Saturday 23 March 2019 03:09 PM IST

ഗെയ്റ്റിൽ നിന്നും വീണപ്പോൾ ബൈജു അറിഞ്ഞില്ല നഷ്ടപ്പെടുന്നത് തന്റെ ജീവിതമാണെന്ന്; സിനിമാക്കഥ പോലെ ഈ അതിജീവനം

Binsha Muhammed

baiju-

‘ചാരം മൂടിക്കിടക്കുന്ന വേദനകൾ തികട്ടി വരുന്നത് ഒറ്റയ്ക്കിരിക്കുമ്പോഴാണ്. എല്ലാം മറക്കാൻ... പങ്കുവയ്ക്കാൻ ചങ്ങാതിമാരൊന്നും എനിക്കില്ലെടോ. ഞാനും എന്റെ വേദനകളും മാത്രം ഈ നാല് ചുമരിനകത്ത്. മനസ് പിടിവിട്ടു പോകും എന്ന ഘട്ടം വരുമ്പോൾ പിന്നെ നിൽക്കില്ല. നേരെ പോകും വരകളുടെ ലോകത്തേക്ക്. ആമ്പിള്ളേരെപ്പോലെ ജോലിക്ക് പോകേണ്ട പ്രായത്തിൽ ഞാനൊരുത്തൻ മാത്രം ഇങ്ങനെ ആയിപ്പോയല്ലോ ദൈവമേ എന്ന തോന്നൽ മറക്കുന്നത് അപ്പോഴാണ്.’– വെളുത്ത ക്യാൻവാസിൽ നിറങ്ങൾ ചിത്രങ്ങളാകും പോലെ തന്നെയായിരുന്നു ബൈജുവിന്റെ വാക്കുകളും. വേദനകളുടെ ക്യാൻവാസിനെ മറച്ച് നിറങ്ങൾ പടരുകയാണ്...

പാറിപ്പറന്നു നടക്കാൻ കൊതിച്ച ചെറുപ്പക്കാരനെ ക്രച്ചസിൽ ബന്ധിച്ച വിധിയുടെ ക്രൂരത നേരമിരുട്ടി വെളുത്തപ്പോൾ സംഭവിച്ചതല്ല. സാരമാക്കാതിരുന്ന ഒരു വീഴ്ച. ആ വീഴ്ചയ്ക്ക് ബൈജുവിന്റെ ജീവിതവും ജാതകവും മാറ്റിയെഴുതാൻ പാങ്ങുണ്ടായിരുന്നു. ഇരുകാലുകൾക്കും സ്വാധീനമില്ലാതെ വീടിന്റെ ഒരു കോണിൽ ജീവിതം തള്ളിനീക്കുമ്പോഴും അയാൾ സ്വപ്നങ്ങളെ ആർക്കു മുന്നിലും പണയപ്പെടുത്തിയിട്ടില്ല. ചാരംമൂടിക്കിടന്ന വേദനകൾക്കിടയിൽ കെടാതിരുന്ന കനലു പോലെ അയാളിലെ ചിത്രകാരൻ കാലത്തോട് പകരം വീട്ടുകയാണ്. സിനിമ സ്വപ്നം കണ്ട്. വിധിയോട് പടവെട്ടി ജീവിതം നയിക്കുന്ന ബൈജുവിന്റെ ജീവിതം ഒരു കണ്ണാടിയിലെന്ന പോലെ ‘വനിത ഓൺലൈൻ’ വായനക്കാർക്ക് മുന്നിലേക്ക്.

baiju-1

ദു:സ്വപ്നം പോലെ ആ ദിവസം

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് അത് സംഭവിച്ചത്. ഗേറ്റിനു മുകളിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. തീർത്തും സാരമില്ലാത്ത വീഴ്ച. ചെറിയ വേദനയുണ്ടെന്നതൊഴിച്ചാൽ മറ്റു പ്രശ്നങ്ങളൊന്നുമില്ല. അതുകൊണ്ടു തന്നെ അതു കാര്യമാക്കിയതുമില്ല. ഡോക്ടര്മാരും അങ്ങനെ തന്നെയാണ് വിധിയെഴുതിയത്. പക്ഷേ എന്റെ ജീവിതം തന്നെ വിലയ്ക്കു വാങ്ങാൻ കെൽപുണ്ടായിരുന്നു ആ വീഴ്ചയ്ക്ക്. തുടർന്നുള്ള ഓരോ ദിവസങ്ങളിലും എന്റെ കാലിന് വന്നു ചേരുന്ന സ്വാധീനക്കുറവ് ഞാൻ തിരിച്ചറിയുകയായിരുന്നു. നടക്കാൻ ബുദ്ധിമുട്ട്. അരയ്ക്ക് കീഴ്പ്പോട്ടുള്ള ഓരോ ജോയിന്റിലും കലശലായ വേദന. തുടർ ചികിത്സ തേടുമ്പോഴും ഒന്നും സംഭവിക്കില്ല എന്നു തന്നെയായിരുന്നു പ്രതീക്ഷ. പക്ഷേ കാര്യങ്ങൾ പതിയെ കൈവിട്ടു പോയി. മാസങ്ങൾ വർഷങ്ങളായി. വയസ് ഇരുപത് ആയപ്പോഴും വേദന മാത്രം അങ്ങനെ തന്നെ നിന്നു. ഒടുവിൽ ഡോക്ടറുടെ അന്തിമ വിധിയെഴുത്ത്. എന്റെ നട്ടെല്ലിനും കാലുകളുടെ ജോയിന്റിനും തേയ്മാനം ഉണ്ടത്രേ. അതിന് തേടിയ ആദ്യ പ്രതിവിധി കാലിൽ മണലു തൂക്കി വെയിറ്റിട്ടു കിടത്തി. അതു കൊണ്ട് ശരിയായില്ല എന്നു മാത്രമല്ല, കാലിന്റെ സ്വാധീനം നഷ്ടമാവുകയും ചെയ്തു. അഞ്ചാം ക്ലാസിലെ ആ വീഴ്ച എന്നെ വികലാംഗനാക്കി– 28 വയസിന്റെ യുവത്വത്തിലും ബൈജുവിന്റെ വേദനയൊളിപ്പിച്ച തമാശ.

baiju-3
baiju-5

നിറങ്ങളെന്റെ ചങ്ങായിമാർ

സ്വന്തം കാലിൽ നിൽക്കാനാകില്ല എന്ന ബോധ്യമായതോടെ ക്രച്ചസിലായി ജീവിതം. പഠിത്തം പത്താം ക്ലാസുകൊണ്ട് അവസാനിച്ചു. വേദനയുടെ ഈ നാളിലും അതിനു മുൻപും നിറങ്ങളും ചിത്രങ്ങളുമായിരുന്നു ചങ്ങാതിമാർ. പുറത്തൊന്നും ഇറങ്ങാതെ മുറിക്കുള്ളിൽ ചടച്ചിരിക്കുന്ന എനിക്ക് എവിടുന്ന് ചങ്ങാതിമാരെക്കിട്ടാൻ അല്ലേ?– ബൈജുവിന്റെ വാക്കുകളിൽ വേദന.

ഈയവസ്ഥയിൽ ആയതിനു ശേഷം നിറങ്ങളെ വല്ലാതെ പ്രണയിച്ചു. അതിനു കാരണവുമുണ്ട്. ഒറ്റയ്ക്കിരിക്കുമ്പോൾ മനസ് വല്ലാതെ പിടയും. എന്റെ ജീവിതം ഇങ്ങനെ ഒടുങ്ങുമല്ലോ എന്നോർത്ത് മനസു വിങ്ങും. അന്നേരം തന്നെ നിറങ്ങളുടേയും വരകളുടേയും ലോകത്തേക്ക് തിരിഞ്ഞ് മനസിനെ കൂളാക്കും. അതിന്റെ പച്ചയിലാണ് ഇന്ന് ജീവിതം പച്ചപിടിച്ചു പോകുന്നത്.

b3

സിനിമയാണെന്റെ സ്വപ്നം

ഓരോ സിനിമ പുറത്തിറങ്ങുമ്പോഴും അതിന്റെ ടൈറ്റിൽ ഡിസൈനിങ്ങും കാലിഗ്രാഫിയും ശ്രദ്ധിക്കാറുണ്ട്. ശരിക്കും പറഞ്ഞാൽ അത് നമ്മുടെ ഹോബിയുടെ ഭാഗമാണേ...ഓരോ സിനിമയ്ക്കും ഞാൻ എന്റേതായൊരു ഡിസൈൻ ചമയ്ക്കാറുണ്ട്. മൗസിൽ ആയിരുന്നു പരീക്ഷണങ്ങൾക്ക് തുടക്കം.മമ്മൂക്കയുടെ ഗ്രേറ്റ് ഫാദർ, നിവിൻ പോളിയുടെ സഖാവ്, ദുൽഖറിന്റെ സോളോ, ബാഹുബലി 2 ഇവയ്ക്കൊക്കെ ഞാൻ എന്റേതായൊരു ടൈറ്റിൽ ഡിസൈനുണ്ടാക്കി. ട്രോളൻമാരുടെ കൺകണ്ട ദൈവമായ മണവാളനേയും രമണനേയുമൊക്കെ വരകളിലൂടെ വിരിയിച്ചെടുത്തു. ഇതെല്ലാം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തപ്പോൾ അമ്പരപ്പിക്കുന്ന പ്രതികരണങ്ങളാണ് ലഭിച്ചത്. സിനിമ ടൈറ്റിൽ ഡിസൈനർ എന്ന സ്വപ്നത്തിന്റെ വിത്തു പാകുന്നത് അവിടെ നിന്നാണ്. വരകൾ കണ്ടിട്ട് ദൈവാനുഗ്രഹത്താൽ ഒന്ന് രണ്ട് ഓഫറുകളൊക്കെ ലഭിച്ചു. കൊച്ചിൻ ഷാദി എന്ന സിനിമയുടെ ടൈറ്റിൽ ഡിൈസനിങ്ങിന്റെ പണിപ്പുരയിലാണ് ഞാനിപ്പോൾ. അധികം മോഹങ്ങൊന്നുമില്ല. ഡിജിറ്റൽ പെയിന്റിങ് വിശദമായി പഠിക്കണം എന്നതാണ് സ്വപ്നം. ഇത്രയും നടന്നില്ലേ...അതും നടക്കും തീർച്ച!

baiju-4

തിരിച്ചു വരും തീർച്ച

അലോപ്പതിയിലെ സകലമാന ചികിത്സകളും പരീക്ഷിച്ച് ഒരു വഴിക്കായി. കാലിനു വേണ്ടിയുള്ള ആയൂർവേദ ചികിത്സയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇപ്പോൾ നല്ല മാറ്റം കണ്ടു വരുന്നുണ്ട്. എനിക്കുറപ്പുണ്ട്, എന്റെ വീട്ടുകാരുടെ പ്രാർത്ഥനയും എന്റെ അതിജീവനവുമൊന്നും വെറുതെയാകില്ല. ഞാൻ പഴയ ബൈജുവായി തിരികെ വരും. ഞാൻ സ്വന്തം കാലിൽ നിൽക്കും. അച്ഛൻ ബാലകൃഷ്ണൻ വർക് ഷോപ്പ് ജീവനക്കാരനാണ്. അമ്മ പ്രേമ കുമാരി. ബിൻസി, വിനിത എന്നിവരാണ് സഹോദരിമാർ.

baiju-2