Wednesday 30 June 2021 11:23 AM IST

ഭാര്യയ്ക്ക് കസവുസാരി ഡിസൈൻ ചെയ്തു കൊടുക്കുന്ന കുടുംബനാഥൻ: ആർക്കുമറിയാത്ത ബെഹ്റ: വനിത അഭിമുഖം

Vijeesh Gopinath

Senior Sub Editor

behra

വിശ്വസ്തതയും പ്രഫഷനൽ മികവുമായി കെ. കരുണാകരനും പിണറായി വിജയനും ഒരേപോലെ പ്രിയങ്കരനായിരുന്ന ലോക്നാഥ് ബെഹ്റ ഡിജിപി പദവിയിൽനിന്ന് ഇന്നു പടിയിറങ്ങുന്നു. സിബിഐയിലും എൻഐഎയിലുമുള്ള അനുഭവസമ്പത്തുമായി കേരളത്തിലേക്കെത്തിയ ആ ഐപിഎസുകാരൻ തന്റെ കർമ്മമേഖലയിൽ നിസ്തുലമായ സംഭാനമകൾ നൽകിയാണ് പടിയിറങ്ങുന്നത്. ക്രമസമാധാന രംഗത്ത് ശ്രദ്ധേയ സാന്നിദ്ധ്യമായി നിലകൊണ്ട ഈ ഒഡീഷക്കാരൻ പടിയിറങ്ങുമ്പോൾ വനിത മാഗസിൻ അദ്ദേഹത്തോടൊപ്പം ചിലവിട്ട നിമിഷങ്ങളെ ഓർമ്മകളെന്നോണം തിരികെ വിളിക്കുകയാണ്. 2018 ജൂലൈയില്‍ പ്രസിദ്ധീകരിച്ച ലോക്നാഥ് ബെഹ്റയുടെ അഭിമുഖം ചുവടെ വായിക്കാം....

സിംഹത്തിന്റെ മടയിലേക്കാണ് യാത്ര. തെളിവിന്റെ ഒരു തുള്ളിയിൽ നിന്ന് ഉറവ തേടിപ്പോകാനുള്ള കരുത്തിൽ തുടങ്ങി ചോദ്യങ്ങളുടെ വാരിക്കുഴികളിലേക്ക് പ്രതികളെ ഒാടിച്ചിട്ടു വീഴ്ത്താനുള്ള ചങ്കുറപ്പു വരെ, കേട്ട കഥകളേറെയുണ്ട്. കേട്ടറിവുകളേക്കാൾ വലുതാണ് അന്വേഷിച്ച കേസുകളുടെ തലപ്പൊക്കം. വിവാദങ്ങളുടെ വേലിയേറ്റങ്ങളിൽ രാജ്യം ഇളകിയാടിയ എത്രയോ കേസുകൾ. പുരൂലിയ ആയുധവർഷം, ഗ്രഹാം സ്റ്റെയ്ന്‍ കൊലപാതകക്കേസ്, ബാബറി മസ്ജിദ് േകസ്, മുംബൈ സ്ഫോടന പരമ്പര....

ചോദ്യങ്ങളുടെ മണിച്ചിത്രത്താഴിട്ടു പൂട്ടിയവർ ഇന്ത്യയിലെയും വിദേശത്തെയും പല ജയിലുകളിലും കിടക്കുന്നുണ്ട്. അമേരിക്കയിൽ വച്ച് ലഷ്കറെ തയിബ ഭീകരൻ ഡേവിഡ് ഹെഡ്‌ലിയോടു വരെ ഒന്നു മുട്ടിയിട്ടുണ്ട്, ചോദ്യം ചെയ്യാൻ. സിബിെഎ യി ലും നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയിലുമായി (എന്‍െഎഎ) പതിറ്റാണ്ടിലധികം പരിചയം. ഏറ്റവുമൊടുവില്‍ കേട്ടത് ലോക്നാഥ് െബഹ്റയുടെ നാലാമത്തെ ചോദ്യത്തിൽ പൊട്ടിക്കരഞ്ഞ നടനെക്കുറിച്ചുള്ള വാർത്ത...

പക്ഷേ, ആ ചിത്രത്തിലൊന്നുമില്ലാത്ത ലോക്നാഥ് ബെഹ്റയായിരുന്നു മുന്നിൽ. വീതി കൂടിയ കസവുമുണ്ടുടുത്ത് സിൽക്ക് ജുബ്ബയിട്ട് ‘യൂണിഫോമിടാത്ത ചിരി’യുടെ തിളക്കവുമായി അസ്സൽ ഗൃഹനാഥൻ. അഥവാ മധുമിതയുടെ പ്രിയ ബെഹ്റ. അപ്പോള്‍ ബെഹ്റയോർത്തത് കേരളത്തിലേക്കുള്ള ആദ്യ യാത്രയായിരുന്നു. െഎപിഎസ് ട്രെയിനിങ് കഴിഞ്ഞ് എഎസ്പി ആയി േജാലിയില്‍ പ്രവേശിക്കാനുള്ള വരവ്. വർഷം 1987. ഹിന്ദിയുടെ ഇടിയിൽ ‘പരിപ്പിളകിയ’ മലയാളത്തിൽ ലോക്നാഥ് ബെഹ്റ ആ വരവ് ഒാര്‍ത്തു...

‘‘ട്രെയിന്‍ പാലക്കാടെത്തിയപ്പോള്‍ എനിക്കൊരു ചായ കുടിക്കണമെന്നു േതാന്നി. ഹിന്ദിയിലും ആംഗ്യത്തിലുമായി കാര്യം പറഞ്ഞു. പിന്നെ, കാണുന്നത് ഒരു സര്‍ക്കസാണ്. ആകാശത്തിൽ നിന്നു ചില്ലുഗ്ലാസിലേക്ക് പറന്നു വരുന്ന ചായ. അങ്ങനെ രണ്ടു മൂന്നു തവണ ‘പറന്ന’ ചായ വീശിയടിച്ച് ഗ്ലാസിലൊഴിച്ച്, ഗ്ലാസൊന്നു തുടച്ച് കൈയിലേക്കു തന്നു. ഞാൻ ഞെട്ടിപ്പോയി. ചായ തണുത്തിരിക്കുന്നു. ഞങ്ങളുടെ നാട്ടില്‍ പൊള്ളുന്ന ചൂടിലാണു ചായ കുടിക്കുന്നത്.

പൊലീസ് ട്രെയിനിങ് സെന്ററിലെത്തി. പിറ്റേന്ന് ഊണിനൊപ്പം കുടിക്കാന്‍ ഒരു ഗ്ലാസിൽ ഇളം മഞ്ഞ നിറത്തിലുള്ള വെള്ളം. രസമാണെന്ന് വിചാരിച്ചു. നല്ല ചൂട്. ഊതിയൂതി കുടിച്ചു. ഒരു സ്വാദും വികാരവും ഇല്ലാത്ത െവള്ളം. ഋഷിരാജ് സിങും ജേക്കബ് തോമസും ഒപ്പമിരുന്നു ഭക്ഷണം കഴിക്കുന്നുണ്ട്. ജേക്കബിനോടു ചോദിച്ചപ്പോഴാണ് ആ വെള്ളത്തിന്‍റെ പേരു കിട്ടിയത്, ജീരക വെള്ളം. ഈശ്വരാ കുടിവെള്ളം കൊടുംചൂടിലും ചായ തണുപ്പിച്ചും കുടിക്കുന്ന നാട്ടിലാണല്ലോ ജോലി ചെയ്യേണ്ടത് എന്നോര്‍ത്തു ഞാനൊന്നു െഞട്ടി.’’ അപൂർവമായി മാത്രം എത്താറുള്ള ചിരി വീട്ടിലൊന്നു പൂത്തു, ബെഹ്റയുടെ ചിരി പകർന്ന് കേരള സാരിയിൽ മധുമിതയുമെത്തി. ടെക്നോപാർക്കിൽ ടിസിഎസിൽ ജോലി ചെയ്യുന്നു മധുമിത. ഏകമകൻ പ്ലസ്ടു വിദ്യാർഥിയായ അനിതേജ് നയൻ ഗോപാൽ അകത്ത് കരയൊപ്പിച്ച് കസവുമുണ്ടുടുക്കാനുള്ള ശ്രമത്തിലാണ്...

പതിനാറു വർഷത്തിലേറെയായി കേരളത്തിൽ. ഒാണം സ്വന്തം ആഘോഷം പോലെ ആയല്ലേ?

ഹോളി പോലെയാണ് ഒാണവും. എല്ലായിടത്തും നിറങ്ങളും സന്തോഷവും. ജാതിയും മതവുമൊന്നും ആരും ചിന്തിക്കില്ല. എല്ലാവരും ആഘോഷിക്കും. ഒാണ ദിവസം ഏതു വീട്ടിൽ പോയാലും നല്ല ഭക്ഷണം കിട്ടും. പുതിയ ഉടുപ്പൊക്കെ ഇട്ട് സദ്യ കഴിച്ച് ഒാണം ഞങ്ങളും ആഘോഷിക്കാറുണ്ട്. മലയാളി കളല്ലെങ്കിലും അന്നു മുണ്ടുടുക്കും. ജുബ്ബ ഇടും. മോൻ അങ്ങനെയാണ് മുണ്ടുടുക്കാൻ പഠിച്ചത്. ഇപ്പോൾ കക്ഷി അമ്പലത്തിൽ പോകുമ്പോൾ മുണ്ടുടുക്കാൻ തുടങ്ങി.

കേരളത്തിലെ ആദ്യ ഒാണനാളുകളില്‍ എനിക്കാകെ ടെൻ‌ഷനായിരുന്നു. ഒാണത്തിനോടടുപ്പിച്ചുള്ള മൂന്നു നാലു ദിവസം എല്ലാവരും ലീവെടുക്കും. അപ്പോൾ എന്തു ചെയ്യുമെന്നാലോ ചിച്ചപ്പോൾ ഒപ്പമുണ്ടായിരുന്ന ഡിവൈഎസ്പി പറഞ്ഞു. ‘അതോർത്ത് വിഷമിക്കേണ്ട. ആ മൂന്നു നാലു ദിവസങ്ങളിൽ എല്ലാവരും സന്തോഷത്തിലായിരിക്കും. വലിയ കുഴപ്പങ്ങളൊന്നുമുണ്ടാകില്ല.’ അങ്ങനെയാണ് ഒാണത്തിന്റെ സ്പിരിറ്റ് മനസ്സിലായത്. ‘ഒാണം’ എന്ന എഴുത്തിൽ തന്നെ ഒരു ഭംഗിയുണ്ട്. അക്ഷരങ്ങളെല്ലാം ഉരുണ്ട്....

ഒാണാഘോഷം മൂന്നു നാലു ദിവസം കൊണ്ടു മാത്രം അവസാനിപ്പിക്കരുത്. സമാധാനവും സന്തോഷവും എല്ലാ ദിവസവും വേണം. ഒാണത്തിന്റെ അതേ മനസ്സോടെ മലയാളികൾ എല്ലാ ദിവസവും ജീവിക്കണം. അങ്ങനെയാണെങ്കിൽ ഞങ്ങൾ പൊലീസുകാരുടെ ജോലി കുറയാനും സാധ്യതയുണ്ട്.

െഎപിഎസ് സ്വപ്നം മനസ്സിലേക്ക് കയറി വന്നത്?

പൊലീസും െഎപിഎസും ഒന്നും ഒരു സ്വപ്നമേ ആയിരുന്നില്ല, സാങ്കേതിക വിദഗ്ധനാകുക ആയിരുന്നു മോഹം. ഒഡിഷയിലെ പുരിയില്‍ ആണു വീട്. ജഗന്നാഥ ക്ഷേത്രവും ശങ്കരാചാര്യരുെട ആശ്രമവുമൊക്കെയാണ് പുരിയെ പ്രശസ്തമാക്കുന്നത്. ആ കുഞ്ഞു നഗരത്തിലെ സാധാരണക്കാരനായ കുട്ടിയായിരുന്നു ഞാൻ. ടെലഫോൺസിലായിരുന്നു അച്ഛന്‍റെ ജോലി. നാട്ടിലെ സ്കൂളില്‍ പഠിച്ച്, മതേതരമായ കാഴ്ചപ്പാടിലാണു വളർന്നത്. ഇതു പിന്നീടുള്ള ജീവിതത്തിലും ഏറെ സ്വാധീനിച്ചിട്ടുണ്ട്.

കൗമാരകാലത്ത്, ഭുവനേശ്വറിൽ നടന്ന ഫിലിം ഫെസ്റ്റിവലില്‍ ‘എലിപ്പത്തായം’ എന്ന സിനിമ കണ്ടു. ആദ്യമായി കാണുന്ന മലയാള സിനിമ. സംവിധായകന്‍റെ പേരും അന്നേ മനസ്സില്‍ പതിഞ്ഞു. പിന്നീടു േകരളത്തിലെത്തി, അടൂര്‍ ഗോപാല കൃഷ്ണനെ പരിചയപ്പെടാന്‍ അവസരം കിട്ടിയപ്പോള്‍ ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു, ‘കേരളം എന്താണെന്നറിയുന്നതിനേക്കാൾ മുന്നേ അങ്ങയുടെ പേരാണു ഞാൻ കേട്ടിട്ടുള്ളത്.’

പഠനം കഴിഞ്ഞ് ഒഎൻജിസിയിൽ ജോലി ചെയ്യുമ്പോഴാണ് സിവിൽ സർവീസ് ലഭിക്കുന്നത്. ‘പൊലീസ് ജോലി’യായതു കൊണ്ട് അച്ഛനും അമ്മയ്ക്കും പകുതി സമ്മതമേ ഉണ്ടായിരുന്നുള്ളൂ. എസ്പി റാങ്കാണ് അവർ അതു വരെ കേട്ടിരുന്ന ഏറ്റവും വലിയ പൊലീസ് റാങ്ക്. അതിനപ്പുറത്തേക്ക് പൊലീസ് ഉണ്ടെന്നവർക്ക് അറിയില്ലായിരുന്നു.

മലയാളിയുടെ സ്വഭാവത്തിലെ പൊസിറ്റീവ് കാര്യങ്ങൾ ?

കേരളത്തിലേക്ക് ആദ്യമായി വരുമ്പോൾ മലയാളികളെക്കുറിച്ചു കേട്ട കമന്റുകൾ അത്ര നല്ലതായിരുന്നില്ല. വാച്ചു നോക്കി ജോലി ചെയ്യുന്നവരാണ് അവർ എന്നായിരുന്നു ആദ്യ പരാതി. അഞ്ചു മണിയാകുമ്പോൾ എവിടെയെത്തുന്നോ അവിടെ വണ്ടിയുമിട്ടു െെഡ്രവര്‍ പോകുമത്രേ. അതൊക്കെ വെറുതെ പറഞ്ഞതാണെന്നു മനസ്സിലായി. നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി രൂപീകരിക്കാന്‍ എന്നെ ഏൽപ്പിച്ചപ്പോൾ ആറു മലയാളികളെയാണ് ഞാൻ ഒപ്പം കൂട്ടിയത്. മാസങ്ങളോളം ഉറക്കമില്ലാതെ കഷ്ടപ്പെട്ടാണ് അവർ എൻ‌െഎഎ രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയത്. ഇപ്പോഴും കേരളത്തിനു പുറത്ത് ഒരു ദൗത്യം ഏറ്റെടുക്കുമ്പോള്‍ ഞാന്‍ മലയാളി ഒാഫിസര്‍മാരെയാണ് ആദ്യം പരിഗണിക്കുക. കേരളത്തിനു പുറത്ത് കഠിനമായി ജോലി ചെയ്യുന്ന മലയാളി പക്ഷേ, േകരളത്തില്‍ അത്രയും ചെയ്യാറില്ല എന്നും തോന്നിയിട്ടുണ്ട്.

രണ്ടാമത്തെ പൊസിറ്റീവ് ഗുണം വൃത്തിയാണ്. മൂന്നു പ്രാവശ്യം കുളിക്കുന്നവരാണത്രേ മലയാളികൾ. മുൻ രാഷ്ട്രപതിയായിരുന്ന ശങ്കർദയാൽ ശർമയും ഒരിക്കല്‍ എന്നോടു മലയാളികളുടെ വൃത്തിയെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. പിന്നെ, ഇവിടുത്തെ ഭക്ഷണ രീതി. എത്ര പോഷകസമൃദ്ധമാണ് അത്. ഉദാഹരണത്തിനു കഞ്ഞിയും പയറും. കാര്‍ബോ െെഹഡ്രേറ്റും പ്രോട്ടിനും പാകത്തിന്.. എത്ര ബാലന്‍സ്ഡ് ആണത്. തോരൻ, അവിയൽ, കിച്ചടി, പുട്ട്, കടല. എന്തു നല്ല വിഭവങ്ങള്‍. ഇതൊക്കെ മറന്നിട്ടാണ് പുതു തലമുറ പൊറോട്ടയും ബീഫും ശീലമാക്കുന്നത്.

തലശ്ശേരിയിൽ നിന്നു വാങ്ങിയ ചുക്കപ്പം എന്ന പലഹാരവും പേഡകളും മുന്നിലെത്തി. ഭക്ഷണത്തെക്കുറിച്ച് ബെഹ്റ സംസാരിക്കുമെങ്കിലും ഡൈനിങ് ടേബിളിൽ നിർബന്ധങ്ങളൊന്നുമില്ലെന്ന് മധുമിതയുടെ സർട്ടിഫിക്കറ്റ്. നാലു ദിവസം വെജിറ്റേറിയനും ബാക്കി ദിവസങ്ങളിൽ നോൺവെജും. അതുമാത്രമാണ് ചിട്ട. ഫോൺവിളികളിലേക്ക് ബെഹ്റ ഒഴുകിയപ്പോൾ മധുമിത വിവാഹത്തെക്കുറിച്ചു പറഞ്ഞു തുടങ്ങി.

പൊലീസ് ജോലിയുടെ ടെൻഷൻ പകർന്നു കിട്ടാറുണ്ടോ?

വീട്ടിൽ ഒരു ടെൻഷനും കാണിക്കാത്ത ആളാണ് അദ്ദേഹം. എ ല്ലാത്തിനും സമയം കണ്ടെത്തും. ഒൗദ്യോഗിക കാര്യങ്ങൾക്കും വീട്ടുകാര്യങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കായി മാറ്റി വയ്ക്കാനും എല്ലാം ടൈംടേബിളിൽ സമയമുണ്ട്. പിന്നെ, ആ തിരക്കുകൾ ഞാനും മകനും കൃത്യമായി മനസ്സിലാക്കുന്നു. ഒരിക്കലും പരാതികള്‍ പറയാറുമില്ല. കേരളത്തിലെ പോലെ ജാതകം നോക്കി തന്നെയായിരുന്നു വിവാഹം. പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ എന്ന കാര്യത്തിലായിരുന്നില്ല, കേരളത്തിലേക്കു വരണമല്ലോ എന്നോർത്തായിരുന്നു പേടി. ഭാഷ തന്നെ പ്രശ്നം. മലയാളത്തിൽ 51 അക്ഷരങ്ങൾ ഉണ്ടെന്ന് കേട്ടപ്പോഴേ ഞെട്ടി. പക്ഷേ, എളുപ്പം പഠിച്ചു. ഒരുപാടു പേർ സഹായിച്ചു.

സ്റ്റേറ്റ് പൊലീസ് ചീഫ് എന്നതിനേക്കാൾ സിബിെഎ, എൻ‌െഎഎ കാലമാണ് എനിക്ക് ടെൻഷൻ തന്നത്. ഒരിക്കല്‍ ഏതോ കേസന്വേഷണത്തിനു പോയിട്ട് ഒരു വിവരവുമില്ല. പല ഫോണുകളില്‍ ബന്ധപ്പെട്ടെങ്കിലും ആളെ കിട്ടുന്നില്ല. സുഹൃത്തുക്കള്‍ക്കും അറിയില്ല. എനിക്കാകെ പരിഭ്രമമായി. ഒടുവില്‍ ഞാന്‍ അദ്ദേഹത്തിന്‍റെ ചീഫിനെ വിളിച്ചു. ‘േപടിക്കേണ്ട, രണ്ടു ദിവസത്തിനകം മടങ്ങി വരു’മെന്നു പറഞ്ഞ് എന്നെ സമാധാനിപ്പിച്ചു.

പലര്‍ക്കും അറിയാത്ത, ചില േഹാബികളും അദ്ദേഹത്തിനുണ്ട്. അതൊക്കെ ടെൻഷൻ റിലീസിങ് മാര്‍ഗങ്ങളാണ്. ഒായില്‍ െപയിന്‍റിങ് ചെയ്യും. ഇംഗ്ലിഷില്‍ കവിതകളെഴുതും. ഡിെെസനുകള്‍ ചെയ്യും. ഇതാ, ഈ കേരള സാരി തന്നെ അദ്ദേഹത്തിന്‍റെ ഡിെെസനാണ്.’’ ബോര്‍ഡറില്‍ മ്യൂറല്‍ െപയിന്‍റിങ്ങിെന്‍റ ചാരുതയുള്ള കസവുസാരിയില്‍ തൊട്ട് മധുമിത പറയുന്നു.

‘ടെൻഷനടിച്ചിട്ട് എന്തു കാര്യം’ എന്ന ചോദ്യത്തോടെ ബെഹ്റ തിരിച്ചു വന്നു. ‘‘ടെൻഷൻ ഒരിക്കലും ഒരു പ്രശ്നത്തിനുള്ള ഉത്തരമല്ല. അതു പലപ്പോഴും നിർണായകമായ തീരുമാനങ്ങൾ പോലും തെറ്റിച്ചു കളയും. ഒരു സമയത്ത് ഒറ്റ ചിന്തയാണ് നല്ലത്. പത്തു കാര്യങ്ങൾക്ക് ഒരുമിച്ചു തീരുമാനമെടുക്കാൻ ശ്രമിച്ചാൽ റിസൽറ്റ് ശരിയാകണമെന്നില്ല.

behra 2

ഇപ്പോഴും കവിതകള്‍ എഴുതാറുണ്ടോ?

ഒരു വർഷമായി ഒരു വലിയ കവിതയുടെ പണിപ്പുരയിലാണ്. ആയിരം വരികളോളം എഴുതി. ശ്രീകൃഷ്ണനെ കുറിച്ചാണ്. ദൈവമെന്നതിലുപരി ഒരുപാട് മൂല്യങ്ങളുള്ള വ്യക്തി എന്ന നിലയിലാണ് ഞാന്‍ കൃഷ്ണനെ അവതരിപ്പിക്കുന്നത്. ഇന്ന ത്തെ കാലഘട്ടത്തിലേക്ക് കൃഷ്ണനെ പറിച്ചു നടുന്നു. അശ്വിൻ സങ്‌കിയുടെ ‘ദ് കൃഷ്ണാ കീ’ എന്ന നോവൽ വായിച്ചപ്പോഴാണ് ഇങ്ങനെയൊരു ആശയം മനസ്സിൽ തോന്നിയത്. ‘നിങ്ങള്‍ക്ക് സ്വഭാവികമായി ചെയ്യാൻ തോന്നുന്നതെന്തോ, അത് ചെയ്യുക’ എന്നതാണ് എന്റെ രീതി. എനിക്ക് ചെയ്യാൻ തോന്നുന്നത് കവിതയെഴുത്താണ്. എഴുത്തിന്റെ ലോകത്തിലേക്ക് എന്നെ നയിച്ചത് എന്റെ ഗുരുവും പ്രശസ്ത കവിയുമായ ജയന്ത മഹാപത്രയാണ്.

വെല്ലുവിളികൾ ഇത്ര കൂളായി നേരിടുന്നതെങ്ങനെ ?

വെല്ലുവിളികളെ വലുതായി കാണുമ്പോഴല്ലേ പ്രശ്നമുള്ളൂ. അൽപം ചിന്തിച്ചാൽ എത്ര വലിയ പ്രശ്നങ്ങൾക്കും നിസാരമായി പരിഹാരം കണ്ടെത്താനാകും. ഒരു ഉദാഹരണം പറയാം. 1992– ൽ ബാബറി മസ്ജിദ് പ്രശ്നമുണ്ടായപ്പോൾ കേരളത്തിൽ വ ർഗീയ കലാപമുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് കിട്ടി. അതിനെ അതിജീവിക്കാന്‍ പ്രയോഗിച്ചത് വളരെ ചെറിയ ഒരു തന്ത്രമാണ്. കേബിൾ ഓപ്പറേറ്റർമാരെയെല്ലാം വിളിച്ച് ചാനലുകളിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഹിറ്റ് സിനിമകൾ ടെലികാസ്റ്റ് ചെയ്യാൻ പറഞ്ഞു. മമ്മൂട്ടിയും ലാലും കത്തി നില്‍ക്കുന്ന സമയമാണ്. ആളുകളെ ഒരു പരിധി വരെ വീട്ടിനുള്ളിൽ പിടിച്ചിരുത്താൻ അത് ധാരാളമായിരുന്നു.

ഇടക്കാലത്ത് കൊച്ചിയിലെ ക്രൈം റേറ്റ് കൂടിയതിന്റെ പ്രധാന കാരണം തൊഴിലില്ലായ്മ ആയിരുന്നു. ജോലി ഇല്ലാതെ വരുമ്പോഴാണ് പലരും ക്വട്ടേഷനിലേക്കും മറ്റും തിരിയുന്നത്. ഞങ്ങൾ ഗൾഫിലുള്ള മലയാളി വ്യവസായികളുമായി ഈ പ്രശ്നം സംസാരിച്ചു. അവരുെട കമ്പനികളില്‍ നിരവധി പേ ർക്ക് ജോലി ലഭിച്ചു. ഒരു വർഷത്തിനു ശേഷം നാട്ടിലെത്തിയപ്പോൾ അവരിലൊരാൾ സമ്മാനങ്ങളുമായി കാണാൻ വന്നു. ‘എനിക്ക് സമ്മാനങ്ങളൊന്നും വേണ്ട, കാണാൻ വന്നല്ലോ. അതാണ് യഥാർഥ സന്തോഷം’ എന്ന് ഞാൻ പറഞ്ഞു. പിന്നീട് അയാൾ ജോലി ചെയ്ത് സഹോദരിയുടെ വിവാഹവും നടത്തി. ഇതിൽപരം സംതൃപ്തി വേറെയുണ്ടോ?.

വീട്ടില്‍ ഒരുപാടു ഗണപതി രൂപങ്ങള്‍ ഉണ്ടല്ലോ. ഗണപതിയാണോ ഇഷ്ട െെദവം?

ഗണപതി രൂപങ്ങള്‍ ഒരു കൗതുകത്തിനു ശേഖരിച്ചു തുടങ്ങിയ താണ്. ഇപ്പോള്‍ ഒരുപാടായി. സുഹൃത്തുക്കള്‍ സമ്മാനമായി തരാറുമുണ്ട്. െെദവവിശ്വാസം ഉണ്ട്. അന്ധവിശ്വാസിയല്ല.ക്ഷേത്രങ്ങളിൽ മാത്രമല്ല, ബീമാപള്ളിയിലും മലയാറ്റൂർ പ ള്ളിയിലും ഒക്കെ പോയിട്ടുണ്ട്. എല്ലാ വർഷവും മാലയിട്ട്, വ്ര തമെടുത്ത് സാധാരണ ഭക്തനെ േപാലെ ശബരിമലയിൽ തൊഴാന്‍ പോകും.

രണ്ടു കാരണങ്ങൾ കൊണ്ട് കേരളത്തിലെ ക്ഷേത്രങ്ങൾ എനിക്കിഷ്ടമാണ്. ഒന്ന് ക്ഷേത്രത്തിലെ വൃത്തി. പിന്നെ, കേര ളത്തിനു പുറത്തെ പല ക്ഷേത്രങ്ങളിലേതു പോലെ പണം കൊടുത്തുള്ള ദർശന രീതി ഇല്ലാത്തത്. ഭഗവാന്റെ മുന്നിൽ എല്ലാവരും സമന്മാരാണ്. അതു മനസ്സിലാക്കിയവരാണ് മലയാളികൾ. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ മുന്നില്‍ നിന്നു തൊഴണമെങ്കില്‍ പണം െകാടുക്കണം. വടക്കേയിന്ത്യയിലാണെങ്കില്‍ പണം കിട്ടിയില്ലെങ്കില്‍ പൂജാരിമാര്‍ നമ്മളെ ശപിക്കുക കൂടി ചെയ്യും.

ചെറുപ്പക്കാർ മുടി വളർത്തി നടക്കുന്നതു പോലുള്ള കാര്യങ്ങളി‍ൽ ഡിജിപി എടുത്തത് വളരെ പൊസിറ്റീവ് നയമാണെന്ന് എല്ലാവരും പറയുന്നു ?

ഇവിടെ മിക്കവരും സദാചാര പൊലീസാണ്. സമൂഹത്തിൽ ഈ പ്രവണത കൂടി വരുന്നുണ്ട്. ഇതനുവദിക്കാൻ പാടില്ല. നമ്മുടെ ജീവിതശൈലിയിലും മൂല്യങ്ങളിലും എല്ലാം മാറ്റം വ ന്നു. പതിനെട്ടു വയസ്സുള്ള പെൺകുട്ടി ‘എനിക്ക് എന്റേതായ സ്പേസ് വേണം. അതുകൊണ്ട് ഒറ്റയ്ക്ക് താമസിക്കാനാണ് ഇഷ്ടം’ എന്നു പറഞ്ഞു തുടങ്ങിയിരിക്കുന്ന നാടാണിത്. അതു കണ്ടില്ലന്നു നടിക്കരുത്. അതിനോടു യുദ്ധം ചെയ്തിട്ടും കാര്യമില്ല. പകരം ഇത്തരം അവസരങ്ങളില്‍ െപണ്‍കുട്ടികള്‍ അപകടത്തിലും കബളിപ്പിക്കലിലും പെടാതിരിക്കാനുള്ള സംരക്ഷണമൊരുക്കുകയാണ് വേണ്ടത്.

ഇന്ന വസ്ത്രമേ ഇടാന്‍ പാടുള്ളൂ എന്നു നിർദേശം വയ്ക്കാൻ പറ്റുമോ? മാന്യത എന്നൊരു അതിർത്തിയുണ്ട് അതിനുള്ളിൽ നിൽക്കുന്നതാകണം എന്നേ ഉള്ളു. അല്ലാതെ വസ്ത്രധാരണത്തിന്റെ പേരിൽ അവരെ ആക്രമിക്കുകയല്ല വേണ്ടത്. ഇതുപോലെ തന്നെയാണ് മുടി വളർത്തുന്നവരുടെ കാര്യം. അത് ഒാരോരുത്തരുടെ സ്വാതന്ത്ര്യമാണ്. അതിലിടപടാൻ ആർക്കും അവകാശമില്ല. ആമിർഖാന് മുടി വളർത്തിയും മൂക്കിൻ തുമ്പിൽ സ്റ്റ‍ഡ് ഇട്ടും നടക്കാം. അതേ പോലെ നമ്മുടെ നാട്ടിലൊരു ചെറുപ്പക്കാരൻ‌ ചെയ്താൽ അതെങ്ങനെ കുറ്റമാകും. നിയമം എല്ലാവർക്കും ഒരുപോലല്ലേ. ഒരോ വ്യക്തിക്കും സ്വാതന്ത്ര്യമുണ്ട്. അതാസ്വദിക്കാനുള്ള അവകാശവും.

ഇതില്‍ നിന്നു വിഭിന്നമായ ചിന്താഗതി വച്ചു പുലർത്തുന്ന ചില പൊലീസുകാരെങ്കിലും ഉണ്ടാകാം. അതിൽ മാറ്റം വര ണം. ഒരു ആൺകുട്ടിയും പെൺകുട്ടിയും കൈകോർത്തു പിടിച്ചു നടക്കുന്നതിൽ ആർക്കാണ് പരാതി? അവർക്കില്ലാത്ത പ രാതിയും പ്രശ്നങ്ങളും സമൂഹം ഏറ്റെടുക്കേണ്ട ഒരു കാര്യവുമില്ല. അത്തരം മോറാലിറ്റി നമുക്കു വേണ്ട. അത്തരം മോറൽ പൊലീസിങ്ങിന് ഒരു പിന്തുണയും പൊലീസ് കൊടുക്കില്ല.

ചില കാര്യങ്ങളിൽ അല്‍പം വിപ്ലവകരമായ തീരുമാനങ്ങള്‍ എടുക്കണം എന്നാണ് എന്‍റെ അഭിപ്രായം. കേരളത്തിലുള്ളവ ര്‍ക്ക് വിനോദത്തിനുള്ള പൊതുഇടങ്ങള്‍ കുറവാണ്. ഇതു പരിഹരിക്കാന്‍ കോസ്മോപോളിറ്റൻ സംസ്കാരത്തിന്റെ ഭാഗ മായ െെനറ്റ്ക്ലബ്ബുകളും മറ്റും കേരളത്തിലും വരേണ്ടതാണ്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ളവര്‍ കേരളത്തിൽ വരുന്നു. അവർക്ക് വിേനാദത്തിനും സന്തോഷത്തിനുമുള്ള അ വസരങ്ങള്‍ ഇല്ല എന്നറിയുമ്പോള്‍ പിന്നീട് വരാൻ താൽപര്യപ്പെടില്ല. അതു ബാധിക്കുന്നത് നമ്മുടെ വികസനത്തെയാണ്.

െെനറ്റ്ക്ലബ്ബുകളിൽ പോകുന്നതും ഡാൻസ് ചെയ്യുന്നതും അല്‍പമൊന്നു മദ്യപിക്കുന്നതും ഒന്നും തെറ്റല്ല. പക്ഷേ, ഇതി ന്‍റെ മറവിലുള്ള നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ തടയണം. ല ഹരി മരുന്നിന്റെ ഉപയോഗം, വിൽപന, മദ്യപിച്ചുള്ള െെഡ്രവി ങ് തുടങ്ങിയവ. ഇക്കാര്യത്തില്‍ നിയമങ്ങൾ ശക്തമാകണം. കൃത്യമായ നിയന്ത്രണങ്ങളോടെ നൈറ്റ്ക്ലബുകൾ വരുന്നതു കൊണ്ടു തെറ്റില്ലന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം. ചിലര്‍ക്ക് ഈ കാഴ്ചപ്പാടിേനാടു വിയോജിപ്പ് േതാന്നാം. അവ രുെട അഭിപ്രായങ്ങള്‍ കൂടി േകട്ട് ചര്‍ച്ച െചയ്ത് ഒരു തീരുമാനത്തിലെത്താവുന്നതേയുള്ളൂ.

behra 3 ചിത്രങ്ങൾ– ശ്യാം ബാബു

സ്ത്രീസുരക്ഷ

പിങ്ക് പട്രോളിങ് ഉൾപ്പടെ സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ പൊലീസ് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഇനിയും ഏറെ കാര്യങ്ങൾ ചെയ്യാനുണ്ട്. സുരക്ഷയുമായി ബന്ധപ്പെട്ട് പുതിയ മൊബൈൽ ആപ്ലിക്കേഷൻ ഉടന്‍ പുറത്തിറങ്ങും. സൈബർ ലോകത്ത് സുരക്ഷ ശക്തമാക്കാൻ സൈബർഡോമുകളുടെ എണ്ണം കൂട്ടുന്ന കാര്യം പരിഗണനയിലുണ്ട്.

സിനിമയിലെ പൊലീസ്

രണ്ട് രീതിയിൽ സിനിമയിൽ പൊലീസിനെ അവതരിപ്പിക്കാം. ഒന്നുകിൽ നെഗറ്റീവായി. കൈക്കൂലിക്കാരനായ, കഴിവുകെട്ടവനായ, കോമാളിയായ പൊലീസ്. അതേസമയം നല്ലവനായ, ബുദ്ധിശാലിയായ, ഉത്തരവാദിത്ത ബോധമുള്ള പൊലീസുകാരുടെ കഥയും ഉണ്ടാക്കാം. പൊലീസിൽ ചെറിയ ഒരു വിഭാഗം ആളുകൾ മോശക്കാരായിട്ടുണ്ടാകാം. അതിന്റെ പേരിൽ പൊലീസ് സേനയെ ഒന്നടങ്കം മോശക്കാരായി ചിത്രീകരിക്കുന്നത് തെറ്റായ പ്രവണതയാണ്.

സമൂഹത്തിൽ ഒരു പൊതുബോധത്തെ രൂപപ്പെടുത്താൻ ശക്തിയുള്ള മാധ്യമമാണ് സിനിമ. നല്ല കഥാപാത്രങ്ങളിലൂടെ പൊലീസിനെ മികച്ച രീതിയിൽ അവതരിപ്പിച്ചാൽ തീർച്ചയായും ജനങ്ങൾക്കിടയിൽ പൊലീസിന് സ്വീകാര്യത ഉണ്ടാകും. ഈ ജോലിയിലേക്ക് മിടുക്കന്മാരായ കൂടുതൽ ചെറുപ്പക്കാർ കടന്നുവരാൻ ഇത് സഹായിക്കും.

ഗാനരചന: ലോക്നാഥ് ബെഹ്റ

കവിത പോലെ ഇഷ്ടമാണ് സംഗീതവും. പ്രത്യേകിച്ചു ഫ്യൂഷൻ മ്യൂസിക്. തേർട്ടീൻ എ.ഡി ബാൻഡിനു വേണ്ടി ഞാൻ വരികൾ എഴുതിയിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ച് പന്ത്രണ്ട് പാട്ടുകളുള്ള മ്യൂസിക് ആൽബം െചയ്യാനുള്ള തയാറെടുപ്പിലാണ്. എല്ലാം കൃഷ്ണനെക്കുറിച്ചുള്ള പാട്ടുകള്‍. ഇം ഗ്ലിഷിലും സംസ്കൃതത്തിലും ആണു വരികള്‍. ഭഗവത്ഗീ തയിലെയും മറ്റും ശ്ലോകങ്ങളും ഉണ്ടാകും. തിരക്കു കാര ണം രണ്ടു ഗാനങ്ങള്‍ എഴുതാനേ ഇതുവരെ സാധിച്ചിട്ടുള്ളൂ. ബാക്കി കൂടി എഴുതണം. ഇടയ്ക്ക് ഭാര്യ കളിയായി ചോദിക്കും.‘നിങ്ങൾ പൊലീസല്ലേ, പൊലീസിനെക്കുറിച്ചു കൂടി ഒരു കവിത എഴുതിക്കൂടേ’ എന്ന്.

േട്രാളന്മാര്‍ താങ്കളേയും വെറുതേ വിടാറില്ല...? ഇതൊക്കെ ആസ്വദിക്കാറുണ്ടോ?

ജോലിത്തിരക്കിനിടയിൽ പലപ്പോഴും ട്രോളുകള്‍ കാണാനൊ ന്നും സമയം കിട്ടാറില്ല. എന്നെക്കുറിച്ചുള്ളവ സൈബർ വിഭാ ഗം കാണിക്കാറുണ്ട്. അതിലെ ഹ്യൂമര്‍ ആസ്വദിക്കാറുമുണ്ട്. സോഷ്യൽമീഡിയയിലെ ആക്ടിവിറ്റികള്‍ നിരീക്ഷിക്കാൻ പ്രത്യേക സൈബർ ടീമുണ്ട്. ആ ടീമിൽ പൊലീസ് സേനയിലുള്ള ആരുമില്ല. ഐ.ടി കമ്പനികളിലും മറ്റും ജോലി ചെയ്യുന്ന മുപ്പ തിൽ താഴെ പ്രായമുള്ള കുറച്ചു പേര്‍. അവർ കാര്യങ്ങള്‍ ശ്ര ദ്ധിച്ച് ഞങ്ങള്‍ക്കു റിപ്പോര്‍ട്ടു ചെയ്യും.

ചോദ്യം ചെയ്യലിലൂടെ ഉത്തരം കണ്ടെത്തുന്നത് ?

പ്രതിയെന്നു സംശയമുള്ളവരെ കിട്ടിയാല്‍ പലതരം ചോദ്യം ചെയ്യൽ രീതികളുണ്ട്. അതിലൂടെ മൊഴിയിലെ വ്യത്യാസങ്ങൾ കണ്ടുപിടിക്കാനാകും. ഒരൊറ്റ വ്യത്യാസം കണ്ടുപിടിച്ചാൽ, അതുവച്ച് ചലഞ്ച് ചെയ്യാം. കണ്ണിലേക്കു നോക്കാതിരിക്കുക, കണ്ണടയ്ക്കുക, പ്രത്യേക നോട്ടങ്ങള്‍, ഉമിനീരിറക്കുന്ന രീതി. അങ്ങനെ ഒാരോ ചെറിയ ചലനത്തിലും വലിയ ഉത്തരങ്ങളുണ്ട്. ശരിക്കും ചോദ്യം ചെയ്യല‍്‍ ഒരു കലയാണ്.

പ്രമുഖ നടനോടുള്ള ആ നാലാം ചോദ്യം എന്തായിരുന്നു?

ചിരി കൊണ്ട് ചോദ്യമുനയൊടിച്ച് െബഹ്റ എഴുന്നേറ്റു. ‘ഇൻറർവ്‍യൂ ഇസ് ഒാവർ....’ പത്തു മിനിറ്റിനുള്ളിൽ ഒൗദ്യോഗിക വേഷത്തിൽ പുറത്തേക്ക്. മൂന്നു നക്ഷത്രങ്ങളും െകാടിയും ബീക്കണ്‍ െെലറ്റുമുള്ള വാഹനം െറഡിയാണ്. സല്യൂട്ട് ചെയ്തു നില്‍ക്കുന്ന പൊലീസുകാരെ പിന്നിട്ട് ഇന്നോവ കുതിക്കുന്നു, ബെഹ്റയുെട മനസ്സു പോലെ....