ബ്രേക്ക് ദ ചെയിൻ ആശയത്തിന്റെ ഭാഗമായി അമ്മയും മകനും അഭിനയിക്കുന്ന ഒറ്റ മിനിട്ടു വീഡിയോകൾ അമ്പത് എപ്പിസോഡുകൾ പൂർത്തിയാക്കി. അമ്പതാം എപ്പിസോഡിൽ അഭിനയിക്കാനെത്തിയത് ഇന്ത്യയിലെ പതിനേഴ് മലയാളി അമ്മമാർ. ലോക്ഡൗണിന്റെ തുടക്ക കാലത്ത് വെറുതേ ഇരുന്ന് ബോറടിച്ചപ്പോഴാണ് വീട്ടിലെല്ലാവരെയും ഉൾക്കൊള്ളിച്ച് ഷോട്ഫിലിം എന്ന ആലോചന കോഴിക്കോട് ചേളന്നൂരിലെ ജയമോഹന്റെ മനസ്സിലേക്ക് വന്നത്. പുറത്തിറങ്ങാൻ പറ്റാത്തതു കൊണ്ട് എല്ലാം വീട്ടിൽ നിന്ന്. സംവിധാനം ജയമോഹൻ. ക്യാമറയ്ക്ക് മുന്നിൽ ജയമോഹനോടൊപ്പം അമ്മ ഒാമന അമ്മ. ക്യാമറ വുമൺ എഡിറ്റിങ്–ജയമോഹന്റെ ഭാര്യ അക്ഷര.
എഴുപത്തഞ്ചു വയസ്സുള്ള ഒാമന അമ്മയായിരുന്നു ഷോട്ഫിലിമിലെ താരം. അതുവരെ ഒരു സെൽഫിക്കു പോലും ക്യാമറയ്ക്ക് മുന്നിൽ നിൽക്കാത്ത ഒാമന അമ്മയുടെ അഭിനയം വൈറലായി. അങ്ങനെ അമ്പതാം എപ്പിസോഡെത്തി. അതിൽ അഭിനയിക്കാൻ ക്യാമറയ്ക്ക് മുന്നിൽ നിൽക്കണമെങ്കിൽ ഒാമന അമ്മ ഒരു നിബന്ധന വച്ചു–
‘ സ്റ്റീരിയോ ടൈപ്പ് ആവാതെ പുതിയതു വല്ലതും നീ ആ ലോചിക്ക്, എന്നിട്ട് കഥ പറ. എന്നാലേ ഞാൻ അഭിനയിക്കൂ.’’
ബാക്കി ജയമോഹൻ പറയും–
‘‘ മൊബൈൽ ക്യാമറ എങ്ങനെ ഒാൺ ചെയ്യണം എന്നു പോലും അറിയാത്ത അമ്മ അൻപതാം എപ്പിസോഡ് എത്തിയപ്പോഴേക്കും ടെക്നിക്കൽ ആയി സംസാരിക്കാൻ തുടങ്ങി. സ്ക്രിപ്റ്റ് കിട്ടിയാലേ അഭിനയിക്കൂ എന്ന്!!!
പക്ഷേ ആലോചിച്ചപ്പോ ശരിയായി തോന്നി. എന്തെങ്കിലും പുതുമ കൊണ്ടുവരണം. ക്യാമറ കണ്ടാൽ ഒാടിയിരുന്ന അമ്മയുടെ അഭിനയം കണ്ട് ഞാനും ഭാര്യ അക്ഷരയും ഞെട്ടിയിട്ടുണ്ട്. അമ്മയ്ക്ക് എന്നോടു പറയാനുള്ളത് അത് വഴക്കാണെങ്കിലും പരിഹാസമാണെങ്കിലും ക്യാമറയ്ക്ക് മുന്നിൽ നിന്നു പറയും. ആ പറയലിന്റെ ശൈലിയാണ് എല്ലാവർക്കും ഇഷ്ടമായത്.
അങ്ങനെ ആലോചിച്ചപ്പോഴാണ് എന്റെ അമ്മയെ പോലെ ഒരുപാട് അമ്മമാർക്ക് മക്കളോട് കോവിഡ് കാലത്ത് പലതും പറയാനുണ്ടാവും എന്നു തിരിച്ചറിഞ്ഞത്. അങ്ങനെ കേരളത്തിലെ എല്ലാ ജില്ലകളിലെയും കൂട്ടുകാരെ വിളിച്ചു. അവരുടെ അമ്മമാരുടെ ‘ബ്രേക്ക് ദ ചെയിൻ ബോധവൽക്കരണ വീഡിയോ– അത് ഉപദേശമായല്ല, വീട്ടിൽ അവരോട് പറയുന്നതു പോലെ അയയ്ക്കാൻ പറഞ്ഞു. അതിനു പുറമേ കൂട്ടുകാർ വഴി മുംബൈ, ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിലെ അമ്മമാരെയും കണ്ടെത്തി.
ആ വീഡിയോ കണ്ടപ്പോ ഒരു കാര്യം മനസ്സിലായി– എല്ലാ അമ്മമാർക്കും ഈ നാടിനോട് നമ്മളോട് ഒരുപാടു കാര്യങ്ങൾ പറയാനുണ്ട്. അതുകൊണ്ടാണ് ഇതുവരെ ഒരു സെൽഫിയിൽ പോലും നിൽക്കാത്തവർ പോലും മനോഹരമായി സംസാരിച്ചത്’’ ജയമോഹൻ പറയുന്നു.
പരസ്യ ചിത്രങ്ങളുടെ സംവിധായകനാണ് ജയമോഹൻ. പൊലീസ് എന്ന ഏകാംഗനാടകം നിരവധി സ്റ്റേജുകളിൽ അവതരിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്ടെ സ്റ്റേജ് 7 ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ സംരംഭകരിൽ ഒരാൾ.