ഡോക്ടർമാരുടെ കുറിപ്പടി വായിച്ചാല്‍ സാധാരണ ആര്‍ക്കും ഒന്നും മനസിലാകാറില്ല. കാലങ്ങളായി പെട്ടെന്ന് ആര്‍ക്കും വായിക്കാന്‍ കഴിയാത്ത രീതിയിലുള്ള എഴുത്തു ശൈലിയാണ് ഡോക്ടർമാര്‍ പിന്തുടരുന്നത്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ ഒരു ഡോക്ടറുടെ കുറിപ്പടി വൈറലായത്. നല്ല വടിവൊത്ത കയ്യക്ഷരത്തിൽ വൃത്തിയായി മരുന്നുകൾ കുറിച്ചിരിക്കുന്നു. നെന്മാറ കമ്യൂണിറ്റി സെന്ററിലെ ശിശുരോഗ വിദഗ്ധൻ ഡോ. നിതിൻ നാരായണന്റെ കുറിപ്പടിയായിരുന്നു അത്.
"എന്റെ ചേച്ചിയുടെ കയ്യക്ഷരം വളരെ നല്ലതാണ്. അതുകണ്ടാണ് നന്നായി എഴുതാൻ പഠിച്ചത്. പഠനകാലത്തെ രണ്ട് പ്രൊഫസർമാരുടെ സ്വാധീനവും ഇതിനു പിന്നിലുണ്ട്. മരുന്ന് കുറിക്കുമ്പോൾ ഇംഗ്ലീഷ് അക്ഷരങ്ങൾ ക്യാപിറ്റലില്‍ എഴുതാറാണ് പതിവ്. അതാകുമ്പോൾ മരുന്നകടക്കാർക്കും രോഗികൾക്കും എല്ലാം വായിക്കാൻ സാധിക്കും. ഡോക്ടർമാരെല്ലാം മനസ്സിലാകാത്ത വിധമാണ് എഴുതുന്നത് എന്ന് പറയാനാകില്ല. അവിടെയും തലമുറമാറ്റം ഉണ്ടായിട്ടുണ്ട്. സമൂഹമാധ്യമത്തിൽ ഇതെങ്ങനെ പ്രചരിച്ചു എന്ന് അറിയില്ല. ഞാനറിയാതെ ആരോ പങ്കുവച്ചതാണ്."- ഡോ. നിതിൻ പറയുന്നു.