മനസ്സു നിറയും. മൂന്ന് കുട്ടികളാണ് എനിക്ക്. മൂത്തയാൾ ഷബീർ അലി ഹൈദരബാദിൽ ജോലി ചെയ്യുന്നു. രണ്ടാമൻ നസ്മൽ അലി പ്ലസ് ടു കഴിഞ്ഞു. ഇളയ ആൾ അസ്ക്കർ അലി പ്ലസ് ടു ആയി.

പതിനേഴു വർഷത്തെ കോഴിക്കോട്ടെ അധ്യാപക വൃത്തിക്കു ശേഷം നസീമയുടെ വീടിനടുത്ത് തോട്ടുമുഖം എന്ന സ്ഥലത്ത് ഞങ്ങൾ താമസമാക്കി. എന്റെ ഒരു സുഹൃത്തും തോട്ടുമുഖം മസ്ജിദുൽ ഫുർഖാൻ പള്ളിയുടെ ഇമാമുമായിരുന്ന സിഎം മൗലവിയാണ് തോട്ടുമുഖത്ത് പള്ളിക്കടുത്ത് താമസമാക്കാൻ പ്രേരിപ്പിച്ചത്. ആദ്യം വാടകയ്ക്കാണ് താമസിച്ചിരുന്നത്. പിന്നീട് സ്ഥലം വാങ്ങി. നാട്ടുകാരുടെയും പള്ളിക്കാരുടെയും സഹായത്തോടെ വീടു വച്ചു. വീട് വച്ചിട്ട് ഇപ്പോൾ മൂന്നു വർഷമാകുന്നു.’’

ആലുവ തോട്ടുമുഖത്തുള്ള മസ്ജിദിൽ സ്ഥിരമായി നമസ്ക്കാരത്തിനെത്തുന്ന അലി മാഷ് തനിക്ക് പാരായണത്തിന് ബ്രെയിൽ ലിപിയിലുള്ള സമ്പൂർണ്ണമായ ഖുറാൻ കിട്ടുമോ എന്നു പലരോടും അന്വേഷിച്ചിരുന്നു. 2012 ൽ റമസാൻ കാലത്താണ് കളമശ്ശേരി സ്വദേശി ഷാനവാസ് തോട്ടുമുഖം പള്ളിയിൽ വച്ച് അലി മാഷിനെ പരിചയപ്പെടുന്നത്. അലി മാഷിന്റെ ആഗ്രഹം അറിഞ്ഞ അദ്ദേഹം ബ്രയിൽ ഖുറാനു വേണ്ടി ഇന്റർനെറ്റിൽ അന്വേഷണം ആരംഭിച്ചു. സൗദിയിലെ ഖുറാൻ പ്രസിൽ ഇത്തരം ഖുറാൻ അച്ചടിക്കുന്നതായി വിവരം ലഭിച്ചപ്പോൾ പ്രസ് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും വിവിധ രാജ്യങ്ങളിൽ നിന്നും നിരവധി ഓർഡറുകൾ ഉള്ളതിനാൽ ബ്രെയിൽ ലിപിയിലുള്ള ഖുറാൻ ലഭിക്കാൻ വർഷങ്ങളെടുക്കുമെന്നാണ് മറുപടി ലഭിച്ചത്.

അതേ സമയം തന്നെ ഇന്റർനെറ്റിലൂടെ മലേഷ്യയിലെ സാമൂഹിക പ്രവർത്തകയായ നോർമ ഹാഷിമിനെ ഷാനവാസ് പരിചയപ്പെട്ടു. മലേഷ്യയിലെ ഒരു സംഘടന വഴി നോർമ ഹാഷിം ബ്രെയിൽ ഖുറാൻ സംഘടിപ്പിച്ച് ഷാനവാസിന് അയച്ചു കൊടുത്തു. സൗജന്യമായി. ഇതു ലഭിച്ചതോടെ ഏറെ നാളത്തെ അലി മാഷിന്റെ ആഗ്രഹം സഫലമായി.

എല്ലാവർക്കും അവസരം ലഭിക്കട്ടേ

നിത്യവും പാരായണം ചെയ്യാൻ ഖുറാൻ ലഭിച്ചെങ്കിലും അതിൽ ഒതുങ്ങാൻ അലി മാഷിന് കഴിഞ്ഞില്ല. തന്നെപ്പോലെയുള്ള അന്ധർക്ക് ഖുറാൻ പാരായണം ചെയ്യാനുള്ള അവസരം ഒരുക്കണം എന്ന് അദ്ദേഹം കരുതി. കൂടുതൽ ബ്രെയിൽ ഖുറാനുകൾ വരുത്താനുളള ശ്രമമായി പിന്നീട്. അസബ സൊസൈറ്റി ഫോർ ദ് ബ്ലൈൻഡിന്റെ മുൻ സെക്രട്ടറിയും ഇപ്പോഴത്തെ പ്രസിഡന്റുമായ അലി മാഷ് അത് സാധ്യമാക്കുക തന്നെ ചെയ്തു. അന്ധരായവർക്ക് മതപരമായ വിദ്യാഭ്യാസം കൊടുക്കുന്ന സംഘടനയാണ് അസബ.

‘‘മുടിക്കലിനടുത്ത് തണൽ എന്ന സംഘടന ഞങ്ങൾക്ക് മുറി അനുവദിച്ചു തന്നിട്ടുണ്ട്. എല്ലാ രണ്ടാം ശനിയാഴ്ചയും അവിടെ അന്ധരായ ആളുകൾ എത്തും. അവിടെയെത്തുന്നവർക്ക് വായിക്കാൻ ചെറുതും വലുതുമായ, ബ്രെയിൽ ലിപിയിലെഴുതിയ ഖുറാൻ പതിപ്പുകൾ ഇന്ന് ലഭ്യമാക്കിയിട്ടുണ്ട്. ’’

എന്തിനാണ് ഇതു ചെയ്യുന്നത് എന്നു ചോദിച്ചാൽ അലി മാഷ് കണ്ണുകളിൽ വെളിച്ചം നിറച്ച് പുഞ്ചിരിയോടെ പറയും. ‘‘ഖുറാൻ പഠിക്കുന്നവരും പഠിപ്പിക്കുന്നവരും അല്ലാഹുവിനു മുന്നിൽ ഉത്തമന്മാരിൽ ഉത്തമന്മാരായി ഗണിക്കപ്പെടുന്നു.’’