മലഞ്ചെരിവുകളും പുൽമേടുകളും കൃഷി സ്ഥലങ്ങളുമുള്ള മനോഹരമായ പ്രകൃതിയാണു യൂറോപ്പിലെ നെതർലൻഡ്സിന്റെ ആകർഷണം. നെതർലൻഡ്സിലെ കൃഷി ഗ്രാമങ്ങളിൽ ധാരാളം പശുക്കളുണ്ട്. നൂറിലേറെ പശുക്കളെ വളർത്തുന്ന കന്നുകാലി ഫാമുകൾ സന്ദർശിക്കാൻ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നു സഞ്ചാരികൾ എത്തുന്നു. പശുവിനൊപ്പം നിന്നു ഫോട്ടോ എടുക്കാനും പശുക്കളെ തൊട്ടുതലോടാനുമാണ് നഗരങ്ങളിൽ പാർക്കുന്നവർ നെതർലൻഡ്സിലെ ഗ്രാമങ്ങൾ സന്ദർശിക്കുന്നത്. ഇക്കാലത്ത് പശുക്കളെ കാണാൻ വന്ന ആളുകൾ ഫാം ഉടമകളോടു ‘koe knufflelen’ ആവശ്യപ്പെട്ടു. ‘പശുവിനെ കെട്ടിപ്പിടിക്കുക’ എന്നാണ് ഡച്ച് ഭാഷയിൽ കോ നുഫ്‍ലൻ എന്ന വാക്കിന്റെ അർഥം. പശുവിനെ കെട്ടിപ്പിടിച്ചപ്പോൾ മാനസിക സംഘർഷം കുറഞ്ഞെന്നാണ് ആളുകൾ അഭിപ്രായപ്പെട്ടത്.
പശുവിനെ കെട്ടിപിടിക്കലിനു നെതർലൻഡ്സിൽ പ്രചാരം ലഭിച്ചിട്ടു കുറച്ചു കാലമേ ആയിട്ടുള്ളൂ. കന്നുകാലി ഫാം സന്ദർശനം മാനസിക സംഘർഷം കുറയ്ക്കാനുള്ള ‘കൗ ഹഗ്ഗിങ് ടൂർ’ ആയി മാറിയിരിക്കുന്നു. പശുക്കളെ വളർത്തുന്ന സ്ഥലം കാണലാണ് ടൂർ പാക്കേജിൽ ആദ്യ പ്രോഗ്രാം. അതിനു ശേഷം പശുക്കൾ മേയുന്ന സ്ഥലത്തേക്ക് പ്രവേശനം അനുവദിക്കും. പശുവിനെ തലോടാം, ഓമനിക്കാം, തീറ്റ കൊടുക്കാം. തീറ്റ കൊടുക്കുന്നവരുമായി ചേർന്നു നിൽക്കുന്ന വളർത്തു മൃഗമാണു പശു. മുഖം ഉരസുന്നതും നക്കുന്നതും പശുക്കൾ ഇഷ്ടം പ്രകടിപ്പിക്കുന്ന രീതികളാണ്. ഈ വിധം പശുക്കളുമായി ഇടപഴകിയപ്പോൾ ഉന്മേഷം അനുഭവപ്പെട്ടെന്ന് ആളുകൾ അഭിപ്രായപ്പെട്ടു.
പശുക്കളുമായി ചേർന്നു നിന്നവർക്ക് ഉന്മേഷം തോന്നാനുള്ള കാരണം വിശദീകരിച്ചുകൊണ്ട് ‘അപ്ലൈഡ് അനിമൽ ബിഹേവിയർ സയൻസ് ’ എന്ന സയൻസ് ജേണലിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്നു ലോക്ഡൗണിൽ വീടുകളിൽ ഒറ്റപ്പെട്ടു പോയവർ ആ റിപ്പോർട് ശരിയെന്നു സാക്ഷ്യപ്പെടുത്തി.
‘ശരീര ഊഷ്മാവ് കൂടുതലുള്ള വളർത്തു മൃഗമാണു പശു. കഴുത്തിലും മുതുകിലും തലോടുന്നവരുടെ ദേഹത്ത് പശുക്കൾ മുഖം ഉരസ്സുകയും നക്കുകയും ചെയ്യുന്നു. മനസ്സ് അസ്വസ്ഥമായവർക്ക് പശുവിന്റെ സ്പർശം ‘തെറപ്യൂടിക്’ സാന്ത്വനമായി അനുഭവപ്പെടുന്നു. ഈ സമയത്ത് മസ്തിഷ്കത്തിൽ ‘ഓക്സിടോസിൻ’ ഹോർമോൺ ഉൽപാദിപ്പിക്കപ്പെടുന്നു. മനുഷ്യരിൽ സ്നേഹം ഉണർത്തുന്ന ഹോർമോൺ ആണ് ഓക്സിടോസിൻ.’ – ‘അപ്ലൈഡ് അനിമൽ ബിഹേവിയർ സയൻസ് ’ ഗവേഷകർ വിശദീകരിച്ചു. പശുവിനെ ആശ്ലേഷിക്കുമ്പോൾ ‘ഫീൽ ഗുഡ് ഹോർമോൺ’ ഉൽപാദിപ്പിക്കുമെന്നാണ് ഗവേഷകരുടെ അഭിപ്രായം. ‘കൗ ഹഗ്ഗിങ്’ പ്രചരിക്കുന്നതിനെ കുറിച്ചുള്ള ബിബിസി ഫീച്ചറാണ് ഇക്കാര്യം ആദ്യം റിപ്പോർട് ചെയ്തത്.
അമേരിക്കയിലും സ്വിറ്റ്സർലൻഡിലും പശുക്കളെ വളർത്തുന്ന ഫാമുകളിൽ സന്ദർശകർ പശുവിനെ ആശ്ലേഷിക്കാൻ എത്തുന്നുണ്ട്. യുഎസിലെ നാഷ്‌വിൽ, സ്വിറ്റ്സർലൻഡിലെ റോട്ടർഡാം എന്നിവിടങ്ങളിലെ ഫാമുകൾ ‘പ്രകൃതിയിലേക്കു മടങ്ങുക’ എന്ന സന്ദേശവുമായി ‘കൗ ഹഗ്ഗിങ് ടൂറിസം’ ആരംഭിച്ചിരിക്കുകയാണ്.