Thursday 17 November 2022 03:15 PM IST

കളിപ്പാട്ടങ്ങളുടെ ഗ്രാമത്തിലേക്ക് കുട്ടിയുടെ മനസ്സോടെ...; ചന്നപട്ടണത്തെ കഥ പറയും കളിപ്പാട്ടങ്ങൾ...

Vijeesh Gopinath

Senior Sub Editor

channapatna-wooden-toys-cover ചിത്രങ്ങൾ: ശ്രീകാന്ത് കളരിക്കൽ

പ്രിയപ്പെട്ട ടീച്ചർ...

സുഖം തന്നെയല്ലേ? കുറേ നാളായി ടീച്ചര്‍ക്ക് കത്തെഴുതണമെന്ന് കരുതുന്നു. ഈ വാട്സാപ് കാലത്ത്, കണ്ണടച്ചു തുറക്കും മുൻപ് മെസേജുകൾ പറക്കുന്ന പുതിയ കാലത്ത് കത്തെഴുതുന്നത് എന്തൊരു പഴഞ്ചൻ പരിപാടിയാണെന്ന് വിചാരിച്ചതു കൊണ്ടൊന്നുമല്ല വൈകിയത്. അന്നും ഇന്നും മടിയനാണല്ലോ. ഇപ്പോള്‍ ഈ കത്തെഴുതുന്നതിനു പിന്നിൽ ഒരു തമാശ കൂടിയുണ്ട്. അന്ന് ടീച്ചര്‍ മൂന്നാം ക്ലാസുകാർക്ക് കൊടുത്ത ‘അസൈൻമെന്റ് ഒാർമയുണ്ടോ? ഒാണം വെക്കേഷൻ കഴിഞ്ഞു വരുമ്പോൾ ഞങ്ങളോട് ഒരു കുറിപ്പെഴുതാന്‍ പറഞ്ഞു. വിഷയം– ‘വയര്‍ നിറയെ ഒാണസദ്യ കഴിച്ച് ഉറങ്ങുമ്പോൾ കണ്ട സ്വപ്നം.’

സത്യമായും ഞാനന്നു സ്വപ്നം കണ്ടിരുന്നു. സ്വപ്നത്തിൽ ഞാനെത്തിയത് കളിപ്പാട്ടങ്ങളുടെ നടുവിലാണ്. മാവേലിയും ബസ്സും കാറും മീശക്കാരന്‍ പൊലീസും പമ്പരവും. എനിക്ക് ചുറ്റും അവരൊക്കെ നിരന്നിരിക്കുന്നു. ഒരു ബസ്സിനെയാണ് ആദ്യം തൊടാൻ നോക്കിയത്. പെട്ടെന്നത് ഹെഡ് ലൈറ്റ് മിഴിച്ച് പേടിപ്പിച്ചു കളഞ്ഞു. എന്റെ പേടി കണ്ടു ചിരിച്ചു ചിരിച്ച് ഒരു പമ്പരം കറങ്ങി ചെന്ന് മാവേലിത്തമ്പുരാന്റെ കുമ്പയ്ക്കിട്ട് ഒരു കൊട്ട്...

channapatna-wooden-toys-women

ഞാനിപ്പോൾ അന്നു സ്വപ്നത്തിൽ കണ്ട നാട്ടിലാണ്. പതിനായിരക്കണക്കിന് കളിപ്പാട്ടങ്ങൾക്ക് നടുവിൽ. ബെംഗളൂരുവിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ചന്നപട്ടണ എന്ന കുഞ്ഞുനഗരം. ഈ തെരുവിലെ കടകളിലും വീടുകളോടു ചേർന്നുള്ള ഫാക്ടറികളിലും നിരത്തി വച്ചിരിക്കുന്ന കളിപ്പാട്ടങ്ങളും പാവകളും കണ്ടപ്പോൾ മൂന്നാം ക്ലാസുകാരന്റെ പഴയ സ്വപ്നമാണ് മനസ്സിലേക്ക് ആദ്യമെത്തിയത്. ഒപ്പം അന്നെഴുതിയത് വായിച്ച് ചേർത്തു നിർത്തിയ ടീച്ചറിനെയും. അതുകൊണ്ടാകാം ഈ നാടിനെ കുറിച്ച് ടീച്ചറോട് പറയണമെന്നു തോന്നിയത്.

കുഞ്ഞു സ്വപ്നങ്ങളിലേക്ക്...

ടീച്ചർ‌, മനസ്സിൽ പഴയൊരു കുട്ടി ഉണർന്നിരിക്കുന്നതു കൊണ്ടാകാം ചന്നപട്ടണ ബസ് സ്റ്റാന്‍ഡ് കഴിഞ്ഞ് റോഡിന് ഇരുവശവും ‘ടോയ്സ് എംപോറിയം’ എന്ന ബോർഡുകൾ കണ്ടപ്പോൾ ചാടിയിറങ്ങിയത്. കടകളുടെ മുന്നിൽ മരക്കുതിരകളും ആനകളും നാലു ചക്രത്തിൽ പിടിച്ച് തള്ളിക്കൊണ്ടു നടക്കാവുന്ന മരവണ്ടികളും നിരന്നിരിക്കുന്നുണ്ട്. ഇന്നത്തെ കുട്ടികളുടെ ‘സ്വപ്ന സീരീസിൽ’ തോർ ഉം ബാറ്റ്മാനും ഒക്കെയാവും കൂടുതൽ വ്യൂസ്. താനോസിന്റെ ഇടികൊണ്ട് തോർ പറന്നു പോവുന്നതും പിന്നെ, ഗെയിമുകളിലെ വെടിവയ്പും ബോംബേറും. അവരുടെ ഏറ്റവും പ്രിയപ്പെട്ട കളിപ്പാട്ടം മൊബൈൽ ആണല്ലോ. പിന്നെ, ഈ കാലത്ത് ഈ പാവം പാവകളും മരക്കളിപ്പാട്ടങ്ങളും വാങ്ങാൻ ആരെങ്കിലും എത്തുമോ എന്ന ചോദ്യമാണ് മനസ്സിലേക്ക് ആദ്യം വന്നത്. അകത്തേക്ക് കയറിയതും ഉത്തരം കിട്ടി. കളിപ്പാട്ടങ്ങൾ‌ക്ക് നടുവിൽ നിൽക്കുമ്പോൾ‌ മുതിർന്നവരും കുട്ടികളും എത്ര പെട്ടെന്നാണ് ‘ശരിക്കുമുള്ള കുട്ടികളായി’ മാറുന്നത്.

channapatna-wooden-toys

മീനാക്ഷി ഹാൻ‌ഡിക്രാഫ്റ്റ് എംപോറിയത്തിനുള്ളിൽ കടന്നപ്പോഴേ കൗതുകപ്പമ്പരം കറങ്ങിതുടങ്ങി. പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയ ഒരു കുഞ്ഞു കിലുക്കാം പെട്ടി പോലും ഇല്ല. എല്ലാം മരത്തിൽ നിർമിച്ചത്. കാറിനും ബസിനും മാത്രമല്ല, ആമയ്ക്കും മുയലിനും ഒക്കെ മരച്ചക്രം വച്ചിട്ടുണ്ട്. അറ്റത്തുള്ള കൊളുത്തിൽ നൂലു കെട്ടി വലിച്ചു കൊണ്ടു നടക്കാം. തൊട്ടടുത്ത് ‘റ’ യുടെ രണ്ടറ്റത്തും രണ്ടു മരവീലുകൾ പിടിപ്പിച്ച ഒരെണ്ണം. ഉരുട്ടിക്കൊണ്ടു നടക്കാം. അതിനപ്പുറം ഒരു കോമാളി കളിപ്പാട്ടം. അവന്റെ ദേഹത്തു പിടിപ്പിച്ച നൂലു പിടിച്ചു വലിച്ചാൽ കാലു പൊക്കി കൈ കൊണ്ടൊരു സല്യൂട്ട് തരും. പാവകളിൽ കൊമ്പൻമീശക്കാരുണ്ട്, പൊട്ടുകുത്തി പല നിറത്തിലുള്ള സാരിയുടുത്ത വനിതകളുമുണ്ട്. പിന്നെ, പൊലീസുണ്ട്. പട്ടാളമുണ്ട്... എല്ലാവർക്കും വിരൽപ്പൊക്കമേയുള്ളൂ. അലമാരയ്ക്കിടയിൽ വച്ചാണ് കണക്കു പഠിപ്പിച്ചിരുന്ന ചന്ദ്രൻമാഷിനെ പോലെ ഒരാളെ കണ്ടത്. മാഷിനെ പോലെ തന്നെ ഷർട്ടൊക്കെ ഇൻ ചെയ്തിട്ടുണ്ട്. മുഖത്തു നിറച്ചും പൗഡർ... അലമാരയിൽ നിരത്തിവച്ചിരിക്കുന്ന പാവകളെ നോക്കി അദ്ദേഹം പുഞ്ചിരിക്കുന്നു. തൊട്ടു തലോടുന്നു. പ്രായം അറുപതിനു മുകളിലുണ്ടെങ്കിലും മനസ്സ് രണ്ടാം ക്ലാസിലാണ്. മനസ്സിെല ആ ‘കുട്ടി’ പറഞ്ഞത് ഇങ്ങനെയാണ്– ‘‘ദസറ സമയത്താണ് ഇതുവഴി പോവുന്നതെങ്കിൽ ഉറപ്പായും കയറും. കുറേ പാവകൾ വാങ്ങും. ദസറയ്ക്ക് വീടുകളിൽ പാവകൾ വച്ച് അലങ്കരിക്കാറുണ്ടല്ലോ. 35 വർഷം മുൻപാണ് ഞാനാദ്യാമായി ഇവിടെ വരുന്നത്. ആദ്യം വാങ്ങിയ പാവകളുടെ കൂട്ടത്തിൽ രാജാവും റാണിയും ഉണ്ടായിരുന്നു. ഇന്നും നിറം മങ്ങിയിട്ടില്ല. അതാണ് ചന്നപട്ടണ പാവകളുടെ പ്രത്യേകത.’’

പറഞ്ഞത് സത്യമാണ് ടീച്ചർ, ഈ കട തുടങ്ങിയിട്ട് 60 വർഷമായെന്ന് ഉടമ ശേഖർ പറഞ്ഞു. ശേഖറിന്റെ അപ്പൂപ്പനാണ് കട തുടങ്ങിയത്. പാവകൾക്ക് നിറം മങ്ങില്ലെന്ന് ശേഖറും പറഞ്ഞു. അല്ലെങ്കിലും കുട്ടിക്കാലത്തെ ഒാർമകൾക്ക് എങ്ങനെയാണ് നിറം മങ്ങുക. പിന്നെ, പോയത് നിസാമി ചൗക്കിലുള്ള ഭാരത് ആർ‌ട് ആന്‍ഡ് ക്രാഫ്റ്റിലേക്കാണ്. അവിടെ ചെന്നാൽ മരത്തിൽ നിന്നു പാവകൾ പിറക്കുന്നത് കാണാമെന്നാണ് കേട്ടത്.

കരവിരുതിന്റെ കൊട്ടാരങ്ങൾ

ടീച്ചർ ചെവിക്കു പിടിക്കരുത്. ക്ലാസിലിരുത്തി ഹരിക്കലും ഗുണിക്കലും ഒക്കെ പഠിപ്പിക്കുന്നതിനൊപ്പം ഇതു പോലുള്ള സ്ഥലങ്ങളും ഞങ്ങളെ കൊണ്ടു വന്ന് കാണിക്കാമായിരുന്നു. എന്തൊരു കലാകാരന്മാരാണ് ഇവർ. കണ്ണും കയ്യും യന്ത്രവും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. കണ്ണൊന്നു പാളിയാൽ കയ്യൊന്നു തെറ്റിയാൽ പാവ പിണങ്ങി പോവും. ഒരു കുഞ്ഞിനെയെന്ന പോലെയാണ് അവർ പാവകളെ കാണുന്നത്. പണ്ടു തേക്കും ചന്ദനവും ഒക്കെ ഉപയോഗിച്ചെങ്കിലും ഇപ്പോൾ തൊണ്ണൂറു ശതമാനം പാവകളും നിർമിക്കുന്നത് െഎവറി വൂഡിലാണ്.

channapatna-wooden-toys-factory

ഭാരത് ആർട് ആൻഡ് ക്രാഫ്റ്റിന്റെ കളിപ്പാട്ട നിർമാണ ഫാക്ടറിയിൽ വച്ചാണ് ശ്രീനിവാസൻ എന്ന കലാകാരനെ കണ്ടത്. നല്ലൊരു അധ്യാപകനാണ് അദ്ദേഹം. എത്ര സുന്ദരമായാണെന്നോ കളിപ്പാട്ടത്തെക്കുറിച്ച് ക്ലാസ് എടുക്കുന്നത്. ഒരു ഇല കാണിച്ചാണ് അദ്ദേഹം പറഞ്ഞു തുടങ്ങിയത്.

‘‘ഇത് അദ്ഭുത ഇലയാണ്. ഗിഫ്റ്റ് ഒാഫ് ഗോഡ്. ദൈവമാണ് ഇത് ഞങ്ങൾക്കു തന്നത്. പ്രകൃതി ദത്തമായ നിറം പൂശിയ ശേഷം മിനുസപ്പെടുത്താനായാണ് ഈ ഒാല ഉപയോഗിക്കുന്നത്. ഈ നിറവും മിനുസവുമാണ് ചന്നപട്ടണ പാവകളെ വേറിട്ടു നിർത്തുന്നത്.’’ ആ ഇലയെടുത്തു നോക്കി. പായ നെയ്യാനുള്ള തഴ പോലെയുണ്ട്. അദ്ദേഹം ഞങ്ങളെ നേരെ കളിപ്പാട്ടമുണ്ടാക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. വർക്ക്ഷോപ്പിന്റെ ഒരു വശത്ത് പല വലുപ്പത്തിലുള്ള ചതുരക്കട്ടകൾ കൂട്ടിയിട്ടിരിക്കുന്നു. ഇതിൽ നിന്നാണ് പാവകൾ ഉണ്ടാവുന്നത്. അത് ഒരു അദ്ഭുതം തന്നെയാണ്. ഒന്നോ രണ്ടോ മിനിറ്റ് കൊണ്ട് കളിപ്പാട്ടങ്ങളുണ്ടാകുന്നു. കരവിരുത് എന്നൊക്കെ അഞ്ചക്ഷരത്തിൽ പറയാൻ എളുപ്പമാണ്. പക്ഷേ, ആ കഴിവ്; കയ്യടിച്ചേ പറ്റൂ.

channapatna-wooden-toys-painting

ബെൽറ്റിലാണ് മെഷീൻ കറങ്ങുന്നത്. അതിലേക്ക് പാവ ചെത്തിയെടുക്കാനുള്ള മരക്കുറ്റി അടിച്ചു കയറ്റുന്നു. മെഷീൻ ഒാൺ ചെയ്യുമ്പോൾ അതിവേഗത്തിൽ കുറ്റി കറങ്ങി തുടങ്ങും. കറങ്ങുന്ന കുറ്റിയിലേക്ക് പല വീതിയിലുള്ള ഉളി വച്ച് പാവയുടെ രൂപത്തിലേക്ക് എത്തിക്കും. തലയ്ക്കും ഉടലിനും എല്ലാം പല വലുപ്പത്തിലുള്ള ഉളികൾ. ഞങ്ങള്‍ സംസാരിച്ചു നിൽക്കുമ്പോൾ ശ്രീനിവാസൻ ഡെമോൺസ്ട്രേഷൻ തുടങ്ങി. കാണികളായി കുറച്ചു പേരുണ്ട്. കൂട്ടത്തിൽ ഒരു കുറുമ്പി കുഞ്ഞും. ഉണ്ടായി വരുന്നത് എന്താണെന്നറിയാൻ എല്ലാവരുടെ കണ്ണിലും കൗതുകം. രാജാവിനെയാണുണ്ടാക്കുന്നതെന്ന് ചിലർ, ഇരുന്നാടുന്ന പെൻഗ്വിൻ പാവയാണെന്ന് മറ്റു ചിലർ. പക്ഷേ, 30 സെക്കൻഡ് കൊണ്ട് ഒരു പമ്പരമാണ് ഉണ്ടായത്. കണ്ടു നിന്ന എല്ലാവരും കയ്യടിച്ചു. ശ്രീനി ആ കു‍റുമ്പിക്കുഞ്ഞിന്റെ കയ്യിലേക്ക് പമ്പരം കൊടുത്തു. എന്തൊരു സന്തോഷമായിരുന്നു അവളുടെ കണ്ണിൽ.

വീടുകളിലെ ഫാക്ടറികൾ

channapatna-wooden-toys-story2-cover

പണ്ട് ഗ്രാമങ്ങളിലെ ഒരുപാടു വീടുകളിൽ നിന്ന് പാവകൾ റോഡരികിലേക്ക് വന്നിരുന്നു. പക്ഷേ, ഇപ്പോൾ അത് കുറഞ്ഞെന്നാണ് ശ്രീ ടോയ്സ് ഫാക്ടറി ഉടമ ഈശ്വർ രാജ് പറഞ്ഞത്. ഇന്ന് കടകളുടെ എണ്ണം ഇരുപത്തഞ്ചോളമായി ചുരുങ്ങി. ജനിച്ചു വീണതേ കളിപ്പാട്ടങ്ങൾക്കിടയിലാണെന്നു പറഞ്ഞപ്പോൾ ഈശ്വറിനോട് ചെറിയ അസൂയ തോന്നി. എന്തൊക്കെ തരം കളിപ്പാട്ടങ്ങള്‍ കൊണ്ട് കളിക്കാൻ പറ്റിയിട്ടുണ്ടാവും അല്ലേ? ചെറിയ വീടിനുള്ളിൽ നിറച്ച് കളിപ്പാട്ടങ്ങളാണ്. മിക്കതും ചില്ലിട്ട അലമാരകൾക്കുള്ളിൽ. കയറി ചെല്ലുമ്പോൾ ദസറയ്ക്ക് അലങ്കരിക്കാനുള്ള പാവകളുടെ ഒരുക്കത്തിലാണ് കുറേ സ്ത്രീകൾ. പട്ടാളക്കാർക്കും വാദ്യമേളക്കാർക്കും നടുവിൽ ആന. അതിനു മുകളിലെ പല്ലക്കിൽ രാജാവ്. തൊട്ടപ്പുറത്ത് മൈസൂർ പാലസിന്റെ കുഞ്ഞുരൂപം കണ്ടപ്പോൾ ഒാർമയ്ക്കിട്ട് ഒരു നുള്ളുകൊണ്ടു. പണ്ട് സ്കൂളിൽ നിന്ന് മൈസൂരിലേക്ക് ടൂർ പോയപ്പോൾ നിരതെറ്റി പോയതിന് ടീച്ചർ തന്ന നുള്ള് ഈ മിനിയേച്ചർ രൂപം കണ്ടപ്പോൾ പോലും ഒാർമവന്നു കേട്ടോ...

channapatna-wooden-toys-dasara

ഈശ്വറിന്റെ മൈസൂർക്കൊട്ടാരം കാണാൻ നല്ല ഭംഗിയാണ്. അകത്ത് ലൈറ്റുകളുമുണ്ട്. ഒരുപക്ഷേ ഒന്നോ രണ്ടോ തലമുറ കഴിഞ്ഞാൽ ഈ കടകളും കളിപ്പാട്ടങ്ങളും ഒാർമയിൽ നിന്നു മാഞ്ഞു പോകുമോ എന്നു പോലും ഈശ്വറിനെ പൊലെയുള്ളവർ‌ ഭയക്കുന്നുണ്ട്. വർക് ഷോപ്പില്‍ വച്ച് കൃഷ്ണനെന്ന ജോലിക്കാരനെ കണ്ടു. ഏതാണ്ട് എഴുപതു വയസ്സായിട്ടുണ്ടാവും. പൊടിയിൽ കുളിച്ചാണ് നിൽപ്പ്. പത്തു വയസ്സുള്ളപ്പോൾ പാവയുണ്ടാക്കാൻ തുടങ്ങിയതാണ്. പണ്ട് എല്ലാം ഉളിയിലായിരുന്നു. ഇപ്പോൾ മെഷീനും ഉളിയും കൂടിയായി. അരികിൽ മുഖം ഉണ്ടാക്കാനും കിരീടം ഉണ്ടാക്കാനുമൊക്കെയുള്ള പല തരത്തിലുള്ള ഉളിയുണ്ട്. മരത്തിനു മേൽ തൂവൽ കൊണ്ടു തലോടുന്ന പോലെയേ നമുക്കു തോന്നൂ.

‘‘ഇതു പോലുള്ള കലാകാരന്മാരുടെ എണ്ണം കുറഞ്ഞു വരികയാണ്. ഒരു ദിവസം കെട്ടിടനിർമാണത്തിനോ മറ്റു ജോലികൾക്കോ പോയാൽ ഏറ്റവും ചുരുങ്ങിയത് എഴുന്നൂറു രൂപ കിട്ടും. ഇവിടെ അത്ര കൊടുക്കാനാവില്ല. അതു കൊണ്ടു തന്നെ പുതിയ തലമുറയിൽ പലരും ഈ ജോലിയിലേക്കു വരുന്നില്ല. പുതിയ മൈസൂർ ബെംഗളൂരു റോഡ് മറ്റൊരു വഴിക്കാണ് പോവുന്നത്. അതോടെ ഈ വഴിയിലൂടെ പോവുന്നവരുടെ എണ്ണം കുറയും. പതുക്കെ ഞങ്ങൾ മറവിയിലേക്ക് പോവും...’’

channapatna-wooden-toys-2

ഇതൊക്കെയാണ് ടീച്ചർ, ചിരിക്കുന്ന കളിപ്പാട്ടങ്ങൾക്കിടയിലെ ആവലാതികൾ. വൈകീട്ട് കടപൂട്ടി ജോലിക്കാർ പോയാൽ ഈ കളിപ്പാട്ടങ്ങളൊക്കെ എന്തു ചെയ്യും ടീച്ചർ? ഇവർക്കൊക്കെ ജീവൻ വയ്ക്കുമായിരിക്കും അല്ലേ? തലയാട്ടി ഗൗരവത്തിലിരിക്കുന്ന തൊപ്പിക്കാരന്റെ മീശ ആ കോമാളി പിടിച്ചു വലിക്കുമോ? കൂട്ടത്തിൽ വിറ്റു പോവാതിരിക്കുന്ന പാവയപ്പൂപ്പൻ ഇന്നലെ വന്ന കുഞ്ഞുപാവയ്ക്ക് കഥകൾ പറഞ്ഞു കൊടുക്കുന്നുണ്ടാവാം. കുഞ്ഞുങ്ങളെ ചിരിപ്പിക്കാനുള്ള എളുപ്പവഴികളെ കുറിച്ച് അമ്മൂമ്മപ്പാവ പറഞ്ഞുകൊടുക്കുന്നുമുണ്ടാവും. ഒാർമകളുടെ കൈ പിടിച്ച് വീണ്ടും എഴുതാം ടീച്ചർ.

സ്നേഹത്തോടെ....

Tags:
  • Spotlight