Thursday 25 February 2021 12:46 PM IST

കാലിൽ സ്റ്റീൽ റോഡുകൾ ഇട്ടു, അസ്ഥിയും മാംസവും മാറ്റി ചേർക്കുന്ന ശസ്ത്രക്രിയകളുടെ നാളുകൾ: താങ്ങായത് എന്റെ അഭി

Rakhy Raz

Sub Editor

jaseela

വയനാട് ടൗണിൽ ജീപ്പിൽ പട്രോളിങ് നടത്തുകയാണ് വനിതാ പൊലീസ്.

‘‘സാറേ.....കള്ളൻ..കള്ളൻ....’’

പെട്ടെന്നൊരാൾ ജീപ്പിന് കൈകാണിച്ച് പറയുന്നു. ജീപ്പ് ഡ്രൈവ് ചെയ്തിരുന്ന കെ.ടി ജസീലയും കൂടെയുള്ള പൊലീസുകാരിയും ചാടിയിറങ്ങി പണം തട്ടിപ്പറിച്ച് ഓടിയ കള്ളന് പുറകേ ഓടി. കള്ളൻ നിറുത്താതെ ഓടുകയാണ്. പൊലീസും പിന്മാറുന്നില്ല. ഒടുവിൽ ജസീല കള്ളനൊപ്പം ഓടിയെത്തി, അയാളുടെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു താഴെയിട്ടു. പിന്നെ ടാറ്റാ സുമോയുടെ പിന്നിൽ കയറ്റി പൊലീസ് സ്റ്റേഷനിലെത്തി. ദേഹ പരിശോധന നടത്തിയപ്പോൾ കള്ളന്റെ കയ്യിൽ അപഹരിച്ചുവെന്നു പറയുന്ന പണം കാണുന്നില്ല. ജസീല ഉടൻ ടാറ്റാ സമുമോയുടെ പിൻഭാഗം പരിശോധിച്ചു. സുമോയുടെ സീറ്റിൽ അതുവരെ ഇല്ലാത്ത ഒരു ചെറിയ കീറൽ. നോക്കുമ്പോൾ പണം കീറലിനിടയിലൂടെ തിരുകിയിരിക്കുകയാണ്.

‘‘സ്കൂളിലും കോളജിലുമൊക്കെ മികച്ച സ്പോർട്സ് താര മായിരുന്നു ഞാൻ. അത് കള്ളനറിയില്ലല്ലോ. വനിതാ പൊലീസല്ലേ ഓടി രക്ഷപെട്ടു കളയാം എന്നു വിചാരിച്ചു.’’ ജസീല ചിരിച്ചുകൊണ്ടു പറയുന്നു

കള്ളനെ ഓടിച്ചിട്ട് പിടിച്ച ഈ പൊലീസുകാരി ഈ കഴിഞ്ഞ നവംബര്‍ രണ്ടിന് ഡിജിപി ലോക്നാഥ് ബെഹ്റയിൽ നിന്നു മികച്ച സേവനത്തിനുള്ള പൊലീസ് മെഡൽ ഏറ്റുവാങ്ങിയത് ഭർത്താവിന്റെയും വാക്കിങ് സ്റ്റിക്കിന്റെയും താങ്ങോടെയാണ്. കള്ളനും മെഡലിനും ഇടയിൽ കണ്ണീരിന്റെ ഒരു കഥയുണ്ട് ജസീലയ്ക്ക്.

കഥ തുടങ്ങുമ്പോൾ

വയനാട് കൽപറ്റ പൊലീസ് സ്റ്റേഷനിൽ കോൺസ്റ്റബിളായാണ് 2006 ൽ ജസീലയുടെ കരിയർ തുടക്കം. ‘‘എന്റെ സ്വപ്നസാക്ഷാത്ക്കാരമായിരുന്നു അത്. യൂണിഫോമിനോടുള്ള സ്നേഹം കുട്ടിയായിരിക്കെ തന്നെ ഉണ്ട്. ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോഴാണ് പൊലീസിൽ സെലക്‌ഷൻ കിട്ടുന്നത്. തൃശൂർ പൊലീസ് അക്കാദമിയിൽ പരിശീലനത്തിനെത്തിയവരിൽ ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു ഞാൻ. പൊലീസ് സേവനത്തിലെ മികച്ച വർഷങ്ങളായിരുന്നു 2019 വരെ കടന്നു പോയത്. ജോലിക്കിടയിലാണ് കെ.പി. അഭിലാഷിനെ പരിചയപ്പെടുന്നത്. പരിചയം സൗഹൃദവും പ്രണയവുമായി. പരസ്പരം കണ്ട് സംസാരിക്കുക പതിവായി. കൂടെയുള്ള പൊലീസ് ഓഫിസേഴ്സ് പറഞ്ഞു ‘നിങ്ങൾക്ക് പരസ്പരം ഇഷ്ടമാണെങ്കിൽ വിവാഹം കഴിക്കൂ... ഒരുമിച്ചു ജീവിക്കൂ’

രണ്ട് മതങ്ങളിൽ പെട്ടവരായതിനാൽ വീട്ടുകാർക്ക് സ്വീകരിക്കാൻ പ്രയാസമായിരിക്കും എന്നുറപ്പായിരുന്നു. അതിനാൽ റജിസ്റ്റർ വിവാഹം ചെയ്യാൻ ഞങ്ങൾ നിശ്ചയിച്ചു. സാവധാനം വീട്ടുകാരെ പറഞ്ഞു മനസിലാക്കിയ ശേഷം വിവാഹം പരസ്യപ്പെടുത്താം എന്നു കരുതി. വിവാഹ ശേഷം രണ്ടാളും അവരവരുടെ ജോലി സ്ഥലത്തേക്ക് തിരികെ പോയി.’’

കഥയിലെ നടുക്കം

മധുവിധു ആകേണ്ട ദിനങ്ങളിൽ ജസീല വയനാടും അഭിലാഷ് കണ്ണൂരും ആയിരുന്നു. ദിവസങ്ങൾ കഴിഞ്ഞതോടെ ജസീലയ്ക്ക് അഭിലാഷിനെ കാണണം എന്നാഗ്രഹമായി. അഭിലാഷിനും.

‘‘മാർച്ച് മുപ്പതിന് ഞാൻ അഭിലാഷ് ജോലി ചെയ്യുന്ന കണ്ണൂരിലെ ധർമടത്ത് എത്തി. ഒരുപാട് സംസാരിച്ച ശേഷം തിരിച്ചു ബസിൽ കയറി എന്റെ വീട്ടിനടുത്ത് എത്താറായപ്പോൾ ഒരു പരിചയക്കാരി ചെറിയ കുട്ടിയുമായി ബസിൽ കയറി. ഞാൻ എഴുന്നേറ്റു സീറ്റ് കൊടുത്തു.

‘അമ്മ എന്തിനാ ഈ ആന്റിയെ നോക്കി ചിരിക്കുന്നത് ?’, ആ കുഞ്ഞ് ചോദിച്ചു. ‘അമ്മയ്ക്ക് പരിചയമുള്ള പൊലീസ് ആന്റിയാണ്,’ എന്ന് ഉത്തരം കേട്ടത് ഓർമയുണ്ട്. പിന്നീട് ബോധം വരുന്നത് മുന്നു ദിവസം കഴിഞ്ഞാണ്.’’

ജസീല കയറിയ കെഎസ്ആർടിസി ബസിലേക്ക് ഒരു പ്രൈ ‌വറ്റ് ബസ് ഇടിച്ചു കയറി. ജസീല തലയടിച്ചു വീണു. ഇ രുകാലുകളും ഒടിഞ്ഞു. കാലുകളിലെ എല്ലുകൾ പൊടിഞ്ഞ അവസ്ഥയിലായി.

‘‘കാലിനകത്തും പുറത്തും സ്റ്റീൽ റോഡുകൾ ഇടേണ്ടി വന്നു. അസ്ഥിയും ചർമവും മാംസവുമെല്ലാം മാറ്റി ചേർക്കുന്ന ശസ്ത്രക്രിയകളുടെ നാളുകളായിരുന്നു പിന്നീട്.

ഞാൻ മരിച്ചു പോയെങ്കിലോ എന്നു കരുതി വിവാഹക്കാര്യം അറിയാവുന്നവർ അതു പുറത്തു പറഞ്ഞില്ല. കിടപ്പിലായ എന്നെ ഉമ്മച്ചി സഫിയയും അനുജത്തി ജെസീനയും ആണ് നോക്കിയത്. വിദഗ്ധ ചികിത്സ തരാൻ ഓട്ടോ ഡ്രൈവറായ എന്റെ ഉപ്പച്ചി അഹമ്മദ് കുട്ടി ഓടിനടന്നു. ആറു മാസം കഴിഞ്ഞപ്പോൾ എന്നെ കാണാനെത്തിയ എന്റെ ഓഫിസർ ആണ് പറഞ്ഞത്. ‘ഈ ചികിത്സ പോര. കോഴിക്കോട് സഹകരണ ആശുപത്രിയിൽ കാണിക്കണം,’.

അപ്പോഴേയ്ക്കും പിടിച്ചു നിൽക്കാൻ തുടങ്ങിയ എന്റെ കാലുകൾ ‘റ’ പോലെ വളഞ്ഞ് ഉള്ളിലെ കമ്പി പൊട്ടാറായ അവസ്ഥയിലായിരുന്നു. ഉടൻ വീട്ടുകാർ സഹകരണ ഹോസ്പിറ്റലിൽ എത്തിച്ചു. കോഴിക്കോട്ടെ അസ്ഥിരോഗ വിദഗ്ധനായ ഡോ. പണിക്കറെ കണ്ടു. ഒൻപത് മണിക്കൂർ നീണ്ടു ശസ്ത്രക്രിയ. അതിന ശേഷം ഡോ. പണിക്കർ പറഞ്ഞു. ‘ഇത്രയും ഗുരുതരാവസ്ഥയിലുള്ള രോഗിയേയും കൊണ്ട് വയനാട് പോകരുത്. കോഴിക്കോട് വാടക വീടെടുത്ത് താമസിക്കൂ.’ എന്ന്.’’

കഥയിലെ നായകൻ

കഥ ഇത്രത്തോളം ആയതോടെ നായകൻ രംഗപ്രവേശം ചെയ്തു. കിടപ്പിലായ ജസീലയെ കാണാൻ അഭിലാഷ് ഹോസ്പിറ്റലിൽ എത്തി. അഭിലാഷിന്റെ വാക്കുകൾ എല്ലാവരേയും ഞെട്ടിച്ചു. ‘ഇവൾ എന്റെ ഭാര്യയാണ്. ഇനി ഇവളെ ഞാൻ നോക്കിക്കോളാം’

‘‘ജസീലയുടെ വിവാഹം കഴിഞ്ഞു എന്നു ഉമ്മച്ചിക്ക് ചെറിയ ചില വിവരങ്ങളൊക്കെ കിട്ടിയിരുന്നു.’’ അഭിലാഷ് ചെറു ചിരിയോടെ പറയുന്നു.

‘‘വയ്യാതെ കിടക്കുന്ന മകളോട് ചോദിക്കാൻ അവർ മടിച്ചു. എന്റെ വരവ് ഉൾക്കൊള്ളാൻ ഇനിയും ജസീലയുടെ ഉപ്പച്ചിക്ക് ആയിട്ടില്ല. എന്നെങ്കിലും മനസ്സിലാക്കുമായിരിക്കും. ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്ത് ഞാൻ താമസിക്കുന്ന കൂരാച്ചുണ്ടിലെ വാടക വീട്ടിലേക്കാണ് ജസീലയെ കൊണ്ടുപോയത്. സ്ട്രെക്ചറിൽ..’’

‘‘എന്നെ നോക്കാൻ ആളെ നിർത്തിയിരുന്നെങ്കിലും എന്റെ കാര്യങ്ങളെല്ലാം കഴിവതും അഭിലാഷ് തന്നെ നോക്കി. അന്നു മുതൽ അഭിലാഷ് എന്റെയെല്ലാമായി മാറി ’’ ഇതു പറയുമ്പോ ൾ ജസീലയുടെ കണ്ണ് നിറഞ്ഞു

‘‘വിവാഹ വിവരവും അഭിലാഷും ഞാനും ഒരുമിച്ച് ജീവിതം തുടങ്ങിയ വിവരവും അറിഞ്ഞ് അഭിലാഷിന്റെ ബന്ധുക്കളും എന്റെ ബന്ധുക്കളും അകന്നു. ഉപ്പച്ചിയോട് യുദ്ധം വെട്ടി ഉ മ്മച്ചി മാത്രം എന്നെ കാണാൻ വരും.

അതിനിടെ അഭിലാഷിന് ട്രാൻസ്ഫർ വന്നു. ഒരു എതിർപ്പും പറയാതെ അഭി എന്നെയും കൊണ്ട് പുതിയ സ്റ്റേഷനായ കോടഞ്ചേരിയിൽ എത്തി. താങ്ങും തണലുമായി നിന്ന് അ ഞ്ചാറു മാസം കൊണ്ട് അഭിലാഷ് എന്നെ വീൽ ചെയറിലെത്തിച്ചു. അപ്പോളാണ് കഴുത്തിൽ ഒരു മുഴ വന്നത് ശ്രദ്ധിക്കുന്ന ത്. താമസിയാതെ തന്നെ കാൻസർ വിദഗ്ധനെ കാണിച്ചു.

റിസൽറ്റ് വന്ന ദിവസം അഭി എന്നെ മാളിൽ കൊണ്ടുപോയി ഇഷ്ടമുള്ള ഭക്ഷണം വാങ്ങിത്തന്നു. വീൽ ചെയറിലിരുത്തി സിനിമയ്ക്ക് കൊണ്ടു പോയി. ഇതൊക്കെ കാണുമ്പോൾ ‘എനിക്ക് അസുഖമൊന്നുമില്ല, ഞാൻ സാധാരണ ജീവിതത്തിലേക്ക് വരികയാണ്’ എന്നാണ് എനിക്ക് തോന്നിയത്. അത്രയ്ക്ക് സന്തോഷമുള്ള ദിവസങ്ങൾ. പക്ഷേ, എംവിആർ കാൻസർ സെന്ററിലെത്തിയതും ഞാൻ തകർന്നു പോയി. കീമോയുടെയും മരുന്നുകളുടെയും ദുരിതകാലമാണ് വരുന്നതെന്ന് അഭിലാഷിന് അറിയാമായിരുന്നു. അതിനു മുമ്പ് എനിക്ക് നൽകിയ നല്ല ദിവസങ്ങളായിരുന്നു കഴിഞ്ഞു പോയത്.

അസുഖം മാറി അഭിലാഷിന്റെ ഭാര്യയായിരിക്കാൻ, നല്ലൊരു ജീവിതം ആഗ്രഹിച്ചു കാത്തിരുന്ന എനിക്ക് താങ്ങാവുന്നതായിരുന്നില്ല കാൻസർ. ‘ഡിവോഴ്സ് വേണം ’ ഞാൻ ഡോക്ടറോടും അഭിലാഷിന്റെ ഓഫിസർമാരോടും പറഞ്ഞു. അവരോട് അഭിലാഷ് ഒന്നു മാത്രം പറഞ്ഞു. ‘അവളെ ഉപേക്ഷിക്കുന്നതൊഴിച്ച് വേറെ എന്തും ഞാൻ അനുസരിക്കാം.’ ’’

jaseela-1 ചിത്രങ്ങൾ: ഇൻസാഫ് പാലയിൽ

കഥ തുടരുന്നു...

അഭിലാഷിന് സിഐ ആയി പ്രമോഷനും ഒപ്പം ട്രാൻസ്ഫറും ലഭിച്ച ദിവസം ജസീല പല ഓഫിസേഴ്സിനെയും വിളിച്ചു. ഒടുവിൽ ഡിജിപിയുടെ ഓഫീസിലേക്കും.. ‘‘ഡിജിപിയുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് സനൂജ മാഡത്തെ ബന്ധപ്പെടാൻ കഴിഞ്ഞത് ഭാഗ്യമായി. ഡിജിപി ട്രാൻസ്ഫർ റദ്ദാക്കിത്തന്നു.

ഒരു ആഗ്രഹം കൂടി ഞാൻ അവരോട് അറിയിച്ചു. മികച്ച സേ വ‌നത്തിനുള്ള മെഡൽ വാങ്ങാൻ അസുഖം മൂലം കഴിഞ്ഞില്ല. ഇനി അത് സാധിക്കുമോ? അങ്ങനെ അഭിലാഷിന്റെ കൈ പിടിച്ച് ജസീല ഡിജിപിയുടെ മുന്നിലെത്തി. തിളങ്ങുന്ന മെഡൽ ഹൃദയത്തിലേറ്റു വാങ്ങി.