ഉരുക്കുപോലത്തെ ശരീരവും, ആണത്തം നിറഞ്ഞു നിൽക്കുന്ന അംഗലാവണ്യവും കിനാക്കണ്ടിരിക്കുന്ന പെണ്ണ് ക്ലീഷേ സിനിമാക്കഥയിലെ നായികമാരാണ്. ആണൊരുത്തന്റെ തണൽപറ്റാൻ കൊതിച്ച് അവന്റെ എല്ലാമെല്ലാമായി മാറാന‍്‍ ആഗ്രഹിക്കുന്ന സിനിമാറ്റിക് പ്രണയം റീലിൽ നിന്നും റിയൽ ലൈഫിലേക്ക് വരുമ്പോഴും ഏറെ കാണാനുണ്ടാകും. എന്നാൽ ഇവിടെയിതാ പഴകിയ പ്രണയ സങ്കൽപ്പങ്ങളിൽ നിന്നും ഗതിമാറി സഞ്ചരിക്കുകയാണ് രണ്ട് പെണ്ണുങ്ങൾ. ലെസ്ബിയന്ന ചുരുക്കഴെത്ത് നൽകി ഓരത്തേക്ക് മാറ്റി നിർത്തുന്ന പെണ്ണിനും ഒരു മനസുണ്ടെന്ന് ചിത്രങ്ങളിലൂടെ പറയുകയാണ് മോഡലുകളായ ദിപ്തശ്രീ പോളും യാസ്മിൻ ബാനുവും.
‘അവളുടെ കിനാവിലെ രാജകുമാരന്‍ ആണൊരുത്തനല്ല, പെണ്ണായിരുന്നു’ എന്ന ആമുഖത്തോടെ ദിപ്തശ്രീ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റാണ്. സ്വവർഗാനുരാഗികൾക്കും ഒരു മനസുണ്ടെന്നും അവരുടെ പ്രണയത്തിനും വിലയുണ്ടെന്നും പറയാതെ പറയുന്ന ദിപ്തയുടേയും യാസ്മിന്റേയും കൺസപ്റ്റ് ഫൊട്ടോഷൂട്ട് നിരവധി പേരാണ് ഷെയർ ചെയ്യുന്നത്.
ചേർത്തു നിർത്താനും സംരക്ഷിക്കാനുമുള്ള കഴിവ് ആണിൽ മാത്രമാണെന്ന തെറ്റിദ്ധാരണയെ പൊളിച്ചെഴുതുകയാണ് തങ്ങളുടെ ചിത്രങ്ങളെന്ന് ദിപ്തശ്രീ വനിത ഓൺലൈനോട് പറയുന്നു.
ലെസ്ബിയൻഹുഡ് എന്ന ചുരുക്കെഴുത്ത് പലർക്കും കേൾക്കുന്നതേ അരോചകമായിരിക്കും. പക്ഷേ അത് പലരുടേയും മനസാണെന്ന് തിരിച്ചറിയപ്പെടാതെ പോകുന്നത് സങ്കടപ്പെടുത്തുന്ന കാര്യമാണ്. ആണത്തത്തിന്റെ മേന്മയെന്നോണം കൊട്ടിഘോഷിക്കുന്ന കരുതലും സംരക്ഷണവും സുരക്ഷിതത്വും ഒരു പെണ്ണിനും പ്രദാനം ചെയ്യാന്‍ കഴിയും. അവളുടെ സ്വപ്നങ്ങളിൽ അവനു പകരം അങ്ങനെയൊരുവളെത്തിയത് അക്കാരണം കൊണ്ടാണ്. ആണ് തന്റേതെന്ന് കരുതി വയ്ക്കുന്ന ആണത്തവും തന്റേടവും ഏതൊരു പെണ്ണിനും അവകാശപ്പെടാവുന്നതേയുള്ളു.
സൗന്ദര്യത്തിന്റേയും കരുത്തിന്റേയും സമന്വയമാണ് പെണ്ണ്. ഞങ്ങൾ അവതരിപ്പിക്കുന്ന ലെസ്ബിയൻഹുഡ് കൺസപ്റ്റിലെ നായിക അങ്ങനെയൊരാളാണ്. ആണും പെണ്ണും മാത്രമാണ് ഇണചേരാൻ വിധിക്കപ്പെട്ടവരെന്ന പതിവു സങ്കൽപ്പങ്ങൾക്കെതിരെയുള്ള തിരിഞ്ഞുനടത്തം കൂടിയാണ് ഞങ്ങളുടെ ചിത്രങ്ങൾ– ദിപ്തശ്രീ പറയുന്നു.
ചെന്നൈയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ദിപ്തശ്രീ കൊൽക്കത്ത സ്വദേശിയാണ്. മോഡലിംഗ് രംഗത്തും സജീവമാണ് ദിപ്തശ്രീ. ഫാഷൻ ഡിസൈനര്‍ എന്ന നിലയിൽ ശ്രദ്ധേയയായ യാസ്മിൻ മോഡലും ഫാഷൻ ഡിസൈനറും കൂടിയാണ്. ബിബി ഫൊട്ടോഗ്രഫിയാണ് ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.