Friday 31 January 2020 06:09 PM IST : By ജോസുകുട്ടി പനക്കൽ, മലയാള മനോരമ

ലിഫ്ട് നല്‍കി ‘ചെറു ആശ്വാസം’ നേടാം! യാത്രക്കാർക്ക് പ്രയോജനപ്രദമായ മൊബൈൽ ആപ്ലിക്കേഷൻ ഇതാ...

road445ghvbbb

ഒരേ സ്ഥലത്തേക്ക് നാലുപേർ നാല് കാറുകളിൽ പോകുന്നതിനേക്കാൾ നല്ലതല്ലേ ഈ നാലു പേരും ഒരു കാറിൽ യാത്ര ചെയ്യുന്നത്. ഇന്ധന ലാഭം, യാത്രാച്ചിലവ് കുറവ്, ട്രാഫിക്കിൽ ബ്ലോക്ക് ഉണ്ടാക്കേണ്ട അങ്ങനെ എന്തൊക്കെ മെച്ചമാണ് ഈ യാത്ര കൊണ്ട് ലഭിക്കുക എന്ന് ഓർത്തുനോക്കൂ.. അത്തരത്തിൽ പ്രയോജനമുള്ള ഒരു മൊബൈൽ ആപ്ലിക്കേഷനെ കുറിച്ച് പരിചയപ്പെടുത്തുകയാണ് ഫോട്ടോ ജേർണലിസ്റ്റ്‌ ജോസുകുട്ടി പനക്കൽ. 

ജോസുകുട്ടി പനക്കൽ പങ്കുവച്ച കുറിപ്പ് വായിക്കാം; 

നിങ്ങളുടെ വണ്ടിയില്‍ ആരെയെങ്കിലും കയറാറുണ്ടോ? എങ്കില്‍ ഇത് വായിക്കുക!

തലക്കെട്ട് കണ്ട് തെറ്റിദ്ധരിക്കേണ്ട, ഓണ്‍ലൈന്‍ കാലത്തെ ഒരു തലക്കെട്ട് ഇട്ടെന്നേയുള്ളു. വായിച്ചു വരുമ്പോള്‍ ‘ഇതൊക്കെ ഇപ്പോഴാണോ നിങ്ങളറിയുന്നത് മാഷേ! നുമ്മളിത് കാലങ്ങളായി ഉപയോഗിക്കുന്നതാ ’എന്നൊരു ചിന്ത മനസില്‍ വന്നാല്‍ ഇത് നിങ്ങളെ ഉദ്ദേശിച്ചുള്ളതല്ല, അറിയാത്തവര്‍ക്കാണെന്ന് മാത്രം കരുതുക. പറയുന്നത് ഗുണമുള്ള കാര്യം തന്നെ.

‘ക്വിക് റൈഡ്’ എന്നൊരു മൊബൈല്‍ ആപ്ലിക്കേഷനാണ് വിഷയം. ഓണ്‍ലൈന്‍ ടാക്സികളായ ഊബറും ഒലയും പോലെ ഒന്നെന്നാണ് ആദ്യം കരുതിയത്. ഈ കരുതലില്‍ത്തന്നെ ഇപ്പോഴും പലരും ഇതിനെ അവഗണിക്കാറുമുണ്ട്. എന്നാല്‍ ഇത് അങ്ങിനെയല്ല. നമ്മളില്‍ പലരും വാഹനം ചെറുദൂരമെങ്കിലും ഓടിക്കുന്നവരാണ്. പലപ്പോഴും തനിയെ. എങ്കില്‍ ഒരാളെക്കൂടി കയറ്റുന്നതില്‍ ബുദ്ധിമുട്ടുണ്ടോ? അദ്ദേഹത്തെ കയറ്റുന്നതുകൊണ്ട് അത്യാവശ്യം ഇന്ധനം നിറയ്ക്കുള്ള തുക കൂടി കിട്ടുകയോ നമുക്ക് മറ്റൊരാളുടെ വാഹനത്തില്‍ ഇതുപോലെ യാത്ര ചെയ്യാന്‍ അവസരം കിട്ടുകയോ ചെയ്താലോ? അപ്പോള്‍ സൂപ്പറല്ലേ? സംഭവം നിലവിലുള്ള കാര്‍പൂളിങ് എന്ന ചിന്തയുടെ മാരക വെര്‍ഷനാണ്. 

ഒരേ ദിശയിലേക്ക് അഞ്ചു കാറുകളില്‍ അഞ്ചുപേര്‍ പോകുന്നതിന് പകരമായി ഒരു കാറില്‍ പോകുന്ന രീതി. യാതൊരു പരിചയവുമില്ലാത്തയാളെ എങ്ങനെ കയറ്റിക്കൊണ്ടു പോകുമെന്ന് പേടി വേണ്ട. മൊബൈല്‍ നമ്പര്‍, ഒടിപി, ഇ-മെയില്‍ വേരിഫിക്കേഷന്‍, ഗവണ്‍മെന്റ് തിരിച്ചറിയില്‍ സംഗതികള്‍ എന്നിവയൊക്കെ ഉണ്ടെങ്കിലേ ഇതില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാകൂ. ഇതെല്ലാം മിനിറ്റുകള്‍ക്കുള്ളില്‍ മൊബൈല്‍ ഫോണില്‍ പൂര്‍ത്തിയാക്കാം. നമ്മുടെ വാഹനത്തില്‍ കയറുന്നവന് കൃത്യമായ ഒരു വിലാസമില്ലാതെ കയറാനാവില്ലെന്ന് സാരം.

അഞ്ചു വാഹനങ്ങള്‍ക്ക് പകരമായി ഒരെണ്ണം മാത്രം എത്തുമ്പോള്‍ എത്രത്തോളം ഇന്ധനവും മലിനീകരണവും തിരക്കുമാണ് കുറയുന്നതെന്ന് ചിന്തിച്ചുനോക്കൂ. ഇതുവഴി വാഹനം ഓടിക്കുന്നവന്‍ വന്‍ പണക്കാരനായി മാറുമെന്ന് ചിന്തിച്ചെങ്കില്‍ അത് വേണ്ട. വെറുതെ പോകുന്ന വാഹനത്തില്‍ കയറുന്നവരുടെ കയ്യിലെ സ്കോറുകളാണ് (പോയിന്റ്) നമുക്ക് ലഭിക്കുക. ഇത് പേയ്ടിഎം പോലുള്ള മൊബൈല്‍ വോലറ്റുകളും ഗൂഗിള്‍പേ മുതലായവയുമൊക്കെയായി ബന്ധിപ്പിക്കാം. ഈ പോയിന്റുകള്‍ ഉപയോഗിച്ച് ഇന്ധനം നിറയ്ക്കുകയോ സാധനം വാങ്ങുകയോ ഒക്കെ ചെയ്യാം. കുറഞ്ഞ പോയിന്റിലോ കൂടിയ പോയിന്റിലോ നിങ്ങള്‍ക്ക് വാഹനം ഓടിക്കാം. 

കേരളത്തിലെ ഇന്‍ഫോ-ടെക്നോ പാര്‍ക്കുകാരാണ് ഈ സംവിധാനത്തിലേക്ക് തുടക്കത്തിലേ മാറിയതെങ്കിലും അളിയന്റെ വീട്ടില്‍ തേങ്ങ കൊണ്ടുപോയി കൊടുത്തു വെറുതെ കാലിയടിച്ചു മടങ്ങുന്ന ആങ്ങളമാര്‍ വരെ ഇപ്പോഴിത് ഉപയോഗിക്കുന്നുണ്ട്. വലിയ സംവിധാനങ്ങളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. നമുക്ക് ഏതെങ്കിലും പ്രായത്തിലുള്ളവരെ മാത്രമേ വാഹനത്തില്‍‍ കയറ്റാന്‍ താത്പര്യമുള്ളെങ്കിലോ , അല്ലെങ്കില്‍ പുരുഷന്മാരെയോ- വനിതകളെയോ മാത്രമോ ഒക്കെ തിരഞ്ഞെടുക്കാന്‍ ഇതില്‍ സംവിധാനമുണ്ട്. 

നിലവില്‍ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് ഇതിന്റെ ഉപയോഗക്കാര്‍ കൂടുതലെങ്കിലും ഇന്ത്യയിലെ ഏത് സ്ഥലത്തും സംഭവം ഉപയോഗിക്കാവുന്നതാണ്. കാറിനു മാത്രമല്ല, സ്കൂട്ടറിലും മോട്ടോര്‍ സൈക്കിളിലും ഇങ്ങനെ ലിഫ്ട് നല്‍കി ‘ചെറു ആശ്വാസം’ നേടാം. നിങ്ങളുടെ ആദ്യ സൗജന്യ യാത്രക്കുള്ള 50 പോയിന്റ് രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുമ്പോള്‍ത്തന്നെ ലഭിക്കും. ഏതോ വിദേശ ചാരന്റെ പരിപാടിയാണിതെന്ന് കരുതി ഉപയോഗിക്കാതിരിക്കേണ്ട. തികച്ചും ഇന്ത്യക്കാരന്റെ പരിശ്രമമാണ്. ഉപയോഗിച്ചു നോക്കാന്‍ ഈ ലിങ്കില്‍ നിന്നും ആപ് ഡൗണ്‍ലോഡ് ചെയ്യാം. https://quickrides.page.link/mNs8Z1MqZZ5ZnVwv6

താഴെ കാണുന്ന ചടങ്ങുകളേ ആദ്യ സൗജന്യ യാത്രയ്ക്ക് ഉള്ളൂ...

1. ആപ് ഡൗണ്‍ലോഡ് ചെയ്യുക.

2. രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുക.

3. പോകേണ്ട സ്ഥലം കൊടുക്കുക. (നിങ്ങള്‍ മൊബൈലുമായി നില്‍ക്കുന്ന സ്ഥമാണ് ഓട്ടോമാറ്റിക്കായി യാത്രയുടെ തുടക്ക സ്ഥലമായി വരിക)

4. ആ ദിശയിലേക്ക് പോകുന്ന വാഹനങ്ങളെല്ലാം കാണാന്‍ കഴിയും. അതില്‍ നിന്നും നിങ്ങളുടെ സമയത്തിനും താത്പര്യത്തിനും അനുസരിച്ച് ആരെയും തിരഞ്ഞെടുത്ത് റിക്വസ്റ്റ് അയക്കുക.

5. അദ്ദേഹം നിങ്ങളെ കൊണ്ടുപോകാന്‍ തയാറാണെങ്കില്‍ ഉടന്‍ തന്നെ മൊബൈലില്‍ നിങ്ങളുടെ റിക്വസ്റ്റ് സ്വീകരിച്ചതായി മറുപടിയെത്തും. പിന്നാലെ വാഹനവും.

Tags:
  • Spotlight
  • Social Media Viral