Thursday 22 November 2018 05:36 PM IST : By സ്വന്തം ലേഖകൻ

‘എന്നെ വിട്ടേക്കൂ, കുഞ്ഞിനെ രക്ഷിക്കൂ’; ആളിപ്പടരുന്ന തീനാമ്പുകൾക്കിടെ ആ അമ്മ പറഞ്ഞത്

rachel

ഉള്ളുലയ്ക്കുന്ന വാർത്തകളാണ് കാലിഫോർണിയയിൽ നിന്നും പുറത്തു വരുന്നത്. അനുനിമിഷം ആളിപ്പടരുന്ന തീയിൽ നിന്നും രക്ഷനേടാൻ ജീവനും വാരിയെടുത്തോടുന്നവരുടെ കണ്ണീർ ചിത്രങ്ങള്‍ ലോകത്തെ അസ്വസ്ഥമാക്കിക്കൊണ്ടേയിരിക്കുന്നു. തീനാമ്പുകൾക്കിടയിൽ നിന്നും പ്രതീക്ഷയുടെ പുതുനാമ്പിലേക്ക് കാലിഫോർണിയ പിച്ച വയ്ക്കുമ്പോൾ ഹൃദയം നിറയ്ക്കുകയാണ് ഒരു അമ്മയും കുഞ്ഞും.

ആളിപ്പടരുന്ന കാട്ടുതീ വിഴുങ്ങാൻ നിൽക്കുമ്പോഴും ഇൗ അമ്മ രക്ഷിക്കാൻ എത്തിയ വ്യക്തിയോട് പറഞ്ഞത്, ‘എന്നെ ഒഴിവാക്കി. എന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാണ്’. റേച്ചല്‍ സാന്‍ഡേഴ്‌സ് എന്ന യുവതിയുടെ അനുഭവമാണ് പ്രതീക്ഷയുടെ പുതുപാഠങ്ങൾ പകർന്നു നൽകുന്നത്

പ്രസവശേഷം നവജാതശിശുവിനൊപ്പം ഫെതര്‍ റിവര്‍ ആശുപത്രിയില്‍ വിശ്രമിക്കുകയായിരുന്നു റേച്ചൽ സാൻഡേഴ്സ് എന്ന മുപ്പത്തിയഞ്ചുകാരി.ഇതിനിടയിലാണ് കാട്ടുതീ ആളി പടരുന്നതും ദ്രുതഗതിയിൽ ഒഴിപ്പിക്കൽ നടക്കുന്നതും. എന്നാല്‍ തന്നെ രക്ഷപ്പെടുത്താനെത്തിയ ആള്‍ക്കൊപ്പം സുരക്ഷിതത്വത്തിലേക്കു പോകുമ്പോഴാണ് അഗ്നി വീണ്ടും പിന്തുടര്‍ന്നത്.

rachel-1

ശസ്ത്രക്രിയയുടെ അവശതകൾ വിട്ടുമാറിയിട്ടില്ലാത്ത റേച്ചലിന് അന്നേരം സുരക്ഷിത സ്ഥാനത്തേക്ക് മാറാനാകുമായിരുന്നില്ല. എത്രയും വേഗം ആശുപത്രിയ്ക്ക് പുറത്തുകടക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടപ്പോൾ റേച്ചൽ നടുങ്ങി. നടക്കാൻ പോലും പറ്റാത്ത വിധം വേദനയായിരുന്നു അപ്പോൾ. 

മണിക്കൂറുകള്‍ക്കുള്ളിലാണ് തീ പാരഡൈസ് എന്ന നഗരത്തെ ചുട്ടുചാമ്പലാക്കിയത്. അടിയന്തര സാഹചര്യത്തെത്തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ അവരുടെ കാറുകളിലാണ് പല രോഗികളെയും രക്ഷപ്പെടുത്തിയത്. ഇന്നേരം, മറ്റൊരു ഗതിയുമില്ലെങ്കില്‍ തന്നെ ഉപേക്ഷിച്ച് കുട്ടിയുമായി രക്ഷപ്പെടാന്‍ റേച്ചല്‍ രക്ഷകനോട് ആവശ്യപ്പെടുകയായിരുന്നു. ഒടുവിൽ റേച്ചലിനെ വീല്‍ച്ചെയറില്‍ ഇരുത്തി ആശുപത്രി ജീവനക്കാരനായ ഡേവിഡിന്റെ കാറിലേക്കു മാറ്റി. നവജാതശിശു അപ്പോഴും ഒന്നുമറിയാതെ അമ്മയുടെ മടിയില്‍ ഉറങ്ങിക്കിടന്നിരുന്നു. അതിസാഹസികമായിരുന്നു റേച്ചലിന്റെയും കുട്ടിയുടെയും രക്ഷപ്പെടല്‍. ചുറ്റും ആളിപ്പടരുന്ന തീനാളങ്ങള്‍ക്കിടയിലൂടെയാണ് ഡേവിഡ് ഇവരെയും കൊണ്ട് പോയത്. കാര്‍ തീഗോളത്തെ കടന്നുപോകുമെന്ന് ഉറപ്പില്ലാത്ത സമയത്ത് പലരും കാറുകളില്‍നിന്ന് ഇറങ്ങി ഓടിയാണു രക്ഷപ്പെട്ടത്. അപ്പോഴാണ് തന്നെ ഉപേക്ഷിച്ച് കുട്ടിയുമായി രക്ഷപ്പെടാന്‍ റേച്ചല്‍ ഡേവിഡിനോട് ആവശ്യപ്പെട്ടത്. എന്നാൽ രണ്ടുജീവനുകളെയും ആ മനുഷ്യൻ കരുതലോടെ രക്ഷപ്പെടുത്തുകയായിരുന്നു. റേച്ചലിന്റെ ഭര്‍ത്താവ് ക്രിസും മൂത്ത രണ്ടുകുട്ടികളും അപ്പോഴേക്കും സുരക്ഷിത സ്ഥാനത്തേക്ക് മാറിയിരുന്നു. ഇവരുടെ വീടും കാട്ടുതീയില്‍ നശിച്ചു. 

കാലിഫോർണിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീയിൽ മരണപ്പെട്ടവരുടെ എണ്ണം 79 കടന്നു. ഒട്ടേറെ പേരെ കാണാതാവുകയും പരുക്കേൽക്കുകയും ചെയ്തു.