Saturday 04 September 2021 03:48 PM IST

‘ഒന്നാംക്ലാസിലേ എനിക്കു ‘ഗേൾഫ്രണ്ട്സ്’ ഉണ്ട്; നസീറിന് ഷീലയെയും ജയന് സീമയെയും ഉമ്മ വയ്ക്കാമെങ്കിൽ എനിക്കും ചെയ്തൂടെ?’; ബോബി ചെമ്മണ്ണൂര്‍ മനസ്സ് തുറക്കുന്നു

Vijeesh Gopinath

Senior Sub Editor

boobbb55444fgyyhg ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ട്രൂ കോളറിൽ തെളിഞ്ഞുവന്ന പേരാണ് ആദ്യം ശ്രദ്ധിച്ചത്, ഷാരൂഖ്ഖാൻ! ബോളിവുഡില്‍ നിന്ന് ആ ‘ഖാൻ’ ഇങ്ങോട്ട് വിളിക്കാൻ യാതൊരു സാധ്യതയുമില്ല. എന്തായാലും  കട്ടാകും മുന്നേ ചാടി ഫോണെടുത്തു.

‘ഞാൻ ‘ബോചെ’യുടെ പഴ്സനൽ സ്റ്റാഫാണ്. നാളെ ചാലക്കുടിയിൽ ഉദ്ഘാടനം ഉണ്ട്. അതു കഴിഞ്ഞ് തൃശൂരെത്തുമ്പോൾ മൂന്നു മണിയാകും, ആ സമയത്തേക്ക് അഭിമുഖം മാറ്റുന്നതിൽ ബുദ്ധിമുട്ടുണ്ടോ?’

സ്വന്തം ടീമിൽ  ഷാരൂഖ് ഖാൻ വരെയുള്ള ബോചെ  ഒരു ‘സംഭവം’ തന്നെ... (നാട്ടിലെ ഈച്ചയ്ക്കും പൂച്ചയ്ക്കും വരെ ബോചെ ആരെന്നറിയാമെന്നാണ് ആരാധകർ അവകാശപ്പെടുന്നത്. എങ്കിലും അറിയാത്തവർക്ക് വേണ്ടി പറയാം, ബോബിയിലെ ‘ബോ’യും ചെമ്മണ്ണൂരിലെ ‘ചെ’യും വിളക്കിയെടുത്തുണ്ടാക്കിയ ചുരുക്കപ്പേരാണ് ബോചെ.)

തൃശൂർ ശോഭാസിറ്റിയിലെ പതിനാറാം നമ്പർ വില്ല. മുന്നിൽ മഴയിൽ നനഞ്ഞ് റോൾസ്റോയ്സ് ഫാന്റം എന്ന ആഢംബരകാർ‌. വലതു തള്ളവിരൽ ഉയർത്തി ഇടതു തള്ളവിരൽ നെഞ്ചോടു ചേർത്തു പിടിച്ച ‘ബോചെ ചിത്രം’ ബോഡിയിൽ. ഉച്ചിയിൽ ടാക്സി ബോർഡ്. ടാക്സിയായി ഒാടുന്ന സ്വർണ നിറത്തിലുള്ള റോൾസ്റോയ്സ് ലോകത്ത് ഒന്നേയുള്ളൂ എന്ന് ബോചെ അവകാശപ്പെടുന്നു. െതാട്ടടുത്ത് ഡി.സി. അവാന്‍റി സ്േപാര്‍ട്സ് കാര്‍. െഹലികോപ്റ്റര്‍ െബംഗളൂരുവിലാണ്.

സ്വര്‍ണ വര്‍ണമുള്ള റോൾസ്റോയ്സ് വേറെ ഉണ്ടായേക്കാം. പക്ഷേ, ആരാധകർക്ക് ഒന്നുറപ്പാണ് ഈ ലോകത്ത് ഒരേയൊരു ബോചെയെയുള്ളൂ, അത് സാക്ഷാല്‍ ബോബി ചെമ്മണ്ണൂർ ആണ്. കൃത്യം മൂന്ന് മണിക്കു തന്നെ ബോെച എത്തി. പതിവ് െവളുത്ത മുണ്ടും കുപ്പായവും. ‘എന്തു വേണമെങ്കിലും ചോദിക്കാം. മറുപടികള്‍ അച്ചടിക്കാൻ പറ്റുന്നതാണെങ്കിൽ കൊടുക്കുക’ എന്ന ആമുഖത്തോടെ സംസാ രിച്ചു തുടങ്ങി.

ബീപ് അടിക്കേണ്ട ഭാഗങ്ങൾ സെൻസർ ചെയ്ത് മാറ്റി ‘യു/എ’ സർട്ടിഫിക്കറ്റ് കിട്ടിയ ഉത്തരങ്ങളിലേക്ക്...

കുട്ടിക്കാലം ‘സംഭവബഹുല’മായിരുന്നെന്ന് പല വൈറൽ വിഡിയോകളിലും കണ്ടിട്ടുണ്ട്

പ്രായപൂർത്തിയായവർ ചെയ്യുന്ന പല കാര്യങ്ങളും ഒന്നാം ക്ലാസില്‍ പഠിക്കുമ്പോൾ തന്നെ ഞാൻ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞത് തള്ളല്ല. പലരും അത്തരം കാര്യങ്ങള്‍ പുറത്തു പറയുന്നില്ല, ഞാന്‍ പറയുന്നു. അതാണെന്റെ വിജയം.

കുന്നംകുളത്തുള്ള ചൂണ്ടലിലാണ് ജനിച്ചത്. തെക്കേക്കര എന്ന പ്രശസ്ത തറവാടായിരുന്നു അമ്മയുടേത്. പപ്പയുടെ വീട് തൃശൂർ ജില്ലയിലെ വരന്തരപ്പള്ളിയിൽ. അദ്ദേഹത്തിന് അവിടെ സ്വർണക്കടയുണ്ടായിരുന്നു. പല കാര്യങ്ങളിലും കുട്ടിക്കാലത്തേ വ്യത്യസ്തനായിരുന്നു. ഒന്നാം ക്ലാസ്സിൽ രണ്ടു വർഷം പഠിച്ചു. നല്ല കുട്ടികൾ അങ്ങനെയാണ്. അടിത്തറ പാകി മുന്നോട്ടു പോകാൻ‌ തോൽവികൾ നല്ല താണെന്ന് അന്നേ മനസ്സിലായി.

ഒന്നാംക്ലാസിലേ എനിക്കു ‘ഗേൾഫ്രണ്ട്സ്’ ഉണ്ട്. അന്നേ സിനിമ ഹരമാണ്. നസീറിന് ഷീലയേയും ജയന് സീമയേയും ഉമ്മ വയ്ക്കാമെങ്കിൽ എനിക്കും കൂട്ടുകാരിയോട് അതൊക്കെ ചെയ്തൂടെ? ഇത്തരം തോന്നലുകൾ ജന്മനായുള്ള അനുഗ്രഹമായിട്ടാണ് കരുതുന്നത്.

‘ബോയിങ് ബോയിങ്’ സിനിമയില്‍ ലാലേട്ടൻ നാലു െപണ്‍കുട്ടികളെ ഒരേ സമയം പ്രേമിക്കുന്നതു കണ്ടാണ് ഞാനും പ്രണയിക്കാൻ പഠിച്ചത്. അതുകൊണ്ടു തന്നെ  ബാലൻ.കെ.നായരുടെ ബലാൽസംഗം ആവശ്യം വന്നില്ല. കള്ളക്കടത്തു നടത്തിയാല്‍ ജോസ് പ്രകാശിനെ പോലെ വെടികൊണ്ടു ചാകുമെന്നു തോന്നി. അതുകൊണ്ട് കള്ളക്കടത്തിനു പോയില്ല. മമ്മൂക്കയുടെ കഥാപാത്രങ്ങൾ ക ണ്ടാണ് ഞാൻ ഗൗരവക്കാരനായത്.

ആയിടയ്ക്ക് ‘കുർബാനി’ എന്ന ഹിന്ദി സിനിമ കണ്ടു. കളർഫുൾ ഡാൻസും ഡിസ്കോതെക്കും കണ്ടപ്പോള്‍  അ തുപോലൊരു ക്ലബിൽ കാമുകിയുമായി പോയി ഡാൻസ് കളിക്കാൻ മോഹം. കേരളത്തിൽ അതൊന്നും ചിന്തിക്കാനേ പറ്റില്ല. ബെംഗളൂരുവിൽ എനിക്കൊരു കാമുകിയുണ്ടായിരുന്നു. ഞാൻ ഒൻപതാം ക്ലാസില്‍, അവൾ‌ പത്തിൽ. ക ത്തെഴുതി ഉണ്ടാക്കിയെടുത്ത കാമുകിയാണ്. ഒരു ദിവസം തനിയെ കാറോടിച്ച് െബംഗളൂരുവില്‍ ചെന്ന്, അവളെയും കൂട്ടി ക്ലബ്ബിൽ പോയി ‍ഡാൻ‌സ് ചെയ്തു.

ആഗ്രഹിച്ചതൊക്കെ സാധിക്കുക എന്നതാണ് എന്റെ രീതി. ഒരുവിധപ്പെട്ട കാര്യങ്ങളൊക്കെ സാധിച്ചിട്ടുണ്ട്. നടക്കാതെ പോയതോർത്ത് സങ്കടപ്പെടാറുമില്ല.

സ്കൂളിലേ ഇങ്ങനെയെങ്കിൽ കോളജിലെ സ്ഥിതി?

ചിന്മയ മിഷൻ കോളജിലാണ് ബികോമിന് ചേർന്നത്. ക്യാംപസില്‍ അന്നു രണ്ടു പേരാണ് കാറില്‍ വരുന്നത്. ഒന്ന്, പ്രിൻസിപ്പല്‍ അംബാസഡർ കാറില്‍. പിന്നെ, ഞാന്‍ എ ന്റെ ചെത്ത് ഫിയറ്റില്‍.  

ക്ലാസ്സില്‍ ഒരു ദിവസം പോയാലായി. പുസ്തകം ഒരു ഫാഷനു വേണ്ടി കയ്യിൽ വയ്ക്കും. വീട്ടിൽ നിന്നു പൈസ തരില്ല. പേനയും പുസ്തകവും ഒക്കെ എത്ര വേണമെങ്കിലും വാങ്ങി തരും. അതുകൊണ്ട് നാലും അഞ്ചും സെറ്റ് പുസ്തകങ്ങൾ വാങ്ങിപ്പിക്കും. നന്നായി പഠിച്ചോട്ടെ എന്നു വച്ച് വീട്ടുകാർ വാങ്ങി തരും. ഹോസ്റ്റലിൽ നിൽക്കുന്ന സമയം. ഡേ സ്കോളേഴ്സ് കുട്ടികളെ കൊണ്ട് നല്ല നാടൻ കള്ള് വാങ്ങിപ്പിക്കും. കള്ളിനു പകരം പുസ്തകം കൊടുക്കും. മത്തങ്ങ കൊടുത്ത് കുമ്പളങ്ങ വാങ്ങുന്ന പരിപാടി. അന്നേ ചോരയിൽ കച്ചവടം ഉണ്ട്.  

പഠിപ്പിന്റെ നിലവാരം ഊഹിക്കാമല്ലോ. ഫൈനൽ പരീക്ഷ എഴുതാൻ അധിക‍ൃതർ സമ്മതിച്ചില്ല. ആവശ്യത്തിൽ കൂടുതൽ വിവരം ഉണ്ട്. അതുണ്ടാക്കാൻ പോയതുകൊണ്ട് ഹാജർ ഇല്ല. പരീക്ഷയ്ക്ക് ഇരിക്കണ്ടെന്നു പറഞ്ഞു.

ഇങ്ങനെ തുറന്നു പറയുമ്പോൾ ആളുകള്‍ പരിഹസിക്കില്ലേ?

ഈ കാലത്ത് രഹസ്യം എന്ന ‘സാധനം’ പ്രകൃതിയിൽ പോലും ഇല്ല. ഇത് ഞാന്‍ പറഞ്ഞു തരുന്ന വിലപ്പെട്ട ഒരറിവാണ്– ഇന്നു ഞാൻ നാളെ നീ എന്നേയുള്ളൂ. ഇന്നത്തെ രഹസ്യം നാളത്തെ പരസ്യവും മറ്റന്നാളത്തെ സിനിമയുമാണ്. വീരപ്പനായാലും സാധാരണക്കാരനായാലും അത് ബാധകമാണ്. ഈ അറിവ് എനിക്കു നേരത്തെയുണ്ടായി. ദീർഘ ദൃഷ്ടിയുള്ളവൻ ഭാഗ്യവാൻ‌ എന്നാണല്ലോ.

ഏത് ഉന്നതന്റെയും അവസ്ഥ ഇതാണ്. പെഗാസസ് വാർത്തകൾ വായിച്ചില്ലേ? പലരുടെ രഹസ്യവും പുറത്തായി. ഇത്തരം  പെഗാസസുകൾ വരും എന്ന് നേരത്തേ അറിയാം. അതുകൊണ്ട് ഉള്ളകാര്യം മറച്ചുവച്ച് നാളെ പ്രകൃതി പുറത്തു കൊണ്ടു വരുന്നതിനേക്കൾ നല്ലത് ഞാൻ തന്നെ   പറയുന്നതാണ്. അപ്പോൾ കുറ്റബോധം ഉണ്ടാകില്ല. മനസ്സിന്റെ ഭാരം കുറയും. ഭാരമില്ലാതെ ജീവിക്കുമ്പോൾ എട്ടു മ ണിക്കൂർ സുഖമായി ഉറങ്ങാൻ പറ്റും.

തുറന്നു പറയുന്നതു കൊണ്ടാണ് പുതിയ തലമുറ എ ന്നെ ഇഷ്ടപ്പെടുന്നത്. ചെയ്യുന്ന കാര്യം മറച്ചു വച്ച് കുറ്റബോധത്തോടെ ജീവിക്കാൻ അവരെ ഞാൻ പഠിപ്പിക്കില്ല.

ഇതൊക്കെ വായിച്ച് ഭാര്യ പിണങ്ങില്ലേ? കുടുംബത്തെക്കുറിച്ചു പറയാമോ?

ഭാര്യ സ്മിത. അറേഞ്ച്ഡ് വിവാഹം ആയിരുന്നു. ഭാര്യയ്ക്കും മകൾക്കുമൊന്നും മീഡിയയോടു താൽപര്യം ഇല്ല. ഫോട്ടോ പോലും വരുന്നത് അവർക്കിഷ്ടമല്ല. മകളുടെ വിവാഹം കഴിഞ്ഞു.

എന്റെ കുരുത്തക്കേടുകളൊന്നും സഹിക്കാൻ ഭാര്യയ്ക്ക് പറ്റില്ല. ഇടയ്ക്ക് നല്ല ചവിട്ടും വഴക്കും കിട്ടും. അവര്‍ക്കൊരു സമാധാനമാകട്ടെ എന്നു കരുതി ഞാനതൊക്കെയങ്ങു സഹിക്കും. മാര്‍ക്കറ്റിങും േസാപ്പിടലും ഒക്കെ നമുക്കും അറിയാമല്ലോ. പ്രശ്നങ്ങളുണ്ടാകുമ്പോള്‍ മണിയടിച്ചു വളച്ചൊടിച്ചു കുപ്പിയിലാക്കും.

_REE0261

ബിസിനസ് ചെയ്യുന്ന ഒരാൾക്ക് ഫാൻസ് അസോസിയേഷൻ കൊണ്ടുള്ള ഗുണമെന്തൊക്കെയാണ്?

ഇന്ത്യയിൽ വേറൊരു ബിസിനസുകാരനും ഫാൻസ് ക്ലബ് ഇല്ല. ഞാനിതൊരിക്കലും പ്രതീക്ഷിച്ചിട്ടില്ല. മറഡോണയെ കൊണ്ടു വന്നതോടെ ഫു‍ട്ബോൾ പ്രേമികൾ എനിക്കൊപ്പമായി. പിന്നെ, ‘രക്തം നൽകൂ ജീവൻ രക്ഷിക്കൂ’ എന്ന സന്ദേശവുമായി 812 കിലോമീറ്റർ ഒാടി. അന്ന് എനിക്കൊപ്പം ഒാടാൻ കുറച്ചു പേരുണ്ടായി. ഇതു രണ്ടുമാണ് ഫാൻസ് അസോസിയേഷനിലേക്ക് എത്തിച്ചത്.

മറഡോണ ഫാൻസ് ആണ് തുടക്കത്തിൽ ബോബി ഫാ ൻസ് തുടങ്ങാൻ എന്നെ സമീപിച്ചത്.  ഫാൻസ് അസോസിയേഷൻ മാത്രമായാൽ നിലനിൽക്കില്ലെന്ന് ഞാനവരോടു പറഞ്ഞു. ‘നിങ്ങൾക്ക് എത്ര കാലം എന്നെ വെറുതേ ആരാധിക്കാനാകും, മടുത്തു പോകും. ഒരു ചാരിറ്റബിൾ ട്രസ്റ്റിലൂടെ ആരുമില്ലാത്തവർക്കായി എന്തെങ്കിലും ചെയ്താൽ സ്നേഹവും ആരാധനയും നിലനിൽക്കും’ എന്ന് ഞാനാ ണ് നിർദ്ദേശിച്ചത്. പല രാജ്യങ്ങളിലായി ഇരുനൂറോളം ഫാ ൻസ് ക്ലബുകള്‍ തുടങ്ങാൻ ക്ഷണം ഉണ്ട്.

പണം സമ്പാദിക്കുന്നതും ഒരു കലയാണ്. അതു പക്ഷേ, എടുത്തു വച്ചാൽ പോര. മരിച്ചു പോയാൽ സമ്പാദിച്ചു കൂട്ടിയത് അടുത്ത തലമുറ എന്തു ചെയ്യുമെന്ന് അറിയാനാകില്ലല്ലോ. പണം ഉണ്ടാക്കുക, ചെറിയൊരു ശതമാനം സേവനത്തിനുപയോഗിക്കുക. അതാണ് എന്റെ രീതി.

എന്തെങ്കിലും ചെയ്യുമ്പോൾ തിരിച്ചൊന്നും പ്രതീക്ഷിച്ച് ചെയ്യരുതെന്നതാണ് മഹാന്മാർ പറയുന്നത്. എന്നാൽ ഞാനത് തിരുത്തുകയാണ്. എന്തു ചെയ്യുമ്പോഴും തിരിച്ചു കിട്ടും എന്നു കരുതി ചെയ്യുക. എന്താണ് തിരിച്ചു കിട്ടുക? ‘പണി’യാണ് കിട്ടുക. നിങ്ങൾ സഹായിച്ചവൻ നിങ്ങൾക്കിട്ട് പണിയും. പണം കടം കൊടുത്തു. തിരിച്ചു ചോദിച്ചാൽ നമ്മൾ ശത്രു ആകും. തിരിച്ചു ചോദിച്ചില്ലെങ്കിൽ നമ്മൾ മ ണ്ടനാണെന്നു വച്ച് വീണ്ടും ചോദിക്കും. കൊടുത്തില്ലെങ്കിൽ അപ്പോൾ ശത്രുവാകും. ഇതു മനസ്സിലാക്കി സഹായിച്ചാൽ ഒരു പ്രശ്നവുമില്ല.

മറഡോണയെക്കുറിച്ച് പുറത്തറിയാത്ത ഒരു രഹസ്യം?

ആദ്യം കാണാൻ പോയപ്പോൾ എന്നെ ഗെറ്റ് ഒൗട്ട് അടിച്ചിട്ടുണ്ട് അദ്ദേഹം. പിന്നെ, സേവന പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് സൗഹൃദത്തിലായത്. മറ‍ഡോണ മരിക്കേണ്ട വ്യക്തിയല്ല. ഏതൊരു സാധാരണക്കാരനും കിട്ടേണ്ട ചികിത്സ അദ്ദേഹത്തിന് കിട്ടിയില്ല. ആശുപത്രി ബില്ലുകൾ അടയ്ക്കുന്നതിൽ വരെ തർക്കങ്ങളുണ്ടായെന്ന് ഞാനറിഞ്ഞു. കേരളത്തിലാണെങ്കിൽ രക്ഷപ്പെട്ടേനെ. നാട്ടിലേക്ക് ഞാൻ കൊണ്ടു വന്നേനേ. പക്ഷേ, അതിനു ശ്രമിച്ചാൽ പലതരം വാർത്തകൾ വരും അത് പ്രശ്നമാകും. പേെരടുക്കാനുള്ള വഴിയാണെന്നു വരെ പലരും പറയും.

വാട്സാപ്പിലെ ഡിപിയില്‍ വലിയൊരു തോക്കുമായിരിക്കുന്ന ബോബിയാണ്. ആ തോക്ക് കയ്യിലുണ്ടോ?

കാന‍ഡയിലെ ഒരു സുഹൃത്ത് റൈഫിൾ ക്ലബിൽ ഷൂട്ടറാണ്. അവിടെ പല തരത്തിലുള്ള തോക്കുകൾ ഉണ്ട്. ഷൂട്ട് ചെയ്തു നോക്കാൻ അവിടെ കയറിയപ്പോൾ എടുത്ത ചിത്രമാണ് ഡിപിയില്‍ ഉള്ളത്.

ആ തോക്ക് കണ്ട് ഞാനിപ്പോൾ അകത്താകും എന്നു പലരും സൂചിപ്പിച്ചിരുന്നു. തോക്ക് കയ്യില്‍ വച്ചതിനു സ ഞ്ജയ്ദത്ത് അകത്തായി. ഇതു വച്ചു നോക്കുമ്പോൾ അ ദ്ദേഹം ഉപയോഗിച്ചത് അത്ര വലിയ തോക്കല്ല. അതിന്റെ ഉ പ്പാപ്പനാണ് എന്റെ ചിത്രത്തിലുള്ളത്. ഇന്ത്യയിൽ തന്നെ അത്തരം ഒരെണ്ണം ഉണ്ടോ എന്നെനിക്കറിയില്ല.

ആ പടത്തിന്‍റെ പേരിൽ ചിലർ ബ്ലാക്ക്മെയിൽ ചെയ്യാൻ വന്നു. എന്തിനും കേസു കൊടുക്കുന്ന കുറച്ചു പേരുണ്ടല്ലോ. ഒന്നുകിൽ പൈസ,അല്ലെങ്കിൽ കേസ് ഏതു വേണ  മെന്നു ചോദിച്ചു. ‘ധൈര്യമായി കേസു കൊടുത്തോ അ ഞ്ചു പൈസ തരില്ലെ’ന്നു പറഞ്ഞു.

bobyyy6543huihijijjh

ഈ കോസ്റ്റ്യൂമിലേക്ക് എത്തും മുന്നേ എങ്ങനെയാണ്?

കാതിൽ കമ്മലൊക്കെയിട്ട് ജീന്‍സും ഷര്‍ട്ടും ധരിച്ച്, പോണിടെയിലൊക്കെ കെട്ടി അടിപൊളിയായി നടന്നിരുന്നു.   

എന്റെ അപ്പാപ്പൻ ഉപയോഗിച്ചിരുന്ന വേഷമാണിത്. അ ദ്ദേഹത്തിന് എന്നെ വലിയ ഇഷ്ടമായിരുന്നു. സ്കൂൾ വിട്ടു വന്നാൽ അപ്പാപ്പന് മുട്ടുവേദനയ്ക്ക് എരിക്കിന്റെ ഇല പറിച്ചു കൊടുക്കുന്ന ജോലി എന്റേതായിരുന്നു. അമ്മാമ്മ അതുകൊണ്ടു കുഴമ്പുണ്ടാക്കും. ഞാൻ അദ്ദേഹത്തിന്റെ കാലിൽ തടവിക്കൊടുക്കും. കുഴമ്പിട്ടു കഴിഞ്ഞാൽ മിഠായി വാങ്ങാൻ അഞ്ചു പൈസ തരും.  

അദ്ദേഹത്തിെന്‍റ ഒാർമ നിലനിർത്താൻ ഈ വേഷം വീട്ടിലിടാൻ തുടങ്ങി. ഇട്ടിട്ട് ഇഷ്ടമായി. പിന്നെ, പുറത്തേക്കിടാൻ തുടങ്ങി. ചിലര്‍ കളിയാക്കി പിച്ചക്കാരൻ എന്നു വിളിച്ചു. മറ്റു ചിലർ അഭിനന്ദിച്ചു. രണ്ടായാലും ശ്രദ്ധ കിട്ടുന്നുണ്ടെന്നു മനസ്സിലായപ്പോൾ ഇതു സ്ഥിരം വേഷമാക്കി.

എല്ലാ കാര്യങ്ങള്‍ക്കും സൗകര്യപ്രദമായ വേഷമാണിത്. അപ്പാപ്പൻ എന്തുെകാണ്ട് ഇതു സ്ഥിരമായി ധരിച്ചിരുന്നു എന്നു മുതിര്‍ന്നു കഴിഞ്ഞാണ് എനിക്കു മനസ്സിലായത്.   

ബിസിനസിൽ ഒാർത്തിരിക്കുന്ന വാക്ക് എന്താണ്?

ജീവിതത്തിലെ എല്ലാ നേട്ടങ്ങൾക്കും കാരണം ഒരൊറ്റ ഇംഗ്ലിഷ് വാക്കാണ്; ഫോളോ അപ്. പപ്പ കോഴിക്കോട് എനിക്ക് ഒരു ജ്വല്ലറി ഇട്ടു തന്നു. അതടച്ചു പൂട്ടേണ്ട അവസ്ഥ  വന്നപ്പോൾ ഒരു കേന്ദ്രമന്ത്രിയെക്കാണാൻ ഞാൻ ഡൽഹിക്കു പോയി. മൂന്നു പ്രാവശ്യം കാണാനുള്ള ശ്രമങ്ങൾ നടത്തിയിട്ടും മന്ത്രിയെ കാണാൻ സാധിച്ചില്ല.

നിരാശനായി ഇരിക്കുമ്പോൾ മന്ത്രിയുടെ മുറിയിൽ നിന്ന് പ്രായമായ ഒരാൾ ഇറങ്ങി വന്നു. അദ്ദേഹം ആശ്വസിപ്പിച്ചു. ‘വലിയൊരു ബിസിനസുകാരനായിട്ടും ഏഴു പ്രാവശ്യം ശ്രമിച്ചിട്ടാണ് അദ്ദേഹത്തിനു മന്ത്രിയെ കാണാനായത്. അതുെകാണ്ടു ശ്രമം ഉപേക്ഷിക്കരുത്’ എന്നു പറഞ്ഞു. എന്നിട്ടും പിറ്റേദിവസം നാട്ടിലേക്കു തിരിച്ചു പോരാനായിരുന്നു എെന്‍റ തീരുമാനം.

‌അന്നു രാത്രിയിൽ  സ്വപ്നത്തിൽ വീണ്ടും ആ ബിസിനസ്സുകാരന്‍ വന്നു പറഞ്ഞു,‘ബേട്ടാ, യു ഡു ഫോളോ അപ്. ആത്മവിശ്വാസത്തോടെ ചെയ്തുകൊണ്ടേയിരിക്കുക.’ ഞാൻ പിറ്റേദിവസവും മന്ത്രിയുടെ ഒാഫിസിൽ പോയി. അന്നു കണ്ടു, പറഞ്ഞ കാര്യങ്ങൾ അംഗീകരിക്കുകയും ചെയ്തു. അതോടെ മൂന്നു പ്രാവശ്യം ശ്രമിച്ചിട്ടും നടന്നില്ലെങ്കിൽ പിന്നത് വിട്ടുകളയണം എന്ന വിശ്വാസം ഇല്ലാതായി.

വീട്ടിലെത്തിക്കഴിഞ്ഞ് എന്നും കാണാനും ഒാര്‍മിക്കാനും വേണ്ടി, ഈ വാചകം എന്റെ കക്കൂസിന്റെ വാതിലിനു പിന്നില്‍ എഴുതിവച്ചു, ‘ഡു ഫോളോ അപ് വിത്ത് ഹൺഡ്രഡ് പേഴ്സന്റ് കോൺഫിഡൻസ്, അൺടിൽ യു അച്ചീവ് ഒാർ അൺടിൽ യൂ ഡൈ.’

അങ്ങനെ അടച്ചു പൂട്ടാനിരുന്ന സ്വർണക്കടയിൽ നിന്ന് ഇന്നെനിക്ക് വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ നാൽപ്പത്തിനാല് ജ്വല്ലറികൾ ഉണ്ട്. മറ്റു 12 ബിസിനസ് മേഖലകൾ വേറെ. ഇതിലേക്ക് എത്താനുള്ള ഒറ്റ കാരണമേയുള്ളൂ –ഫോളോ അപ്.

IMG_6135

കണ്ടു പഠിക്കൂ, എെന്‍റ വഴി

രക്തദാനം പ്രചരിപ്പിക്കാന്‍ ഒാടുന്നു, സേവനപ്രവർത്തനങ്ങളുടെ ഫോട്ടോയെടുക്കുന്നു, റോൾസ് റോയ്സ് ടാക്സിയാക്കുന്നു ഇങ്ങനെയൊക്കെ ചെയ്യുന്നതു പരസ്യത്തിനു വേണ്ടിയാണെന്ന് പലരും പറയുന്നുണ്ട്. ശരിയാണത്. അതില്‍ എന്താണ് തെറ്റ്? ഞാൻ കക്കാനും പിടിച്ചു പറിക്കാനുമല്ലല്ലോ പോയത്. ഇങ്ങനെയൊക്കെ ചെയ്തു മാർക്കറ്റ് പിടിച്ചു. കച്ചവടം ഉണ്ടാക്കി. അങ്ങനെ ലഭിക്കുന്ന കാശിന്റെ ഒരു വിഹിതം ജീവകാരുണ്യ പ്രവർത്തനത്തിനായും ഉപയോഗിക്കുന്നു. ബിസിനസിനെ ഒരു കലയായിട്ടാണ് ഞാൻ കാണുന്നത്.  എന്റെ വഴി  കണ്ടു പഠിച്ചോളൂ എന്നേ പറയാനുള്ളൂ.  

റോൾസ് റോയ്സ് ടാക്സിയാക്കിയതിനു പിന്നിൽ മൂന്നു കാര്യങ്ങളാണുള്ളത്. ഒന്ന്, ആരും ചെയ്യാത്ത കാ ര്യം  ചെയ്യുമ്പോൾ മാർക്കറ്റ് ചെയ്യപ്പെടും. രണ്ട്,  ഈ‌ കാർ ലക്ഷങ്ങൾ കൊടുത്ത് വാടകയ്ക്കെടുക്കാൻ പറ്റാത്തവരുണ്ട്. കുറഞ്ഞ  ചെലവിൽ അതു കിട്ടുമ്പോൾ അവർക്കുണ്ടാകുന്ന സന്തോഷം എന്നെയും സ്വാധീനിക്കുന്നു. മൂന്ന്, ഇതുമൂലം കിട്ടുന്ന അംഗീകാരത്തിനൊപ്പം  എന്റെ ടൂറിസം ബിസിനസിനും പേരു കിട്ടുന്നു.

പറയുന്നതെല്ലാം തള്ളാണോ?

ഒരു പ്രായത്തില്‍ മറ്റാരും ചെയ്യാത്തത് ഞാൻ ചെയ്തെന്നു കേൾക്കുമ്പോൾ ചിലര്‍ക്ക് അദ്ഭുതമായി തോന്നും. ‌പറയുമ്പോൾ കുറച്ചു നർമവും മസാലയും ഒക്കെ ചേർക്കുന്നുണ്ട്. അതുകൊണ്ട് തള്ളാണെന്ന് തോന്നിയേക്കാം. പക്ഷേ, അവയൊന്നും നൂ റു ശതമാനം തള്ളല്ല. ഞാൻ പറയുന്ന രീതി വച്ചു നോക്കുമ്പോൾ അത് തള്ളായി തോന്നും.  

ഇതൊന്നും ബിസിനസിന്റെ വളർച്ചയ്ക്കായി ചെയ്യുന്നതുമല്ല. ട്രോളൊക്കെയുണ്ടായി ചർച്ചയാകുമ്പോൾ സ്വാധീനിക്കാറുണ്ടെന്നതും സത്യം. ഒന്നും മനഃപൂർവമല്ല, സംഭവിച്ചു പോകുന്നതാണ്.

Tags:
  • Spotlight