Friday 24 June 2022 02:48 PM IST

‘ആക്സോ ബ്ലേഡ് ഉപയോഗിച്ച് ചിരട്ട രാകി മിനുക്കിയെടുക്കും, കൈമുറിഞ്ഞു ചോര വന്നാലും പിന്മാറില്ല’; കലാവിരുതില്‍ വസന്തം തീര്‍ത്ത് ഡോ. ചന്തു നായര്‍

Priyadharsini Priya

Senior Content Editor, Vanitha Online

dr-chanthu-nair

"കുട്ടിക്കാലം തൊട്ടേ ചിത്രം വരയ്ക്കാന്‍ ഒരുപാട് ഇഷ്ടമായിരുന്നു. ആരും കാണാതെയാണ് അന്നൊക്കെ നോട്ടുപുസ്തകത്തില്‍ കുത്തിവരയ്ക്കുക. പഠിക്കുന്ന സമയത്ത് വരച്ചിരുന്നാല്‍ അച്ഛനും അമ്മയും വഴക്കു പറയുമോ എന്നു പേടിച്ച് ഒടുവില്‍ ഞാനതെല്ലാം ‍കീറി കളയുമായിരുന്നു. മുതിര്‍ന്നപ്പോള്‍, ആയുര്‍വേദ കോളജില്‍ ബിഎഎംസിനു പഠിക്കുമ്പോഴാണ് ആദ്യമായി ഒരു പെയിന്റിങ് മത്സരത്തില്‍ പങ്കെടുക്കുന്നത്. സുഹൃത്തുകളെല്ലാം നിര്‍ബന്ധിച്ചപ്പോള്‍ ഒഴിഞ്ഞുമാറാന്‍ പറ്റിയില്ല. അന്നത്തെ മത്സരത്തില്‍ ഒന്നാം സമ്മാനം നേടി. എനിക്ക് വരയ്ക്കാന്‍ കഴിയും എന്ന ആത്മവിശ്വാസം ഉണ്ടായത് അന്നുതൊട്ടാണ്. പിന്നീട് വരയില്‍ നിന്ന് വിട്ടുനില്‍ക്കാനോ, വരച്ചത് കീറികളയാനോ തോന്നിയിട്ടില്ല. അന്ന് ആരംഭിച്ച കലാപ്രവര്‍ത്തനങ്ങള്‍ ആണ്. പതിയെ വരയോടുള്ള ഇഷ്ടം ചിരട്ട ശില്‍പങ്ങളിലേക്ക് കടന്നു. പക്ഷേ, പിന്നീടൊരിക്കലും കല ഉപേക്ഷിക്കേണ്ടി വന്നിട്ടില്ല."- റിട്ടയര്‍മെന്റിന്റെ മടുപ്പില്ലാതെ, ചുറുചുറുക്കോടെ കൈമനം സ്വദേശി ഡോക്ടര്‍ ജി.എസ്. ചന്തു നായര്‍ പറഞ്ഞുതുടങ്ങി. 

അനന്തശയന രൂപം, ഗണപതി, മുതല, ദിനോസർ, കോഴി, ചിമ്പാൻസി എന്നിങ്ങനെ ചിരട്ടയില്‍ കലാവിരുതിന്റെ വസന്തം തീര്‍ക്കുകയാണ് ഡോ. ചന്തു നായര്‍. 13 വർഷം കൊണ്ട് മനോഹരമായ അമ്പത്തിയഞ്ചോളം ശിൽപ്പങ്ങളാണ്‌ അദ്ദേഹം ചിരട്ടയില്‍ നിർമിച്ചത്‌. 5000 ചിരട്ടകള്‍ കൊണ്ടുതീര്‍ത്ത അനന്തശയന രൂപമാണ് ഏറ്റവും പ്രശസ്തം. കോവിഡിനും ലോക് ഡൗണിനുമിടയില്‍ ദിവസവും രണ്ടു മണിക്കൂർ സമയം എടുത്താണ് ഒന്നര വര്‍ഷം കൊണ്ട് അനന്തശയന രൂപം ഒരുക്കിയത്. കണ്ണും ആഭരണത്തിലെ കല്ലും ഒഴികെ മറ്റെല്ലാത്തിനും ചിരട്ടയാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ഇത്തരത്തില്‍ ചിരട്ട രാകി മിനുസ്സപ്പെടുത്തി ചെറുമുഖങ്ങൾ മുതൽ പത്തടി നീളം വരെയുള്ള ശില്പങ്ങൾ വരെ ഡോ. ചന്തു നായർ നിർമിച്ചിട്ടുണ്ട്. 

chann56767

"ചിരട്ട എന്ന മീഡിയത്തില്‍ ശില്‍പങ്ങള്‍ തീര്‍ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം ചിരട്ട വളഞ്ഞു വരില്ല. അങ്ങനെ ബുദ്ധിമുട്ടേറിയ ചിരട്ടയിൽ പരീക്ഷണാർത്ഥമായി നിര്‍മ്മിച്ചതാണ് മുതലയെ. 12 അടി നീളത്തിലാണ് ഒരുക്കിയത്. കാണാന്‍ യഥാര്‍ഥത്തില്‍ ഒരു മുതലയെ പോലെ ഇരിക്കും. ഈ ശില്‍പത്തിനു അവാര്‍ഡ് ലഭിച്ചിരുന്നു. ആക്സോ ബ്ലേഡ് ഉപയോഗിച്ച് കൈ കൊണ്ടാണ് ചിരട്ട രാകി മിനുക്കിയെടുക്കുക. പലപ്പോഴും കൈ മുറിഞ്ഞു ചോരയൊക്കെ വരും. എങ്കിലും ഞാന്‍ പിന്മാറില്ല. ഒരു ജോലി ഏറ്റെടുത്താല്‍ അത് തീരുന്നതുവരെ ആവേശമാണ്. ചില ദിവസങ്ങളില്‍ തുടര്‍ച്ചയായി മണിക്കൂറുകളോളം ഇരിക്കും. മെഷീന്‍ സഹായമൊന്നും ഇല്ലാതെയാണ് ശില്‍പ നിര്‍മാണം. കഠിനാധ്വാനത്തിന്റെ ഫലമായി ഇപ്പോഴും വലതുകൈയ്ക്ക് പ്രയാസമുണ്ട്. 

chandunait77675

ആവശ്യത്തിനുള്ള ചിരട്ടകള്‍ മിനുക്കിയെടുത്ത് പോളീഷ് ചെയ്ത ശേഷം, ആകൃതിയില്‍ കട്ട് ചെയ്തെടുത്ത് ഫെവിക്കോള്‍ വച്ച് ഒട്ടിക്കും. ഒരു സമയം മൂന്നെണ്ണം മാത്രമാണ് ഒട്ടിക്കാന്‍ പറ്റുക. കൂടുതല്‍ സമയവും ക്ഷമയും ഒക്കെ വേണ്ട ജോലിയാണ്. ശില്‍പങ്ങള്‍ ഉണ്ടാക്കുന്നതിനെ പറ്റി എനിക്ക് കൂടുതല്‍ ഒന്നും അറിയില്ല. എന്റേതായ രീതിയില്‍ ആണ് ചെയ്യുന്നത്. എങ്കിലും സ്വാഭാവികമായി ശില്‍പങ്ങള്‍ക്ക് പെര്‍ഫക്ഷന്‍ വരുന്നുണ്ട്. ദൈവാധീനം എന്ന് വേണമെങ്കില്‍ പറയാം. അത്തരത്തിലൊരു സംഭവം ഞാന്‍ പറയാം. കൂട്ടത്തില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗണപതിയുടെ ശില്‍പം ഉണ്ടാക്കിയത് തേങ്ങയുടെ തൊണ്ടു കൊണ്ടാണ്. ശില്‍പം ഏകദേശം പൂര്‍ത്തിയായിരുന്നു. പക്ഷേ, തുമ്പിക്കൈയ്ക്ക് പറ്റിയ തൊണ്ട് മാത്രം കിട്ടുന്നില്ല. നീളം കൂടുതലുള്ള തൊണ്ടാണ് അതിനായി വേണ്ടത്. അതുകൊണ്ടുതന്നെ കിട്ടുമെന്ന പ്രതീക്ഷ എനിക്ക് ഉണ്ടായിരുന്നില്ല.

dr-chandu33

ആയിടയ്ക്കാണ് ഞങ്ങള്‍ കുടുംബ ക്ഷേത്രത്തില്‍ തൊഴാന്‍ പോയത്. പ്രാര്‍ഥിച്ചു പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ ആഗ്രഹിച്ച പോലൊന്ന് അവിടെ കിടക്കുന്നു. പൂജാരിയോട് അന്വേഷിച്ചപ്പോള്‍, ‘തൊണ്ടിന്റെ വ്യത്യസ്തത കണ്ട് ഞാന്‍ എടുത്തുവച്ചതാണ്.. എന്തോ പ്രത്യേകതയുണ്ട് കാണാന്‍..’- എന്നദ്ദേഹം പറഞ്ഞു. എനിക്കത് തരുമോ എന്നു ചോദിച്ചപ്പോള്‍ ഒരു മടിയും കൂടാതെ അദ്ദേഹമത് തന്നു. നിമിത്തം, ദൈവാധീനം എന്നൊക്കെ പറയുന്നത് അതാണ്. എനിക്ക് വേണ്ടി ആരോ അതവിടെ സൂക്ഷിച്ചുവച്ച പോലെയാണ് തോന്നിയത്. ഓരോ ശില്‍പങ്ങള്‍ ഉണ്ടാക്കുമ്പോഴും ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടാകുന്നതായി തോന്നിയിട്ടുണ്ട്. ഇല്ലെങ്കില്‍ ശില്‍പ നിര്‍മാണത്തെപ്പറ്റി വലിയ ധാരണയൊന്നും ഇല്ലാത്ത എനിക്ക് എങ്ങനെ ഇത്രത്തോളം പെര്‍ഫക്ഷനോടെ ശില്‍പങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്നു.!"- വിനയം കൈവിടാതെ ഡോ. ചന്തു നായര്‍ പറയുന്നു. 

2008 ൽ സർക്കാർ ആയുർവേദ കോളജിൽ നിന്നും വിരമിച്ച ഡോ. ചന്തു നായർ 2018 വരെ പങ്കജകസ്തൂരി ആയുർവേദ മെഡിക്കൽ കോളജിൽ പ്രിൻസിപ്പൽ ആയിരുന്നു. റിട്ടയര്‍മെന്റിനു ശേഷം സ്വന്തം വീടിനെ ശില്‍പ നിർമാണശാലയാക്കി മാറ്റിയിരിക്കുകയാണ് ഡോക്ടര്‍. നിരവധി ശില്പങ്ങളാണ് തിരുവനന്തപുരം കൈമനത്തെ ചന്ദ്രിമ എന്ന വീട്ടിലുള്ളത്. ഭാര്യ: ഡോ. കെ രമാദേവി. മകൻ: ചിന്തു സി നായർ.

dr-chathunair2
Tags:
  • Spotlight
  • Inspirational Story