Thursday 11 October 2018 03:37 PM IST

സൗന്ദര്യത്തിന്റെ അളവുകോൽ വെളുപ്പാണ് എന്നു വിശ്വസിക്കുന്നുണ്ടോ, ഇല്ലെങ്കില്‍ ‘ഹു കെയേഴ്സ് കളര്‍’ ക്യാംപെയിനില്‍ പങ്കെടുക്കൂ

Shyama

Sub Editor

who_cares3

എന്താണ് സൗന്ദര്യത്തിന്റെ അളവുകോൽ? ഉത്തരം പറയാൻ ബുദ്ധിമുട്ടാണ്. വെളുപ്പിലാണു സൗന്ദര്യം എന്നു വിശ്വസിപ്പിക്കുന്ന പരസ്യങ്ങൾ കണ്ട് ഐശ്വര്യ റായ്‌യുടെയും കരീന കപൂറിന്റെയും സൗന്ദര്യരഹസ്യങ്ങള്‍ക്കുപിന്നാലെ പായുന്നവരാണ് ഏറെയും. വളയങ്ങൾ അണിഞ്ഞു കഴുത്തു നീട്ടിയും വലിയ തോടകളിട്ട് കാത് വലുതാക്കിയും കറുപ്പിന്റെ വന്യത കൂട്ടുന്ന ആഫ്രിക്കൻ േഗാത്രസുന്ദരിമാരെ കണ്ട മട്ടില്ല ഇവർക്ക്. മിഴിമുന കൊണ്ടു ചരിത്രത്തിന്റെ ഗതി മാറ്റിക്കുറിച്ച ഈജിപ്ഷ്യൻ സുന്ദരി ക്ലിയോപാട്രയുടെ നിറം കറുപ്പായിരുന്നു എന്നും നമ്മൾ വിസ്മരിക്കുന്നു.


കവികൾ വർണിച്ചതിലേറെയും ഇരുട്ടിന്റെ സൗന്ദര്യമാണ്. ചുട്ടു പൊള്ളുന്ന പകലിനേക്കാൾ നാം പ്രണയിക്കുന്നതും രാത്രിയുടെ കുളിരിനെ തന്നെ. എന്നിട്ടും എപ്പോഴോ വെളുപ്പ് മാത്രം സൗന്ദര്യത്തിന്റെ പ്രതീകമായി. അധിനിവേശത്തിന്റെ പ്രതീകമായ വെളുപ്പുനിറം ദ്രാവിഡനെ മോഹിപ്പിച്ചതോടെ കുട്ടിക്കളികളിൽ പോലും വെളുത്തവൾ രാജകുമാരിയും നിറം മങ്ങിയവൾ ദാസിയുമായി. വെയിലേറ്റാൽ കറുത്തു പോകുമെന്നു നമ്മൾ മക്കളെ പറഞ്ഞു പഠിപ്പിച്ചു.


വെളുപ്പു നിറമുള്ളതു കൊണ്ട് ആരും ലോകത്തിന്റെ നെറുകയിൽ എത്തിയിട്ടില്ല. കറുപ്പ് ആർക്കും ഒന്നിനും തടസ്സവുമായിട്ടില്ല. നിറമല്ല സൗന്ദര്യം എന്നു ലോകത്തോടു വിളിച്ചു പറയുകയാണ്  ‘വനിത’  ഈ ലക്കം മുഖചിത്രത്തിലൂടെ.


ഈ വിപ്ലവത്തിൽ നിങ്ങൾക്കും ഒത്തുചേരാം. #whocarescolour എന്ന ക്യാംപെയിനിൽ നിങ്ങളും അണിചേരൂ. നിറമല്ല, ആത്മവിശ്വാസമാണ് യഥാ ർഥ സൗന്ദര്യം എന്നു ലോകത്തോടു പറയാനൊരു വേദി. #whocarescolour എന്ന ഹാഷ്ടാഗോടു കൂടി ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കൂ നിങ്ങളുടെ സെ ൽഫിയോ  കുറിപ്പുകളോ അനുഭവകഥകളോ ഒക്കെ. കുഞ്ഞലകൾ വൻതിരമാലകളായി മാറട്ടെ. സൗന്ദര്യത്തിന്റെ പരമ്പരാഗത സങ്കൽപങ്ങൾ പൊളിച്ചെഴുതാൻ ‘വനിത’യ്ക്കൊപ്പം അണിചേരാം. ന മുക്കൊരുമിച്ചു പറയാം...  #whocarescolour