Thursday 11 June 2020 04:47 PM IST

‘ഞാൻ ആനക്കുട്ടിയും വാവ അരിമണിയും പോലെ’; 104ൽ നിന്നും 56ലേക്ക്; ജിമ്മിൽ പോകാതെ വണ്ണം കുറച്ച അഷിമ മാജിക്!

Binsha Muhammed

ashima-cover

കൈവണ്ണം ഒന്ന് കൂടിയാൽ പോലും കളിയാക്കുന്നവരുടെ ഘോഷയാത്രയാണ്. പൊണ്ണത്തടിയുണ്ടെങ്കിൽ പിന്നെ പറയുകയേ വേണ്ട ‘ബോഡി ഷെയ്മിങ്ങിൽ’ ചാലിച്ച കുത്തുവാക്കുകൾ പിന്നാലെയെത്തും. പക്ഷേ കൊല്ലം മൺറോ തുരുത്ത് സ്വദേശിയായ അഷിമയെ ഈ കളിയാക്കലുകളോ കുത്തുവാക്കുകളോ ഉപദേശങ്ങളോ ഒന്നും കുത്തിനോവിച്ചിട്ടേയില്ല. മനസു പറയുന്നത് കേട്ടു, പൊണ്ണത്തടിയെ പമ്പകടത്തി. പക്ഷേ അപ്പോഴും എത്തി പുതിയ കമന്റ്. ‘സർജറി ചെയ്താണോ വണ്ണം കുറച്ചത്, അതോ ഞങ്ങൾ കളിയാക്കിയതു കൊണ്ടാണോ ഈ സ്ലിം സൈസ്. നാട്ടാരും ബന്ധുക്കളും ചോദിച്ച...ഇപ്പോഴും ആവർത്തിച്ചു കൊണ്ടിരിക്കുന്ന ചോദ്യത്തിന് ഒറ്റ ഉത്തരം.

‘ഈ മാറ്റം എന്റെ മകൾക്കു വേണ്ടി, എല്ലാത്തിനും മേലെ എന്റെ മനസിന്റെ സംതൃപ്തിക്കു വേണ്ടി. അവിടെ സർജറിക്ക് സ്ഥാനമില്ല’– ചിരിയോടെ അഷിമ പറയുന്നു. രണ്ടു വര്‍ഷം കൊണ്ട് പൊണ്ണത്തടിയെ പടികടത്തിയ ആ സീക്രട്ട് വനിത ഓൺലൈന് വേണ്ടി പങ്കുവയ്ക്കുമ്പോഴും നിറഞ്ഞ ചാരിതാർത്ഥ്യമായിരുന്നു അഷിമയ്ക്ക്.

ഫുഡി പെണ്ണാണ് ഞാൻ

ഹെൽത് ഇഷ്യൂ കൊണ്ടുണ്ടായ വണ്ണമാണോ എന്നാണ് പലരുടേയും ആദ്യ ചോദ്യം. ഒന്നാന്തരം ഫുഡിയായിരുന്നു ഞാൻ. ഫൊട്ടോയിൽ കാണുന്ന തടി ഭക്ഷണം കഴിച്ചുണ്ടായതാണ്. വണ്ണമുള്ള ശരീരപ്രകൃതവുമാണ്. അതിനപ്പുറം എന്ത് ഹെൽത് പ്രോബ്ലം? ദൈവം സഹായിച്ച് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല. ഞാൻ പണ്ടേ ഇങ്ങനെയാണ്. – അഷിമ പറഞ്ഞു തുടങ്ങുന്നു.

കോളജിലും സ്കൂളിലും എല്ലാകാര്യത്തിലും ആക്റ്റീവായിരുന്നു. പക്ഷേ വണ്ണം കുറയ്ക്കാനായി മിനക്കെട്ടില്ല എന്നതാണ് സത്യം. പുതിയ ഭക്ഷണ പരീക്ഷണങ്ങളൊക്കെയായി എന്റെ ജീവിത യാത്ര തുടർന്നു കൊണ്ടേയിരുന്നു. ഭക്ഷണകാര്യത്തിലും സൗന്ദര്യത്തിലും ഒന്നും ശ്രദ്ധ കൊടുത്തിട്ടേയില്ല. എന്തിനേറെ പറയണം. മറ്റുള്ളളർ സീറോ സൈസ് ആകാൻ വേണ്ടി കിണഞ്ഞു ശ്രമിക്കുമ്പോഴു ഞാനും എന്റെ തടിയും അനങ്ങാതെ അങ്ങനെ തന്നെ നിന്നു.

2014ലായിരുന്നു നിതിനുമായി എന്റെ വിവാഹം. എന്റെ തടി കുറയ്ക്കണമെന്ന ഉപദേശവുമായി പുള്ളിക്കാരന്‍ എന്തായാലും ആ വഴി വന്നില്ല. എങ്കിലും 2016ൽ ഫാസ്റ്റിംഗും ലോ കാലറി ഫുഡും പതിവാക്കി വണ്ണം 96 കിലോയിൽ നിന്നും അൽപം കുറച്ചു. പക്ഷേ ഗർഭിണിയായതോടെ ആശങ്കകൾ തലപൊക്കി. വീണ്ടും വല്ലാതെ തടി വച്ചു. പ്രസവാനന്തരം എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് പലരും പറഞ്ഞപ്പോൾ പേടിച്ചു. പ്രസവം കഴിയുമ്പോൾ 104 കിലോ ആയിരുന്നു എന്റെ ഭാരം. കുഞ്ഞിന്റെ മാമോദീസ ചടങ്ങിന്റെ ചിത്രം കണ്ടപ്പോൾ ഞാൻ ഒരു ആനക്കുട്ടിയും എന്റെ കുഞ്ഞ് വാവ ഇവോലെറ്റ് ഒരു അരിമണിയും പോലെ ഫീൽ ചെയ്തു. അതിനു ശേഷമാണ് വണ്ണം കുറയ്ക്കുന്നതിനെ പറ്റി ചിന്തിക്കുന്നത്. ഇടയ്ക്ക് ഒരു ഡാൻസ് വിഡിയോ കണ്ടു, ഒരമ്മയും മകളും വളരെ ഫ്ളക്സിബിൾ ആയി ഡാൻസ് ചെയ്യുന്നു. ആ അമ്മയുടെ സ്ഥാനത്ത് ഞാൻ എന്നെ സങ്കൽപ്പിച്ചപ്പോഴേ പലരും കളിയാക്കി. എന്നെക്കൊണ്ട് കഴിയില്ല എന്നു പറഞ്ഞു, പക്ഷേ ഞാൻ വിട്ടുകൊടുത്തില്ല. ആരുടേയും പിന്തുണയില്ലാതെ അങ്ങനെ ഞാൻ വണ്ണം കുറയ്ക്കാൻ ഇറങ്ങിത്തിരിക്കുകയാണ്.

900 കാലറി ഡയറ്റ്

2017 ഏപ്രിൽ മുതലായിരുന്നു ഞാനെന്റെ തടിയുമായുള്ള പോരാട്ടം തുടങ്ങിയത്. ഏപ്രിൽ മുതല്‍ ഒക്ടോബർ വരെ 900 കാലറി ഡയറ്റ് എടുത്തായിരുന്നു തുടക്കം. ഏഴുമാസം തുടർച്ചയായി ആ ഡയറ്റ് ഫോളോ ചെയ്തു. കഴിക്കുന്ന ഭക്ഷണത്തെ 900 കാലറിയിൽ നിർത്തുക എന്നതായിരുന്നു ടാസ്ക്. ഒരു ദിവസം ഏതു ഭക്ഷണം കഴിച്ചാലും 900 കാലറിയിൽ നിർത്തുക. ഏഴു മാസത്തെ പരിശ്രമത്തിനൊടുവിൽ 104 കിലോയിൽ നിന്നും 91ലേക്ക് സേഫ് ലാൻഡിംഗ്. പക്ഷേ 91ൽ നിന്ന് അനങ്ങാതെ ശരീരം അങ്ങനെ തന്നെ നിന്നു. അതോടെയാണ് ജിമ്മിൽ പോകാൻ തീരുമാനിക്കുന്നത്. 2017 നവംബർ മുതൽ 2018 ജൂൺ വരെയുള്ള 8 മാസം ഇടവേളയില്ലാതെ ജിമ്മിൽ പോയി. പക്ഷേ ആകെ കുറഞ്ഞത് 5 കിലോ മാത്രം. അപ്പോൾ ഇൻസ്ട്രക്ടർ പറഞ്ഞത് ഡയറ്റ് പ്ലാനിലെ പാളിച്ചയായിരിക്കുമെന്നാണ്.

ഫെയ്സ്ബുക്ക് പേജ് വഴി പരിചയപ്പെട്ട ഒരു സുഹൃത്താണ് കീറ്റോ ഡയറ്റ് പരിചയപ്പെടുത്തുന്നത്. കാർബോ ഹൈഡ്രേറ്റിന്റെ കൂട്ടുകാരായ അരി, മധുരം, എന്നിവ പാടെ ഒഴിവാക്കി. ഫാറ്റ് കൂടുതൽ കഴിച്ചു കൊണ്ട് ഒരു മാസം നീണ്ട ഡയറ്റ്. 8 മാസം ജിമ്മിൽ ചെയ്ത ഫലം കേവലം ഒരു മാസം കൊണ്ട് കിട്ടി, 5 കിലോ കുറഞ്ഞു. പക്ഷേ കീറ്റോയെ അന്നേരവും കൈവിട്ടില്ല. എൽസിഎച്ച്എഫ് എന്ന ഫെയ്സ്ബുക്ക് കമ്മ്യൂണിറ്റിയായിരുന്നു അടുത്ത ടേണിങ്ങ് പോയിന്റ്. അവിടുന്ന് കിട്ടിയ ഉപദേശം കൈമുതലാക്കി കഠിനമായ ഡയറ്റ് ജൂൺ 2018 മുതല്‍ സ്റ്റാർട്ട് ചെയ്തു. ജൂൺ 2019 വരെ അത് തുടർന്നു. അതിശയമെന്നു പറയട്ടേ, കൃത്യം ഒരു വർഷം കൊണ്ട് 30 കിലോയോളം കുറച്ചു. കളിയാക്കിയവോരോടായി ഒന്നു കൂടി പറയട്ടേ, 104 കിലോയുള്ള എന്റെ ഇപ്പോഴത്തേ ഭാരം 56.–

കളിയാക്കുന്നവർ അവരുടെ പാട്ടിനു പോകട്ടെ, ചെവി കൊടുത്താൽ പിന്നെ അതിനേ നേരമുണ്ടാകൂ. ഒരു ദിവസം വണ്ണം കുറയ്ക്കണമെന്നുള്ള ഉൾവിളി നിങ്ങളെ തേടിയെത്തും. അന്ന് നിങ്ങളും എന്നെപ്പോലെയാകും. മടിച്ചിരുന്ന എനിക്ക് മാറാമെങ്കിൽ നിങ്ങൾക്കും മാറാം.– അഷിമ പറഞ്ഞു നിർത്തി.