Friday 14 August 2020 03:14 PM IST

‘കുറ്റാന്വേഷണം ഒരു ഗെയിം ആണ്, ജയിക്കാനായി മാത്രം കുറ്റവാളിയോടൊപ്പം കളിക്കുന്ന ഗെയിം’; നിരവധി കേസുകള്‍ തെളിയിച്ച കെ ജി സൈമണ്‍ തന്റെ അനുഭവങ്ങളിലൂടെ...

Rakhy Raz

Sub Editor

kg-simon6544egvgvhv ഫോട്ടോ: അരവിന്ദ് വേണുഗോപാൽ

വിജയങ്ങളും പുരസ്‌കാരങ്ങളും തരുന്ന ആനന്ദം കെ. ജി. സൈമൺ എന്ന കുറ്റാന്വേഷകൻ ഒരളവിൽ കവിഞ്ഞു മനസ്സിലേക്ക് എടുക്കാറില്ല. ഓരോ വിജയങ്ങളും ജോലിയിൽ കൂടുതൽ ശ്രദ്ധിക്കാനുള്ള ഊർജമാക്കി മാറ്റുകയാണ് പതിവ്. ഈ സമചിത്തതയും നിയന്ത്രണവും ആണ് കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിൽ കെ. ജി. സൈമൺ എന്ന പേര് എഴുതിചേർത്തത്. 35 വർഷത്തെ സർവീസിൽ തെളിയിച്ചത് 52 കേസുകൾ.

മൂന്നാറിൽ ഇൻസ്പെക്ടർ ആയിരിക്കെ, പ്രതികളെക്കുറിച്ച് ഒരു തുമ്പും കിട്ടാത്ത ഏഴു കേസുകൾ ഒരു വർഷത്തിനുള്ളിൽ തെളിയിച്ചതിന് മെറിറ്റോറിയൽ സർവീസ് എൻട്രി. എറണാകുളം ക്രൈംബ്രാഞ്ച് എസ്പി ആയിരിക്കെ 19 കേസുകൾ തെളിയിച്ചു. കാസർകോട് സേവനം അനുഷ്ഠിക്കെ ഒരു വർഷത്തിനുള്ളിൽ പത്തു കേസുകൾ തെളിയിച്ച റെക്കോർഡോടെ കോഴിക്കോട്ടേക്ക്. അവിെട റൂറൽ എസ്പി ആയി ചുമതലയേറ്റ ശേഷമാണ് കേരളത്തെ ഞെട്ടിച്ച, ഏറ്റവും വിവാദമായ കൂടത്തായി െകാലക്കേസ് ചുരുളഴിയുന്നത്. 2002 മുതൽ 2016 വരെ കാലയളവിൽ നടന്ന, ‘ഇനി പിടിക്കപ്പെടില്ല’ എന്ന് പ്രതി ഉറപ്പിച്ച, കൂടത്തായി കൊലക്കേസിെല പ്രതിയെ കണ്ടെത്തിയതോടെ, കെ. ജി. സൈമൺ എന്ന പേര് മലയാളികൾ ഓരോരുത്തർക്കും സുപരിചിതമായി.

കോഴിക്കോട്ട് നിന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായി സൈമൺ എത്തിയതിനു പിന്നാലെ ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്ത, രണ്ടു വർഷമായി നടപടിയാകാതെ തുടർന്ന ജെസ്ന തിരോധാന കേസിൽ പ്രതീക്ഷയ്ക്ക് വകയുണ്ട് എന്നാണ്. കേരളാ പൊലീസിലെ അഭിമാന താരം കെ. ജി സൈമൺ തന്റെ അനുഭവങ്ങളിലേക്ക്...

പഠിച്ചത് ചരിത്രം, പൊലീസ് ജോലി സ്വപ്നമായിരുന്നില്ല, എങ്ങനെയാണ് കുറ്റാന്വേഷണത്തിൽ താൽപര്യം തുടങ്ങിയത് ?

നിരീക്ഷണം ആണ് കുറ്റാന്വേഷകന്റെ പ്രധാന ഗുണം. താഴെ വീണു പോകുന്ന ചെറിയ വസ്തു കണ്ടെത്തുന്നത് പുരുഷന്മാരേക്കാൾ സ്ത്രീകളായിരിക്കും എന്നു ഞാൻ മനസ്സിലാക്കി. അത് നിരീക്ഷണം ഉള്ളതു കൊണ്ടാണ്. അത് ഇപ്പോഴും തിരുത്തേണ്ടി വന്നിട്ടില്ല.

കുട്ടിക്കാലത്തു കളിക്കുമ്പോൾ ബോൾ കുറ്റിക്കാട്ടിലും പറമ്പിലും നഷ്ടപ്പെടുമ്പോൾ സ്ഥലത്തെ കോളം ആക്കി തിരിച്ചു തിരയുമായിരുന്നു. കേസന്വേഷണത്തിൽ എത്തിയപ്പോൾ ആണ് അത്തരം ഒരു അന്വേഷണ രീതി തന്നെ ഉണ്ടെന്ന് മനസിലായത്. ‘സ്ട്രിപ്പ് മേത്തേഡ്’ എന്നാണ് അതിനു പറയുക. പല കുട്ടികൾക്കും ഈ നിരീക്ഷണ ബുദ്ധി ഉണ്ട്. അതിനെ പരിപോഷിപ്പിച്ചാൽ നല്ല കുറ്റാന്വേഷകൻ ആകാം. ശാസ്ത്രീയമായ അന്വേഷണ രീതികളെക്കുറിച്ചുള്ള പുസ്തകങ്ങൾ കിട്ടും. അവ വായിക്കണം. നമുക്ക് എന്തൊക്കെ കഴിവ് ഉണ്ട്, ഇല്ല എന്ന് തിരിച്ചറിയാൻ ഇത് സഹായിക്കും. ഇല്ലാത്ത കഴിവുകൾ വളർത്തിയെടുക്കണം.

പരിശീലനം എത്രത്തോളം സഹായിക്കും ?

കുറ്റാന്വേഷണ മാർഗങ്ങളെക്കുറിച്ചു ക്ലാസ്സുകൾ ലഭിക്കും. അ തിൽ ഏത്, എങ്ങനെ ഉപയോഗപ്പെടുത്തണം എന്നതും അവ പ്രയോഗിക്കാനുള്ള കഴിവ് വളർത്തിയെടുക്കുന്നതും നമ്മുടെ താൽപര്യം ആണ്. കയ്യക്ഷരം കൊണ്ട് സ്വഭാവം മനസ്സിലാക്കാൻ കഴിയുന്നതിനെക്കുറിച്ച് ഒരു മണിക്കൂർ മാത്രം നീണ്ട ഒരു ക്ലാസില്‍ ഞാന്‍ പങ്കെടുത്തു. അന്നു മുതൽ ഞാന്‍ സുഹൃത്തുക്കളുടെ കയ്യക്ഷരം നിരീക്ഷിച്ചു തുടങ്ങി. അവരുടെ സ്വഭാവം നമുക്ക് അറിയാം. കയ്യക്ഷരവുമായി അതു ശരിയാകുന്നുണ്ട് എന്നു മനസ്സിലായി. ആ പഠനം ഞാൻ തുടർന്നു. ശാസ്ത്രീയമായ മാർഗം ഒന്നും അല്ല അത്. എങ്കിലും കേസന്വേഷണ  ത്തിൽ സഹായകം ആയിട്ടുണ്ട്.

ഫുട്ബോളിൽ ചില ഗോളുകൾ അടിക്കുന്നതു കണ്ടാൽ നമ്മൾ അന്തംവിട്ടുപോകും. ‘അങ്ങിനെ ഒരടി അടിക്കാൻ കഴിയുമോ’ എന്ന് പോലും തോന്നിപ്പോകും. ഫോർവേഡ് ആകും േഗാള്‍ അടിച്ചത്. പക്ഷേ, അതു ടീം വര്‍ക്കിന്‍റെ ബലമാണ്. കേസന്വേഷണത്തിലും ടീമിന്റെ പാസുകൾ പ്രധാനം ആണ്. അതുപോലെ ലീഡ് ചെയ്യുന്ന വ്യക്തിയുടെ ധൈര്യം, ടെക്നിക്കുകൾ ഒക്കെ പ്രധാനം ആണ്. ഇല്ലെങ്കിൽ നല്ല ടീം ആണെങ്കിൽ പോലും റിസൽറ്റ് ഉണ്ടാകില്ല.

കൂടത്തായി കേസിന്റെ തുടക്കത്തിൽ ലോക ചരിത്രത്തിലെ ഏറ്റവും വലിയ സീരിയൽ കില്ലറായ ഡോക്ടർ ഹാരോൾഡ്‌ ഷിപ്മാനെ കുറിച്ചു പറഞ്ഞിരുന്നു ?

അതു ഞാൻ വായിച്ചറിഞ്ഞതാണ്. ആ സമയത്ത് ഷിപ്മാനെക്കുറിച്ച് ഓർമിപ്പിച്ചത് മൂത്ത മകനാണ്. കഠിനാധ്വാനിയും രോഗികളോട് അലിവുമുള്ള ഡോക്ടറായി പേരെടുത്ത ഷിപ്മാൻ കൊല നടത്തും എന്ന് ഊഹിക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല. അവസാനം കൊലപ്പെടുത്തിയ കാത്‌ലീൻ ഗ്രണ്ടി എന്ന വൃദ്ധയുടെ പേരിൽ കള്ള വിൽപത്രം ഉണ്ടാക്കി സ്വത്തു തട്ടിയെടുക്കാൻ നോക്കിയപ്പോൾ കുടുങ്ങി. വായിച്ചു മനസ്സിലാക്കാമെങ്കിലും കുറ്റാന്വേഷണത്തിൽ ഇത്തരം കാര്യങ്ങൾ ബന്ധപ്പെടുത്താനാകില്ല. അത് മുൻവിധിയായിപോകും. സമയം വന്നപ്പോൾ ഓർത്തു പറഞ്ഞു എന്നേയുള്ളൂ.

ജോളിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ല എന്ന് പറഞ്ഞിരുന്നു. സാഹചര്യമാണോ ക്രിമിനലിസത്തിന് കാരണം ?

സൈക്കോ ക്രിമിനലുകൾ വേറൊരു വിഭാഗം ആണ്. സാഹചര്യം കൊണ്ട് ഒരാൾ ക്രിമിനൽ ആകില്ല. കഠിനമായ ഹൃദയം ആണ് ക്രിമിനലിസത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. സ്വാർഥ ലാഭത്തിനു വേണ്ടിയാണ് ആളുകൾ ക്രൈം ചെയ്യുന്നത്. ഉദ്ദേശിക്കുന്ന കാര്യം സാധിക്കുക എന്ന ലക്ഷ്യത്തോടാണ് അവർക്ക് കൂറ്.

സമൂഹത്തിൽ സ്ഥാനം, പണം, സുഖം, അങ്ങനെ പലതാകും ലക്ഷ്യങ്ങൾ. മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നതു തന്നെ ചിലർക്ക് ആനന്ദമാണ്. കാര്യം സാധിക്കാൻ അവർ ചെയ്യുന്ന ക്രൂരത, ക്രൂരതയായി അവർക്ക് തോന്നില്ല. അലിവുള്ള ഹൃദയം ഉള്ളവർക്കാണ് ഇതെല്ലാം ക്രൂരതയായി തോന്നുന്നത്.

ജോളിക്ക് മാറാനുള്ള വസ്ത്രം വാങ്ങി നൽകി എന്നു പത്രവാര്‍ത്തകളില്‍ വായിച്ചു?

അതേ. കൊലപാതകി ആണെങ്കിലും മനുഷ്യസ്ത്രീ ആണ് അവര്‍. ഒരേ വസ്ത്രം ധരിച്ച് എത്ര ദിവസം കഴിയും? ‘സാറിനു വേറെ പണിയില്ലേ ?’ എന്നു ചോദിച്ചു കുറേ മെസ്സേജുകൾ വന്നു. സ്റ്റേഷനിൽ നേരിട്ടെത്തി എതിർപ്പ് പറഞ്ഞു ചിലർ. സ്ത്രീകൾ ആയിരുന്നു കൂടുതൽ.

ജോളി ചെയ്ത തെറ്റിന്റെ ശിക്ഷ കോടതി വിധിക്കും. അന്വേഷണത്തിൽ ഒരു ഇളവും അവർക്ക് വേണ്ടി ചെയ്തില്ല. വസ്ത്രം വാങ്ങി നൽകിയത് പൊലീസിന്റെ ഭാഗത്തു നിന്നുള്ള മാന്യമായ പെരുമാറ്റം ആയി കണ്ടാൽ മതി. ഭക്ഷണം നൽകിയതും പൊലീസ് ആണല്ലോ.

കൂടത്തായി കഴിഞ്ഞപ്പോള്‍ എല്ലാവരും അറിഞ്ഞു

ഭാര്യ അനില അഡീഷനൽ ഡയറക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്‌ഷൻ ആയിരുന്നു. ഇപ്പോൾ റിട്ടയർ ചെയ്തു. മൂത്തമകൻ അവിനാശ് സൈമൺ കാലടി സർവകലാശാലയിൽ ഹിസ്റ്ററി റിസർച്ച് സ്കോളർ ആണ്. ഇളയ മകൻ സൂരജ് സൈമൺ മദ്രാസ് ഐഐടിയിൽ നിന്ന് ഇംഗ്ലിഷിൽ ഇന്റഗ്രേറ്റഡ് എംഎ കഴിഞ്ഞു റിസർച്ച് ചെയ്യാൻ ഒരുങ്ങുന്നു.

അവസാന ഔദ്യോഗിക വർഷങ്ങളിൽ അനില തിരുവനന്തപുരത്തായിരുന്നെങ്കിലും ബാക്കി സമയങ്ങളിലെല്ലാം ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു. കേസ് സംബന്ധമായി ആ രെയും താമസിക്കുന്ന സ്ഥലത്തേക്ക് ഞാൻ വരുത്താറില്ല. ഓഫിസിലേ കാണൂ. കുട്ടികൾ ചെറുതായിരുന്നപ്പോൾ അച്ഛൻ എന്ത് ജോലി ചെയ്യുന്നു എന്നൊന്നും അവർ ആ രോടും പറയുമായിരുന്നില്ല. ‘കൂടത്തായി’ കഴിഞ്ഞപ്പോൾ  മാത്രമാണ്, സഹപാഠികള്‍ പോലും അവർ എന്റെ മക്കളാണെന്ന് അറിഞ്ഞത്.

എന്നെക്കുറിച്ചും കൂടുതല്‍ ആളുകൾ അറിഞ്ഞതും അ പ്പോൾ മാത്രം. പബ്ലിസിറ്റി അല്ല റിസൽറ്റ് ആണ് ആവശ്യം. സമൂഹത്തിൽ മനുഷ്യർക്ക് നീതി കൊടുക്കുകയാണ് ഡ്യൂട്ടി. ഭാര്യയും മക്കളും അനാവശ്യമായി എന്റെ ജോലിയിൽ ഇടപെടില്ല. ഈ ജോലിയുടെ സ്വഭാവം ശരിക്കും മനസ്സിലാക്കാൻ അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്. മൂത്ത മകൻ വായിക്കുന്ന അറിവുകൾ എന്നോട് പങ്കുവയ്ക്കാറുമുണ്ട്.

ഏറ്റവും ക്രൂരമായത്

കൂടത്തായി കേസ് ആണ് ഞാന്‍ അന്വേഷിച്ചതില്‍ ഏറ്റവും ക്രൂരമായ കൊലപാതകം. പക്ഷേ, ഏറെ വൈകാരികമായി വിഷമിപ്പിച്ച ക്രൂരമായ കൊലപാതകം ഞാൻ കട്ടപ്പന ഡിവൈഎസ്‌പി ആയിരുന്ന കാലത്ത് വണ്ടിപ്പെരിയാറിൽ നടന്നതാണ്.

വീട്ടിൽ അച്ഛനും സഹോദരനും ഇല്ലാത്ത രാത്രി അതിക്രമിച്ചു കടന്ന പ്രതികളുടെ പദ്ധതി സുഖമില്ലാതെ കിടന്ന അമ്മയെയും ഇരുപത്തിരണ്ടുകാരിയായ മകളെയും അടിച്ചു കൊലപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്യലായായിരുന്നു. അടിച്ചെങ്കിലും പെൺകുട്ടി മരിച്ചിരുന്നില്ല. ആദ്യ ബ ലാത്സംഗം കഴിഞ്ഞ് ഉണർന്ന അവൾ പ്രതിയോട് പറഞ്ഞു, ‘മരിച്ചാലും എന്റെ ശരീരത്തിൽ തൊടാൻ നിന്നെ ഞാൻ അനുവദിക്കില്ലെടാ...’ എന്ന്.

അടിയുടെ ആഘാതത്തിൽ അവിെട നടന്നതൊക്കെ അവൾ മറന്നു പോയിരുന്നു. ഇതു കേട്ടപ്പോൾ അയാൾ ഇരുമ്പ് ആയുധം കൊണ്ട് വീണ്ടും അടിച്ചു മരണം ഉറപ്പാക്കിയ ശേഷം ഒന്നുകൂടി ബലാത്സംഗം ചെയ്തു. പിറ്റേന്ന് വെളുപ്പിന് അവളുടെ ഏഴു മാസം പ്രായമുള്ള കുഞ്ഞ് ദേഹത്താകെ ചോര പുരണ്ട നിലയിൽ തുറന്നു കിടന്ന വാതിലിലൂടെ മുറ്റത്ത് എത്തിയതു കണ്ട ആളാണ് െപാലീസിൽ റിപ്പോർട്ട് ചെയ്തത്. പത്തു പേരടങ്ങുന്ന ടീം രൂപീകരിച്ചു പിറ്റേന്നു തന്നെ പൊലീസ് പ്രതിയെ പിടിച്ചു. ചോദ്യം ചെയ്യുന്നതിനിടയ്ക്ക് പ്രതി തന്നെയാണ് പെൺകുട്ടിയുടെ അവസാന വാക്കുകൾ എന്നോട് പറഞ്ഞത്.

Tags:
  • Spotlight