Saturday 20 July 2019 04:45 PM IST

ഓട്ടോയിൽ ഐപാഡ് മുതൽ ഗൂഗിൾ ഹെൽപ് വരെ; ചെന്നൈയിലെ അണ്ണാ ദുരൈയുടെ ‘സ്മാർട്ടോറിക്ഷ’ വിശേഷങ്ങൾ!

Vijeesh Gopinath

Senior Sub Editor

auto-annadurai ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ചുമച്ചും കിതച്ചും ഒാടുന്ന ഒാട്ടോറിക്ഷകൾ അണ്ണാദുരൈയുടെ ഒാട്ടം കാണുമ്പോൾ പറയുന്നുണ്ടാകും ‘ദാണ്ടെടാ സൂപ്പർ സ്റ്റാർ’

അസൂയപ്പെടാതെ എന്തു ചെയ്യും? കിക്കറിടിച്ചു മരിച്ചിട്ടും ‘ഉണരാത്ത’, ഉടലാകെ തുരുമ്പ് പാടു വീണ, അകത്തിരിക്കുന്ന യാത്രക്കാരന്റെ ഡിസ്കിന്റെ നട്ടും ബോൾട്ടും ഇളക്കുന്ന പതിവ് ഒാട്ടോകൾക്കിടയിൽ ന്യൂജെന്‍ മുത്താണ് അണ്ണാദുരൈയുടെ ടിഎൻ 07 എഎം 5758 ആപെ ഒാട്ടോറിക്ഷ.

സംശയമുണ്ടോ? ഒന്നു കയറി നോക്കാവുന്നതാണ്. ഡ്രൈവർ സീറ്റിന്റെ  മുകളിൽ അതാ ഇരിക്കുന്നു കു‍ഞ്ഞു ടിവി. തൊട്ടു പിന്നിൽ മീറ്ററിനു കൂട്ടായി ഒരു പെട്ടി. അതിൽ മുന്തിരി, ആപ്പിൾ, ബിസ്കറ്റ്, ചോക്‌ലറ്റ്. അതിനപ്പുറമുള്ള  മിനി ഫ്രിജിൽ സോഫ്റ്റ് ഡ്രിങ്ക്സ്...

സീറ്റിനു അരികിൽ മുപ്പത്തഞ്ചിലധികം മാസികകളും പത്രങ്ങളും. അതിനൊപ്പം െഎപാഡ്, ടാബ്‌ലറ്റ്, ലാപ്ടോപ്, ‌മൊബൈൽ ചാർജിങ് പോയന്റ്...

ഇതിനൊക്കെ പുറമേ സീറ്റിനു മുന്നിലെ ഇരുമ്പു ബാറിൽ ഗൂഗിൾ ഹോം ബ്ലൂടൂത്ത് സ്പീക്കർ. ഈ ലോകത്തുള്ള എന്തിനെക്കുറിച്ചു ചോദിച്ചാലും ഉത്തരം ശബ്ദമായി കിട്ടും.‘മോനേ ഗൂഗിളേ... പോണ വഴിക്ക് നല്ല ബിരിയാണി കിട്ടണ കട എവിടെ’ ന്നു ചോദിച്ചതും ചറ പറ ഉത്തരം വന്നു.

അതിനപ്പുറത്ത് ആമസോൺ അലക്സാ എക്കോ സ്പോട്ട്. പന്ത്രണ്ടായിരം രൂപയോളം വിലയുണ്ട്. മഴപെയ്യുമോ എന്നു തൊട്ട് പു‍ത്തൻ പാട്ടുകളേതൊക്കെ എന്നു വരെ അറിയാം. ഇ നി വാർത്ത കേൾക്കണോ വിഡിയോയും കാണണോ... എല്ലാത്തിനും അലക്സാ റെഡി.

അണ്ണാദുരൈയുടെ ഒാട്ടോ കിടിലോൽസ്കി ആണെന്നു പറയാൻ ഇത്രയും പോരെ. ഇതുമാത്രമല്ല ഇനിയുണ്ട് വിസ്മയങ്ങൾ. എന്നാൽ ചെന്നൈ അഡയാർ നിന്ന് സെൻട്രലിലേക്ക് യാത്ര പോയാലോ?

അണ്ണാ സ്പീക്കിങ്

‘‘8 വർഷമായി ഒാട്ടോ ഒാടിക്കാൻ തുടങ്ങിയിട്ട്.  എന്റെ അപ്പയും അണ്ണന്മാരും എല്ലാം ഒാ‌ട്ടോറിക്ഷാ ഡ്രൈവർമാരാണ്. പ ത്താം ക്ലാസ് പാസ്സാകാൻ എനിക്കു കഴിഞ്ഞില്ല. പഠനത്തിനുള്ള സാഹചര്യം അന്നുണ്ടായിരുന്നില്ല.

സ്കൂളിൽ നിന്നു പുറത്തിറങ്ങിയപ്പോൾ എന്തു ജോലി ചെയ്യണം എന്ന കാര്യത്തിൽ അധികം സംശയം തോന്നിയില്ല. അച്ഛന്റെയും ചേട്ടന്റെയും വഴിയിലൂടെ ഞാൻ പോകാൻ തീരുമാനിച്ചു. അങ്ങനെയാണ് ഒ എം ആർ റോഡിലേക്ക് ഞാ ൻ ഒാട്ടോയുമായി വന്നത്.

ഒരുപാട് ഒാട്ടോറിക്ഷകളിൽ നിന്ന് എന്റേതിനെ എങ്ങനെ വ്യത്യാസപ്പെടുത്തണം  എന്നായിരുന്നു ആദ്യം ആലോചിച്ചത്. എന്റെ സന്തോഷം വണ്ടിയിൽ യാത്ര ചെയ്യുന്നവരുടെ സന്തോഷമാണെന്ന ചിന്ത വന്നു. അങ്ങനെയാണ് ഒാരോ കാര്യങ്ങളായി വന്നു തുടങ്ങിയത്.’’ ടെക്കി ഒാട്ടോയുടെ വിശേഷങ്ങളിലേക്ക് അണ്ണാ ദുരൈ ആദ്യ ഗിയർ ഇട്ടു.

സെന്‍ട്രൽ സ്റ്റേഷനിലേക്കുള്ള വഴിയിൽ വെയിൽ കത്തുന്നുണ്ട്. 39 ഡിഗ്രി ചൂടെന്നാണ് അലക്സാ പറയുന്നത്. ലാപ്ടോപ്പോ െഎപാഡോ എന്തു വേണമെങ്കിലും നോക്കിക്കോളൂ എന്ന് അണ്ണാ ദുരൈ പറയുന്നുണ്ട്... അല്ലെങ്കിൽ മാസിക എടുത്തോളൂ എന്നായി. ഫാഷന്‍,സിനിമാ മാസിക മുതൽ ഒാട്ടോമൊബൈൽ മാസിക വരെ ഉണ്ട് കൂട്ടത്തിൽ. എട്ടു പത്രങ്ങളുണ്ട്.   

‘‘ എല്ലാം പുതിയ മാസികകളാണ്. പഴയത് വയ്ക്കാറില്ല. അത് ‘എന്റെ കസ്റ്റമേഴ്സിന്’ നെഗറ്റീവ് ഇമേജ് ഉണ്ടാക്കും. സത്യത്തിൽ അവരാണ് എന്റെ ദൈവങ്ങൾ. മാസം പത്രങ്ങൾക്കും മാസികകൾക്കുമായി  നാലായിരത്തോളം രൂപ ചെലവാകുന്നുണ്ട്. െഎപാഡും മറ്റും  കൂടുതലായും വിഡിയോകൾ കാണാനാണ് യാത്രക്കാർ ഉപയോഗിക്കുക,. ഒാട്ടോയിൽ കയറുന്ന തൊണ്ണൂറു ശതമാനവും ഫ്രീ വൈഫൈ ഉപയോഗിക്കും.  ഇതൊക്കെ സേവനങ്ങളാണ്. യാത്രക്കാരിൽ നിന്ന് മീറ്ററിലുള്ള പൈസയേ വാങ്ങൂ. ’’ അണ്ണാ ദുരൈ പതിയെ ചിരിക്കുന്നു.

സൗകര്യങ്ങളുടെ നീണ്ട നിര

annadurai-auto1

ഇതിലൊന്നും അവസാനിക്കുന്നില്ല അണ്ണാദുരൈയുടെ പരീക്ഷണങ്ങൾ. യാത്ര കഴിഞ്ഞിറങ്ങും മുന്നേ കസ്റ്റമർ റിലേഷൻ കാർഡ് പൂരിപ്പിക്കാം. ഒാട്ടോയെക്കുറിച്ചും യാത്രയെക്കുറിച്ചും വിലയിരുത്താം. അതിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് ആയിരം രൂപ സമ്മാനം നൽകും. ഇതിനു പുറമേ ടോക്കൺ സിസ്റ്റവുമുണ്ട്. 30 പ്രാവശ്യം യാത്ര ചെയ്തവർക്ക് 500 രൂപ ക്യാഷ്ബാക്ക് കൊടുക്കും. അത് 40 പ്രാവശ്യമായെങ്കിൽ ആയിരം രൂപയും കിട്ടും. ഇത്തരം സേവനങ്ങൾക്ക് മൊത്തം 10,000 രൂപ മാസം ചെലവാകും. ഇതെങ്ങിനെ മുതലാകുമെന്നാണോ?

‘‘സേവനം നന്നാകും തോറും യാത്രക്കാരെ കൂടുതല്‍ കിട്ടും എന്നാണ് എന്റെ അനുഭവം. സ്ഥിരം യാത്രക്കാർക്കു പുറമേ ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള കസ്റ്റമേഴ്സിനെ കിട്ടാറുണ്ട്. യാത്ര ബുക്ക് ചെയ്യാൻ അമേസിങ് ഒാട്ടോ എന്ന ആപ് പ്ലേസ്റ്റോറിലുണ്ട്. ഡൗൺലോഡ് ചെയ്താൽ ഒാട്ടോയുടെ യാ ത്രകൾ ഏതു വഴിയിലൂടെയാണെന്ന് ട്രാക്ക് ചെയ്യാം. ഒപ്പം മു ൻകൂട്ടി ബുക്ക് ചെയ്യാം.  വിദേശികളെല്ലാം മാസങ്ങൾക്കു മുൻപേ ബുക്ക് ചെയ്തിട്ടാണു വരാറുള്ളത്. റേറ്റിങ് ഉള്ളതു കൊണ്ട് സർവീസിനെക്കുറിച്ച് അവർക്ക് പേടിയുണ്ടാകില്ല.’’ ഒാട്ടോവഴികളെക്കുറിച്ച് അണ്ണാദുരൈ.

കേട്ട ഉടൻ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു. ‘അതിഥി ദേവോ ഭവഃ’ എന്നാണ് ക്യാപ്ഷൻ. സൈൻ ഇൻ ചെയ്യേണ്ടിടത്ത് ഞാനൊരു സാധാരണക്കാരനാണെന്നും  ചുറ്റും പരക്കുന്ന വെളിച്ചത്തെ ഒന്നുകൂടി പ്രകാശമാനമാക്കാൻ എനിക്കൊപ്പം ചേരൂ എന്നെല്ലാം കുറിച്ചിരിക്കുന്നു. ഒാരോ വരിയിലുമുണ്ട് പൊസിറ്റീവായ വഴികളിലൂടെ മാത്രമേ ഈ ഒാട്ടോ ഒാടൂ എന്ന ഉറപ്പ്. 

ഈസി പേയ്മെന്റ്‌

ചില്ലറ ക്ഷാമം വന്നപ്പോഴാണ് സ്വൈപ്പിങ് മെഷീൻ വാങ്ങിയത്. പത്തു രൂപയ്ക്കു മുകളിലുള്ള എല്ലാ യാത്രകൾക്കും കാർഡ് സ്വൈപ്പ് ചെയ്യാം.   

ഇത്രയുമൊക്കെ ചെയ്യണോ? സാധാരണ ഒാട്ടോ പോലെ ഒാടിയാൽ പോരെ എന്ന് പലരും അണ്ണാദുരൈയോടു ചോദിച്ചിട്ടുണ്ട്. പക്ഷേ, അതിനെല്ലാം അനുഭവത്തിൽ നിന്നുള്ള ഉ   ത്തരങ്ങളുമുണ്ട്. ഒാട്ടോയിൽ നടത്തിയ സ്റ്റാർട് അപ്  വിപ്ലവത്തിന്റെ  വിലയറിയാവുന്നതു കൊണ്ടാണ്  ഇന്ത്യയിലെ പല ബിസിനസ് സ്കൂളുകളും മൾട്ടി നാഷനൽ കമ്പനികളും അനുഭവ പാഠങ്ങൾക്കായി കാതോർത്തിരിക്കുന്നത്.

‘‘ക്യാംപസുകളിലും കമ്പനികളിലും പോകുമ്പോൾ കേ ൾക്കുന്ന  പൊതുവായ ചോദ്യമുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു ഒാട്ടോ, അതു വിജയിക്കുമോ? നമ്മുടെ മനോഭാവമാണ് വലുത്, പത്താം ക്ലാസ് ഡ്രോപ് ഒൗട്ട് ആയ ഒരാൾക്ക് നിങ്ങളോടിങ്ങനെ സംസാരിക്കാനുള്ള വേദി കിട്ടിയെങ്കിൽ അതിനെ വിജയമായി  കാണുന്നു, ഇതായിരിക്കും ഉത്തരം.

800 രൂപയ്ക്കു താഴെ ദിവസവരുമാനം കിട്ടിയിരുന്ന എനിക്ക് സ്റ്റാർട് അപ് രീതിയിലേക്കു മാറിയപ്പോൾ 3500 രൂപ വരെ കിട്ടിയ ദിവസങ്ങളുണ്ട്. കസ്റ്റമർ ദൈവമാണെന്ന പാഠത്തിൽ നിന്നാണ് ഞാൻ ഇതെല്ലാം നേടിയത്. പണ്ട് കസ്റ്റമർക്കായി ഞാൻ കാത്തുനിൽക്കാറുണ്ടായിരുന്നു. ഇപ്പോൾ എന്റെ ഒാട്ടോയ്ക്കായി യാത്രക്കാർ കാത്തുനിൽക്കുന്ന രീതിയിലേക്ക് മാറി. വിദേശികളായി പല യാത്രക്കാരും ഒാട്ടോയുടെ ഡേറ്റ് അനുസരിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാൻ തുടങ്ങി.’’ അനുഭവങ്ങളുടെ സ്റ്റാൻഡിലാണ് ഈ ഒാട്ടോ പാർക്ക് ചെയ്തിരിക്കുന്നത്. 

െചന്നൈ സെൻട്രലിലെ കലപില ഒാട്ടോക്കൂട്ടത്തിനുള്ളിൽ അണ്ണൈ ഒാട്ടോ നെഞ്ചും വിരിച്ചു നിന്നു. കാർഡ് സ്വൈപ് ചെയ്ത് പൈസ വാങ്ങി യൂ ടേൺ എടുത്ത് ഒറ്റ പാച്ചിൽ. പോകുമ്പോഴാണ് ഒാട്ടോയുടെ സൈഡിലെ ആ പോസ്റ്റർ കണ്ടത്. ടെക്നോളജി സംരംഭകനായ എലൻ മസ്കിന്റെ വരികൾ.

I think it is possible for ordinary people to choose to be extra ordinary

സൗജന്യ യാത്രകൾ

സൗജന്യ യാത്രകൾക്കും അണ്ണയുടെ ഒാട്ടോ സ്പീഡിലോടും. അധ്യാപകർക്ക് ഈ ഒാട്ടോയിൽ പണം കൊടുക്കാതെ യാത്ര ചെയ്യാം.

‘‘അതുപോലെ തന്നെ ഫാദേഴ്സ് ഡേ, മദേഴ്സ് ‍‍‌ഡേ ഇതെല്ലാം വെറുമൊരു ദിവസമായി കടന്നു പോകുന്നത് ശരിയല്ല. എന്റേതായ രീതിയിൽ അത് ആഘോഷിക്കുന്നു. ആ ദിവസങ്ങളിൽ ഒാട്ടോയിൽ കയറുന്ന മാതാപിതാക്കൾക്ക് യാത്ര സൗജന്യമായിരിക്കും.

ഒാട്ടോയിൽ കയറുന്നവർ രണ്ടു കാര്യങ്ങളാണ് പ്രതീക്ഷിക്കുന്നത്, ഒന്ന് സുരക്ഷിത യാത്ര പിന്നെ, മര്യാദയുള്ള പെരുമാറ്റം. ഇതു രണ്ടും കിട്ടിയാൽ വീണ്ടും അവർ നമ്മളെ തേടി വരും.’’ അണ്ണാ സ്റ്റൈൽ...

Tags:
  • Spotlight
  • Inspirational Story