Wednesday 13 June 2018 02:49 PM IST

തലകറക്കം നിസ്സാരമാക്കരുത്! അടിക്കടി തലകറക്കം അലട്ടുന്നുണ്ടെങ്കിൽ വെർട്ടിഗോ എന്ന അസുഖമാകാം കാരണം

Rakhy Raz

Sub Editor

faint

രാവിലെ കട്ടിലിൽ നിന്ന് എഴുന്നേൽക്കുമ്പോൾ ത ലകറങ്ങുന്നതു പോലെ േതാന്നൽ. ഓഫിസിലെ കസേരയിൽ നിന്ന് കുനിഞ്ഞ് താഴെപ്പോയ പേപ്പർ എടുക്കാൻ ശ്രമിക്കുമ്പോഴും തലകറക്കം. ടിവി കാണുന്നതിനിടെ കസേരയിൽ നിന്നു ചാടിയെഴുന്നേറ്റപ്പോഴും തല കറങ്ങുന്നു. പലരും നേരിടാറുണ്ട് ഈ അവസ്ഥ. ഇങ്ങനെ തലകറങ്ങുന്നതു വെർട്ടിഗോ എന്ന അസുഖം കാരണമാകാം.

ചെറിയ തോതിലുള്ള വെർട്ടിഗോ അപകടകാരിയല്ല. എ ന്നാൽ പൊടുന്നനെ തലകറങ്ങുന്നുവെന്നതു സൂക്ഷിക്കേണ്ട അവസ്ഥയാണ്. ഇടയ്ക്കിടെ വെർട്ടിഗോ മൂലമുള്ള തലകറക്കം ഉണ്ടാകുന്നുണ്ടെങ്കിൽ കൃത്യസമയത്തു ചികിത്സിച്ചു ഭേദമാക്കാൻ ശ്രദ്ധിക്കണം. ചികിത്സയിലൂെട രോഗം ഭേദമായവർ വീണ്ടും ഈ അസുഖം വരാതിരിക്കാൻ പ്രത്യേക കരുതൽ ന ൽകുകയും വേണം. വെർട്ടിേഗാ എന്ന അസുഖത്തെക്കുറിച്ചു കൂടുതൽ അറിയാം.

ലക്ഷണങ്ങൾ ശ്രദ്ധിക്കാം

ചുറ്റുവട്ടം കറങ്ങുന്നതായി തോന്നുന്നതാണു തലകറക്കം. എല്ലാവർക്കും ഒരേ രീതിയിലല്ല തലകറക്കം അനുഭവപ്പെടുക. ചിലർക്കു കാഴ്ചകൾ തനിക്കു ചുറ്റും വലം വയ്ക്കുന്നതായി തോന്നും, മറ്റു ചിലർ‍ക്കു വഞ്ചിയിൽ ഇരിക്കുമ്പോൾ ഇരുവശത്തേക്കും ആടുന്ന രീതിയിലാകും തല കറങ്ങുക. തലയാട്ടുമ്പോഴുള്ളതു പോലെയോ, ബാലൻസ് ചെയ്യാൻ കഴിയാതെ ഒരു വശത്തേക്ക് െചരിയുന്നതു പോലെയോ, കണ്ണിൽ ഇരുട്ട് കയറുന്നതു പോലെയോ തലകറക്കം തോന്നാം. തലയ്ക്കു വല്ലാത്ത മന്ദിപ്പും ഇതിനോടൊപ്പം അനുഭവപ്പെടാം.

ചിലർക്കു തലകറക്കത്തോടൊപ്പം കൃഷ്ണമണികൾ വിറയ്ക്കുക, തലവേദന, വിയർക്കൽ, കേൾവിക്കുറവ്, ചെവിക്കുള്ളിൽ മുഴക്കം, ഛർദി എന്നിവ കൂടിയുണ്ടാകാം. ഇവയെല്ലാം തലകറക്കം തുടങ്ങും മുമ്പ് സൂചനകളായും വരാം. ഈ സൂചനകൾ കുറച്ച് മിനിറ്റുകൾ മുതൽ ഒരു മണിക്കൂർ വരെ നീണ്ടു നിൽക്കുകയോ, ഇടയ്ക്കിടെ വരികയോ ചെയ്യാം. ഏതുവിധത്തിലുള്ള തല കറക്കമായാലും കാരണങ്ങൾ പലർക്കും വ്യത്യസ്തമായി വരാം. ശരിയായ കാരണം അറിഞ്ഞു ചികി ത്സിച്ചാലേ തലകറക്കം പെട്ടെന്നു മാറ്റിയെടുക്കാനാകൂ. തലകറങ്ങിയാൽ വീഴാനുള്ള സാധ്യതയുണ്ട് എന്നതാണു തലകറക്കം എത്രയും പെട്ടെന്ന് ചികിത്സിച്ചു മാറ്റേണ്ടതിന്റെ ആവശ്യം. തലകറക്കത്തേക്കാൾ ചിലപ്പോൾ വീഴ്ചയാണ് അപകടകാരിയാകുക.

കാരണങ്ങൾ പലത്

തലയുടെ പെട്ടെന്നുള്ള ചലനം കൊണ്ടാണു സാധാരണ ഗതിയിൽ വെർട്ടിഗോ മൂലമുള്ള തലകറക്കത്തിനു കാരണമാകുക. കിടക്കയിൽ നിന്നും കസേരയിൽ നിന്നും െപട്ടെന്ന് ചാടിയെഴുന്നേൽക്കുമ്പോൾ െവർട്ടിഗോ ഉള്ളവരിൽ തലകറക്കം അനുഭവപ്പെടാം. തലകറക്കം വരുന്നവർ അതിനുള്ള കാരണങ്ങളെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയാണു പ്രധാനമായും വേണ്ടത്. വെർട്ടിേഗാ ഉള്ളവർ കിടക്കയിൽ നിന്നോ കസേരയിൽ നിന്നോ ചാടിയെഴുന്നേൽക്കുന്നതിനു പകരം സാവധാനത്തിൽ എഴുന്നേൽക്കാൻ ശ്രദ്ധിക്കണം.

ബിനൈൻ പരോക്സിസ്മൽ പൊസിഷനൽ വെർട്ടിഗോ:

തലകറക്കം കൂടുതലായും ഉണ്ടാകുന്നത് ആന്തര കർണപുടത്തിലുണ്ടാകുന്ന പല വിധത്തിലുള്ള പ്രശ്നങ്ങൾ കൊണ്ടാകാം. ബിനൈൻ പരോക്സിസ്മൽ പൊസിഷനൽ വെർട്ടിഗോ (ബിപിപിവി) എന്ന അവസ്ഥയാണ് ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതലായി കാണുന്നത്. ആന്തരിക കർണത്തിലുള്ള എൻഡോലിംപ് എന്ന ലായനിയിൽ ചെറിയ കാൽസ്യം കാർബണേറ്റ് തരികൾ ഉണ്ടാകുകയും അവയുടെ ചലനവുമാണ് ബിപിപിവി ഉണ്ടാക്കുന്നത്. ഇതു വെസിമുലാർ ഞരമ്പിനെ ഉദ്ദീപിപിക്കുകയും ബാലൻസ് നഷ്ടപ്പെടുന്നതായി മസ്തിഷ്കത്തിലേക്ക് ചെവി സന്ദേശം നൽകുകയും ചെയ്യും. ഈ സന്ദേശമാണു തലകറക്കത്തിനു കാരണമാകുക.

ബിപിപിവി ഉള്ളവരിൽ തലകറക്കത്തോടൊപ്പം കണ്ണിനു ചെറിയ ചലനം ഉണ്ടാകാം. എല്ലാവർക്കും ഈ പ്രശ്നം ഉണ്ടാകണമെന്നില്ല. ബിപിപിവി ഉള്ളവർ തലകറക്കം തുടങ്ങിയാൽ ഡോക്ടറെ കണ്ട് മരുന്നു കഴിക്കുകയും അതിനു ശേഷം തല അധികമായി ചലിപ്പിക്കുക പോലുള്ള കാര്യങ്ങൾ ഒഴിവാക്കുകയുമാണു വേണ്ടത്. േഡാക്ടറുടെ നിർദേശപ്രകാരം കഴുത്തിനും തലയ്ക്കുമായുള്ള പ്രത്യേക വ്യായാമങ്ങൾ പതിവായി ചെയ്യുന്നതു ബിപിപിവി കുറയ്ക്കാൻ സഹായകമാകും.

മിനിയേഴ്സ് ഡിസീസ്:

ചെവിക്കുള്ളിലെ ഫ്ലൂയിഡ് കൂടി വരുന്ന അവസ്ഥയാണു മിനിയേഴ്സ് ഡിസീസ്. ഉപ്പ് കൂടുതൽ കഴിക്കുന്നവർക്ക് ഈ അസുഖമുണ്ടാകാൻ സാധ്യത കൂടുതലാണ്. ഈ േരാഗമുള്ളവരിൽ തുടരത്തുടരെ തലകറക്കമുണ്ടാകുകയും ചെവിയിൽ മുഴക്കം േകൾക്കുകയും െചയ്യും. ചിലർക്ക് ഈ സമയത്തു ചെവി കേൾക്കാതെയും വരും.

വെസ്റ്റിബുലാർ ന്യൂറൈറ്റിസ് അഥവാ ലാബ്രിന്തൈറ്റിസ്:

ആന്തരകർണത്തിനകത്തെ അണുബാധ മൂലമുണ്ടാകുന്ന ഈ അവസ്ഥ തലകറക്കത്തിനു കാരണമാകും. വൈറൽ അ ണുബാധയാണ് ഇതിനു കാരണം. തലച്ചോറിനകത്തു നിന്നു പുറപ്പെടുന്ന, ശരീരത്തിന്റെ സന്തുലനം നിലനിർത്തുന്ന വെസ്റ്റിബുലാർ ഞരമ്പ് ആന്തരകർണത്തിനടുത്തു കൂടി കടന്നു പോകുന്നുണ്ട്. ആന്തരകർണത്തിലുണ്ടാകുന്ന അണുബാധ ഈ ഞരമ്പിനെ ബാധിക്കുന്നതാണു തലകറക്കത്തിനു കാരണമാകുന്നത്.

കൃത്യസമയത്തു ചികിത്സ തേടാം

ചെറിയതോ ഗുരുതരമായതോ ആയ പ്രശ്നങ്ങൾ കൊണ്ടു ത ലകറക്കം ഉണ്ടാകാം. രക്തക്കുറവ് മുതൽ അപകടകാരിയായ ട്യൂമറിന്റെ വരെ ലക്ഷണമായി തലകറക്കം വരാം. മൈഗ്രെയിൻ പോലുള്ള അവസ്ഥകളും ചിലപ്പോൾ തലകറക്കത്തിനു കാരണമാകാം. പെട്ടെന്നു രക്തസമ്മർദ്ദം കുറയുമ്പോൾ തലകറങ്ങുകയും തല പെട്ടെന്ന് മന്ദിച്ചു പോകുകയും താഴെ വീഴുകയും ചെയ്യുന്ന തലകറക്കമാണു പ്രീ സിങ്കോപി. അപസ്മാരം കൊണ്ടും ഹൈപ്പർ തൈറോയിഡിസം കൊണ്ടും ചിലർക്ക് തല കറക്കം വരാം. കാഴ്ചകൾ കറങ്ങുന്നതായും ഒരു വശത്തേക്ക് െചരിഞ്ഞു പോകുന്നതായും തോന്നാം. സ്പോണ്ടിലൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, സ്പൈനൽ കോഡിന് വരുന്ന തകരാറു കൊണ്ടുള്ള ഷിയാരി മാൽഫോർമേഷൻ, സ്ട്രോക്ക്, സിപി ആങ്കിൾ ട്യൂമർ, അക്കോസ്റ്റിക് ട്യൂമർ തുടങ്ങിയ അസുഖങ്ങളുടെയെല്ലാം സൂചനയായി തലകറക്കം വരാം. േരാഗലക്ഷണമായുണ്ടാകുന്ന തലകറക്കം േരാഗം ഭേദമാകുമ്പോൾ മാറും. രക്തക്കുറവ് മൂലമുള്ള അവസ്ഥ ചികിത്സയിലൂടെ ഭേദമാകുമ്പോൾ ഇടയ്ക്കിടെ തലകറക്കമുണ്ടാകുന്നതും മാറും.

േരാഗലക്ഷണമാകാൻ സാധ്യതയുള്ളതിനാൽ തലകറക്കത്തെ അവഗണിക്കരുത്. ഇടയ്ക്കിടെ തലകറക്കം ഉണ്ടെങ്കിൽ വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെ ശരിയായ കാരണം എന്താണ് എന്നു വ്യക്തമായി മനസ്സിലാക്കി കൃത്യസമയത്തു ചികിത്സ തേടാൻ ശ്രദ്ധിക്കണം.

faint2

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ തലകറക്കമുള്ളപ്പോൾ തല അനക്കാതെ കിടന്നു വിശ്രമിക്കാൻ ശ്രദ്ധിക്കുക.

∙ തല പെട്ടെന്നു തിരിക്കുന്നത് ഒഴിവാക്കണം.

∙ തലകറക്കമുള്ളപ്പോൾ വാഹനമോടിക്കുന്നതും ഗോവണി കയറുന്നതും ഒഴിവാക്കാൻ ശ്രദ്ധിക്കുക.

∙ ഉപ്പ്, കാപ്പി, ചായ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതാണു നല്ലത്.

∙ വെർട്ടിേഗാ െകാണ്ടുള്ള തലകറക്കം അനുഭവപ്പെടുന്നവർക്കു െചയ്യാവുന്ന ലളിതമായ വ്യായാമങ്ങൾ ഉണ്ട്. േഡാക്ടറുടെ നിർദേശപ്രകാരം ഇവ െചയ്യുന്നതു തലകറക്കം കുറയ്ക്കാൻ സഹായിക്കും. നിന്നു െകാണ്ടും ഇരുന്നു െകാണ്ടും ചെയ്യാവുന്ന വ്യായാമങ്ങളാണ് ഇവ.

ഇരുന്നു െകാണ്ട് തോളുകൾ െമല്ലെ ഉയർത്തിയ ശേഷം കറക്കുക. പത്തു തവണ ഇങ്ങനെ ചെയ്യാം. നിന്നു െകാണ്ട് കണ്ണുകൾ തുറക്കുകയും അടയ്ക്കുകയും െചയ്യുന്നതിനൊപ്പം ഇരിക്കുകയും എഴുന്നേൽക്കുകയും െചയ്യുക. പല തവണ ഈ വ്യായാമം ആവർത്തിക്കുന്നതു തലകറക്കം കുറക്കാൻ സഹായിക്കും. സാവധാനം ഇരിക്കുകയും എഴുന്നേൽക്കുകയും െചയ്യാൻ ശ്രദ്ധിക്കണം.

വിവരങ്ങൾക്കു കടപ്പാട് : ഡോ. ടി. പി. വിജയൻ, കൺസൾട്ടന്റ് ഫിസിഷ്യൻ, ജനറൽ മെഡിസിൻ വിഭാഗം, ജനറൽ ഹോസ്പിറ്റൽ, എറണാകുളം