Tuesday 28 April 2020 04:45 PM IST

മറ്റു നായ്ക്കളെ കണ്ടാൽ കടിച്ചു കീറുന്ന ‘കലി’ ശാന്തനായി, രോമം എഴുന്നേറ്റു നിൽക്കുന്ന റോട്ട് വീലറും മെരുങ്ങി ! ഹരി കണ്ണുരുട്ടിയാൽ ഏതു വമ്പനും ‘നൈസാ’കും

Ajit Abraham

Assistant Editor

Hari-1

അതൊരു ആത്മവിശ്വാസമാണ്. ഏതു ആക്രമണ സ്വഭാവമുള്ള നായയേയും അനുസരണയുള്ള കാവൽക്കാരാക്കി മാറ്റും ഹരികൃഷ്ണൻ. മാവേലിക്കര തഴക്കരയിൽ വീടിനോട് ചേർന്ന് മൂന്നു വർഷമായി,

knowdogs ട്രെയിനിങ് സ്ഥാപനം നടത്തുന്ന ഹരി, തന്റെ അനേകം അനുഭവങ്ങളിൽ നിന്ന് ചില സാംപിൾസ് വിവരിക്കുന്നു.

'ഭയങ്കര ആക്രമണ സ്വഭാവമുള്ള പിറ്റ് ബുൾ ഇനം പെൺ നായയെ മെരുക്കാൻ ഇവിടെ കൊണ്ടുവന്നു . വേറെ ഏതു പട്ടിയെ കണ്ടാലും അവൻ ആകെ അസ്വസ്ഥനാകും, ആക്രമിക്കും. കലി എന്നാണ് അവന് ഉടമസ്ഥൻ തന്നെ പേരിട്ടിരുന്നത്. ആറുമാസംകൊണ്ട് അവളെ നല്ല അനുസരണയുള്ളവളാക്കി. നൈസ് എന്ന് ഒന്നു പറഞ്ഞാൽ മതി അവൾ വളരെ നൈസായി പെരുമാറുന്ന രീതിയിലായി.

ഏകദേശം 160 വാക്കുകൾ ഓർമ്മയിൽ സൂക്ഷിച്ചു അതനുസരിച്ച് പെരുമാറാൻ നായ്ക്കൾക്ക് കഴിയുമെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. നായ്ക്കളെ ചിട്ട പഠിപ്പിക്കാൻ ചില വിദ്യകൾ ഉണ്ട്. അതിന്റെ ആദ്യത്തെയും അവസാനത്തെയും പാഠം ക്ഷമയാണ്. ഇഷ്ടപ്പെട ആഹാരം കൊടുത്തും ചില കളിപ്പാട്ടങ്ങൾ നൽകിയും പല രീതിയിൽ പ്രോത്സാഹിപ്പിച്ചു പരിശീലനം നൽകും. ശരിയായി നായ്ക്കളെ പരിശീലിപ്പിക്കാൻ അവരുടെ മനശാസ്ത്രം അറിയണം.

നായ്ക്കൾക്ക് അവരുടെ മൂഡ് നമ്മളെ അറിയിക്കാൻ ഓരോരോ പാറ്റേൺ ഉണ്ട് ചിലർ മുരളും, പല്ലിളിച്ചു കാണിക്കും . ഓരോ നായയുടെയും ഇത്തരം ചില സിഗ്നലുകളിൽ നിന്ന് അവ എങ്ങനെ പെരുമാറുമെന്ന് തിരിച്ചറിയാൻ പറ്റും. ഏതായാലും വടി കൊണ്ടുള്ള ശിക്ഷണം ഒരിക്കലും എന്റെ പരിശീലന സിലബസ്സിൽ ഇല്ല.

ഏഴു വയസ്സുള്ള റോട്ട് വീലർ നായ ഇവിടെ ഇപ്പൊഴുണ്ട്. അവൻ അപാര ശല്യക്കാരൻ ആയിരുന്നു. സാവധാനം അവന്റെ മാനറിസം കണ്ടുപിടിച്ചു. ദേഷ്യം വരുമ്പോൾ രോമം എഴുന്നു നിൽക്കും. ഏതായാലും അവനെയും ഞാൻ ശാന്ത സ്വഭാവക്കാരനാക്കി.' നായ്ക്കളെ പരിശീലിപ്പിക്കുന്നതിന്റെ എല്ലാം ട്രേഡ് സീക്രട്ട്സും പറഞ്ഞുതരാൻ ആവില്ലെന്ന് കണ്ണിറുക്കി പറയുന്നു ഹരി. ഓരോ കസ്റ്റമർക്കും ആവശ്യമുള്ള രീതിയിലാണ് സർവീസ് കൊടുക്കുന്നത്.

മലയാളികൾക്ക് പൊതുവേ നായയെ അനുസരണയുളളതാക്കണമെന്നതാണ് പ്രധാന ആവശ്യം. ഇവിടെ നായ്ക്കളുമായി വരുന്നവർക്ക് പല താൽപര്യങ്ങളാണ്. വളർത്തു നായ, വീട്ടിലെ കുട്ടികളുമായി കളിക്കണം, എന്നാൽ അപരിചിതർ വന്നാൽ നിർത്താതെ കുരയ്ക്കണം, ഉടമസ്ഥൻ ആഹാരം വിളമ്പി പൂർത്തിയാക്കും മുമ്പ് ഇടയ്ക്ക് കയറി നായ പാത്രം തട്ടി മാറ്റരുത് , വിളമ്പുന്ന ആൾ പറഞ്ഞാൽ മാത്രമേ എടുത്തു കഴിക്കാവൂ, ചിലർക്ക് നായയെ കാറിൽ കൂടെ കൊണ്ടുപോകണം, വേറെ ചിലർക്ക് രാവിലെ നടക്കാൻ പോകുമ്പോൾ ഒപ്പം കൂടുന്ന ചങ്ങാതി ആകണം, നായയെ വണ്ണം വെപ്പിക്കണം , ചിലർക്ക് നായയുടെ ദുർമേദസ് കുറയ്ക്കണം, നായകൾക്ക് കുറച്ചുകാലത്തേക്ക് ഹോസ്റ്റൽ സൗകര്യം അങ്ങനെയങ്ങനെ.... '

നായകളോടുള്ള ഇഷ്ടം കാരണം ഹരി ഒട്ടേറെ അറിവുകൾ സൗജന്യമായി ആവശ്യക്കാർക്ക് പകർന്നു കൊടുക്കാറുണ്ട് . ഓരോരുത്തർക്കും യോജിച്ച പപ്പിയെ തിരഞ്ഞെടുക്കൽ,പിന്നെ അവയ്ക്ക് ആവശ്യമായ മുഴുവൻ കെയറും പറഞ്ഞു കൊടുക്കും. നായ്ക്കൾക്ക് വാക്സിനേഷൻ എങ്ങനെ, അവ എപ്പോൾ, വിര ശല്യം പരിഹരിക്കൽ, അവർ ആഹാരം കഴിക്കാതിരിക്കുക തുടങ്ങിയവയ്ക്കെല്ലാം അടിയന്തര ഉപദേശം നൽകാറുമുണ്ട്.

നായ്ക്കളോട് ചെറുപ്പം മുതൽക്ക് ഒരു പ്രത്യേക ഇഷ്ടമായിരുന്നു എന്ന് ഹരി ഓർക്കുന്നു . 'സ്കൂൾ കുട്ടികൾ വഴിയരികിലെ സൈക്കിളുകളും കാറും വണ്ടികളും ശ്രദ്ധിക്കുമ്പോൾ എന്റെ നോട്ടം വീടുകളിലെ കൂടുകളിൽ കിടക്കുന്ന നായ്ക്കളിൽ ആയിരുന്നു . അവയുടെ കിടപ്പ് ,ഓട്ടം ,ചാട്ടം കുരയ്ക്കുന്ന രീതി എല്ലാം പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു.

മാത്രമല്ല നായ്ക്കളെ കുറിച്ച് കേൾക്കുന്ന എന്തും എനിക്ക് താൽപര്യമുള്ള അറിവുകൾ ആയിരുന്നു. മഞ്ഞുമലകളിൽ കുടുങ്ങിയ മനുഷ്യരെ രക്ഷപ്പെടുത്തുന്ന സെന്റ് ബർണാഡ് നായ, സ്വന്തം ജീവൻപോലും പണയപ്പെടുത്തി പാമ്പുകളിൽ നിന്ന് മനുഷ്യരെ രക്ഷിക്കുന്ന നായയുടെ കഥകൾ ഇതെല്ലാം ആകർഷിച്ചിരുന്നു. അതുകൊണ്ടാണ് ബിഎസ്. സി കമ്പ്യൂട്ടർ സയൻസ് ഉന്നത നിലയിൽ ജയിച്ചിട്ടും ഡോഗ് ട്രെയിനിങ് ഒരു പ്രഫഷൻ ആയി ഞാൻ തിരഞ്ഞെടുത്തത്.'

ഹരി ജീവിതത്തിൽ എന്നും കോരിത്തരിപ്പോടെ ഓർക്കുന്നത് അമ്മാവന്റെ സ്നേഹം സമ്മാനമാണ്. ജിമ്മി എന്നു ഓമനപേരിട്ടു സ്നേഹിച്ച നായ. അവന് 8 മാസം പ്രായമുള്ളപ്പോൾ അവിചാരിതമായി രോഗം പിടിപെട്ട് മരിച്ചപ്പോൾ വാവിട്ടു കരഞ്ഞു പോയി. ആ ദുഃഖം ഇപ്പോഴും മാറിയിട്ടില്ല . നായ്ക്കളെ പരിശീലിപ്പിക്കുന്നതിന് രണ്ടു മൂന്നു പ്രൊഫഷണൽ ഡോഗ് ട്രെയിനേഴ്സിന്റെ കീഴിൽ പഠിച്ചു. ഇപ്പോൾ ഏതു നായയേയും, വിദേശി ആയാലും നാടൻ ആയാലും എയ്ജ്, ബ്രീഡ്, പേഴ്സണാലിറ്റി എന്നിവ പ്രശ്നമാക്കാതെ പരിശീലിപ്പിക്കാൻ കഴിയും.

'ഈ കോവിഡ് കാലത്ത് വളരെ ക്ഷീണിതനായ ഒരു ലാബ്രഡോറിനെ കൊണ്ടുവന്നു .13 വയസ്സുള്ള അവൻ കൈ രണ്ടും മുറിഞ്ഞ് പുഴുവരിക്കുന്ന നിലയിലായിരുന്നു. രണ്ടാഴ്ചകൊണ്ട് അവനെ സുഖപ്പെടുത്താൻ സാധിച്ചു. കോവിഡ് കാലം ആയതുകൊണ്ട് ചികിത്സിക്കാൻ അല്പം ബുദ്ധിമുട്ട് ഉണ്ട് എന്ന് പറഞ്ഞു പരിചയക്കാരനായ ഒരു വെറ്ററിനറി ഡോക്ടർ, അവശ നിലയിലായ മറ്റൊരു നായയേയും എന്റെ അടുത്തേക്ക് അയച്ചു. അവനെ കൊന്നു കളയാൻ ഉടമസ്ഥൻ തീരുമാനിച്ചതാണ്. കാരണം അവന്റെ അരഭാഗം തളർന്ന് പോയിരുന്നു. ഞാൻ വളരെ ശ്രമകരമായി പരിശ്രമിച്ച് അവന്റെ രോഗം ഭേദമാക്കി .

Hari-2

എന്നോട് പലരും ചോദിക്കാറുണ്ട്, ഈ പ്രായത്തിൽ നായകളെ പരിശീലിപ്പിക്കുന്ന ഒരു ട്രെയിനർ ആയി മാറാൻ വീട്ടുകാർ സമ്മതിച്ചോ എന്ന് . ആദ്യമൊക്കെ വീട്ടുകാർക്ക് ചെറിയ രീതിയിൽ സന്ദേഹം ഉണ്ടായിരുന്നെങ്കിലും പലരും നായകളുമായി എന്റെ അടുത്ത് ഉപദേശം ചോദിച്ചു വരുന്നത് കണ്ടപ്പോൾ , എല്ലാവരും പൂർണ സഹകരണം തന്നു .

നായയോടുള്ള ഓരോ മനുഷ്യരുടെയും സ്നേഹം എന്നെ പലപ്പോഴും അൽഭുത പെടുത്തിയിട്ടുണ്ട്. വളർത്തുന്ന നായയെ അല്പ കാലത്തേക്ക് പോലും പിരിയാൻ അവർക്ക് ഏറെ ബുദ്ധിമുട്ടാണ് . പലപ്പോഴും വിദേശയാത്ര നടത്തുന്ന ജോൺസൺ അങ്കിളും ഷാലു ആൻറിയും അവരുടെ പ്രിയപ്പെട്ട മാക്സ് നായയെ ബോർഡിങിന് ഇവിടെ ഏൽപ്പിക്കാറുണ്ട്. ഇവനെ എന്നെ ഏൽപ്പിച്ചിട്ട് കാറിൽ കയറാൻ നേരത്ത് ആന്റി കണ്ണുകൾ തുടയ്ക്കുന്നത് പലതവണ ഞാൻ കണ്ടിട്ടുണ്ട് . സ്വന്തം മക്കളേ പിരിയുന്നത് പോലെ.

ഇരുപത് നായകളെ സൂക്ഷിക്കാനുള്ള സൂക്ഷിക്കാനുള്ള സൗകര്യം വീട്ടിൽ ഉണ്ട് . ഇപ്പോൾ 18 നായകൾ ഇവിടെ സുരക്ഷിതരായി ഉണ്ട്. ' നായകളെ പരിശീലിപ്പിക്കുന്നത് സാമാന്യം റിസ്കുള്ള കാര്യമാണ് . ഇടയ്ക്കൊക്കെ നായകളുടെ നല്ല ഉശിരൻ കടിയേറ്റ് പുളഞ്ഞിട്ടുണ്ട്. നായകളെ പരിശീലിപ്പിക്കുന്നതിനിടയിൽ മനസ്സിൽ തട്ടിയ ചില അനുഭവങ്ങളുണ്ട്ഹരിക്ക്. ' പരിശീലനം പൂർത്തിയാക്കി അവയെ ഉടമസ്ഥനെ ഏൽപ്പിച്ച് മടങ്ങുമ്പോൾ, എന്റെ കൂടെ തിരികെ കാറിൽ വന്നു കയറിയ ജാക്കി കണ്ണ് നനയിച്ചു. ആ നോട്ടം ഇപ്പോഴും എന്റെ മനസ്സിൽ മായാതെയുണ്ട്.

‌ഈ ജോലി തുടർന്നു കൊണ്ടിരുന്നാൽ പെണ്ണ് കിട്ടില്ല എന്ന് അമ്മ ഇടയ്ക്കിടെ പറയാറുണ്ട്. ഇതിന്റെ പേരിൽ കല്യാണം നടക്കില്ലെങ്കിൽ വേണ്ട എന്ന് ഞാൻ മറുപടി പറയും.' നായകളെ ശരിയായി പരിചരിക്കണം എന്നുള്ളതുകൊണ്ട് പല സുഹൃത്തുക്കളുടെയും കല്യാണങ്ങൾക്ക് പങ്കെടുക്കാൻ ഹരിക്ക് സാധിക്കാറില്ല പങ്കെടുത്താൽ തന്നെ , സദ്യ കഴിക്കാതെ പലപ്പോഴും ഇറങ്ങി ഓടാറുണ്ട്. കാരണം, ഏറെ പ്രിയപ്പെട്ടവരാണ് ഹരിയെ കാത്തിരിക്കുന്നത് . അവർക്ക് വിശക്കുന്നത് ഹരിക്ക് സഹിക്കാനാവില്ല.