Monday 17 May 2021 05:22 PM IST

'എന്റെ സിനിമകൾ കണ്ട് ആരും ഭാര്യയെ പിടിച്ച് ഇടിച്ചിട്ടില്ല; മോശം വാക്കുകളിലൂടെ മുറിവേൽപ്പിച്ചിട്ടില്ല': അഞ്ചു കുടുംബ രഹസ്യങ്ങൾ വെളിപ്പെടുത്തി ബാലചന്ദ്രമേനോൻ

Vijeesh Gopinath

Senior Sub Editor

baladdd-family

കുടുംബത്തിന്റെ ഹൃദയമിടിപ്പുകൾ നന്നായറിയുന്ന ഡോക്ടറായതു കൊണ്ടാകാം ബാലചന്ദ്രമേനോൻ നയം വ്യക്തമാക്കുന്നത്, ‘‘എന്റെ ജീവിതം തന്നെയാണ് എന്റെ സിനിമയും. കുടുംബത്തിനോടു പറയാനുള്ളതെല്ലാം ഞാൻ അതിലൂടെ പറഞ്ഞു വച്ചു. ഒന്നുറപ്പിച്ചു പറയാം എന്റെ സിനിമകൾ കണ്ട് ആരും ഭാര്യയെയോ കാമുകിയേയോ പിടിച്ച് ഇടിച്ചിട്ടില്ല, മോശം വാക്കുകളിലൂടെ മുറിവേൽപ്പിച്ചിട്ടില്ല, മറ്റു ചിലത് പഠിപ്പിക്കുക കൂടി ചെയ്തു. ഭർത്താവ് എന്നാൽ മസിലും പിടിച്ച് ഇരിക്കേണ്ട പദവിയാണെന്നു തെറ്റിധരിച്ച പലരും ഭാര്യയെ ചേർത്തുനിർത്തി കാതിൽ ‘കുട്ടാ’ എന്നും ‘വാവേ’ എന്നുമൊക്കെ വിളിക്കാൻ പഠിച്ചു. ആ വിളി ആരോഗ്യകരമായ കുടുംബ ജീവിതത്തിന്റെ മരുന്നായിരുന്നു.

‘ഏപ്രിൽ 18’ വിദേശത്ത് റിലീസായ ദിവസം. അമേരിക്കയിൽ ഒരു ഷോ കഴിഞ്ഞ് ഞാൻ പുറത്തിറങ്ങുമ്പോൾ തൊണ്ണൂറു വയസ്സുള്ള ഒരപ്പാപ്പനും അമ്മൂമ്മയും നേരെ എന്റെയടുത്തു വന്നു. ‘‘മിസ്റ്റർ മേനോൻ, സിനിമയിൽ നിങ്ങൾ മാത്രമല്ല, ജീവിതത്തിൽ ഞാനും ഭാര്യയെ കുട്ടാ എന്നാണ് വിളിക്കുന്നത്. ഇതാണ് എന്റെ മണിക്കുട്ടൻ’’ അദ്ദേഹം ഭാര്യയെ ചേർത്തു നിർത്തി. എന്തൊരു പ്രണയമാണത്. ഇതാ, ചില ‘ബാലചന്ദ്രമേനോന്‍ പ്രമാണങ്ങൾ’ ഞാനറിഞ്ഞ അഞ്ചു കുടുംബ രഹസ്യങ്ങൾ...

1. രവികുമാറും ശോഭനയും... 

‘ഏപ്രിൽ 18’ എന്ന ചിത്രത്തിൽ നൃത്തത്തിനിടെയാണ് ര വികുമാറും ശോഭനയും അറിയാതെ പ്രണയത്തിലേക്ക് ഒഴുകിപോകുന്നത്. പിന്നീട് ‘ഇൻസ്പെക്ടര്‍’ രവികുമാറും ശോഭനയും ഒരുമിച്ചു താമസിക്കാൻ തുടങ്ങിയപ്പോൾ എങ്ങനെയാണ് ആ പ്രണയം ഇല്ലാതായത്? കൂടുമ്പോൾ ഇമ്പമുണ്ടാകുന്നതാണ് കുടുംബം. ആ ഇമ്പം, ഉണ്ടായില്ലെങ്കിൽ അതു കുടുംബം അല്ല. വാക്കിലെ രണ്ടക്ഷരങ്ങൾ പോലെ രണ്ടു പേർ ചേർന്നാലേ ആ ഇമ്പമുണ്ടാകൂ– ഭാര്യയും ഭർത്താവും. സത്യത്തിൽ പല ഭാര്യാഭർത്താക്കന്മാരും ‘നിരപരാധി കളാണ്’. മുൻപരിചയമില്ലാത്ത രണ്ടുപേരെ അഗ്നി സാക്ഷിയാക്കി വിവാഹം ചെയ്തു കൊടുക്കുകയാണ് സമൂഹം. ചിലപ്പോൾ കഴുത്തിൽ കെട്ടുന്ന താലി അസുഖകരമായ കുരുക്കായി മാറുന്നു. അതോടെ ഇമ്പം ഇല്ലാതാകും.

എല്ലാ വിവാഹത്തിലും പൊതുവായ വഴികളിലൂടെ ദമ്പതിമാർ നടക്കും. കാലിൽ ദർഭമുന കൊണ്ട് ശകുന്തള തിരിഞ്ഞു നോക്കുന്ന പോലെ, പരസ്പരം കാണുന്ന, ഇഷ്ടപ്പെടുന്ന അവസ്ഥ. അപ്പോൾ മനസ്സു കൊണ്ട് രണ്ടുപേരും ‘കുട്ടി’കളാണ്. കൊഞ്ചലും തമാശകളുമാണ് ആ പ്രായത്തിൽ‌ ഇഷ്ടപ്പെടുന്നത്. വർ‌ഷങ്ങൾ കഴിയുമ്പോൾ ആ ‘കുട്ടി’ വളർന്ന് ‘ഹെഡ് ടീച്ചറാ’കും. ചെറിയ കാര്യത്തിന് വടിയെടുത്തു തുടങ്ങും. ‘കുട്ടി’യാകുമ്പോൾ അനുവദിച്ച പല കാര്യത്തിനും നിയന്ത്രണം വരും. പ്രതികരിക്കാൻ തുടങ്ങും. തിരുത്തിപ്പറയും. അവനും മാറ്റം വരും. ഭർത്താവിന്റെ ലോകത്തേക്ക് ഭാര്യയെ പറിച്ചു നടാൻ നോക്കും. അവൻ പറയുന്നത് മാത്രമാണ് ശരിയെന്നു പറയാൻ തുടങ്ങും. കുറ്റപ്പെടുത്തൽ തുടങ്ങും. ഇതോടെ ആ ഇമ്പം കുറയും. പരസ്പരമുള്ള ആരാധന അത് ഒരിക്കലും നഷ്ടപ്പെടരുത്.

2. എന്റെ അച്ഛനെ കണ്ടു പഠിച്ചത്

എന്റെ അച്ഛനും അമ്മയും തമ്മിലുള്ള അടുപ്പം ഇന്നും മനസ്സിലുണ്ട്. മാസത്തിലൊരിക്കൽ അച്ഛൻ‌ കൊല്ലത്തു പോകും. ഒരു മാസത്തേക്കുള്ള പലചരക്കു സാധനങ്ങൾ വാങ്ങാനാണ് യാത്ര. ശിങ്കിടിയായി പത്തു വയസ്സുകാരനായ എന്നെയും കൂട്ടും. എല്ലാ യാത്രയിലും അമ്മയ്ക്ക് ഒരു സാരി അച്ഛൻ വാങ്ങിക്കും. അത് മുടക്കാറില്ല. വീട്ടിലെത്തിയാലുടൻ അച്ഛൻ പറയും, ‘‘നീ ഇത് ഉടുത്തുകൊണ്ടു വന്നേ’’ അമ്മയാണെങ്കിൽ ഇത്തരം കാര്യങ്ങളോട് ഒട്ടും താൽ‌പര്യം ഇല്ലാത്ത ആളാണ്. വലിച്ചു വാരി ഉടുക്കും. പക്ഷേ, അച്ഛന്‍ സാരിയുടെ തുമ്പൊക്കെ പിടിച്ചു നേരെയാക്കി കൊടുക്കും. ഇതു കണ്ടാണ് ഞാൻ വളർന്നത്. ‌അതാണ് ‘എപ്രിൽ 18’ എന്ന സിനിമയിൽ കണ്ടത്. അച്ഛനിൽ നിന്നാണ് അത് കിട്ടിയത്. അച്ഛൻ അമ്മയെ ഇടിക്കുന്നതാണ് ഞാൻ കണ്ടതെങ്കിൽ മറ്റൊരു ഭർ‌ത്താവായി പോയേനെ. സിനിമകൾ മറ്റൊന്നായേനെ.

∙ കുഞ്ഞിക്കണ്ണു കൊണ്ട് കാണുന്ന പല കാര്യങ്ങളും അവരുടെ മനസ്സിൽ പതിയുന്നുണ്ട്. അതുകൊണ്ട് കുട്ടികളുടെ മുന്നിൽ വച്ച് മോശം വാക്കുകൾ ഉപയോഗിക്കരുത്. പരസ്പരം കുറ്റങ്ങൾ പറഞ്ഞ് വേദനിപ്പിക്കരുത്. അതുകണ്ടു വളരുന്ന കുട്ടി വാർധക്യ കാലത്ത് അച്ഛനെയും അമ്മയെയും അനാദരിക്കും.

3. കണക്കു പുസ്തകം

‘കുറുപ്പിന്റെ കണക്കുപുസ്തകത്തി’ൽ വിനയചന്ദ്രനോട് ഭാര്യ പൊട്ടിത്തെറിച്ചു കൊണ്ട് പറയുന്നുണ്ട്, ‘‘ഭാര്യ എന്നു പറഞ്ഞാൽ ഷോക്കേസിൽ വയ്ക്കാനുള്ള ബൊമ്മയല്ല.’’ അതുകേട്ട് കുറുപ്പിന്റെ മറുപടി, ‘‘അതു തന്നെയാണ്, ചോദിക്കുന്നത്, നിനക്കിപ്പോൾ എന്താണൊരു കുറവ്.’’ കണക്കു നോക്കി നോക്കി എവിടെയോ വച്ച് പരസ്പരം മനസ്സിലാക്കാനുള്ള ആ ഞരമ്പ് നിലച്ചു പോയി. ഇത്തരം ഭിന്നതകള്‍‌ അസ്വാരസ്യങ്ങൾ ഉണ്ടാക്കും. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ നമുക്ക് നമ്മൾ മാത്രം മതി എന്നാണ് ധാരണ. സാവധാനം ചില ‘മാറ്റങ്ങൾ’ വരും. മോളേ എന്നുള്ള വിളി ‘എടീ’ എന്നാകും. പരാതി തുടങ്ങും. ഒരേ കിടക്കയിലാണെങ്കിലും മനസ്സുകൊണ്ട് രണ്ട് രാജ്യങ്ങളായിട്ടുണ്ടാകും. വിനയചന്ദ്രൻ തലയണയുമായി അപ്പുറത്തെ മുറിയിലേക്ക് പോകുന്നതു പോലെ മാറിക്കിടക്കും. പക്ഷേ, അത് അകലം കൂട്ടുകയേയുള്ളൂ.

‘ഏപ്രിൽ 18’ ൽ വേണുനാഗവള്ളിയോടു പറയുന്നതു പോലെ ‘പിള്ളേേച്ചാ, നമുക്ക് കട്ടിലു വിട്ടൊരു കളിയില്ല,’ അതാണു വേണ്ടത്. എത്ര പിണക്കമുണ്ടെങ്കിലും കിടപ്പറയിലെത്തും മുന്നേ അത് തീർന്നിരിക്കണം. എത്ര പ്രായം ചെന്നാലും ഒാരോ രാത്രിയും ആദ്യ രാത്രി പോലെ സുന്ദരമായിരിക്കണം. ആ മധുരം സൂക്ഷിക്കാനാകണം. അതിന്റെ ഒരംശം മരണം വരെ നീക്കി വയ്ക്കണം. ‘കുറുപ്പിന്റെ കണക്കു പുസ്തകത്തി’ൽ തിക്കുറിശ്ശിചേട്ടന്റെ കഥാപാത്രം പറയുന്നുണ്ട്, ‘‘ഭർത്താവെന്നു പറഞ്ഞാൽ പരാതികളും ഭാരങ്ങളും മാത്രം താങ്ങാനുള്ള ചുമടുതാങ്ങിയല്ല.’’ തിരിച്ചും അങ്ങനെ തന്നെ. ഭാര്യമാർ‌ ജോലിയും കുഞ്ഞുങ്ങളുടെ കാര്യവും മാത്രം ചെയ്യാനുള്ള ഒരു യന്ത്രമല്ലെന്ന് തിരിച്ചറിഞ്ഞേ പറ്റൂ,

∙ കണക്കുകള്‍ നോക്കാതെ പരസ്പരം തുറന്നു പ്രണയിച്ചാൽ തീരാവുന്നതേയുള്ളൂ ഏത് അകൽച്ചയും. പരാതി പറഞ്ഞ് ജീവിതം നശിപ്പിക്കരുത്.

4. നയം വ്യക്തമാക്കിയ സിനിമ

‘‘പക്ഷേ, എനിക്കിന്നുവരെ ഒരു മന്ത്രി എന്ന നിലയിൽ ഒന്നും ചെയ്യാനായില്ലെന്ന കുറ്റബോധവും ഉണ്ട്. കാരണം എന്റെ കുടുംബം ശരിയല്ല. കുടുംബമാണ് എല്ലാത്തിനും ആധാരം. കുടുംബത്തിൽ നിന്നാണ് സമൂഹം ഉണ്ടാകുന്നത്, സമൂഹം ചേർന്നാണ് രാഷ്ട്രം ഉണ്ടാകുന്നത്.’’ ‘നയം വ്യക്തമാക്കുന്നു’ എന്ന സിനിമയുടെ ക്ലൈമാക്സ് രംഗത്തിൽ മമ്മൂട്ടിയുടെ കഥാപാത്രമായ സുകുമാരൻ പറയുന്നു. കുടുംബം ശരിയല്ലാത്ത വ്യക്തി പല രീതിയിലും സമൂഹത്തിനു തന്നെ വെല്ലുവിളിയായി മാറും.‌ ആ ചിന്തയിൽ നിന്നാണ് ഡയലോഗ് എഴുതിയത്.

ജീവിതം ഒരിക്കൽ മാത്രമേ കിട്ടുകയുള്ളൂ. അത് അവസാനം വരെ ആഘോഷിക്കണം. അതൊരു കൂട്ടുത്തരവാദിത്തമാണ്. രക്ഷിതാക്കളുടെ അമിതമായ ഇടപെടൽ പല കുടുംബങ്ങളെയും ബാധിച്ചേക്കാം. അച്ഛനമ്മമാർ ഒന്നോർത്താ ൽ മതി, നിങ്ങളുടെ കുടുംബമല്ല മക്കളുടേത്. നിങ്ങൾ ജീവിച്ച ജീവിതമല്ല അവർ ജീവിക്കുക. മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടാതിരിക്കുക. പണ്ടുള്ളവർ പറയാറില്ലേ, ‘ച ട്ടീം കലോം ആകുമ്പോ തട്ടീം മുട്ടീം ഇരിക്കും.’

∙ പുതിയ തലമുറയുടെ ജീവിതത്തിലെ ചെറിയ പിണക്കങ്ങളെ രക്ഷിതാക്കൾ ഊതിക്കത്തിക്കരുത്.

5. പറ്റില്ലെങ്കിൽ ഈ പണിക്ക് നിൽക്കല്ലേ...

വിവാഹ ജീവിതത്തിന്റെ പാരമ്യതയായി ഞാൻ കണ്ട കാഴ്ചയുണ്ട്. പ്രായമായ ദമ്പതികൾ റോഡ് ക്രോസ് ചെയ്യാ ൻ നിൽക്കുന്നു. കൊച്ചു കുഞ്ഞിനെ പോലെ പരസ്പരം കൈ പിടിച്ച് തിരക്കുകളെ തടഞ്ഞു നിർ‌ത്തി അവർ മറികടക്കുന്നു. ആ സീൻ വരെ ജീവിതം കൊണ്ടു പോകാൻ‌ പറ്റിയിവരെ ഭാഗ്യം ചെയ്തവർ എന്നു ഞാൻ വിളിക്കും. ഇത്രയും കുടുംബസിനിമ സംവിധാനം ചെയ്തു, അഭി നയിച്ചു. പക്ഷേ, ഒരു സിനിമയിലും ഞാൻ നായികയ്ക്ക് താലികെട്ടിയിട്ടില്ല, താലി ഞാൻ എന്റെ ഭാര്യക്കു കൊടുത്ത പങ്കാണ്. ദാറ്റ്സ് ഒാൾ യുവർ ഒാണർ...

∙ ഭാര്യയും ഭർത്താവും പരസ്പരം കൊല്ലാൻ പോലും മടിക്കാത്ത കാലം‌. ഒന്നേ പറയാനുള്ളൂ, പറ്റില്ലെങ്കിൽ ഈ പണിക്ക് നിൽക്കരുത്. ഒരുമിച്ചു നേരിടാനുള്ള കരുത്തുണ്ടെങ്കിൽ ഒന്നിക്കുക. ഇത് ജീവിതമാണ്. 

Tags:
  • Spotlight