Thursday 02 July 2020 03:34 PM IST

അന്ന് എല്ലാരും ചോദിച്ചു, ‘നിങ്ങളിലാരാ അമ്മ’; ആന്റിയെന്നു വിളിപ്പിച്ച 90ൽ നിന്നും ചേച്ചിയാക്കിയ 62ലേക്ക് ഇന്ദുവിന്റെ ടൈം ട്രാവൽ

Binsha Muhammed

indu

‘നിങ്ങളിലാരാ അമ്മ!’

90 കടന്ന പൊണ്ണത്തടിയുടെ പേരില്‍ കളിയാക്കലുകൾ ഒരുപാട് കേട്ടതാണ്. പക്ഷേ അമ്മയ്ക്കൊപ്പം നടന്നു പോയപ്പോൾ കേട്ട ഈ കമന്റ് ഇന്ദുവിനെ ചില്ലറയൊന്നുമല്ല അസ്വസ്ഥമാക്കിയത്. സ്വന്തം ശരീരത്തോട് അറപ്പും വെറുപ്പും തുടങ്ങിയ നാളുകൾ. ജീവിതം പോലും വെറുത്ത നിമിഷം.

അന്നാ ചോദ്യം കേട്ടതിൽ പിന്നെ കണ്ണാടിക്കു മുന്നിലെത്താൻ ഇന്ദുവിന് മടിയായിരുന്നു. ക്യാമറ ഫ്ലാഷുകൾ തന്റെ തടിച്ച ശരീരത്തിൽ വന്നു പതിക്കുമ്പോൾ ഓടിയൊളിക്കും. അതിൽ പിന്നെ ഒരു വിവാഹ ചടങ്ങുകൾക്കു പോലും പോയിട്ടില്ല. ആൾക്കൂട്ടത്തേയും അസ്ഥാനത്തെ കമന്റുകളേയും പേടിയായിരുന്നു അവൾക്ക്. പൊണ്ണത്തടിയുള്ള പെണ്ണെന്ന മേൽവിലാസവും പേറി നാളുകളങ്ങനെ കടന്നു പോയി.

പക്ഷേ തോറ്റുകൊടുക്കാൻ മടിയില്ലാത്ത ആ പെണ്ണ് ഒരു സുപ്രഭാതത്തിൽ ഇങ്ങനെ പ്രതിജ്ഞയെടുത്തു. ‘എനിക്കൊരു രോഗമുണ്ട്. ആ രോഗത്തിന്റെ പേര് പൊണ്ണത്തടിയെന്നാണ്. അതിന്റെ ചികിത്സയും ഞാൻ തന്നെ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.’

പിന്നെ നടന്നത് വലിയൊരു പരിമാണത്തിന്റെ കഥയാണ്, 25 വയസുള്ളപ്പോൾ തന്നെ മധ്യവയസ്കയാക്കി’ചിത്രീകരിച്ചവരോടുള്ള പ്രതികാര കഥ. വ്രതം പോലെ കഴിച്ചു കൂട്ടിയ ഒരു വർഷം. ആ നീണ്ട കാലത്തെ കഠിനാദ്ധ്വാനമാണ് 42കാരിയായ ഇന്ദുവിനെ ഇന്നത്തെ ഇന്ദുവാക്കിയത്. ഇന്ദുവിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ആന്റിയെന്നു വിളിപ്പിച്ചവരെ കൊണ്ട് ചേച്ചിയെന്നു വിളിപ്പിച്ച ‘ടൈം ട്രാവൽ...’ ഇറ്റലിയിൽ നിന്നും ഇന്ദുരാജ് പറയുന്നു അക്കഥ വനിത ഓൺലൈനോട്.

ജീവിതം വെറുത്തു പോയ നിമിഷം

ആദ്യം ഞാൻ നല്ല മെലിഞ്ഞിട്ടാണ് ഇരുന്നത്. നാട്ടിൽ നിന്ന് ഗൾഫിലേക്ക് പോകും മുമ്പ് 50 കിലോ ഭാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ വിവാഹത്തോടെ ഗൾഫിലേക്ക് മാറിയതോടെ എന്നെ ഏറെ വിഷമിപ്പിച്ച പൊണ്ണത്തടി പതിയെ പതിയെ തലപൊക്കുകായിരുന്നു. ആദ്യമേ കുറ്റം സമ്മതം നടത്തട്ടേ... നല്ല വണ്ണം ഭക്ഷണം കഴിച്ചിട്ട് തന്നെയാണ് തടി വച്ചത്. ഗൾഫിലാണെങ്കിൽ കാര്യമായ ജോലിയൊന്നും ചെയ്യാനുമുണ്ടായിരുന്നില്ല. ചടഞ്ഞു കൂടിയിരിപ്പ് തന്നെ. അതിൽ പിന്നെ ഞാന്‍ കേട്ട കുത്തുവാക്കുകൾ... ഞാൻ അനുഭവിച്ച വേദന അതാർക്കും പറഞ്ഞാൽ മനസിലായെന്നു വരില്ല. അത്രയേറെ വേദനിച്ചു. ഞാൻ വല്ലാതെ ഉൾവലിയുന്ന പ്രകൃതക്കാരിയായി മാറി. പൊതുമധ്യത്തിൽ വരില്ല, കല്യാണം പോലെയുള്ള ചടങ്ങുകൾക്ക് കൂടില്ല. കണ്ണാടിയിലെ എന്റെ രൂപത്തെ പോലും വെറുത്തു തുടങ്ങി. എന്തിനധികം പറയണം, 90 കിലോ ഭാരവുമായി ഞാൻ നടന്നത് വർഷങ്ങളോളമാണ്. ഒരിക്കൽ ചാലക്കുടിയിലെ നാട്ടിലെത്തിയപ്പോഴാണ് ഞാൻ ഏറെ വെറുത്തു പോയ ആ കമന്റ് കേട്ടത്. എന്നേയും അമ്മയേയും കണ്ടാൽ തിരിച്ചറിയില്ലത്രേ. അന്നു കൂടെക്കൂടിയതാണ് ഈ പറഞ്ഞവരെ കൊണ്ട് ഇത് മാറ്റിപ്പറയിപ്പിച്ചേ അടങ്ങൂ എന്ന വാശി.

indu-1

നെവർ ഗിവ് അപ്!

തിരികെ നാട്ടിൽ സെറ്റിലാകുന്നതോടെയാണ് വെയ്റ്റ് ലോസ് എനിക്ക് ജീവിത വ്രതമാകുന്നത്. നാട്ടിൽ നിന്നു കേട്ട പരിഹാസങ്ങൾ തന്നെയായിരുന്നു അതിന്റെ പ്രധാനകാരണം. നാട്ടിൽ‌ ജിം പോലുള്ള സംവിധാനങ്ങൾ ഇല്ലാത്തതു കൊണ്ടു തന്നെ ഫുഡ് ഡയറ്റ് തന്നെയാണ് ആദ്യം പരീക്ഷിച്ചത്. ചോറും മധുരങ്ങളും ഒഴിവാക്കി, ഓട്സിനെ ജീവൻ നിലനിർത്താനുള്ള അവിഭാജ്യ ഘടകമാക്കി. ഓട്സ് കൊണ്ട് ഉപ്പുമാവ്, പുട്ട് എന്നിവ ഫുഡ് മെനുവിൽ ഇടംപിടിച്ചു. മറ്റുള്ളവർ പറയുന്ന ഉപദേശങ്ങളെ പരമാവധി ഒഴിവാക്കി എന്നതാണ് ഹൈലൈറ്റ്. ഫാറ്റി ഫുഡ് ഒഴിവാക്കുമ്പോൾ തന്നെ എനിക്കിഷ്ടമുള്ളതും ഹെൽത്തിയായിട്ടുള്ളതുമായ ഭക്ഷണങ്ങളെ ഡയറ്റിലേക്ക് കൊണ്ടു വന്നു. ചിക്കൻ കഴിക്കണണെന്ന് തോന്നുമ്പോൾ ചിക്കൻ മാത്രം കഴിക്കും. അതിനുമപ്പുറമുള്ള വലിച്ചു വാരി കഴിക്കൽ ഇല്ലേയില്ല. ഫിഷ് ആണെങ്കിലും മുട്ട ആണെങ്കിലും ഇതു തന്നെ രീതി. പയർ മുളപ്പിച്ച് ധാരാളം കഴിക്കും. തക്കാളി, വെള്ളരിക്ക എന്നിവയൊക്കെയായിരുന്നു ഇടസമയത്തെ ആഹാരങ്ങൾ. ശരീരം വിശപ്പിന്റെ അലാറം അടിക്കുമ്പോൾ നട്സ്, ഡ്രൈ ഫ്രൂട്ട്സ് എന്നിവയൊക്കെ നൽകി അഡ്ജസ്റ്റ് ചെയ്തു. ചെയ്യിപ്പിച്ചു എന്ന് പറയുന്നതാകും കൂടുതൽ ശരി. ധാരാളം വെള്ളം കുടിക്കുമായിരുന്നു.

ഡയറ്റ് ആരംഭിച്ചതു മുതലുള്ള ഒരു വർഷം ഒരു ഫങ്ഷൻ പോലും അറ്റൻഡ് ചെയ്തിട്ടില്ല. അതിനിടയ്ക്കാണ് നാട്ടിൽ ജിം എത്തുന്നത്, അന്ന് ആദ്യം അഡ്മിഷൻ എടുത്തത് ഞാനായിരുന്നു. ദിവസവും 2 മണിക്കൂർ വ്യായാമങ്ങളുമായി ജിമ്മിൽ ചെലവഴിച്ചു. ട്രെഡ് മിൽ, വയർ കുറയ്ക്കാനുള്ള എക്സർസൈസുകൾ അങ്ങനെ പോയി. ജിമ്മും ഡയറ്റുമായി കഴിച്ചു കൂട്ടിയ ആദ്യത്തെ 5 മാസവും ശരീരത്തിന് കാര്യമായ മാറ്റമൊന്നും ഇല്ലായിരുന്നു. തടി കാര്യമായി ഇളക്കം തട്ടാതെ അങ്ങനെ തന്നെ നിന്നു. അന്ന് ജിം ട്രെയിനർ എന്നെ വല്ലാതെ വഴക്കു പറഞ്ഞു. എല്ലാം ചെയ്തിട്ട് വീട്ടിൽപോയി ഭക്ഷണം കഴിക്കും എന്നു വരെ അദ്ദേഹം പറഞ്ഞു. പക്ഷേ ഞാൻ വിട്ടു കൊടുത്തില്ല. പൂർവാധികം ശക്തിയോടെ തിരികെ വന്നു. ഡയറ്റിനും വ്യായാമങ്ങൾക്കുമൊപ്പം യോഗ കൂടി ജീവിതത്തിന്റെ ഭാഗമായി. ഭക്ഷണ നിയന്ത്രണം മുൻപത്തേതിനേക്കാൾ കടുപ്പിച്ചു. ഞാൻ വിട്ടുകൊടുക്കില്ല എന്ന് മനസിലായതു കൊണ്ടാകണം ശരീരം എന്റെ വരുതിക്ക് വരാൻ തുടങ്ങി. ഓരോ മാസവും 5 കിലോയ്ക്കും മേലെ ഭാരം അലിഞ്ഞിറങ്ങുന്നത് സന്തോഷത്തോടെ തിരിച്ചറിഞ്ഞു.

indu-2

ബാക്കി ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം എന്റെ പുതിയ ഫൊട്ടോയിലുണ്ട്. ഏകദേശം 10 വർഷത്തോളം ഞാന്‍ കൊണ്ടു നടന്ന 80–90 കിലോ ഗ്രാം ഭാരത്തില്‍ നിന്നും റിവേഴ്സ് ഗിയറിലേക്കെത്തി. ഇന്ന് 62 കിലോയിലേക്ക് ഞാനെത്തി എന്നു പറയുമ്പോൾ പലർക്കും വിശ്വസിക്കാൻ പ്രയാസമാണ്. ഈ മാറ്റം എനിക്ക് തന്ന കോൺഫിഡൻസ് ചെറുതൊന്നുമല്ല. ഇറ്റലിയിൽ എനിക്കു കിട്ടിയ നഴ്സ് ജോലി പോലും എന്റെയീ മാറ്റം കൊണ്ട് എനിക്ക് കിട്ടിയതാണ്. അന്ന് ഞങ്ങളിലാരാ അമ്മ എന്ന് ചോദിച്ചവർ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ എന്നേയും മകനേയും കാണുമ്പോൾ ചേച്ചിയും അനിയനുമാണോ എന്ന് പറയുന്നത് കേൾക്കുമ്പോൾ ഒരു മധുര പ്രതികാരത്തിന്റെ സുഖമൊക്കെയുണ്ട്. ഭർത്താവ് ധനഞ്ജയയൻ, മകൻ നിഥിൻ ധനഞ്ജയൻ എന്നിവർ തന്ന പിന്തുണയും ഈ നിമിഷത്തിൽ മറക്കാനാകില്ല.– ഇന്ദു പറഞ്ഞു നിർത്തി.