Friday 13 September 2019 12:52 PM IST

പാതിയിൽ മുറിഞ്ഞു പോയ ഓർമകളുമായി 30 വർഷത്തിനിപ്പുറം അവർ ഒത്തുകൂടി; ‘മണീടിലെ മൈഥിലി’ തിരികെ തന്നത് മലയാളിയുടെ നഷ്ടവസന്തം

Binsha Muhammed

maneed

ഓൺലൈനിൽ‌ ഓണം ആഘേഷിക്കുന്ന മലയാളി പഴയതെല്ലാം മറന്നു തുടങ്ങിയിരിക്കുന്നു. ഗ്രാമത്തിന്റെ വിശുദ്ധിയും നൈർമല്യവും ഗൃഹാതുരതകളുടെ ഓണക്കാലവും ഇന്ന് മലയാളിക്ക് വാട്സാപ്പ് സ്റ്റാറ്റസുകൾ മാത്രമാണ്. ഒരു കാലഘട്ടത്തിന്റെ ശേഷിപ്പുകളെ കുപ്പയിലേക്കെറിഞ്ഞ്...സുകൃതം ചെയ്ത പോയ കാലത്തിന്റെ ഓർമകളെ സൗകര്യപൂർവം വിസ്മരിച്ച് ‘ഹാപ്പി ഓണം’ കൊണ്ടാടുകയാണ് നമ്മൾ മലയാളികൾ.

വിരലൊന്നമർത്തിയാൽ ഓൺലൈൻ കാറ്ററിംഗുകാരൻ സദ്യ വീട്ടിലെത്തിക്കും...അയൽ നാട്ടുകാരൻ അണ്ണാച്ചിയുടെ വക പച്ചക്കറി...ഊ‍ഞ്ഞാലാട്ടവും പുലികളിയും അത്തമിടീലും വേണ്ടെന്നു വച്ച് നേരെ വണ്ടിപിടിക്കും ഏതെങ്കിലും അമ്യൂസ്മെന്റ് പാർക്കിലേക്ക്. നമ്മളെങ്ങനെ നമ്മളായെന്നു പോലും ഓർക്കാത്ത മലയാളിയുടെ ഇൻസ്റ്റന്റ് ഓണം ദാ...ഇത്രയൊക്കെയേ ഉള്ളൂ.

എല്ലാം വെട്ടിപ്പിടിക്കാനുള്ള നേട്ടോട്ടത്തിനിടയ്ക്ക് ഇതൊക്കെ ഓർക്കാൻ എവിടെയെന്നാകും മലയാളിയുടെ ചോദ്യം. ആ സ്വാർത്ഥത കുഴിതോണ്ടുന്നത് ഒരു സംസ്കാരത്തിന്റെ ചരമഗീതത്തിനാണ്. പുതുതലമുറയ്ക്ക് നഷ്ടപ്പെടുന്നതോ, സമ്പന്നമെന്ന് നമ്മള്‍ അവകാശപ്പെടുന്ന ഒരു പാരമ്പര്യത്തെയാണ്. സൈബർ യുഗത്തിൽ പബ്ജിയും കളിച്ചിരിക്കുന്ന പുതുതലമുറയ്ക്ക് കാളവണ്ടിയും, നെൽപ്പാടങ്ങളും, നിറപുത്തരിയും, തുടിയും, തെയ്യവും, തിറയുമെല്ലാം ഇന്ന് ഗൂഗിൾ ചിത്രങ്ങളായി മാറിപ്പോയി എന്നതാണ് ആ സ്വാർത്ഥയുടെ ഫലം.

m4

ലോകം മുഴുവൻ റെഡിമെയ്ഡ് ഓണത്തിനു പിന്നാലെ പോയപ്പോൾ ഇവിടെയിതാ ഒരു കൂട്ടായ്മ പാതിയിൽ മുറിഞ്ഞുപോയ ഒരുപിടി ഓർമകളെ തിരികെ കൊണ്ടു വരികയാണ്. കൊച്ചി നഗരത്തിന്റെ വീർപ്പുമുട്ടലിൽ നിന്നെല്ലാം ഒഴിഞ്ഞ് മണീട് എന്നു പറയുന്ന ഗ്രാമത്തിലാണ് ആഘോഷത്തിനൊപ്പം പോയ കാലം പുനർജ്ജനിക്കുന്നത്. അതിനു ചുക്കാൻ പിടിക്കുന്നതാകട്ടെ മൈഥിലി എന്ന സാംസ്കാരിക വേദിയും. കാലത്തിന്റെ വേഗതയ്ക്കിടെ ക്ഷയിച്ചു പോയ മൈഥിലി സാംസ്കാരിക വേദി ഗൃഹാതുരതയുടെ വാതിലുകൾ പുതുതലമുറയ്ക്കായി തുറന്നിട്ട കഥയാണിത്. പാളത്തൊപ്പിയും, കാളവണ്ടിയും, ഇടങ്ങഴിയും, പുനർജ്ജനിച്ച കഥ...അക്കഥ വനിത ഓൺലൈന്‍ വായനക്കാരോട് പറയുന്നത് മൈഥിലിയുടെ അമരക്കാരിൽ ഒരാളായ പദ്മനാഭൻ മാഷ്.

കാലത്തിന്റെ തിരുശേഷിപ്പുകൾ

മുപ്പതു കൊല്ലം മുമ്പ്...കൃത്യമായി പുറഞ്ഞാൽ 1980കളിൽ ഞങ്ങള്‍ നാലു പേരടങ്ങുന്ന കൂട്ടായ്മ മണീടിൽ ഒരു ക്ലബിന് രൂപം നൽകി. സുരേഷ്, കുട്ടപ്പൻ, റെജി പിന്നെ ഞാൻ. മൈഥിലി എന്ന പേരിൽ ആരംഭിച്ച ക്ലബ് ആ നാടിന്റെ ഉൾത്തുടിപ്പായിരുന്നു. അമച്വർ നാടകങ്ങൾ ഉയിരായി കൊണ്ടു നടന്ന അന്നത്തെ ചെറുപ്പക്കാരായ ഞങ്ങൾ ആ നാടിന്റെ ഹൃദയത്തിലേക്കാണ് ഇറങ്ങി ചെന്നത്. നേരമ്പോക്കും നല്ല വർത്തമാനങ്ങളും സന്നദ്ധ പ്രവർത്തനങ്ങളുമായി ക്ലബ് വളരുകയാണ്. വർഷാ വർഷം നാടകം...ഓണത്തിന് കലാപരിപാടികൾ...വായിക്കാൻ പുസ്തകങ്ങൾ... അന്ന് ഞങ്ങൾ ഓണത്തിനിടുന്ന പൂക്കളമായിരുന്നു ഹൈലൈറ്റ്. അതു കാണാൻ ഒരു നാടൊട്ടുക്കും ഒഴുകിയെത്തുമായിരുന്നു. മൈഥിലി ഒരു നാടിന്റെ സ്പന്ദനമായി മാറാൻ അധിക നേരം വേണ്ടി വന്നില്ല. –ഒരു ദീർഘനിശ്വാസമെടുത്ത് പദ്മനാഭൻ പറഞ്ഞു തുടങ്ങുതയാണ്.

m2

പക്ഷേ ജീവിതം സമ്മാനിച്ച ഉത്തരവാദിത്തങ്ങളുമായി ഞങ്ങൾ പുതിയ ചില്ലയിലേക്ക് ചേക്കേറിയത് മാത്രം ഓർമയുണ്ട്. ഞാൻ വയനാട്ടിൽ അധ്യാപകനായും. സുരേഷ് ഗൾഫിലേക്കു, കുട്ടപ്പൻ പൊലീസായും റെജി കൺസ്ട്രക്ഷൻ ജോലികളുമായും മറ്റു നാടുകളിലേക്ക് പറിച്ചു നടപ്പെട്ടു. സത്യം പറഞ്ഞാൽ ക്ലബ് അവിടം തൊട്ട് ക്ഷയിച്ചു തുടങ്ങുകയായിരുന്നു. തിരിഞ്ഞു നോക്കാൻ ആളില്ലാതായി, ഏറ്റെടുക്കാൻ പുതുതായി ആരും എത്തിയതുമില്ല. നാടകങ്ങളും ഒഴിവു നേരങ്ങളും സൊറ പറച്ചിലുമൊക്കെ പലരുടേയും വൈകുന്നേരങ്ങളിൽ നിന്നും മാഞ്ഞു പോയി. മനസില്ലാ മനസോടെ ക്ലബ് പ്രവർത്തിച്ചിരുന്ന വാടക മുറി ഞങ്ങൾക്ക് തിരികെ നൽകേണ്ടി വന്നു. മൈഥിലിയുടെ പതനം അവിടെയാണ് തുടങ്ങുന്നത്.

m3

പുനർജനിക്കുന്നു മൈഥിലി

മേൽവിലാസം പോലുമില്ലാതെ...പലരുടേയും ഓർമകളിൽ പോലുമില്ലാതെ മൈഥിലി മറഞ്ഞു കിടന്നത് വർഷങ്ങളോളമാണ്. ഇതിനിടെ ക്ലബിന്റെ ആരംഭകാലത്തെ ഞാനുൾപ്പെടുന്ന ഭാരവാഹികൾ നാട്ടിലേക്ക് തിരികെയെത്തുന്നിടത്താണ് ക്ലൈമാക്സ്. ശരിക്കും പറഞ്ഞാൽ മുപ്പതു കൊല്ലത്തിനിപ്പുറം ഒരെത്തു ചേരൽ. പ്രവാസിയായ സുരേഷ് നാട്ടിൽ അവധിക്കു വന്നു. ഞാൻ അധ്യാപന വൃത്തിയിൽ നിന്നും വിരമിച്ചു. കുട്ടപ്പനും റെജിയും തിരികെയെത്തി. ഈ കൂടിച്ചേരലാണ് ഞങ്ങളെ വീണ്ടും പഴയ ഓർമകളിലേക്ക് തിരികെ കൊണ്ടു പോയത്. പുതിയ തലമുറയുടെ ഓർമകളിൽ പോലുമില്ലാത്ത ഞങ്ങളുടെ ക്ലബിനെ തിരികെ കൊണ്ടു വരാൻ മെനക്കെട്ടിറങ്ങുന്നതും അങ്ങനെയാണ്. സ്മാർട്ടു ഫോണുകളിൽ അഭിരമിക്കുന്ന പുതിയ പിള്ളേർക്കു മുന്നിൽ ഒരു ‘പഴഞ്ചൻ ക്ലബ്’ പുനർജനിക്കുന്നു എന്ന് പറയുമ്പോള്‍ സംഭവം ശ്ശി...കഷ്ടിയായിരുന്നു. പക്ഷേ ഓർമകളുടെ ഒരു ചെറുതരി ബാക്കിയുള്ള കുറച്ചു പേരെങ്കിലും ഞങ്ങൾക്കൊപ്പം ഈ ഓണക്കാലത്ത് മുന്നിട്ടിറങ്ങി. മൈഥിലി ക്ലബിൽ നിന്നും മൈഥിലി സാംസ്കാരിക വേദി അങ്ങനെ പുനർജനിക്കുകയായി.

m1

തിരികെ വരുന്നു ഓർമകൾ

ടെക്നോളജിയുടെ കാലത്ത് അന്യമായി പോയ ഓർമകളെ തിരികെ കൊണ്ടു വരിക എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ. അതിനു വേണ്ടി വീടു വീടാന്തരം കയറിയിറങ്ങി. പഴയകാലത്തെ പാളത്തൊപ്പി മുതൽ കാളവണ്ടിയുടെ മാതൃക വരെ ഞങ്ങൾ സ്വരുക്കൂട്ടി. ചീനഭരണി, ഒത്തിടങ്ങഴി, മരച്ചട്ടുകം, മരത്തവി എല്ലാം ലൈവായി കാഴ്ചക്കാർക്കു മുന്നിലേക്ക്. പണ്ടു കാലത്തെ ഫെൽഫായ കള്ളിപ്പെട്ടി, കഞ്ഞിയിലേക്ക് പകരാനുള്ള ഉപ്പു ലായനി കലക്കി വയ്ക്കുന്ന ഉപ്പു മരിയ, ചുണ്ണാമ്പ് സൂക്ഷിക്കുന്ന നൂറ്റുകുടം, വെറ്റില ചെല്ലം, ജലസേചനത്തിന് ഉപയോഗിക്കുന്ന പഴയകാലത്തെ പമ്പ് സെറ്റ് ‘ഏത്തം’ എന്നിവയൊക്കെ പുതിയ പിള്ളേർ അന്തംവിടുമാറ് നോക്കി നിന്നു. എല്ലാം പഴയ വീടുകളിൽ നിന്നെല്ലാം ശേഖരിച്ചതാണ്. നാട്ടുകാരനായ അശോകനിൽ നിന്നുമാണ് കൂടുതൽ സംഗതികളും ശേഖരിച്ചത്. തീർന്നില്ല കഥ, ഓണത്തിനോട് അനുബന്ധിച്ച് കലാപരിപാടികളും അത്തപൂക്കളവും ഞങ്ങൾ ഒരുക്കി. ഇന്നത്തെ കാലത്ത് ക്ലബുകൾ നീണ്ടു നിവർത്തി വയ്ക്കുന്ന ഫ്ലക്സുകളുടെ പിന്നാലെ ഞങ്ങൾ പോയില്ല, ഓല കൊണ്ട് ഓണാശംസയൊരുക്കിയ ഒന്നാന്തരം ബാനർ ഞങ്ങളുടെ കൂട്ടായ്മ ഒരുക്കിവച്ചു. എല്ലാം പുതുതലമുറയ്ക്കു വേണ്ടി.

വരും വർഷങ്ങളിലും സജീവമായി ആഘോഷക്കമ്മിറ്റിക്കാര്‍ മുൻപന്തിയിലുണ്ടാകും. ജീവിതത്തിന്റെ ഈ വൈകിയ വേളയിലും പഴയ ഉഷാറോടെ ഞങ്ങളുടെ ക്ലബിനെ പുനരുജ്ജീവിപ്പിക്കാണ് ഉദ്ദേശം.–പദ്മനാഭൻ പറഞ്ഞു നിർത്തി.

Tags:
  • Inspirational Story