Monday 23 November 2020 05:53 PM IST

‘വിവാഹം കഴിഞ്ഞപ്പോൾ സ്വഭാവം മാറി, എന്റെ ആ സ്വപ്നത്തിന് റഹിം എതിരു നിന്നു’; നിവേദും റഹിമും വേർപിരിയുമ്പോൾ

Binsha Muhammed

nived-rahim-seperation

‘ഞാൻ സ്നേഹിച്ച... ആഗ്രഹിച്ച ഒരു റഹീമുണ്ടായിരുന്നു. അയാളെ ജീവിതത്തിന്റെ വഴിയിലെവിടെയോ എനിക്ക് നഷ്ടപ്പെട്ടു. ആ വേർപിരിയൽ എനിക്ക് മരണതുല്യമായിരുന്നു. ഒരു മുഴം കയറിൽ എല്ലാം അവസാനിക്കുമെന്നു കരുതി. വിഷാദവും വേദനയുമായി കഴിച്ചു കൂട്ടിയ നാളുകൾ. എന്റെ മേൽവിലാസം ആ നിവേദ് റഹീമിൽ നിന്ന് നിവേദ് ആയി ചുരുങ്ങിയിരിക്കുന്നു. വേദനയുണ്ട്... എങ്കിലും പറയുന്നു, ഈ നിമിഷവും കടന്നു പോകും.’

ഉള്ളിലിരമ്പുന്ന വേദനയെ പുഞ്ചിരി കൊണ്ടു മറച്ചപ്പോഴും നിവേദിന്റെ കണ്ണുകളിൽ സങ്കടത്തിന്റെ തിരയിളക്കം കാണാമായിരുന്നു. നിവേദും റഹീമും... മലയാളക്കര മനസു തൊട്ട് അനുഗ്രഹിച്ച ഗേ ദമ്പതികൾ. അവരുടെ വിവാഹം സോഷ്യൽ മീഡിയക്ക് ആഘോഷമായിരുന്നു. സ്വത്വത്തിന്റെ പേരിൽ അനുഭവിച്ച വീർപ്പുമുട്ടലുകളെ കുപ്പയിലേക്കെറിഞ്ഞ് നിവേദ് റഹീമിന്റെ സ്വന്തമായപ്പോൾ വലിയൊരു വിപ്ലവത്തിന്റെ നാന്ദി കുറിക്കല്‍ കൂടിയായി. നിവേദിന്റേയും റഹീമിന്റേയും പാത പിന്തുടർന്ന് ഒന്നിച്ചു ജീവിക്കാനിറങ്ങിയ ആൺമനസുകളും ഏറെ. സദാചാരക്കാരെ കടപുഴക്കി ഒരുമിച്ച് ജീവിക്കാനിറങ്ങി തിരിച്ച നിവേദും റഹീമും ഇന്ന് രണ്ടു ധ്രുവങ്ങളിലാണ്. മനസു കൊണ്ട് അകന്ന അവർ ഒത്തു ചേകാനാകാത്ത വിധം അകലെയാണ്. ആശീർവദിച്ച മനസുകൾ തന്നെ ‘ജീവിതത്തിൽ എന്തു സംഭവിച്ചു’ എന്ന ചോദ്യവുമായി എത്തുമ്പോൾ മറുപടി പറയുന്നത് നിവേദ്  ആന്റണി ആണ്. വെറും ഒരുമാസം മാത്രം നീണ്ടു നിന്ന അടുപ്പത്തിന്റേയും ഒരായുഷ്ക്കാലത്തിന്റെ വേദന സമ്മാനിച്ച പൊരുത്തക്കേടിന്റേയും കാരണം നിവേദ് ‘വനിത ഓൺലൈനോട്’ പറയുന്നു.

നഷ്ടമായത് വിശ്വാസം

ആറു വർഷത്തോളം പ്രണയിച്ചു, ഒരുമിച്ചു ജീവിക്കാനും തീരുമാനിച്ചു. കടന്നു പോയ ആറു വർഷങ്ങളിലും ഞങ്ങൾ ഒന്നിച്ചു കണ്ട സ്വപ്നങ്ങൾ ഏറെയുണ്ടായിരുന്നു. അന്നൊക്കെ എന്റെ സ്വപ്നങ്ങൾക്ക് കൂട്ടിരുന്ന നല്ലൊരു ചങ്ങാതി കൂടിയായിരുന്നു റഹിം. ആ ചങ്ങാതിയെ വഴിയിലെവിടെയോ എനിക്ക് നഷ്ടമായി. ആ പൊരുത്തക്കേട് ഞങ്ങളുടെ വ്യക്തി ജീവിതത്തേയും ലൈംഗിക ജീവിതത്തേയും വിശ്വാസത്തേയും എല്ലാം ഒരു പോലെ ബാധിച്ചു. എല്ലാ നഷ്ടപ്പെട്ടിട്ട് ഒരു യന്ത്രത്തെ പോലെ ജീവിക്കുന്നതെങ്ങനെയാണ്? ഒന്നുമാത്രം പറയട്ടേ... ഞങ്ങളുടെ വിവാഹം റോൾ മോഡലാക്കി എടുത്ത ഒരുപാട് പേരുണ്ട്. അവരെയൊന്നും ഞങ്ങളുടെ ഈ വേർപിരിയൽ സ്വാധീനിക്കരുത്. – ഒരു നെടുവീർപ്പോടെ നിവേദ് പറഞ്ഞു തുടങ്ങുകയാണ്.

പ്രണയം തിരിച്ചറിഞ്ഞ് ഒരുമിക്കാനുറച്ച നാളുകളിൽ ഞങ്ങൾ ഏറെ സ്വപ്നങ്ങൾ കണ്ടിരുന്നു, ഞങ്ങൾക്ക് ലക്ഷ്യങ്ങളുണ്ടായിരുന്നു. അതിൽ ഏറ്റവും വലുത് നല്ലൊരു ഫാമിലി ലൈഫാണ്. ഒരു കുഞ്ഞിനെ ദത്തെടുക്കണം എന്നതായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹം. വിവാഹം കഴിഞ്ഞ് നാളുകൾ കടന്നു പോകേ റഹിം അതിൽ നിന്നും പിന്നോട്ട് പോകുന്നതായി തോന്നി. കഴിഞ്ഞ മാതൃദിനത്തിലാണ് റഹിമിനു മുന്നിൽ ഞാൻ ഈ സ്വപ്നം ആശയോടെ അവതരിപ്പിച്ചത്. ഇപ്പോൾ അതിന്റെയൊന്നും ആവശ്യമില്ല എന്ന് റഹിം കട്ടായമായി പറഞ്ഞപ്പോൾ തന്നെ മനസു നീറി.

nived-s-2

നമ്മുടെ ഫാമിലി ലൈഫ് നമ്മുടെ മാത്രം ലോകം... അത് സ്വകാര്യമായിരിക്കണം എന്ന നിബന്ധനയും പണ്ടേക്കു പണ്ടേ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. പക്ഷേ വിവാഹത്തോടെ തിരിച്ചാണ് സംഭവിച്ചത്. കുറേപേർ ഞങ്ങളുടെ ലൈഫിന് ഇടയിലേക്ക് അഭിപ്രായം പറയാനും അനാവശ്യമായി ഇടപെടാനും വിലങ്ങുതടിയെന്നോണം കയറി വന്നു. എന്താണ് പിരിയാനുള്ള കാരണങ്ങളെന്ന് ചോദിച്ചാൽ എനിക്ക് ഇതൊക്കെയാണ് ചൂണ്ടിക്കാട്ടാനുള്ളത്. കേൾക്കുമ്പോൾ ലളിതമെന്ന് തോന്നാം. പക്ഷേ ഇതെല്ലാം ഞങ്ങളെ എന്നന്നേക്കുമായി അകറ്റാൻ പോന്നതായിരുന്നു. ശാരീരികമായി മാത്രമല്ല മാനസികമായും അകന്നു. ഫിസിക്കൽ റിലേഷന്‍ പോലും ഞങ്ങൾ തമ്മിൽ ഇല്ലായിരുന്നു.

വേദനയായി അവസാന മെസേജ്

ഡിസംബറിലെ വിവാഹത്തിനു ശേഷം ഒരു മാസം മാത്രമാണ് ഒരുമിച്ചു ജീവിച്ചത്. രണ്ട് മാസം പൂർത്തിയാകുമ്പേഴേക്കും ഞങ്ങൾക്കിടയിലുള്ള പരസ്പര വിശ്വാസം എന്നന്നേക്കുമായി തീർന്നു. പേരിനൊരു ബന്ധമായി മാറിയ ഞങ്ങള്‍ കോണ്ടാക്റ്റ് ചെയ്യുന്നതും പേരിനുമാത്രമായി. വല്ലപ്പോഴും ഒരു മെസേജ് അത്ര തന്നെ. ഫെബ്രുവരി കഴിയുമ്പോഴേക്കും കോണ്ടാക്റ്റ് വരെ നിന്നു. വാട്സാപ്പ് ഉൾപ്പെടെയുള്ള സകല മാധ്യമങ്ങളിലും എന്നെ ബ്ലോക്ക് ചെയ്തു. ഒടുവിൽ പ്രതീക്ഷിച്ചതു പോലെ ആ ഫൈനൽ മെസേജ് വന്നു. ‘നിവീ നമുക്കിനി ഒരുമിച്ച് പോകാൻ പറ്റില്ല, നമ്മൾ തമ്മിൽ ഒത്തുപോകില്ല. നിനക്ക് പറ്റിയ മറ്റൊരാളെ നീ വേറെ കണ്ടുപിടിക്കണം.’ എന്തു കൊണ്ട് എന്നെ ഒഴിവാക്കുന്നു എന്ന് ആവർത്തിച്ചു ചോദിക്കുമ്പോഴും ഒത്തുപോകില്ല എന്ന മറുപടി ആവർത്തിച്ചു.

അവിടുന്നങ്ങോട്ട് ‍ഞാൻ അനുഭവിച്ച വേദന എനിക്കു മാത്രമേ അറിയൂ. ഡിപ്രഷന്റെ മൂർധന്യാവസ്ഥയിൽ ജീവിതം തന്നെ അവസാനിപ്പിച്ചാലോ എന്ന് തോന്നി. ബംഗളുരുവിലെ ഫ്ലാറ്റിൽ ഞാനും അരുമകളായ നായ്ക്കുട്ടികളും മാത്രം. അടുത്ത സുഹൃത്തുക്കൾ പോലും ആശ്വസിപ്പിക്കാനില്ല. വല്ലാത്തൊര സ്റ്റേജ് ആയിരുന്നു. ഒടുവിൽ ഡോക്ടറുടെ സഹായം വരെ തേടേണ്ടി വന്നു. എല്ലാ ഭൂകമ്പങ്ങൾക്കും ഒടുവിൽ ജീവിതത്തിന്റെ റിയാലിറ്റി മനസിലാക്കി മുന്നോട്ടു പോകാനുറച്ചു. മറ്റൊരാളുടെ അവഗണനയുടെ പേരിൽ ഞാനെന്തിന് ജീവൻ കളയണം എന്ന ചിന്ത വന്നു. ആശ്വാസ വാക്കുകളുമായി റഹിമിന്റെ കുടുംബം വരെ എത്തി എന്നുള്ളത് തിരിച്ചു വരവിന്റെ വഴിയിൽ ഊർജ്ജമായി.

nn

ഇന്ന് ഞാന്‍ പുതിയൊരു നിവേദ് ആണ്. എന്റെ സ്വപ്നങ്ങൾ എന്റേതു മാത്രമാണെന്ന തിരിച്ചറിവിൽ മുന്നോട്ടു പോകുന്നു. ശുഭവാർത്തയെന്തെന്നാൽ പുതിയൊരു കൂട്ടു തേടിയുള്ള യാത്രയുടെ ആദ്യ പടിയിലാണ് ഞാൻ. അയാളെ മനസിലാക്കാനും മനസറിയാനും ഞങ്ങൾ ഡേറ്റിങ്ങിലാണ്. എല്ലാം ഒത്തു വന്നാല്‍ ആ സന്തോഷവാർത്ത വഴിയേ അറിയിക്കാം.– നിവേദ് പറഞ്ഞു നിർത്തി.